വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

 


വേദനയൂറുന്ന അനുഭവങ്ങള്‍-2 / കൂക്കാനം റഹ് മാന്‍

(www.kvartha.com 06.03.2020) സഹോദരിമാരില്ലാത്ത എനിക്ക് പെണ്‍കുട്ടികളെയും, സ്ത്രീകളേയും ഇഷ്ടമായിരുന്നു. അവരുടെ സന്തോഷ സന്താപങ്ങള്‍ കേട്ടറിയാന്‍ കഴിയാവുന്നത്ര പരിഹാരം കാണാനും പരമാവധി ശ്രമിക്കാറുണ്ട്. പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തില്‍ കേട്ടെഴുത്തിലും, പരീക്ഷയിലും പിന്നോക്കമായാല്‍ ആണ്‍കുട്ടികളെ പെണ്‍കുട്ടികളുടെ ഇടയിലും, പെണ്‍കുട്ടികളെ ആണ്‍കുട്ടികളുടെ ഇടയിലും ഇരുത്തി അധ്യാപകര്‍ പരിഹസിക്കാറുണ്ട്. പക്ഷെ എനിക്ക് അതത്ര പ്രയാസമായി തോന്നാറില്ല. അക്കാലത്ത് ആണ്‍- പെണ്‍ സൗഹൃദങ്ങള്‍ പ്രകടിപ്പിച്ചാല്‍ അത് അപരാധമായാണ് കണ്ടിരുന്നത്.

കാലം ഒരുപാട് മുന്നോട്ട് പോയി. അധ്യാപകനായി സേവനം ചെയ്യവേ തന്നെ ഡപ്പ്യൂട്ടേഷനില്‍ വിവിധ സാമൂഹ്യ സാംസ്‌ക്കാരിക വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടി. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുമായാണ്, പ്രത്യേകിച്ച് സ്ത്രീ വിഭാഗങ്ങളുമായാണ് വിവിധ സന്ദര്‍ഭങ്ങളില്‍ ഇടപഴകേണ്ടി വന്നിട്ടുളളത്. അപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ മനസിനെ പൊളളിച്ചിട്ടുണ്ട്. ചിലത് സന്തോഷമുണ്ടാക്കിയിട്ടുണ്ട്.

ഊമ കത്ത്: സ്ത്രീകളെ വിവിധ തരത്തില്‍ ചൂഷണം ചെയ്യുന്നവനാണ് റഹ് മാന്‍ മാഷ് എന്ന് കാണിച്ച് ഒരു ഊമകത്ത് അച്ചുതാന്ദന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ രമണി എന്നു പേരു വെച്ച ഒരാളാണ് അയച്ചത്. ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളായിരുന്നു അതില്‍ പരാമര്‍ശിച്ചിട്ടുളളത്.

സര്‍ക്കാര്‍ ചെലവില്‍ വേശ്യാലയം: എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അനുവദിച്ചുതന്ന ഫീമെയില്‍ സെക്‌സ് വര്‍ക്കേഴ്‌സിന്റെ പ്രൊജക്ടിന്റെ ഭാഗമായി ജില്ലയില്‍ ഉടനീളമുളള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇത്തരം സഹോദരിമാരെ പ്രൊജക്ടിന്റെ ഭാഗമായി കാണേണ്ടതുണ്ട്. എയ്ഡ്‌സ് രോഗത്തെ പ്രതിരോധിക്കാനുളള ശക്തമായ പ്രവര്‍ത്തനം  നടന്നുകൊണ്ടിരിക്കേ ആണ് ഒരു പ്രമുഖ വനിതാ നേതാവിന്റെ നിര്‍ദേശപ്രകാരം പാര്‍ട്ടി പത്രത്തില്‍ വന്ന വാര്‍ത്തയാണിത്.

ഒരു പെണ്ണിനെ കിട്ടുമോ ചാര്‍ജ്ജ് എത്ര: പ്രസ്തുത വാര്‍ത്ത ശ്രദ്ധയില്‍പെട്ട ചില മാന്യ സുഹൃത്തുക്കള്‍ വീട്ടിലെ ലാന്‍ഡ് ഫോണിലേക്കുളള അന്വേഷണമാണിത്. ഭാര്യയും, മകളുമാണ് ഫോണ്‍ എടുക്കുന്നത് ഒന്നോര്‍ത്തു നോക്കൂ ഈ പ്രയാസം.

നിങ്ങള്‍ ഒരു സ്ത്രീ ലംമ്പഡന്‍ ആണോ?: ഞാന്‍ നേതൃത്വം കൊടുത്തു വളര്‍ത്തിയ കാന്‍ഫെഡ് പ്രസ്ഥാനം രണ്ടായി പിരിഞ്ഞപ്പോള്‍ മറു ഭാഗക്കാര്‍ പറഞ്ഞു പരത്തിയ ഒരു പ്രസ്താവന എന്റെ സുഹൃത്തിന്റെ ശ്രദ്ധയില്‍പെട്ടു. അദ്ദേഹം പറഞ്ഞു സ്ത്രീ ലംമ്പടനായ നിങ്ങളുടെ കൂടെ നില്‍ക്കാന്‍ പാടില്ല എന്ന് മറുഭാഗം പ്രചരിപ്പിക്കുന്നുണ്ട്.

പഠന യാത്രാനുഭവം: വര്‍ഷത്തില്‍ രണ്ടോ, മൂന്നോ പഠന യാത്രക്ക് നേതൃത്വം കൊടുക്കുന്നവനാണ് ഞാന്‍. മിക്കതും ഫാമിലി യാത്രകള്‍ ആയിരുന്നു. ബീഡി, നെയ്ത്ത് തൊഴിലാളി കുടുംബങ്ങള്‍, സാക്ഷരതാ തുടര്‍ വിദ്യഭ്യാസ പഠിതാക്കളുടെ കൂടെയുളള യാത്രകള്‍ എന്നിവ നിരവധി തവണ നടത്തിയിട്ടുണ്ട്. ഏതോ ഒരു പഠന യാത്ര കഴിഞ്ഞു വന്നപ്പോള്‍ പനി പിടിപെട്ട് ആശുപത്രിയില്‍ ആയി. അതിനെ കുറിച്ചു വന്ന പത്രവാര്‍ത്ത പഠനയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ സുമുഖനായ ഒരധ്യാപകന്‍ ആശുപത്രയില്‍.

മാഷിന്റെ ലേഖനം ദേശാഭിമാനി സ്ത്രീ പക്ഷ കോളത്തില്‍ പ്രസിദ്ധീകരിക്കരുത്: ദേശാഭിമാനിയില്‍ സ്ത്രീ പക്ഷത്തില്‍ സ്ഥിരമായി എഴുതുന്ന ആളായിരുന്നു ഞാന്‍. ഒന്നു രണ്ടു ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു കാണാതെ വന്നപ്പോള്‍ വിളിച്ചു ചോദിച്ചപ്പോള്‍ മറുതലയ്ക്കല്‍ മറുപടി  ഇങ്ങിനെ ആയിരുന്നു. അവിടുത്തെ പാര്‍ട്ടി ഘടകവുമായി എന്തോ ചില പ്രശ്‌നങ്ങള്‍ ഉളളതുകൊണ്ട് മാഷിന്റെ ലേഖനങ്ങള്‍ മാറ്റിവെച്ചിരിക്കുകയാണ്. ജനനം മുതല്‍ ഇന്നേവരെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നോടുളള വ്യക്തി വിരോധം കൊണ്ട് ഒരു വനിതാ നേതാവ് പത്രം ഓഫീസില്‍ വിളിച്ച് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണ് ഇത്.

ഇതിനു പുറമേ കുറേ ദുഖാനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ ഇവിടെ പ്രതിപാദിക്കുന്നില്ല. പക്ഷേ ഇതില്‍ നിന്ന് വ്യത്യസ്തമായൊരു ചിന്തയിലേക്ക് എന്നെ നയിച്ചത് കാരവല്‍ പത്രത്തിന്റെ എഡിറ്റര്‍ എസ്. സുരേന്ദ്രനാണ്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഒരു ദശകത്തിലേറെയായി പ്രസ്തുത പത്രത്തിന്റെ സ്ത്രീ പക്ഷം എന്ന കോളം കൈകാര്യം ചെയ്തുവരികയാണ്. ഇതില്‍നിന്നുളള പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സ്ത്രീ ദുഖങ്ങളും സന്തോഷങ്ങളും ഉള്‍ക്കൊളളിച്ചുകൊണ്ട് സെക്‌സ്, സംസ്‌ക്കാരം, സമൂഹം, പൊയ്മുഖങ്ങളുടെ ഉളളറകള്‍, സ്ത്രീ രോദനത്തിന്റെ കാണാപ്പുറങ്ങള്‍, വെളിച്ചം വിതറുന്ന വനിതകള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും
വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

Keywords:  Article, Trending, Women, Kookanam-Rahman, Remembering on Women's day about that saddest things
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia