ഇന്ത്യന്‍ ജനാധിപത്യവും ബാബരി മസ്ജിദും

 


ഇന്ത്യന്‍ ജനാധിപത്യവും ബാബരി മസ്ജിദും
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഡിസംബര്‍ ആറിന് 20 വര്‍ഷം പിന്നിട്ടു. തര്‍ക്ക മന്ദിരം എന്ന് തിരുത്തി ബാബരി മസ്ജിദ് എന്ന് എഴുതാന്‍ എന്‍.എസ്.മാധവന്റെ ചുല്യാറ്റ് എന്ന കഥാപാത്രം കാണിച്ച ആര്‍ജവം കാണിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് കഴിഞ്ഞില്ല.

പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2009-10 കാലയളവില്‍ ബാബരി മസ്ജിദിന്റെ തകര്‍ചയെ കുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തു വരികയുണ്ടായി. 1026 പേജുള്ള 68 സംഘപരിവാര നേതാക്കന്മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കമ്മീഷന്‍ റിപോര്‍ട്ട് പാര്‍ലമെന്റില്‍ കാര്യമായ ചര്‍ച പോലും ഉണ്ടാക്കിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അന്ന് റിപോര്‍ട്ട് ചോര്‍ചയെന്ന ഓലപ്പാമ്പിനെ കുറിച്ചായിരുന്നു ചര്‍ച നടന്നതത്രയും.

ഭരണത്തിന്റെ കിരീടവും ചെങ്കോലുമുപയോഗിച്ച് പരിവാരനേതാക്കള്‍ ബാബരി മസ്ജിദ് തകര്‍ത്തതിനെ കുറിച്ച് പ്രതിപാദിക്കുന്ന ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ മേല്‍ ആര്‍ജവവും ശക്തവുമായ നടപടികള്‍ ഉണ്ടാകുമെന്ന ജനാധിപത്യ വിശ്വാസികളെ നിരാശരാക്കുന്ന തരത്തിലായിരുന്നു നമ്മുടെ ഭരണകൂടം പെരുമാറിയത്.

ബാബരി പള്ളി പൊളിച്ചതില്‍ ദു:ഖം രേഖപ്പെടുത്തി കൈകഴുകയാണ് നമ്മുടെ കപടമതേതര ഭരണകൂടം. ഒരു സ്‌പെഷ്യല്‍ ഓര്‍ഡിനന്‍സിലൂടെ ബാബരി മസ്ജിദ് യഥാസ്ഥാനത്ത് നിര്‍മിച്ച് സംഘപരിവാരത്തിന്റെ ശത്രുതയ്ക്കിരയാകാനോ, രാജ്യത്തിന്റെ മതേതരത്വം കുട്ടിച്ചോറാക്കാനോ ഉള്ള തന്റേടം ഇന്ത്യന്‍ ഭരണകൂടത്തിന് ഇല്ല. എന്നാല്‍, മിനിമം കുറ്റക്കാരെ ശിക്ഷിച്ച് മുഖമില്ലാത്ത ആ നീതി ദേവതയോടെങ്കിലും നീതി പുലര്‍ത്തേണ്ടേ?

ഇന്ത്യ ഒട്ടാകെ ന്യൂനപക്ഷ തീവ്രവാദം ശക്തിപ്പെടാനും അവര്‍ക്ക് അതിനുള്ള വെള്ളവും വളവും നല്‍കിയത് ഒരര്‍ത്ഥത്തിലല്ലെങ്കല്‍ മറ്റൊരര്‍ത്ഥത്തില്‍ സംഘപരിവാറാണ്. ബാബരി മസ്ജിദ് ധ്വംസനത്തിന് ശേഷം ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് മുസ്ലീങ്ങളുടെ മനസ്സില്‍ അരക്ഷിതബോധം വേരോടുകയാണ് ചെയ്തത്.

ന്യൂനപക്ഷ വിഭാഗങ്ങളെ രണ്ടാംകിട പൗരന്മാരായാണ് ഇന്ത്യന്‍ ഭരണകൂടം കാണുന്നതെന്ന ന്യൂനപക്ഷതീവ്രവാദികളുടെ വാദങ്ങളെ സാധൂകരിക്കുന്ന നടപടിയായിരുന്നു ബാബരി പള്ളിയുടെ തകര്‍ചയോടെ സാധ്യമായത്.

പള്ളി തകര്‍ക്കപ്പെടുമ്പോള്‍ ഉമാഭാരതിയും അദ്വാനിയും ആഹ്ലാദം പങ്കിടുന്ന ദൃശ്യം ന്യൂനപക്ഷത്തിന് നേരെയുള്ള കടന്നു കയറ്റമായി പലപ്പോഴും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

400 വര്‍ഷത്തിലധികം പഴക്കമുള്ള ബാബരി പള്ളിയില്‍ 1949 ഡിസംബര്‍ 22ന് ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു പള്ളിയില്‍ അനധികൃതമായി പ്രതിഷ്ഠിച്ച വിഗ്രഹം നീക്കം ചെയ്യണമെന്ന ധീരമായ നടപടി എടുക്കുകയും ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥ രംഗത്തെ അനാസ്ഥ അദ്ദേഹത്തിന്റെ തീരുമാനത്തിന് വിലങ്ങുതടിയായി.

ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ അവകാശവാദം ഉന്നയിച്ചിരുന്ന തര്‍ക്കമന്ദിരം 1985 ല്‍ തുറന്ന് കൊടുത്ത് രാജീവ് ഗാന്ധി സംഘപരിവാറിനോട് സമരസപ്പെടുകയായിരുന്നു. തുടര്‍ന്ന് അധികാരത്തിലേറിയ നരസിംഹറാവു സര്‍ക്കാര്‍ പള്ളിപൊളിക്കാനുള്ള ഒത്താശ ചെയ്ത് കൊടുക്കുകയായിരുന്നു.

1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കല്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിരുന്നു. അന്ന് വിജയിച്ച ഹിന്ദുത്വശക്തികള്‍ പിന്നീട് ഭരണസിരാകേന്ദ്രങ്ങളിലെ ഉറച്ച സാന്നിദ്ധ്യമാവുകയാണ് ഉണ്ടായത്.

-പി. ജിം­ഷാര്‍


Keywords: Babri Masjid, Democracy, Report, Parliament, Terrorism, Muslim, Goverment, Masjid, Kerala, Kerala Vartha, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia