കൂത്തുപറമ്പ് വെടിവെപ്പ് ദൃക്‌സാക്ഷ്യം; പങ്കിടാനും പഠിക്കാനും ഏറെ; സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്റെ അനുഭവം
Nov 20, 2019, 20:25 IST
- സി കെ എ ജബ്ബാര്‍
രാഷ്ട്രീയ നേതൃത്വത്തിനും ജേണലിസം വിദ്യാര്‍ഥികള്‍ക്കും പഠിക്കാന്‍ ഏറെയുള്ള ഒന്നാണ് കൂത്തുപറമ്പ് വെടിവെപ്പ്. ഒരു ജനതയെ പ്രക്ഷുബ്ധരാക്കുമ്പോള്‍ നേതൃത്വത്തില്‍ വന്ന് ചേരുന്ന ഉത്തരവാദിത്വവും കടമയും, മറുഭാഗത്ത് പ്രക്ഷോഭ സൂഹത്തെ അഭിമുഖീകരിക്കേണ്ട മന്ത്രിമാരും ഭരണകൂടവും കൂത്തുപറമ്പില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. മാധ്യമ പ്രവര്‍ത്തകനായാല്‍ എത്രമാത്രം പിരിമുക്കത്തെ നേരിടേണ്ടി വരുമെന്ന ഗുണപാഠം മാധ്യമ വിദ്യാര്‍ഥികള്‍ക്കും കൂത്തുപറമ്പ് നല്‍കുന്നു. ഇവര്‍ക്ക് വേണ്ടിയാണ് ഓര്‍മയില്‍ നിന്ന് ചിലത് കൊച്ചു കുറിപ്പുകളായി ഇവിടെ വിവരിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഫോട്ടോ അച്ചടിക്കാനുള്ള സാഹസികത
അന്ന് പത്രത്തിന്റെ ഒന്നാം പേജില്‍ അച്ചടിച്ചു വന്ന ഈ ഫോട്ടോയുടെ കഥ ആദ്യം പറയാം. കാലയവനികക്കുള്ളില്‍ മറഞ്ഞു പോയ 'ഒരാധുനിക' യന്ത്രത്തിന്റെ സഹായം ഇല്ലായിരുന്നുവെങ്കില്‍ ഈ പടം പ്രസിദ്ധീകരിക്കാനാവില്ലായിരുന്നു. ഫാക്‌സ് യന്ത്രമാണ് ഈ പടത്തെ പത്രത്തില്‍ വരുത്തിയത്. വെടിവെപ്പ് നടന്ന ഉടനെ കണ്ണൂര്‍ കത്തുകയായിരുന്നു. തീയണക്കാന്‍ പുറപ്പെട്ട അഗ്‌നിശമന സേനാ വാഹനം പോലും അഗ്‌നിക്കിരയാകുമാര്‍ ജനങ്ങളെ വേദനിപ്പിച്ച നിര്‍ഭാഗ്യ സംഭവം.
കൂത്തുപറമ്പില്‍ ഞാന്‍ ഒറ്റപ്പെട്ടു പോയി. റോഡുകള്‍ നിശ്ചലം. തിരിച്ച് കണ്ണൂരിലെത്തി വാര്‍ത്ത നല്‍കണം. പിറ്റേന്ന് ബന്ദ് പ്രഖ്യാപിച്ചതിനാല്‍ കോഴിക്കോട് നിന്ന് അച്ചടിച്ച് പത്രം കണ്ണൂരിലെത്തണമെങ്കില്‍ എത്രയും വേഗം വാര്‍ത്ത കോഴിക്കോട് എത്തണം.
മൊബൈല്‍ ഫോണുകളില്ലാത്ത കാലം
ടെലികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കി ടെലെക്‌സ് ചെയ്യാന്‍ ഓഫീസില്ല. എസ്ടിഡി ബൂത്തുകള്‍ അടച്ചിട്ടിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയുടെ വിസ്തൃതി എന്നിലോളം ചുരുങ്ങിപ്പോയത് പോലെ.
അരയില്‍ കെട്ടിയ പേജറില്‍ വാര്‍ത്ത എത്രയും വേഗം ഫയല്‍ ചെയ്യണമെന്ന നിരന്തരമായ എഡിറ്ററുടെ കല്‍പന വരുന്നു. മറുപടി സന്ദേശമായി നല്‍കണമങ്കില്‍ ഒരു എസ്ഡിടി ബൂത്തുമില്ല. നഗരത്തില്‍ പരിചയമുള്ള പ്രിയ ഹോട്ടല്‍ ഉടമയുടെ സഹായത്താല്‍ ന്യൂസിന്റെ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ ന്യൂസ് എഡിറ്റര്‍ക്ക് നല്‍കി. എന്റെ കൂടെ സ്വന്തം ഫോട്ടോഗ്രാഫര്‍ ഇല്ലായിരുന്നു. കണ്ണൂരില്‍ നിന്ന് വന്ന ഫോട്ടോട്രാഫര്‍മാര്‍ കയറി നിന്ന ഒന്നാം നിലയുടെ താഴത്തെ വാതില്‍ കുഴപ്പം കാരണം അടച്ചതിനാല്‍ അവര്‍ അതില്‍ കുടുങ്ങി പോയിരുന്നു. അത് കൊണ്ട് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ അജിത് കുമാറിനാണ് വൈവിധ്യമാര്‍ന്ന പടം ലഭിച്ചിരുന്നത്. അതില്‍ ചിലത് എനിക്കും കിട്ടി.
ഫോട്ടോഗ്രാഫര്‍മാരുടെ ഹൃദയവിശാലത കൊണ്ട് കിട്ടിയ ഏതാനും ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്റുകള്‍ കോഴിക്കോട് കൈമാറാവുന്ന ഗതാഗത സൗകര്യമില്ല. സാധാരണ ബസിലായിരുന്നു കോഴിക്കോട്ടേക്ക് പടം അയച്ചിരുന്നത്. പത്രം നേരത്തെ പ്രിന്റ് ചെയ്യുന്നതിനാല്‍ ട്രെയിന്‍ വഴി ഒരാളുടെ കയ്യില്‍ കൊടുത്തുവിടാനും സമയമില്ല. അങ്ങിനെയാണ് ഒരിക്കലും പരീക്ഷിച്ചിട്ടില്ലാത്ത ഫാക്‌സിനെ ആശ്രയിച്ചത്.
ഓഫീസിലുള്ള ഫാക്‌സ് യന്ത്രം ഫോട്ടോ അയക്കാന്‍ ഉപയോഗിച്ചിരുന്നില്ല. ഫോട്ടൊ അയക്കാനുള്ള ഓപ്ഷന്‍ ഉള്ള വിദേശ നിര്‍മിത ഫാക്‌സ് തന്നെയായിരുന്നു. ഉപയോഗിക്കേണ്ട ആവശ്യം വന്നിരുന്നില്ല. അന്ന് അങ്ങിനെ ആദ്യ പരീക്ഷണം നടത്തി. ഫക്‌സ് പടം സെന്റ് ആയി. പടം കൃത്യമായി ഫാക്‌സില്‍ കിട്ടിയെന്ന് ന്യൂസ് എഡിറ്റര്‍ മറുപടി തന്നപ്പോള്‍ മാത്രമാണ് നെടുവീര്‍പ്പിട്ടത്.
ഫാക്‌സ് എന്താണെന്നറിയാത്ത തലമുറയുടെ മുന്നില്‍ ഈ ഫോട്ടോ പത്രം ഇന്ന് വലിയ ചരിത്ര സാക്ഷ്യമാണ്. ടെക്‌നോളജി ഉദിച്ചു അസ്തമിച്ച ഒരു കാലത്തെ സാക്ഷ്യപ്പെടുത്തുന്ന ചിത്രം. നിമിഷ നേരം കൊണ്ട് വാട്‌സാപ്പുകളില്‍ ചിത്രങ്ങള്‍ വര്‍ണ്ണം ചാര്‍ത്തി പ്രസരിപ്പിക്കുന്ന തലമുറ പത്രത്തില്‍ ഒരു ഫോട്ടൊ അച്ചടിച്ചുവരാന്‍ നടന്ന ഗതകാലം പഠിക്കേണ്ട ഒന്നാണ്.
കല്ലച്ചില്‍ പത്രം ഒരുക്കിയ കാലം ഒരു പടം പ്രസിദ്ധീകരിക്കാന്‍ ദിവസങ്ങള്‍ വേണമായിരുന്നു. ഫോട്ടൊയുടെ കല്ലച്ച് നിര്‍മിക്കണം. മുംബെയിലാണ് അന്ന് അതിന്റെ ഏറ്റവും വലിയ സംവിധാനം ഉണ്ടായിരുന്നത്. കല്ലച്ചില്‍ നിന്ന് ആധുനിക യന്ത്രത്തിലേക്ക് മാറിയപ്പോഴും വിമാനത്തിലും, ട്രെയിനിലും, ബസിലും എക്‌സ്‌ക്ലൂസീവ് പടങ്ങള്‍ സ്വന്തം ടാക്‌സിയിലും ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിച്ചിരുന്ന വിവിഐപിയായിരുന്നു.
Keywords: Kerala, Kannur, News, Firing, Politics, Death, Journalist, Article, Memories of Koothuparamb firing.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.