'സുപ്രഭാതം' പുലരാന്‍ വൈകുന്നത് സ്‌കൂപ്പിന് വേണ്ടി?

 


തിരുവനന്തപുരം: (www.kvartha.com 04.08.2014) സമസ്തകേരള ജംഇയത്തുല്‍ ഉലമ ഇ.കെ. വിഭാഗത്തിന്റെ അഭിമാനപ്രശ്‌നമായി മാറിയ സുപ്രഭാതം ദിനപത്രത്തിന്റെ ലോഞ്ചിംഗ് പിന്നെയും നീട്ടിവച്ചത് കൂടുതല്‍ തയ്യാറെടുപ്പിനും സ്‌കൂപ്പിനും വേണ്ടി. ആഗസ്റ്റ് ഒന്നു മുതല്‍ ആറു കേന്ദ്രങ്ങളില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അത് നടന്നില്ല. നേരത്തെ 2013 നവംബര്‍ ഒന്നിന് പ്രസിദ്ധീകരണം പ്രഖ്യാപിച്ചിരുന്ന സുപ്രഭാതം പിന്നീട് 2014 ആഗസ്റ്റ് ഒന്നിലേക്ക് നീട്ടിവെക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും ഒരുമാസത്തേക്ക് കൂടി നീട്ടിവെച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ ഒന്നിന് പ്രസിദ്ധീകരണം തുടങ്ങുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. പത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നതിനു പകരം വെബ്‌സൈറ്റ് ഈയിടെ തുടങ്ങി. ഓണ്‍ലൈന്‍ എഡിഷനെങ്കിലും ഇല്ലെങ്കില്‍ 14 ജില്ലകളിലും ആരംഭിച്ച ന്യൂസ് ബ്യൂറോകള്‍ക്ക് പ്രത്യേകിച്ചു ജോലിയൊന്നും ഇല്ലാതെ വരുമെന്നുവന്നപ്പോഴാണ് ഇത്. എന്നാല്‍ സമ്പൂര്‍ണ ന്യൂസ് പോര്‍ട്ടല്‍ എന്ന നിലയില്‍ പ്രൊഫഷണല്‍ തയ്യാറെടുപ്പുകളോടെയുള്ള ഒന്നല്ല ഇപ്പോള്‍ ലഭ്യമാകുന്നത്. വൈകാതെ പൂര്‍ണരൂപത്തില്‍ വാര്‍ത്താ ഉള്ളടക്കമുള്ള വെബ്‌സൈറ്റായി ഇത് മാറുമെന്നാണ് ജീവനക്കാര്‍ക്ക് മാനേജ്‌മെന്റ് നല്‍കുന്ന ഉറപ്പ്.

തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് അഞ്ചു ലക്ഷം കോപ്പികളുമായി ആഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരണം തുടങ്ങാന്‍ തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി എന്നാണ് സമസ്തയും എസ്‌കെഎസ്എസ്എഫും പ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്. സംസ്ഥാനവ്യാപകമായി ഫഌക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും ഉള്‍പ്പെടെ നിറയുകയും ചെയ്തു.

എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഭാഗമായി മാനേജ്‌മെന്റ് ഇത്തരമൊരു പ്രചാരണ പരിപാടി ആരംഭിച്ചിട്ടില്ലെന്നും സംഘടനാ പ്രവര്‍ത്തകര്‍ സ്വന്തം നിലയ്ക്ക് ഫഌക്‌സുകളും മറ്റും സ്ഥാപിച്ചതാണെന്നുമാണ് സുപ്രഭാതം ജീവനക്കാര്‍ക്ക് മുകളില്‍ നിന്നു ലഭിച്ചിരിക്കുന്ന വിശദീകരണം. കേരളത്തിലെ മാധ്യമ രംഗത്ത് വിസ്‌ഫോടനം സൃഷ്ടിച്ച് സുപ്രഭാതം സെപ്റ്റംബര്‍ ഒന്നിനു പ്രസിദ്ധീകരണം തുടങ്ങുമെന്നാണ് സംഘടനാ നേതൃത്വം ഇപ്പോള്‍ പ്രവര്‍ത്തകരോടു പറയുന്നത്.

എന്നാല്‍ ഇത്തരമൊരു അറിയിപ്പും ജില്ലാ ബ്യൂറോകള്‍ക്കോ ന്യൂസ് ഡെസ്‌കിനോ ഔദ്യോഗികമായി ലഭിച്ചിട്ടുമില്ല. സാങ്കേതികമായ ചില പരിമിതികള്‍ മറികടക്കാനാണു കാത്തിരിക്കുന്നത് എന്നാണ് അനൗദ്യോഗിക വിശദീകരണം. പക്ഷേ, പ്രതീക്ഷിച്ചത്ര കോപ്പികള്‍ സമാഹരിക്കാന്‍ സാധിക്കാത്തതാണ് പ്രശ്‌നമെന്നു സൂചനയുണ്ട്. അഞ്ചു ലക്ഷം വാര്‍ഷിക വരിക്കാരെ ചേര്‍ത്തുകൊണ്ട്് ധൈര്യത്തോടെ പ്രസിദ്ധീകരണം തുടങ്ങാമെന്നും ഈ വരിക്കാരില്‍ വലിയൊരു വിഭാഗത്തെ നിലനിര്‍ത്തിക്കൊണ്ട്് കൂടുതല്‍ വാര്‍ഷിക വരിക്കാരെ ചേര്‍ക്കാമെന്നുമായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ സര്‍ക്കുലേഷന്‍ വിഭാഗം ഏറ്റവും പുതുതായി മാനേജ്‌മെന്റിനു നല്‍കിയിരിക്കുന്ന കണക്കുപ്രകാരം അഞ്ചു ലക്ഷത്തിലെത്താന്‍ ഇനിയും മാസങ്ങള്‍ ശ്രമിക്കണം.

ആഗസ്റ്റ് ഒന്നിന് പുറത്തിറങ്ങാനിരുന്ന ഉദ്ഘാടന സപ്ലിമെന്റിന് വേണ്ടി സംസ്ഥാനത്തൊട്ടുക്കും പരസ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ പത്രം പുറത്തിറങ്ങാത്തതിനാല്‍ പരസ്യക്കാരോട് എന്ത് മറുപടിപറയണമെന്നറിയാതെ കുഴങ്ങുകയാണ് ജീവനക്കാര്‍. എല്ലാ ജില്ലകളിലും ബ്യൂറോകള്‍ തുടങ്ങിയെങ്കിലും ചിലയിടങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇനിയും ഒരുക്കിയിട്ടില്ല.

അതേസമയം, കേരളമാകെ ശ്രദ്ധിക്കുകയും മറ്റു മാധ്യമങ്ങള്‍ക്ക് ഏറ്റെടുക്കുകയും ചെയ്യേണ്ടിവരുന്ന ഉജ്ജ്വലമായ വാര്‍ത്താ സ്‌കൂപ്പിനു വേണ്ടിയാണ് സുപ്രഭാതം പ്രസിദ്ധീകരണം വൈകിപ്പിക്കുന്നത് എന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അത്തരമൊരു വാര്‍ത്തയ്ക്കുവേണ്ടി കണ്ണും കാതും തുറന്നിരിക്കാന്‍ എല്ലാ ലേഖകന്മാരോടും ആവശ്യപ്പെട്ടിട്ടുമുണ്ടത്രേ. എന്നാല്‍ പത്രം തുടങ്ങി കാണിച്ചുകൊടുക്കാതെ അത്തരമൊരു അതിഗംഭീര വാര്‍ത്തയും വന്നുവീഴില്ല എന്നാണ് പരിചയ സമ്പന്നരായ ലേഖകന്മാര്‍ തലപ്പത്തുള്ളവരെ അറിയിച്ചിരിക്കുന്നത്.
'സുപ്രഭാതം' പുലരാന്‍ വൈകുന്നത് സ്‌കൂപ്പിന് വേണ്ടി?

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


സുപ്രഭാതം ദിനപത്രം: പ്രഖ്യാപന സമ്മേളനം വെള്ളിയാഴ്ച

കാന്തപുരം വിഭാഗത്തോടും ചന്ദ്രികയോടും പടവെട്ടാന്‍ രണ്ടുംകല്‍പിച്ച് സുപ്രഭാതം ഇറക്കുന്നു?

അല്ല, സുപ്രഭാതം വൈകും എന്നത് കുപ്രചരണമല്ല, നേതാക്കള്‍ പറയുന്ന സത്യം


സുപ്രഭാതം പ്രസിദ്ധീകരണം തുടങ്ങും മുമ്പേ ലീഗ് കരുനീക്കം സജീവമാക്കി

Keywords: Samastha, Suprabhatham news paper, E.K Samastha, Edition, Launching, Inauguration, One line addition, Launching date of Suprabhatham daily extended again.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia