പാലാക്കാര്‍ ഞെട്ടലില്‍; ജീവകാരുണ്യത്തിന് ചോദിക്കുന്ന പണം നല്‍കിയിരുന്ന മാത്യു മാലയില്‍ ഇത്തരത്തിലൊരു തട്ടിപ്പുകാരനോ

 


പാലാ:(www.kvartha.com 23/09/2017) ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പാലായ്ക്ക് പ്രിയപ്പെട്ടവനായി മാറിയ മാത്യു മാലയില്‍ അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് പാലാക്കാര്‍.അറസ്റ്റ് സ്ഥിതീകരിച്ചതോടെ നിരവധി തട്ടിപ്പ്, ക്രിമിനല്‍ കേസുകള്‍ ഇയ്യാള്‍ക്കെതിരെയുണ്ടെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

വിവിധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമായി ചോദിക്കുന്ന പണം നല്‍കിയാണ് മാത്യു പൊതുസമൂഹത്തിനിടയില്‍ പ്രശസ്തനായത്. കൊഴുവനാലില്‍ ഒരു പാര്‍പ്പിട പദ്ധതിക്കായി 40 ലക്ഷം രൂപ വാഗ്ദാനം ചെയ്ത മാത്യു അഞ്ചു ലക്ഷം രൂപ സംഘാടകരെ ഏല്‍പ്പിച്ചു.

പാലാക്കാര്‍ ഞെട്ടലില്‍; ജീവകാരുണ്യത്തിന് ചോദിക്കുന്ന പണം നല്‍കിയിരുന്ന മാത്യു മാലയില്‍ ഇത്തരത്തിലൊരു തട്ടിപ്പുകാരനോ

പാലായിലെ ഒരു അനാഥ വ്യക്തികളുടെ സംരക്ഷണ കേന്ദ്രത്തിന് 18 ലക്ഷം രൂപ വാഗ്ദാനം ചെയ്തെങ്കിലും അന്‍പതിനായിരം രൂപ മാത്രമേ കൊടുത്തിട്ടുള്ളൂ. അനാഥനും വൃക്കരോഗിയുമായ ഒരു ബാലന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അഞ്ചു ലക്ഷം രൂപ നല്‍കിയതാണ് അവസാനത്തെ വലിയ സംഭാവന. ഇതിന്റെ പേരില്‍ ഒരു സന്നദ്ധസംഘടന മാത്യുവിനെ ആദരിക്കുകയും ചെയ്തു.

പത്തനംതിട്ട സ്വദേശിയായ മാത്യു രണ്ടുവര്‍ഷം മുമ്പാണ് പാലായില്‍ വിവിധകേന്ദ്രങ്ങളിലായി വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയത്. വിദേശത്തേയ്ക്ക് ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന ബിസിനസ് ആണെന്നാണ് പരിചയപ്പെട്ട എല്ലാവരോടും ഇയാള്‍ പറഞ്ഞിരുന്നത്.

നിലവില്‍ പാലാ തെക്കേക്കര വാഴേമഠത്തിനടുത്തുള്ള ഒരു വീടുവാടകയ്ക്ക് എടുത്തായിരുന്നു താമസം. ഇവിടെ സ്ത്രീകള്‍ ഉള്‍പ്പെടെ പതിനഞ്ചോളം ജീവനക്കാരും ഓഫീസ് എന്ന പേരില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവിടെനിന്നാണ് വെള്ളിയാഴ്ച മാത്യുവിനെ പാലാ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

പിരിവിനെത്തുന്ന രാഷ്ട്രീയക്കാര്‍ക്കും മറ്റു സംഘടനകള്‍ക്കും പണം വാരിക്കോരി നല്കിയാണ് മാത്യു ആദ്യം ജനശ്രദ്ധ നേടുന്നത്. ഗോവയിലും ചെന്നൈയിലും ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് നേരത്തെതന്നെ സൂചനകള്‍ ഉണ്ടായിരുന്നു.

ലക്ഷങ്ങള്‍ വാരിക്കോരി വിതരണം ചെയ്തതോടെ മാത്യുവിന്റെ നീക്കങ്ങള്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും നിരന്തരം നിരീക്ഷിച്ചുപോന്നു. ഇതിനിടെയാണ് പാലാ ടൗണിലെ ഒരു സ്ഥലം വില്‍പ്പന നടത്താനെന്ന പേരില്‍ വസ്തു ഉടമയില്‍ നിന്നും മാത്യു തുക കൈപ്പറ്റിയത്. എന്നാല്‍ കച്ചവടം നടന്നില്ല. തുടര്‍ന്ന് വസ്തു ഉടമ പലവട്ടം ആവശ്യപ്പെട്ടെങ്കിലും വാങ്ങിയ തുക തിരിച്ചു നല്കാതെ മാത്യു വഞ്ചിച്ചു എന്നാണ് കേസ്.

ഇതിന്റെ പേരിലാണ് ഇന്നലെ വാഴേമഠം ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ നിന്നും മാത്യുവിനെ പാലാ ഡി.വൈ.എസ്.പി വി.ജി വിനോദ്കുമാര്‍, സി ഐ രാജന്‍ കെ അരമന, എസ് ഐ അഭിലാഷ് കുമാര്‍, ബിജു, സുനില്‍ കുമാര്‍, എഎസ്ഐ അനില്‍കുമാര്‍, ബൈജി, രഞ്ജിനി എന്നിവരടങ്ങിയ സംഘം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പാലാ കോടതിയില്‍ ഹാജരാക്കി. ഇതിനിടെ മാത്യുവിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തത് അറിഞ്ഞ് സി ബി ഐ കൊച്ചി സംഘവും പാലായില്‍ കുതിച്ചെത്തി.

പാസ്പോര്‍ട്ട് സംബന്ധിച്ച ക്രമക്കേടില്‍ സിബിഐ ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. പാലാ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ഇയാളെ ചോദ്യം ചെയ്യുമെന്ന് സിബിഐ സംഘം പറഞ്ഞു. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

മാത്യു മാലയിലിനെ അറസ്റ്റ് ചെയ്തതോടെ പാലായിലെ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും പ്രതീക്ഷ പൊലിഞ്ഞു. പല കാര്യങ്ങള്‍ക്കായി സംഭാവന ചോദിച്ച് ഇയാളെ സമീപിച്ചിരുന്നത് നിരവധി വ്യക്തികളും സംഘടനകളുമാണ്. ഇവര്‍ക്കെല്ലാം ഈ മാസം ഒടുവില്‍ തുക കൊടുക്കാമെന്ന് ഇദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ അറസ്റ്റോടെ സഹായം ചോദിച്ചെത്തിയവരുടെ പ്രതീക്ഷകള്‍ അറ്റു

Keywords: News, Kottayam, Kerala, Court, CBI, Custody, Passport, Case, Pala, Mathew, Cheat, Mathew Malayil case shocked in pala natives 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia