ഡിജിപിയെ തെറ്റായി ഉദ്ധരിച്ച് ഇല്ലാത്ത ലവ് ജിഹാദ് വാര്‍ത്ത; അത്തരമൊരു വിവരവും പൊലീസിന്റെ പക്കലില്ലെന്ന് ഡിജിപി

 


തിരുവനന്തപുരം: (www.kvartha.com 27.08.2017) സംസ്ഥാന പൊലീസ് മേധാവി പറയാത്ത കാര്യം പറഞ്ഞുവെന്ന് പ്രചരിപ്പിച്ച് കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്നു വരുത്താന്‍ വീണ്ടും ശ്രമിക്കുന്നതാര്. ശനിയാഴ്ച ഇതു സംബന്ധിച്ച് ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്ന വാര്‍ത്തയേക്കുറിച്ച് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയാകട്ടെ തന്നെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത നിഷേധിക്കുകയും ചെയ്തു.

എന്നാല്‍ അതിനകം തന്നെ, ഡിജിപി 'സ്ഥിരീകരണം നല്‍കിയ' വിവരം എന്ന പേരില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും വ്യാപകമായി വാര്‍ത്ത പ്രചരിച്ചിരുന്നു. കേരളത്തില്‍ പ്രണയത്തിന്റെ പേരിലുള്ള മതം മാറ്റം സംഘടിതമായി നടക്കുന്നുവെന്നും അതിന് ദഅ്വാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടുണ്ടെന്ന് വിശദീകരിച്ചാണ് ഇംഗ്ലീഷ് പത്രം ശനിയാഴ്ച ഒന്നാം പേജില്‍ പ്രധാന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ഇതുസംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങളെ ന്യായീകരിച്ചുകൊണ്ടുകൂടിയായിരുന്നു വാര്‍ത്ത. 30ന് തിരുവനന്തപുരത്ത് ചേരുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗത്തില്‍ ഈ പൊലീസ് റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കു വരുമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

ഡിജിപിയെ തെറ്റായി ഉദ്ധരിച്ച് ഇല്ലാത്ത ലവ് ജിഹാദ് വാര്‍ത്ത; അത്തരമൊരു വിവരവും പൊലീസിന്റെ പക്കലില്ലെന്ന് ഡിജിപി

എന്നാല്‍ വൈകുന്നേരമായപ്പോള്‍ ലോക്നാഥ് ബെഹ്റയുടേതായി പൊലീസ് ആസ്ഥാനത്തു നിന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: ''കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി സ്ഥിരീകരിച്ചു എന്ന് ചില മാധ്യമങ്ങളില്‍ വന്നത് ശരിയല്ല, പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. വിവിധ തരത്തില്‍ മതപരിവര്‍ത്തനത്തിലൂടെ ചില നിഷേധാത്മക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് പല പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഞങ്ങള്‍ അതിന്മേലൊരു കണ്ണുവച്ചിട്ടുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. അതിലൊരു കേസിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. അതുകൊണ്ട് അത് ശരിയോ തെറ്റോ എന്ന് കണ്ടെത്തുക ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ലവ് ജിഹാദ് എന്ന് പറയപ്പെടുന്ന സംഗതി കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാന്‍ പറ്റുന്ന വിവരങ്ങളൊന്നും ഇതുവരെ ഞങ്ങളുടെ പക്കലില്ല.''

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ പൊലീസ് മേധാവിയുടെ പോലും വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ച് കേരളത്തില്‍ ലവ് ജിഹാദുണ്ടെന്നു വരുത്താന്‍ ശ്രമിച്ചത് സംഘ്പരിവാര്‍ ശക്തികളുടെ വാദത്തിന് ശക്തി പകരാനാണെന്ന വിമര്‍ശനമാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുയരുന്നത്. സംസ്ഥാനത്തെ സാമൂഹികാന്തരീക്ഷത്തെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ ഉതകുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന പത്ര വാര്‍ത്തയില്‍ തന്നെ തെറ്റായി ഉദ്ധരിച്ചതിലെ അതൃപ്തി ഡിജിപിതന്നെ പത്രത്തെ അറിയിച്ചതായി സൂചനയുമുണ്ട്. വാര്‍ത്ത വന്നയുടന്‍ തന്നെ അതിലെ ഡിജിപിയുടെ പരാമര്‍ശത്തേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായാണു വിവരം. അതിന്റെകൂടി അടിസ്ഥാനത്തിലാണ് താന്‍ പറഞ്ഞതല്ല വാര്‍ത്തയില്‍ വന്നതെന്ന് ഡിജിപി വിശദീകരിച്ചത്.
ഡിജിപിയെ തെറ്റായി ഉദ്ധരിച്ച് ഇല്ലാത്ത ലവ് ജിഹാദ് വാര്‍ത്ത; അത്തരമൊരു വിവരവും പൊലീസിന്റെ പക്കലില്ലെന്ന് ഡിജിപി

(ശ്രദ്ധിക്കുക: ഗൾഫ്  വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Thiruvananthapuram, Police, News Paper, DGP Loknath Behra, False love jihad news denied by state police chief
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia