പ്രമുഖ എഴുത്തുകാരി അഷിത അന്തരിച്ചു; മരിച്ചത് ഹൈക്ക് കവിതകള്‍ മലയാളത്തിന് പരിചയപ്പെടുത്തിയ കവയിത്രി

 


തൃശൂര്‍: (www.kvartha.com 27.03.2019) പ്രശസ്ത കഥാകാരി അഷിത (63) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 12.55ന് തൃശ്ശൂരിലെ അശ്വിനി ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെറുകഥകളില്‍ തുറന്നുപറച്ചിലിന്റെ പുതിയൊരു ലോകം സൃഷ്ടിച്ച അഷിത മനോഹരങ്ങളായ ബാലസാഹിത്യ കൃതികളുടെ കര്‍ത്താവാണ്.

പരിഭാഷയിലൂടെ മറ്റു ഭാഷാസാഹിത്യം മലയാളത്തിനു പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ച അഷിതയാണ് ഹൈക്കു കവിതകള്‍ മലയാളത്തില്‍ പരിചിതയാക്കിയത്. തൃശൂര്‍ കിഴക്കുംപാട്ടുകര സ്ട്രീറ്റ് നമ്പര്‍ 13, ലക്ഷ്മി നാരായണ എന്‍ക്ലേവിലെ അന്നപൂര്‍ണയിലായിരുന്നു താമസം. മലയാളത്തിലെ സ്ത്രീപക്ഷ എഴുത്തുകളില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നു അഷിതക്ക്.

 പ്രമുഖ എഴുത്തുകാരി അഷിത അന്തരിച്ചു; മരിച്ചത് ഹൈക്ക് കവിതകള്‍ മലയാളത്തിന് പരിചയപ്പെടുത്തിയ കവയിത്രി

1956 ഏപ്രില്‍ 5-നു തൃശൂര്‍ ജില്ലയിലെ പഴയന്നൂരിലാണു ജനിച്ചത്. ഡിഫന്‍സ് റിട്ട. അക്കൗണ്ട്സ് ഓഫിസര്‍ കെ.ബി. നായരുടെയും (കഴങ്ങോടത്ത് ബാലചന്ദ്രന്‍ നായര്‍) തെക്കേ കറുപ്പത്ത് തങ്കമണിയമ്മയുടെയും മകളാണ്. ഭര്‍ത്താവ് പ്രൊഫ. രാമന്‍കുട്ടി (ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്മെന്റ്, കേരള സര്‍വകലാശാല). മകള്‍: ഉമ. മരുമകന്‍: ശ്രീജിത്ത്.

സ്‌കൂള്‍ വിദ്യാഭ്യാസം ഡെല്‍ഹിയിലും മുംബൈയിലുമായിരുന്നു. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടി. സ്ത്രീജീവിതത്തിന്റെ വിഹ്വലതകളും വ്യാകുലതകളും വരച്ചുകാട്ടുന്ന കഥകളിലൂടെയാണ് അഷിത വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിയായത്. കവിതകളും ബാലസാഹിത്യകൃതികളും ആത്മീയഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. വീട്ടിലെ കഠിന എതിര്‍പ്പുകള്‍ മറികടന്നാണ് എഴുത്തിന്റെ ലോകത്ത് എത്തിയത്. ആറുവര്‍ഷം മുമ്പ് ബാധിച്ച കാന്‍സറിനെ അതിജീവിച്ച അവര്‍ അടുത്തകാലത്ത് വീണ്ടും രോഗബാധിതയാവുകയായിരുന്നു.

വിസ്മയചിഹ്നങ്ങള്‍, അപൂര്‍ണവിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, മയില്‍പ്പീലി സ്പര്‍ശം, കല്ലുവച്ച നുണകള്‍, ശിവേന സഹനര്‍ത്തനം, നിലാവിന്റെ നാട്ടില്‍, പദവിന്യാസങ്ങള്‍, വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത് തുടങ്ങിയവയാണു കൃതികള്‍. അടുത്തിടെ പ്രസിദ്ധീകരിച്ച അഷിതയുടെ ആത്മകഥാപരമായ അഭിമുഖം തുറന്നുപറച്ചിലുകളുടെ പുതിയൊരു ലോകമാണു തുറന്നിട്ടത്. കുട്ടികള്‍ക്കായി രാമായണം, ഐതിഹ്യമാല എന്നിവയും പുനരാഖ്യാനം ചെയ്തു.

2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്‌കാരം അഷിതയുടെ കഥകള്‍ എന്ന കൃതിക്കു ലഭിച്ചു. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, പത്മരാജന്‍ അവാര്‍ഡ്, അങ്കണം അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ആധുനികതയ്ക്കു ശേഷം വന്ന തലമുറയിലെ സ്ത്രീ കഥാകൃത്തുക്കളില്‍ പ്രമുഖയാണ്.

റഷ്യന്‍ കവിതകള്‍ പദവിന്യാസങ്ങള്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അലക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതകള്‍ മലയാളത്തിലേക്കു മൊഴിമാറ്റിയത് അഷിതയാണ്. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവുമായി അഷിത നടത്തിയ അഭിമുഖം മൂന്നുമാസം മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.


Keywords: Noted Malayalam writer Ashitha passes away,Writer, News, Obituary, Dead, Hospital, Treatment, Award, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia