അഴിമതി, കള്ളവോട്ട്, കള്ളനോട്ട്....തമ്മിലടിച്ചും കേന്ദ്രത്തോട് പരാതിപ്പെട്ടും കേരള ബിജെപി മുങ്ങിത്തപ്പുന്നു

 


തിരുവനന്തപുരം: (www.kvartha.com 25.06.2017) ബിജെപി സംസ്ഥാന നേതാക്കളുമായി അടുത്തു ബന്ധമുള്ള കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ച നേതാവ് കള്ളനോട്ട് അടിച്ചതിന് അറസ്റ്റിലായത് ബിജെപിയെ കൂടുതല്‍ നാണക്കേടിലാക്കിയിട്ടും പ്രതീക്ഷ കൈവിടാതെ നേതൃത്വം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉറപ്പായും വിജയിക്കാന്‍ ഇതൊന്നും തടസമല്ല എന്നാണ് ബിജെപി നേതാക്കള്‍ പരസ്പരവും അണികളെയും ആശ്വസിപ്പിക്കുന്നത്.

എന്നാല്‍ കാര്യങ്ങള്‍ അതീവ ഗുരുതരമാണെന്നും ഇങ്ങനെ പോയാല്‍ രക്ഷപ്പെടില്ലെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ദേശീയ പ്രസിഡന്റ് അമിത് ഷായെ കാണുന്നതിന്റെ മുന്നോടിയായി ഇവര്‍ കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി എച്ച് രാജയെ വിശദമായി കേരളത്തിലെ സ്ഥിതിഗതികള്‍ അറിയിച്ചുവെന്നാണ് സൂചന. വി മുരളീധരന്‍ പക്ഷമാണ് കേരളത്തിലെ ബിജെപിയെ നന്നാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

അഴിമതി, കള്ളവോട്ട്, കള്ളനോട്ട്....തമ്മിലടിച്ചും കേന്ദ്രത്തോട് പരാതിപ്പെട്ടും കേരള ബിജെപി മുങ്ങിത്തപ്പുന്നു

കള്ളനോട്ടുകേസില്‍ അറസ്റ്റിലായ യുവമോര്‍ച്ചാ നേതാവുമായി വിവിധ നേതാക്കള്‍ക്കുള്ള ബന്ധം, കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ നിയമനങ്ങളും അനുമതികളും അംഗീകാരങ്ങളും വാങ്ങിക്കൊടുക്കാന്‍ ഇടനിലക്കാരായി നിന്ന് നടത്തുന്ന വന്‍ അഴിമതി, തിരുവനന്തപുരം നഗരസഭയിലെ നികുതികാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ് സണായ ബിജെപിക്കാരിയെ മുന്നില്‍ നിര്‍ത്തി ജില്ലാ നേതൃത്വം അഴിമതി നടത്തിയെന്ന ആരോപണം തുടങ്ങിയതെല്ലാം കേന്ദ്ര നേതൃത്വത്തെ എണ്ണിയെണ്ണി അറിയിക്കുകയാണ് ഇവര്‍.

അതേസമയം മുരളീധരന്‍ പക്ഷത്തെക്കുറിച്ച് കേന്ദ്ര നേതൃത്വത്തിനു പരാതി കൊടുക്കാന്‍ വിവരങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണ് പി കെ കൃഷ്ണദാസ് പക്ഷം. മരിച്ചവരുടെ പേരില്‍ മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടു ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി കെ സുരേന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലുള്ളവര്‍ ജീവനോടെയുണ്ടെന്ന് വ്യക്തമായത് വന്‍ നാണക്കേടായതുള്‍പ്പെടെയാണ് കൃഷ്ണദാസ് പക്ഷത്തിന്റെ തുറുപ്പുചീട്ട്.

രണ്ടുകൂട്ടര്‍ക്കും ഇടയില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിസഹായനായി നില്‍ക്കുകയാണെന്നും അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനേക്കുറിച്ച് ഒന്നുകൂടി ആലോചിക്കണമെന്നുമുള്ള വികാരവും ശക്തമായി വരികയാണത്രേ.

പ്രകോപനങ്ങള്‍ ഉണ്ടാക്കുകയും കുപ്രചരണങ്ങള്‍ നടത്തുകയും ചെയ്യുന്നതിന്റെ പേരിലുള്ള കേസുകളും ബിജെപിയെ അലട്ടുന്നുണ്ട്. ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആഹ്ലാദിക്കുന്ന സിപിഎം പ്രവര്‍ത്തകരെന്ന പേരില്‍ ഫേസ് ബുക്കില്‍ വ്യാജ വീഡിയോ പോസ്റ്റ് ചെയ്തതിന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരേതന്നെയുണ്ട് കേസ്.

ഫസല്‍ വധക്കേസ് അന്വേഷിച്ച ഡി വൈ എസ് പിമാര്‍ക്കെതിരെ ഭീഷണി മുഴക്കിയതിന് കെ സുരേന്ദ്രനെതിരെ കേസെടുത്തു. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെതിരേയുമുണ്ട് കേസ്.

ഇതിനൊക്കെ പുറമേ കേന്ദ്രഭരണത്തിന്റെ പേരില്‍ മേനി നടിക്കുന്ന കേരള ഘടകം പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കുന്ന വിധം തമ്മിലടിക്കുകയാണ് എന്നാണ് ആര്‍ എസ് എസിന്റെ വിലയിരുത്തല്‍.

Also Read:
ആത്മീയ നിര്‍വൃതിയില്‍ കാസര്‍കോടും കര്‍ണാടകയിലും ചെറിയപെരുന്നാള്‍ ആഘോഷം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Several issues Kerala BJP in dilemma, Thiruvananthapuram, News, Politics, Lok Sabha, Election, Corruption, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia