വെടിയൊച്ചകള്‍ക്കിടയില്‍ 'വീര കൃത്യം'; കൂത്തുപറമ്പ് വെടിവെപ്പ് തത്സമയം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ അനുഭവം - 2

 


സി കെ എ ജബ്ബാര്‍

കണ്ണൂര്‍: (www.kvartha.com 21.11.2019) ധീരമായിരുന്നു ഈ തലക്കെട്ട്. നിര്‍ഭയത്വമുള്ള വിന്യാസവും. ഭരിക്കുന്ന മുന്നണിക്കെതിരാണിതെന്നറിയാം. നല്ല സൗഹൃദം കാത്ത് സൂക്ഷിച്ച എം വി ആറാണ് ഭരണപക്ഷത്ത് എന്നുമറിയാം. പക്ഷെ ഹൃദയത്തെ പ്രകടമ്പനം കൊള്ളിച്ച ചോരയൊഴുക്കിയ ഒരു സംഭവം ജനങ്ങളെ കലര്‍പ്പില്ലാതെ അറിയിക്കുന്നില്ലെങ്കില്‍ പിന്നെ എന്ത് മാധ്യമ ധര്‍മ്മം?

ചീഫ് എഡിറ്റര്‍ പി കെ ബാലകൃഷ്ണന്‍ സാര്‍ പറഞ്ഞ വാക്കുകളായിരുന്നു അന്നെന്റെ മനസ്സില്‍. 'മാധ്യമ പ്രവര്‍ത്തകനെ ആദരിക്കുന്ന ജനങ്ങളുടെ മുന്നില്‍ അഹങ്കാരം നടിക്കരുത്. ധിക്കാരിയായ ഏത് ഉന്നതന്റെ മുന്നിലും അഹങ്കാരം വെടിയുകയോ തല കുനിക്കുകയോ അരുത്.'

പുറത്ത് വെടിപൊട്ടി ചോരയൊഴുകുമ്പോള്‍ കൂത്തുപറമ്പ് ടൗണ്‍ ഹാളിനുള്ളില്‍ യുവാക്കളെ തല്ലിയോടിച്ച് സ്റ്റേജിലെത്തി 'സഹകരണ ബാങ്കിന്റെ ശാഖ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു' എന്നൊരു കര്‍മ്മം ഒറ്റവാക്കില്‍ നിര്‍വഹിച്ച ആ നടപടിക്ക് ഇതിനേക്കാള്‍ മികച്ച തലക്കെട്ട് വേറെയില്ല. ഇത്രമാത്രം പ്രക്ഷുബ്ധമാക്കി നിര്‍വഹിക്കാന്‍ മാത്രം ആ കര്‍മ്മം എന്ത് പ്രാധാന്യമുള്ളതാണ്? ഒരു മന്ത്രിക്ക് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് ജനാധിപത്യപരമായ അവകാശമുണ്ടെന്ന വസ്തുത മറക്കാവതല്ല. പക്ഷെ, അധികാരത്തിലെത്തുന്നവര്‍ അത്തരം സമരങ്ങള്‍ നയിച്ചവര്‍ കൂടിയാണെന്ന ബോധത്തെ നിരാകരിക്കുന്നതും ജനാധിപത്യ മര്യാദയല്ലല്ലോ. ഈ നിലപാട് പ്രതിഫലിക്കുന്നതായിരുന്നു എന്റെ സൈഡ് സ്റ്റോറി.

വെടിയൊച്ചകള്‍ക്കിടയില്‍ 'വീര കൃത്യം'; കൂത്തുപറമ്പ് വെടിവെപ്പ് തത്സമയം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ അനുഭവം - 2

സംഭവങ്ങളുടെ പ്രളയത്തില്‍...

കയ്യില്‍ കിട്ടിയ വാര്‍ത്ത എഴുതുമ്പോള്‍ ചിലപ്പോള്‍ ആശയം പ്രസരിപ്പിക്കാനാവാത്ത പ്രതിസന്ധിയുണ്ടാവും. ഒരു സംഭവത്തിന് മേല്‍ മറ്റൊരു സംഭവം ഉടലെടുത്താല്‍ ഏതാണ് പ്രാധാന്യമുള്ളത് എന്നും ആശയക്കുഴപ്പമുണ്ടാവും. കൂത്തുപറമ്പില്‍ അന്ന് എഴുതിയാല്‍ തീരാത്ത സംഭവങ്ങളുടെ പ്രളയമായിരുന്നു. എങ്ങിനെ എഴുതി ഫലിപ്പിക്കും എന്ന ഭീതിയായിരുന്നു. വായനക്കാരോടും ജനങ്ങളോടും ബാധ്യതപ്പെട്ട ഒരു യോദ്ധാവാവുക എന്ന് മനസ്സ് മുഴുനീളെ മന്ത്രിച്ചു. ആ നിലയില്‍ വിട്ടുകളയാന്‍ പാടില്ലാത്ത ഒന്നായിരുന്നു ടൗണ്‍ ഹാളിനകത്തെ കാഴ്ച. അതിനാല്‍ ഈ വിഷയത്തില്‍ ഒരാശയക്കുഴപ്പവും എഴുതുമ്പോള്‍ ഉണ്ടായില്ല. ആരെയും ഭയപ്പെടാനും തോന്നിയില്ല. എരിതീയിലകപ്പെട്ട തീവ്ര അനുഭവങ്ങള്‍ക്കിടയിലും ഒരു മന്ത്രി ചെയ്ത ഈ കൃത്യമാണ് മറ്റേത് സ്വാധീനത്തിനും മുകളില്‍ ഉണ്ടായത്.

തലക്കെട്ടിന് ആത്മാവുണ്ട്

ലേഖകന്‍ തന്നെ വാര്‍ത്തക്ക് തലക്കെട്ട് എഴുതേണ്ടത് ദൃക്‌സാക്ഷ്യ വിവരണത്തിന്റെ സ്പിരിറ്റ് ചോരാതിരിക്കാനുള്ള നല്ല രീതിയാണ്. ശീര്‍ഷകം ചെറുതാവുക എന്നത് പോലെ പ്രാധാന്യമുണ്ട് സാര ഗംഭീരമായിരിക്കുക എന്നതും. ഞാനെഴുതിയ തലക്കെട്ട് അങ്ങിനെയൊരു സത്യസന്ധമായ വിനിമയ വിവരത്തിന്റെ അംശം ചേര്‍ന്നതാണെന്ന് ന്യൂസ് ഡസ്‌കും വിധിച്ചത് കൊണ്ടാണ് ഒന്നാം പേജിലെ പ്രധാന വാര്‍ത്തക്ക് പുറമെ മുഖപേജില്‍ തന്നെ സൈഡ് സ്റ്റോറിയും വിന്യസിക്കപ്പെട്ടത്. കാഴ്ചകള്‍ മാത്രമല്ല കാഴ്ചകള്‍ക്കപ്പുറത്തെ കഥയും ഈ സ്റ്റോറിയിലുണ്ടായിരുന്നു. ഉദ്ഘാടനം ചെയ്യപ്പെടേണ്ട ബാങ്കിലെ രാഷ്ട്രീയം. ഭരിക്കുന്ന കോണ്‍ഗ്രസിന് താല്‍പര്യമില്ലാതെ വകുപ്പ് മന്ത്രിയെന്ന നിലയില്‍ രാഘവന്‍ ഉദ്ഘാടകനായി അവതരിക്കപ്പെട്ടത്. എന്ത് സംഭവിച്ചാലും ഉദ്ഘാടനം നിര്‍വഹിക്കപ്പെടണമെന്ന വാശി. രാഷ്ട്രീയമായ കിട മത്സരത്തിന് ഉശിരന്മാരായ അഞ്ച് യുവാക്കള്‍ ബലികഴിക്കപ്പെട്ടത്. ഇതെല്ലാം ആ സ്റ്റോറി യിലും തലക്കെട്ടിലും പ്രതിഫലിച്ചിരുന്നു.

'കൊടുങ്കാറ്റ് ശാന്തമായിരുന്നു '

ടൗണ്‍ ഹാളിന് മുന്നില്‍ മന്ത്രിക്ക് കരിങ്കൊടി കാണിക്കാന്‍ നില്‍ക്കുന്ന ആയിരങ്ങളെ നേതാക്കള്‍ ഓരോ ഡിവിഷനുകളായി ഒതുക്കി നിര്‍ത്തിയിരുന്നു. ശാന്തസൗമ്യമായിരുന്നു തുടക്കം. സമരമുഖത്തെ ആള്‍ക്കൂട്ടത്തിന്റെ രൂപഭാവം നോക്കി വേണം ഫോട്ടോഗ്രാഫറും റിപ്പോര്‍ട്ടറും സുരക്ഷിത ഇടം കണ്ടെത്തേണ്ടത്. രാവിലെ എട്ട് മണിക്ക് തന്നെ ടൗണ്‍ ഹാള്‍ പരിസരത്ത് എത്തിയവര്‍ പിന്തിരിയാന്‍ വന്നവരല്ല എന്ന് മനസ്സിലായി. പക്ഷെ ഒരു കുഴപ്പം നേരിടാന്‍ മാത്രം അവര്‍ സായുധ സജ്ജരുമല്ല. മന്ത്രി ഉദ്ഘാടനം നടത്തുകയില്ല എന്ന് ചിലരുടെ സ്വകാര്യ സംഭാഷണം ചുറ്റിപ്പറ്റി നടന്നപ്പോള്‍ മനസ്സിലായി.

നേതാക്കളും പോലീസും ഇടക്കിടെ കുശലം പറഞ്ഞും അനുസരിക്കാമെന്ന് വാക്ക് കൊടുത്തും നില്‍ക്കുന്നുമുണ്ട്. സമരക്കാരില്‍ ചിലരുടെ കയ്യില്‍ പൊതികളുണ്ട്. പ്രാതലിന് കരുതിയ ഉപ്പുമാവ് പൊതികള്‍. പതിവ് പോലെ വടികളിലാണ് പതാക. ചിലരുടെ കീശയില്‍ കരിന്തുണിയുമുണ്ട്. 'ആയുധ 'മെന്ന് പറയാന്‍ മറ്റൊന്നുമില്ല. ടൗണ്‍ ഹാളിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടിരുന്നില്ല. തടസ്സമില്ലാതെ തന്നെ ഞാനും അകത്ത് കയറി.

മന്ത്രിക്ക് കസേരപ്പന്തല്‍

ഹാളിനകത്ത് കസേരകള്‍ നിറയെ ആളുകള്‍ ഇരിപ്പുണ്ട്. പക്ഷെ, യുഡിഎഫ് ഭരിക്കുന്ന ബാങ്കിന്റെ ശാഖയാണ് ഉദ്ഘാടനം ചെയ്യുന്നതെങ്കിലും ഭരണകക്ഷിക്കാര്‍ ഒറ്റപ്പെട്ടവര്‍ മാത്രം. കൂടുതലും സമരക്കാര്‍. ഈ സദസ്സിലേക്ക് മന്ത്രി വന്നാല്‍ എന്താവും സ്ഥിതി എന്ന് ഞങ്ങള്‍ ആശങ്കിച്ചു. തലേന്ന് ജില്ലാ പോലീസില്‍ നിന്ന് കിട്ടിയ വിവരമനുസരിച്ച് ഏത് പ്രതിബന്ധം നീക്കിയും മന്ത്രിക്ക് ഉദ്ഘാടന വേദി ഒരുക്കുമെന്നായിരുന്നു സൂചന. അങ്ങിനെയെങ്കില്‍ ടൗണ്‍ ഹാളില്‍ രക്തപ്പുഴ ഒഴുകുമെന്ന് ഉറപ്പ്. പുറത്തുവന്ന് എസ്ടിഡി ബൂത്തില്‍ നിന്ന് പോലീസ് ഉന്നതന്‍ ക്യാമ്പ് ചെയ്യുന്ന സ്റ്റേഷനിലേക്ക് വിളിച്ചു. സ്ഥിതി മോശമാണ് എന്ന് അദ്ദേഹത്തോട് പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കേണ്ട മറ്റൊരു മന്ത്രി എന്‍ രാമകൃഷ്ണന്‍ മമ്പറത്ത് എത്തി തിരിച്ചുപോയി എന്നും രാഘവന്‍ മറ്റൊരു വഴിയിലൂടെ എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു.

രാമകൃഷ്ണന്‍ മടങ്ങിയത് പോലെ രാഘവന്‍ തിരിച്ചു പോകാനല്ല വരുന്നതെന്ന് ഉറപ്പായി. കാരണം രാഘവന്‍ വരുന്ന റൂട്ട് പോലീസ് വ്യക്തമാക്കിയിരുന്നില്ല. സംഗതി ഗുരുതരമാണെന്ന് ഇതോടെ ബോധ്യമായി. എസ്ടിഡി ബൂത്തില്‍ നിന്ന് ഇറങ്ങി ടൗണ്‍ ഹാള്‍ ഗേറ്റിലേക്ക് നടക്കവെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറെ കണ്ടു. വയര്‍ലസ്സ് വിവരം അദ്ദേഹവും പറഞ്ഞു. മന്ത്രി പുറപ്പെട്ടു കഴിഞ്ഞു. ഇവിടെയൊന്നും നില്‍ക്കണ്ട, സുരക്ഷിത സ്ഥാനത്ത് മാറിക്കോ എന്നും സൂചന കിട്ടി. സുരക്ഷിതത്വമുള്ള ഇടം മറ്റു ചിലര്‍ കയറി നില്‍ക്കുന്ന പീടിക മുറിയുടെ ഒന്നാം നിലയിലാണ്. പക്ഷെ, അവിടെ നിന്നാല്‍ ടൗണ്‍ ഹാളിനുള്ളില്‍ നടക്കുന്നത് കാണാനാവില്ല.

മനോരമയുടെ മാത്യു അഗസ്റ്റിനും ഞാനും ധാരണയനുസരിച്ച് അയാള്‍ പുറത്ത് കടയുടെ മുകള്‍നിലയിലും ഞാന്‍ ടൗണ്‍ ഹാളിലും നില്‍ക്കാന്‍ തീരുമാനിച്ചു. ദേശാഭിമാനിയുടെ പി എം മനോജും (മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രസ് സെക്രട്ടറി) ഞാനും ടൗണ്‍ ഹാളിന് ഉള്ളിലെത്തി. മന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോള്‍ ആകാശത്തെ വിറപ്പിക്കുമാര്‍ മുദ്രാവാക്യം മുഴങ്ങി. ടൗണ്‍ ഹാളിന്റെ സ്റ്റേജിനുള്ളിലെ ഗ്രീന്‍ റൂമില്‍ കടന്ന് ഗ്ലാസുകള്‍ നീക്കി വെച്ച് പുറം കാഴ്ച ഞാന്‍ കണ്ടു. അതിനിടെ പി എം മനോജ് അപകടമുഖത്തേക്ക് ഇറങ്ങി നടന്നു.

പോലീസ് സമരക്കാരെ തല്ലിച്ചതച്ച് മന്ത്രിയുടെ വാഹനം അകത്തേക്ക് കടത്തി വിടുകയാണ്. മുദ്രാവാക്യത്തിന്റെ ആര്‍പ്പ് വിളികള്‍ക്കിടയില്‍ അന്തരീക്ഷത്തില്‍ വെടിശബ്ദം. ടിയര്‍ഗ്യാസിന്റെ എരിവുകാറ്റ്. മന്ത്രി ഹാളിനകത്ത് പ്രവേശിക്കും മുമ്പ് സ്റ്റീല്‍ കസേരകള്‍ വീശിയെറിഞ്ഞു തുടങ്ങി. പോലീസ് ഹാളില്‍ ഇരച്ചു കയറി കസേര കയ്യിലേന്തി നില്‍ക്കുന്നവരെ തല്ലിയോടിച്ചു. ചോരയൊലിച്ച് ചിലര്‍ നിലത്തു വീണു. അവരെ ചവിട്ടിയും തല്ലിയും മന്ത്രിക്ക് വഴിയൊരുക്കി. ടൗണ്‍ ഹാളില്‍ നിന്ന് ഇതിനകം പുറത്തേക്കോടിയവര്‍ നിറത്തോക്കുകള്‍ക്ക് മുന്നിലാണ് അകപ്പെട്ടത്. തുരുതുരെ കല്ലുകള്‍ ഹാളിന്റെ ആസ്‌പെറ്റോസ് മേല്‍ക്കൂര തകര്‍ത്ത് മഴ ചിതറുന്ന പാകത്തില്‍ പതിച്ചു തുടങ്ങി. അകമ്പടിസേന സ്റ്റീല്‍ കസേര കൊണ്ട് മന്ത്രിയുടെ തലക്ക് മുകളില്‍ കസേരപ്പന്തലിന്റെ മേലാപ്പ് വിരിച്ചു. തുടര്‍ന്നാണ് ഒറ്റവാചകത്തില്‍ മന്ത്രിയുടെ ഉദ്ഘാടന പ്രഖ്യാപനം.

ചോരച്ചാലിലൂടെ

ഈയൊരു പ്രഖ്യാപനത്തിന് വേണ്ടി പുറത്തെ തെരുവില്‍ ചോരച്ചാലൊഴുകി. ടൗണ്‍ ഹാളിന്റെ പുറകിലൂടെ ഞാന്‍ മെയിന്‍ റോഡിലെത്തിയപ്പോള്‍ തലങ്ങും വിലങ്ങും വെടിപൊട്ടി. കല്ലുകള്‍ പല ദിക്കുകളില്‍ നിന്ന് ചീറി വരുന്നുണ്ട്. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ പോലീസുകാരന്റെ തോക്കിന് മുന്നില്‍ ഞാനകപ്പെട്ടു. മുഖ പരിചയുള്ളത് കൊണ്ട് ഭാഗ്യം. പോലീസുകാരന്‍ ചൂരല്‍ കവചം കൊണ്ട് മറച്ച് എന്നെ റോഡിന്റെ മറുഭാഗത്താക്കി. ഒരു കടയുടെ മുകളിലേക്ക് കടത്തിവിട്ടു. അത് മറ്റൊരു ചതിയായിരുന്നു. പോലീസ് കടയുടെ ഷട്ടറുകള്‍ താഴ്ത്തി കളഞ്ഞു. കടയുടെ മുകളിലത്തെ നിലയിലെത്തിയപ്പോള്‍ നഗരം കാണാമായിരുന്നു. എന്നാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത നിലയുമായി. വെടിച്ചീളുകള്‍ ചിലത് വരാന്തയുടെ മതിലുകള്‍ തുളച്ച് തെറിച്ചത് ജീവന്‍ അപകടത്തിലാണെന്ന ഭീതിയിലാക്കി. വരാന്തയുടെ നിലത്ത് കിടന്ന് ഇഴഞ്ഞുനീങ്ങി തൊട്ടടുത്ത കെട്ടിടത്തിന്റെ ഗോവണിയിലെത്തിയപ്പോള്‍ കൂടുതല്‍ അപകടാവസ്ഥയിലായി. ഒറ്റപ്പെട്ടുപോയ ഏതാനും പോലീസുകാരെ ഉന്നംവെച്ച് വിദൂരത്തില്‍ നിന്ന് കല്ലുകള്‍ ചീറി വരുന്നു.

ചോരയൊലിച്ചൊഴുകുമ്പോഴും ഇങ്കിലാബ് വിളിക്കാന്‍ മറക്കാത്ത യുവാക്കളുടെ നിശ്ചയദാര്‍ഡ്യം മനസ്സിലിപ്പോഴും മുഴക്കമായുണ്ട്. ഒരുമിച്ച് ടൗണ്‍ ഹാളിലുണ്ടായിരുന്ന ദേശാഭിമാനിയുടെ പി എം മനോജിനെ കാണാനില്ലായിരുന്നു. മനോരമയുടെ മാത്യു അഗസ്റ്റിനും ദീപികയുടെ ജയപ്രകാശും നില്‍പ്പുറപ്പിച്ചേടത്ത് തീ പടരുന്നു. അവരെയും കാണാനില്ല. ജീവാപായമുണ്ട് എന്ന് ഒരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ വിറങ്ങലിച്ചു പോയി. ആകെ ഉല്‍കണ്ഠ. ഒരുമിച്ചു വന്നവര്‍ എവിടെപ്പോയി? കണ്ണൂരിലേക്ക് ഇനിയെങ്ങിനെ തിരിച്ചെത്തും! പോര്‍മുഖത്ത് പോലീസിനും സമര സഖാക്കള്‍ക്കുമിടയില്‍ ഒറ്റപ്പെട്ട നിലയില്‍ ഞാന്‍ അന്താളിച്ചു നിന്നു.
(തുടരും)

Related News:  കൂത്തുപറമ്പ് വെടിവെപ്പ് ദൃക്‌സാക്ഷ്യം; പങ്കിടാനും പഠിക്കാനും ഏറെ; സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്റെ അനുഭവം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia