ഇത് രതീഷ് ആര് മേനോന്, മലയാളികള്‍ക്ക് ബുദ്ധിയും 'കുബുദ്ധി'യും പറഞ്ഞുകൊടുക്കുന്ന ടെക് ഗുരു
Sep 6, 2015, 17:21 IST
സമീര്‍ ഹസ്സന്
ടെക് ലോകത്ത് ഉപകാരപ്രദമായ ട്രിക്കുകള്‍ മലയാളികള്‍ക്കായി തന്റെ ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബിലൂടെയും രതീഷ് പകര്‍ന്നു നല്കുന്നു. ഒരു വര്‍ഷം മുമ്പ് തുടങ്ങിയ ഫേസ്ബുക്ക് പേജിന് ലൈക്ക് ഇന്ന് 2,70,000 കടന്നു. ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതകളാണ് രതീഷ് മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഇന്ന് പ്രവാസികള്‍ ഉള്പെടെയുള്ളവര് രതീഷിന്റെ ഫാന്‍സാണ്. മൊബൈല്‍ സംബന്ധമായോ, കമ്പ്യൂട്ടര്‍ സംബന്ധമായോ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ രതീഷിനെ ബന്ധപ്പെടാം.
22-ാം വയസിലാണ് രതീഷ് കമ്പ്യൂട്ടറിന്റെ ബാലപാഠം പഠിച്ചത്. ഒരു സാധാരാണ കുടുംബത്തിലെ പയ്യന് പെടുന്നനെയായിരുന്നു ടെക് പയ്യനായി വളര്‍ന്നത്. ഇന്റര്‍നെറ്റിലെ ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള ട്രിക്കുകള്‍ രതീഷിനറിയാം.
പ്യൂണില്‍ നിന്നും ടെക് പയ്യനിലേക്കുള്ള വളര്‍ച്ച
പ്ലസ് ടു പഠനത്തിന് ശേഷം നാട്ടില്‍ ചെറിയ ജോലികള്‍ ചെയ്തുകൊണ്ടിരുന്ന രതീഷ് 22 -ാം വയസില്‍ ഒരു കോളജില്‍ പ്യൂണായി ജോലിക്ക് കയറി. കമ്പ്യൂട്ടര്‍ സയന്‍സില്‍ തല്പരനായിരുന്നു രതീഷ്. കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ രതീഷിന്റെ മിടുക്ക് കണ്ട് അവര്‍ക്കൊപ്പം കൂട്ടി. അവരുടെ കൂടെ കൂടി രതീഷ് കമ്പ്യൂട്ടറിന്റെ ബാലപാഠകള് മിക്കതും മനസിലാക്കി. പിന്നീടങ്ങോട്ട് ഹൈസ്പീഡ് വളര്‍ച്ചയായിരുന്നു രതീഷിന്റെ ജീവിതത്തില്‍. 2009ല്‍ 'സുഹൃത്ത് ഡോട്ട് കോം' എന്ന മലയാള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് ആരംഭിച്ചു.
മലയാളികളുടെ ടെക്നികല്‍ സംബന്ധമായതും, പൊതുവിഷയങ്ങളിലുള്ള സംശയങ്ങളും ചര്‍ച്ച ചെയ്യുന്നതായിരുന്നു സുഹൃത്ത് ഡോട്ട് കോം. ഇന്ന് ഈ സൈറ്റില്‍ 1,34,000 പേര് അംഗങ്ങളാണ്. സംശയ ദുരീകരണത്തിന് പുറമെ സാംസ്കാരിക വേദിയും സുഹൃത്ത് ഡോട്ട് കോമിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ ഓരോ ജില്ലയിലും യൂണിറ്റുകള്‍ രൂപീകരിച്ച് ഓരോ മാസവും യോഗം ചേരും. ഓരോ ജില്ലയിലും ഒരു ടീം ലീഡറുണ്ടാകും. അനാഥാലയങ്ങളിലോ, വൃദ്ധസദനങ്ങളിലോ ഓണസദ്യയൊരുക്കിയാണ് സുഹൃത്ത് കൂട്ടായ്മ എല്ലാ വര്‍ഷവും ഓണം ആഘോഷിക്കാറ്. കാസര്‍കോട് നോര്‍ത്ത് ചിത്താരി സ്വദേശിയായ ശ്രീഹരിയും രതീഷിനൊപ്പമുണ്ട്.
രതീഷ് ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റ് വഴി ഇംഗ്ലീഷിലും രതീഷ് ടെക് വിദ്യകള്‍ പറഞ്ഞുകൊടുക്കുന്നു.
രതീഷിന്റെ പേജില്‍ നമ്മളറിയാത്ത പലതുമുണ്ട്
സുഹൃത്ത് ഡോട്ട് കോം മൊബൈല്‍ ഫ്രണ്ട്ലി ആയിരുന്നില്ല. അതിനാല്‍ തന്നെ ഫേസ്ബുക്ക് പേജ് തുടങ്ങി അതിലൂടെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് അറിവുകള്‍ കൈമാറുക എന്ന ഉദ്ദേശത്തോടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് രതീഷ് ഫേസ്ബുക്ക് പേജ് തുടങ്ങിയത്. ഇന്ന് പേജിന്റെ ലൈക്ക് രണ്ടര ലക്ഷം കടന്നു. രതീഷിന്റെ ടെക് വീഡിയോകള്‍ക്ക് ആയിരക്കണക്കിന് ലൈക്കും ഷെയറും കമന്റുകളാണ് ലഭിക്കുന്നത്. ഫേസ്ബുക്ക് പേജ് തുടങ്ങിയതോടെ രതീഷ് ഫാന്‍സും വന്നു.
ലക്ഷക്കണക്കിന് പേര്‍ക്കാണ് രതീഷ് തന്റെ അറിവുകള്‍ ഫേസ്ബുക്ക് പേജിലൂടെ പകര്‍ന്നു നല്‍കുന്നത്. സെല്‍ഫിയെടുക്കാനുള്ള കുതന്ത്രം, ആന്‍ഡ്രോയിഡ് ഫോണ്‍ നഷ്ടപ്പെട്ടാല്‍ തിരികെ നേടാനുള്ള വിദ്യ, വാട്ട്സ് ആപ്പില്‍ വീഡിയോ ഷെയര്‍ ചെയ്യാനുള്ള സ്പെഷ്യല്‍ ആപ്ലിക്കേഷന്‍, മൊബൈല്‍ ഫോണിലെ വീഡിയോ എഡിറ്റര്‍, എന്നിങ്ങനെ നീളുന്നു രതീഷിന്റെ കണ്ടെത്തലുകള്‍.
ഒരു പ്ലസ് ടു കാരന് പയ്യന് ഇന്ന് നോര്‍ത്ത് പറവൂരിലെ അറിയപ്പെടുന്ന വെബ് ഡിസൈനറാണ്. പറവൂരില്‍ രതീഷ് സ്വന്തമായി ഓഫീസും തുടങ്ങിയിട്ടുണ്ട്. ഇവിടുത്തെ ജോലി കഴിഞ്ഞാല്‍ പിന്നെ ഫേസ്ബുക്കില്‍ സജീവമാകും. ഓരോ ദിവസവും എന്തെങ്കിലും ട്രിക്കുമായി രതീഷ് ഫേസ്ബുക്കിലെത്തും.
അപര്‍ണയാണ് രതീഷിന്റെ ഭാര്യ. ഏകമകള്‍ ഋതുനന്ദ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
രതീഷിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് - Ratheesh R Menon
Keywords : Kerala, Technology, Internet, Facebook, Ratheesh R Menon, Suhurthu.com, Tricks, Ratheesh R Menon, The Tech Guru.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.