അറിയുക വായന ദിനത്തെ…...വായനയെ

 


അശ്വതി വി 
(www.kvartha.com 19.06.2017)  ജൂണ്‍ 19……..വായനാ ദിനം. കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ സ്ഥാപകനായ പി.എന്‍. പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് നാം വായനാ ദിനം ആചരിക്കുന്നു. വായനയെ പരിപോഷിപ്പിക്കാനും മഹാനായ ഗ്രന്ഥാചാര്യനെ സ്മരിക്കാനുമായി കേരള സർക്കാരും സാമൂഹികസംഘടനകളും ചേർന്നാണ് വായന ദിനം ആചരിക്കുന്നത്. 1996 മുതലാണ് കേരളം വായനാ ദിനായി ആചരിച്ചു തുടങ്ങിയത്.

പലർക്കും പുസ്തകങ്ങളും വായനയും ഗൃഹാതുരമായ ഓര്‍മ്മയുടെ ഭാഗമാണ്. ആധുനിക കാലഘട്ടത്തിൽ വായനാ രീതി എങ്ങനെയൊക്കെ മാറിയാലും ‘വായിക്കുക’ യെന്ന ശീലം ആളുകളിൽ മാറിയിട്ടില്ല. വായനയെ സ്നേഹിക്കുന്ന പുസ്തകങ്ങളെ കളികൂട്ടുകാരാക്കിയ പുതിയ തലമുറ ഈ വായന ദിനത്തെകുറിച്ചറിയണം. വായനയെയും പുസ്തകങ്ങളെയും സ്നേഹിച്ച തങ്ങളുടെ തലമുറകളെ പറ്റിയും.

അറിയുക വായന ദിനത്തെ…...വായനയെ

ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് ഒന്നാം  തീയതി പുതുവായിൽ നാരായണ പണിക്കർ എന്ന പി എൻ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്ന അദ്ദേഹം പുസ്തകങ്ങളെയും ഗ്രന്ധശാലകളെയും ഏറെ സ്നേഹിച്ചിരുന്നു. ഗ്രന്ഥശാലകൾ പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വളർത്തുന്നതിനും അഹോരാത്രം പരിശ്രമിച്ച മഹത് വ്യക്തിയായിരുന്നു അദ്ദേഹം. കാന്‍ഫെഡ്, കേരള ഗ്രന്ഥശാലാ സംഘം തുടങ്ങിയ സംഘടനകൾക്ക് രൂപം നൽകിയ അദ്ദേഹം 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മക്കായാണ് നാം വായനാ ദിനവും വായനാ വാരവുമൊക്കെ ആചരിക്കുന്നത്.

ലോകത്തിന് തന്നെ മാതൃകയായ കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിനു രൂപം നൽകിയ അദ്ദേഹം ഏറെ വിമര്‍ശനങ്ങൾക്കും കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളിലുംപെട്ട് പിന്നീട് ഗ്രന്ഥശാലാ സംഘത്തിൻറെ ആരും അല്ലാതായിത്തീരുകയായിരുന്നു. എന്നാൽ കേരളത്തെ നിരക്ഷരത എന്ന ശാപത്തില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1977 ജൂണ്‍ 30ന് കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി അല്ലെങ്കിൽ കാന്‍ഫെഡ് പ്രസ്ഥാനത്തിന് രൂപം നൽകി.

കേരളത്തില്‍ അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് കോളിളക്കം സൃഷ്ടിച്ചെടുക്കാന്‍ ഈ പ്രസ്ഥാനത്തിന് സാധ്യമായി. 1990ല്‍ കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിക്കുന്നതിന് നിലമുഴുത് ഒരുക്കിയത് കാന്‍ഫെഡാണ്. കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ ഒരു സ്വപ്നമായിരുന്നു.

വായനയെ പ്രോത്സാഹിപ്പിച്ച, പുസ്തകങ്ങളെ സ്നേഹിച്ച പി എൻ പണിക്കരെ ആദരിക്കാനും അനുസ്മരിക്കാനും ഉതകുന്ന മറ്റൊരവസരം വേറെയില്ല. മലയാളിയെ അക്ഷരങ്ങളുടെ മുറ്റത്ത്  വീണ്ടും കൈപിടിച്ചു നടത്താനും വായനയുടെ മാസ്മാരിക ലോകത്തേക്ക് കൊണ്ടുപോകാനും ഈ വായനാദിനത്തിലൂടെ സാധിക്കും.

ഇതൊരോർമപ്പെടുത്തലാണ്… വായിക്കാനോ പുസ്തകങ്ങളെ അറിയാനോ കഴിയാത്ത ഒരു തലമുറയുടെ പ്രവർത്തന ഫലമായിരുന്നു ഗ്രന്ഥശാലകൾ. അവർക്ക് വായിക്കാനും ചിന്തിക്കാനും പ്രവർത്തിക്കാനുമായൊരിടം. നാമിനീ കാണുന്ന സൗകര്യങ്ങൾ അന്ന് അവർക്ക് ലഭിച്ചിരുന്നില്ല. എന്നിട്ടും വായിക്കുവാനായി അവർ പൊരുതി. വായിക്കുക അറിയാനും അറിവിനായും. വായന നിങ്ങളുടെ ചിന്തകളെ സ്വാധിനിക്കും. അത് നിങ്ങൾക്ക് മാറ്റങ്ങളുടെ വാതിലുകൾ തുറന്നു തരും. വായനയിലൂടെ സാമൂഹിക മാറ്റവും വ്യക്തിത്വ വികസനവും സാധ്യമാകും. വായിക്കുക നാളെയ്ക്കായി….

Keywords: Kerala, Reading-Day, Book, Malayalam, News, PN Panikkar, Library
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia