മുന്നേ പറന്നകന്നവര്‍

 


എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-17)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 30.05.2020) ഒപ്പമിരുന്ന് പഠിച്ചവര്‍ ഓര്‍മ്മയായി മാറുന്നത് മനസ്സിന് താങ്ങാന്‍ പറ്റില്ല. എന്റെയും നറുക്ക് വീഴാറായി എന്ന ഭയം സമപ്രായക്കാര്‍ക്ക് സ്വാഭാവികമായുണ്ടാവും. എന്തെല്ലാം പറയാന്‍ ബാക്കിവെച്ചായിരിക്കും അവര്‍ പോയതെന്ന വിചാരം മനസ്സിലുദിക്കും. പരസ്പരം പറഞ്ഞുപോയതും ചെയ്തുപോയതുമായ കാര്യങ്ങള്‍ മനസ്സിലേക്ക് ഇരച്ചു കയറും. അവര്‍ നടന്നു പോയ വഴികള്‍, ഇനിയും ചെയ്തു തീര്‍ക്കാനുളള ബാധ്യതകള്‍ ഇവയെക്കുറിച്ചൊക്കെ ആലോചിക്കും. ചെയ്തു തന്ന ഉപകാരങ്ങള്‍ സ്മരിക്കുകയും, പകരം തിരിച്ചു നല്‍കാന്‍ സാധിച്ചില്ലല്ലോയെന്നോര്‍ത്ത് ദുഖിക്കും. ഇക്കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷത്തിനകം എന്നില്‍ നിന്നകന്നുപോയ സഹപഠിതാക്കളും, സഹപ്രവര്‍ത്തകരും, നാട്ടുകാരുമായ നാല്‌പേരെ കുറിച്ചുളള ഒരോര്‍മ്മക്കുറിപ്പാണിത്. വരും തലമുറയ്ക്ക് വേണ്ടി എന്റെ നാല് സുഹൃത്തുക്കളെ പരിചയപ്പെടുത്തുകയാണിവിടെ. മരിച്ചവര്‍ക്കു വേണ്ടി എനിക്കിതല്ലേ ചെയ്യാന്‍ കഴിയൂ.

ഇ.പി.തമ്പാന്‍മാസ്റ്റര്‍ എസ്.എസ്.എല്‍.സി ക്ലാസ് വരെ ഒപ്പം പഠിച്ചു. കരിവെളളൂരിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗം. സാധുബീഡിക്കമ്പനിയിലെ പേരെടുത്ത തൊഴിലാളിയുടെ മകന്‍. ടെലിഫോണ്‍സില്‍ ലഭിച്ച ജോലി കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായതിനാല്‍ പോലീസ് വേരിഫിക്കേഷനില്‍ തെറിച്ചു. മഴക്കാലത്ത് വയലിലെ അരയോളം വെളളത്തില്‍ നിന്ന് നെല്ലിന്റെ ഓല അരിയുന്ന തമ്പാനെ ഞാന്‍ എന്നും ഓര്‍ക്കും. വറുതിയും കഷ്ടപ്പാടും അനുഭവിച്ചറിഞ്ഞവരായിരുന്നു. ടി.ടി.സി. കഴിഞ്ഞശേഷം ചന്തേര എ.എല്‍.പി.സ്‌ക്കൂളില്‍ അധ്യാപകനായി. പാര്‍ട്ടിയുടെ ഏരിയാ കമ്മിറ്റിയില്‍ വരെ എത്തി. സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. കഴിഞ്ഞ ടേമില്‍ കരിവെളളൂര്‍-പെരളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു. നടപ്പു 2015-20 കാലയളവില്‍ പ്രസിഡണ്ട് സ്ഥാനത്തേക്കുളള സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന് ഉറപ്പായിരുന്നു.

കരിവെളളൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന ഏവണ്‍ ക്ലബിന്റെ പ്രധാന പ്രവര്‍ത്തകനായിരുന്നു തമ്പാന്‍ മാസ്റ്റര്‍. ഞങ്ങള്‍ ഒന്നിച്ച് മൂന്നു വര്‍ഷം മുമ്പ് ബോംബെയിലേക്ക് ഒരു കുടുംബ പഠനയാത്ര നടത്തിയിരുന്നു. മംഗലാപുരത്തു നിന്നു ബോംബെയിലേക്കും തിരിച്ചും വിമാനത്തിലായിരുന്നു യാത്ര. തമ്പാന്‍ പാന്റും ഷര്‍ട്ടും സാധാരണ ഉപയോഗിക്കാറില്ല. ബോംബെയില്‍ എത്തിയപ്പോള്‍ വേഷമൊന്നു മാറി. അതു കണ്ട മാത്രയില്‍ ഞങ്ങളുടെ സഹയാത്രികനായ അപ്പുക്കുട്ടന്‍ ഒരു കമന്റ് പാസാക്കി. 'പി.ബി.മീറ്റിംഗില്‍ പങ്കെടുത്ത് ഇറങ്ങി വന്ന പോലെയുണ്ട്.' എന്ന്.

നല്ല പ്രാസംഗീകനാണ്. മികച്ച സംഘാടകനാണ്. മരിക്കുന്നതിന് തൊട്ടു മുമ്പ് ഞങ്ങള്‍ (എസ്.എസ്.എല്‍.സി.ബാച്ച് 1965-66) ഒരു ഒത്തുകൂടല്‍ നടത്തുകയുണ്ടായി. അത് തമ്പാന്റെ സംഘാടക മികവിന് ഉദാഹരണമാണ്. മരിച്ച വിവരം അിറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അസുഖമൊന്നും കാര്യമായിട്ടുണ്ടായിരുന്നില്ല. ഞാന്‍ അന്ന് ഒരു ഓപ്പറേഷന്‍ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. കരിവെളളൂര്‍ രക്തസാക്ഷി നഗറില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ വയ്യായ്കയിലും ഞാന്‍ ചെന്ന് അവസാനമായി ആ മുഖം കണ്ടു. നൂറ് കണക്കിനാളുകള്‍ സുഹൃത്തിന്റെ മരണത്തില്‍ അനുശോചനമറിയിക്കാനും ഒരു നോക്കു കാണാനും എത്തിച്ചേര്‍ന്നിരുന്നു.

ഞങ്ങള്‍ ഒന്നിച്ചു വളര്‍ന്നവര്‍ ഒപ്പം പോകേണ്ടവരായിരുന്നു. അവന്‍ നേരത്തേ പോയി. ചാരിതാര്‍ത്ഥ്യത്തോടെയാണ് അവന്‍ പോയത്. ജീവിതകാലത്ത് അപ്രതീക്ഷിതമായി വന്ന് ചേര്‍ന്ന പ്രതിസന്ധികളെ തരണം ചെയ്തും, തന്റെ കഴിവിന്റെ പരമാവധി സാമൂഹ്യ സേവനം നിര്‍വഹിച്ചും കാലയവനികയ്ക്കുളളില്‍ മറഞ്ഞ സുഹൃത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഒരു പിടി ചെമ്പനീര്‍ പൂക്കളര്‍പ്പിക്കുന്നു.

എ.നാരായണന്‍ മാസ്റ്റര്‍  മരണമെന്ന ക്രൂരന്‍ എന്റെ പ്രിയ സുഹൃത്ത് നാരായണന്‍ മാസ്റ്ററേയും ആകസ്മികമായി പിടികൂടി കൊണ്ടുപോയി.
ഔപചാരിക-അനൗപചാരിക വിദ്യഭ്യാസ മേഖലയില്‍ എന്റെ വലം കയ്യായി പ്രവര്‍ത്തിച്ച വ്യക്തിയാണദ്ദേഹം. എനിക്കെതിരായി വരുന്ന വിമര്‍ശനങ്ങളെ നഖ ശിഖാന്തം എതിര്‍ത്ത് തോല്‍പ്പിക്കാന്‍ അദ്ദേഹം സദാ സന്നദ്ധനായിരുന്നു. ഒരിക്കല്‍ കുട്ടമത്ത് ഹൈ സ്‌ക്കൂളില്‍ ഞങ്ങള്‍ രണ്ടുപേരും ഒപ്പം പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ സംഭവം മറക്കാന്‍ കഴിയില്ല. അവിടെ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മുസ്ലീം പെണ്‍കുട്ടി വരുത്തിവെച്ച നുണയായിരുന്നു സംഭവം.'മുസ്ലിം പെണ്‍കുട്ടികള്‍ തല മറക്കേണ്ട ആവശ്യമില്ലെന്നും മറ്റു കുട്ടികളെപോലെ ക്ലാസ്സില്‍ വന്നാല്‍ മതിയെന്നും ,അതിനാല്‍ തട്ടമഴിച്ചു മാറ്റണമെന്നും' ഞാന്‍ ക്ലാസ്സില്‍ പറഞ്ഞു എന്ന് ഈ കുട്ടി വീട്ടില്‍ ചെന്നു പറയുന്നു.

പിറ്റേ ദിവസം കുട്ടിയുടെ രക്ഷിതാക്കളും മറ്റു ചിലരും സ്‌ക്കൂളിലേക്ക് ഓടിയെത്തുന്നു. ആ ദിവസം ഞാന്‍ ലീവായിരുന്നു. കുട്ടിപറഞ്ഞ നുണകേട്ട് ആവേശത്തോടെയാണവര്‍ ഓടിയെത്തിയത്. അവിടെയെത്തിയ വ്യക്തികളോട് കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയതും രമ്യമായി പറഞ്ഞു വിടാന്‍ നേതൃത്തം കൊടുത്തതും നാരായണന്‍ മാസ്റ്ററാണ്. യഥാര്‍ത്ഥത്തില്‍ കുട്ടിക്ക് പഠിക്കാന്‍ മടിയാണ്. സ്‌ക്കൂളില്‍ വരാതെയിരിക്കണം . അതിനുളള ഒരു മാര്‍ഗ്ഗമായിട്ടാണ് ഇല്ലാക്കഥ പറഞ്ഞത്, ഇക്കാര്യം കുറച്ചു മാസങ്ങള്‍ക്കു ശേഷം അവളുടെ ക്ലാസ്സ് മേറ്റായ കുട്ടികള്‍ എന്നോട് പറഞ്ഞു. മാഷെ വിഷമിപ്പിച്ചതില്‍ മാപ്പു ചോദിക്കുന്നു എന്നും ഒരു കുട്ടിക്ക് എഴുതിയ കത്തില്‍ അവള്‍ സൂചിപ്പിച്ചിരുന്നു.

കരിവെളളൂരില്‍ കാന്‍ഫെഡ് യൂണിറ്റ് തുടങ്ങാനും,തുടര്‍ വിദ്യഭ്യാസ പരിപാടി തുടങ്ങാനും എന്നെ ഏറ്റവും അധികം പിന്തുണച്ചതും, കൂടെ നിന്ന് പ്രവര്‍ത്തിച്ചതും  നാരായണന്‍ മാസ്റ്ററാണ്. ഭാരത് ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിട്യൂട്ടിലായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തന തുടക്കം. അതിന്റെ പ്രിന്‍സിപ്പാളായ കുഞ്ഞികൃഷ്ണന്‍ വളരെ സഹകരണമാണ് ഈ പ്രവര്‍ത്തനത്തിന്റെ ആദ്യ കാലത്ത് തന്നത്. പിന്നെന്തോ കാരണത്താല്‍ വ്യക്തി വിരോധമുണ്ടായി. ഞങ്ങളോട് അദ്ദേഹത്തിന്റെ ആഫീസ് മുറിയില്‍ നിന്ന് 'ഗെറ്റ് ഔട്ട'് പറഞ്ഞു പുറത്താക്കി. അതിനുശേഷം ഞങ്ങള്‍ കരിവെളളൂര്‍ ബസാറില്‍ ടി.വി.കണ്ണേട്ടന്റെ പീടിക മുറി വാടകക്കെടുത്തു പ്രവര്‍ത്തനമാരംഭിച്ചപ്പോഴും. അദ്ദേഹത്തിന്റെ ശിങ്കിടികളെ വിട്ട് ഇരട്ടപ്പൂട്ട് ഇട്ട് പൂട്ടിയ നിലയിലാണ് ഒരു ദിവസം രാവിലെ ഞങ്ങള്‍ കണ്ടത്. ഡോ.എ.വി.ഭരതന്റെ വീടിന് രാത്രിയില്‍ കല്ലെറിഞ്ഞതിന് എന്റെയും നാരായണന്‍ മാഷിന്റെയും പേരില്‍ കേസ് കൊടുപ്പിച്ചതും ഈ ശൃംഖലയില്‍ പെട്ടവരായിരിക്കാം.ഇത്തരം സന്ദര്‍ഭങ്ങളില്‍ സമയോചിതമായി ഇടപെട്ട് നിര്‍ഭയം മുന്നോട്ട് പോകാന്‍ എനിക്ക് കരുത്തേകിയത് പ്രിയ സുഹൃത്ത് നാരായണന്‍ മാസ്റ്ററാണ്.

അസുഖബാധിതയായ മൂത്ത മകളുടെ കാര്യത്തില്‍ അവനെപ്പോഴും പ്രയാസമുണ്ടായിരുന്നു. രണ്ട് ആണ്‍്കുട്ടികള്‍ മോശമല്ലാത്ത ജോലി കരസ്ഥമാക്കിയതില്‍ ഏറേ സന്തോഷവാനുമായിരുന്നു. പാവപ്പെട്ടവരേയും, ബുദ്ധിമുട്ടുന്നവരേയും സഹായിക്കാന്‍ എന്നും മുന്നിലാണ് നാരായണന്‍ മാഷ്. ജോലിചെയ്യുമ്പോള്‍ പരിചയപ്പെട്ട എളിമയും തെളിമയുമുളള സഹപ്രവര്‍ത്തകയെ ജീവിത പങ്കാളിയാക്കിയതും,സൗന്ദര്യമോ സമ്പത്തോ കണ്ട് കൊണ്ടായിരുന്നില്ല.

ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്തശേഷം, ജനകീയാസൂത്രണ പരിപാടിയുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കരിവെളളൂരിലും പരിസരത്തുമുളള ഒട്ടുമിക്ക സന്നദ്ധസംഘടകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വരവേയാണ് അദ്ദേഹത്തെ മരണംതട്ടിയെടുത്തത്. കണ്ണൂരില്‍ നടക്കുന്ന ഒരു സംഘടനയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ ടൗണില്‍ ബസ്സിറങ്ങി നടക്കവേ റോഡില്‍ കുഴഞ്ഞു വീണാണ് എന്റെ സുഹൃത്തിന്റെ അന്ത്യമുണ്ടായത്. ഓര്‍ക്കുന്നു ആപ്രിയ സുഹൃത്തിന്റെ സഹകരണവും സഹായങ്ങളും.

പി.ബാലകൃഷ്ണന്‍   എളിമയുടെ ആള്‍രൂപമാണ് എന്റെ പ്രിയ സുഹൃത്ത് റിട്ട.ബി.ഡി.ഒ.പി.ബാലകൃഷ്ണന്‍ .വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായി കരിവെളളൂര്‍ വില്ലേജില്‍ പോസ്റ്റിംഗ് കിട്ടിയപ്പോള്‍ ഓഫീസിലേക്ക് ഞാനൊരു സൗഹൃദ സന്ദര്‍ശനം നടത്തി. സുഹൃത്തുക്കളെ സഹായിക്കാനുളള വിശാലമനസ്സ് ഞാനന്ന് അനുഭവിച്ചറിഞ്ഞു. കാര്‍ഷികാവശ്യത്തിന് മോട്ടോര്‍ഫിറ്റ് ചെയ്യാന്‍ ബാങ്ക് ലോണ്‍ കിട്ടുമെന്നും, സബ്‌സിഡി ലഭിക്കുമെന്നും സൂചിപ്പിച്ചു. ഒരാഴ്ചക്കകം പ്രസ്തുത ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ സഹായിച്ചതും ബാലകൃഷ്ണനെ കാണുമ്പോഴൊക്കെ ഓര്‍ക്കും.
മുന്നേ പറന്നകന്നവര്‍

കരിവെളളൂരിലും, പരിസരങ്ങളിലും നിറഞ്ഞുനിന്ന അധ്യാപകനും, കമ്മ്യൂണിസ്റ്റ്കാരനുമായ എം.വി.നാരായണന്‍ മാസ്റ്ററുടെ മകനാണ് ബാലകൃഷ്ണന്‍. എനിക്ക് ഒരു വര്‍ഷം ജൂനിയറായി പഠിച്ചിറങ്ങിയവനാണ് അവന്‍. സംസാരത്തിലെ ലാളിത്യം, ഇടപെടലിലെ എളിമ, ആരേയും വെറുപ്പിക്കാതെയുളള സമീപനം ഇതൊക്കെ ബാലകൃഷ്ണന്റെ മുഖമുദ്രയാണ്.

അദ്ദേഹത്തേയും മരണം തട്ടിയെടുത്തത് വളരെ പെട്ടന്നായിരുന്നു. തന്റെ മുത്ത മകന്റെ ആകസ്മികമായ വേര്‍പാട് ബാലകൃഷണനെ മാനസീകമായി ഏറെ തളര്‍ത്തിയിരുന്നു. അതില്‍ നിന്ന് കരകയറാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അതോടൊപ്പം ശാരീരിക അസ്വസ്ഥതകളും കൂടി വന്നു. എങ്കിലും പിടിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. വൈകുന്നേരങ്ങളില്‍ ഭാര്യയുമൊത്തുളള നടത്തത്തില്‍ ഞാനും പങ്കാളിയാവാറുണ്ടായിരുന്നു.

പ്രമോഷന്‍ കിട്ടി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ ബി.ഡി.ഒ. ആയി ചാര്‍ജ് എടുത്തപ്പോള്‍, ഞാന്‍ ബാര ഗവ.സ്‌ക്കൂളില്‍ ഹെഡ്മാസ്റ്ററായിരുന്നു. അന്ന് ബ്ലോക്ക് പഞ്ചായത്ത് മുഖേന സ്‌ക്കൂളിന് കളിസ്ഥലം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ചു തരാനും, അതിന്റെ പ്രവൃത്തി  കൃത്യസമയത്തുതന്നെ പൂര്‍ത്തീകരിക്കാനും ബാലകൃഷ്ണന്റെ പൂര്‍ണ്ണ സഹകരണമുണ്ടായതും ഓര്‍ത്തുപോവുകയാണ്. ഞങ്ങള്‍ തമ്മിലുളള സുഹൃദ് ബന്ധം തന്നെയായിരുന്നു ആ പ്രവര്‍ത്തനത്തിനും പ്രചോദനമായി മാറിയത്.

ഒരു ദിവസം രാവിലെയാണ് ബാലകൃഷ്ണന്‍ ഇവിടം വിട്ടുപോയ ദുഖവാര്‍ത്ത അറിയുന്നത്. ഒരു പക്ഷേ ഞങ്ങളൊക്കെ ഒന്നിച്ചു യാത്ര പറയേണ്ടവരായിരുന്നു. അല്ലെങ്കില്‍ എനിക്കു ശേഷം പോകേണ്ടവരായിരുന്നു. അവരൊക്കെ നേരത്തേ പോകുന്നു എന്ന യാഥാര്‍ത്യം അറിയുമ്പോള്‍ നിര്‍ന്നിമേഷനായി നോക്കി നില്‍ക്കാനേ പറ്റുന്നുളളൂ.

ഞാന്‍ നോര്‍ത്ത് സ്‌ക്കൂളില്‍ അധ്യാപകനായിരിക്കേ ബാലകൃഷ്ണന്റെ സഹോദരന്മാരായ വിജയന്‍, മുരളി എന്നിവര്‍ എന്റെ പ്രിയ വിദ്യാര്‍ത്ഥികളായിരുന്നു. അവര്‍ പറഞ്ഞറിഞ്ഞതുകൊണ്ടോ  എന്തോ, ബാലകൃഷ്ണനും എന്റെ അധ്യാപനത്തെയും വിദ്യഭ്യാസ പ്രവര്‍ത്തനത്തേയും നേരില്‍ കാണുമ്പോഴൊക്ക പ്രോല്‍സാഹിപ്പിച്ച് സംസാരിക്കാറുണ്ടായിരന്നു. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസ്തുത സ്‌ക്കൂളിന്റെ വാര്‍ഷിക ദിനത്തില്‍ എന്നെ പ്രാസംഗീകനായി ക്ഷണിച്ചിരുന്നു. എന്റെ അനുഭവങ്ങള്‍ സ്പര്‍ശിച്ചുകൊണ്ടുളള പ്രസംഗം ഒന്നരമണിക്കൂര്‍ നീണ്ടുപോയി . ആളുകള്‍ക്കൊക്കെ മടുപ്പ് തോന്നിയിട്ടുണ്ടാവും എന്നാണ് ഞാന്‍ കരുതിയത്. പ്രസംഗം കഴിഞ്ഞ ഉടന്‍ ബാലകൃഷ്ണന്‍ വന്ന് ഷേക്ക് ഹാന്റ് തന്ന് 'നന്നായിട്ടുണ്ട്' എന്ന് പറഞ്ഞപ്പോഴാണ് സമാധാനമായത്.

ബാലകൃഷ്ണന്‍ എന്ന എന്റെ പ്രിയസുഹൃത്തിന്റെ അകാലവിയോഗവും എന്നെ ഏറെ പ്രയാസപ്പെടുത്തുന്നു. ബാലകൃഷ്ണന്റെ ഓര്‍മ്മക്കുമുമ്പില്‍ നമോവാകമര്‍പ്പിക്കട്ടെ. അരവിന്ദന്‍ ഒരേ ക്ലാസ്സിലെ പഠിതാക്കളായിരുന്നു ഞങ്ങള്‍. അന്നേ സുന്ദരനും സുമുഖനുമായിരുന്നു അരവിന്ദന്‍. അദ്ദേഹത്തിന്റെ സംസാര രീതി ആരേയും ആകര്‍ഷിക്കുന്നതായിരുന്നു. ഞങ്ങളെക്കാളൊക്കെ മുമ്പേ അവന് ജോലി കിട്ടി ടെലിഫോണ്‍സില്‍ സീനിയര്‍ അക്കൗണ്ടന്റായിട്ടായിരുന്നു വിരമിച്ചത്.

നല്ലൊരു സംഘാടകനാണ്. മണക്കാട്ട് പേരുകേട്ടൊരു കലാസംഘമുണ്ടാക്കിയെടുക്കുന്നതില്‍ മുഖ്യ പങ്കാളി അരവിന്ദനായിരുന്നു. ഇന്നത് നാമവശേഷമായെങ്കിലും അതിന്റെ ശേഷിപ്പുകള്‍ ഇന്നുമുണ്ട്.നല്ലൊരു വായനക്കാനാണ്, വിമര്‍ശകനാണ്. അല്‍പം ബിസിനസ് ട്രിക്കുമുണ്ട്. 'പിയര്‍ലെസ്' എന്ന ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഇടപാടുകാരനായിരന്ന അരവിന്ദന് എന്നെയും അതില്‍ ഭാഗമാക്കാന്‍ അരവിന്ദന്റെ വാക്ക് സാമര്‍ത്ഥ്യത്തിന് സാധ്യമായിട്ടുണ്ട്. അതും ക്രമേണ ഇല്ലാതായി.

അദ്ദേഹത്തിന്റെ മേലൊപ്പോടുകൂടി കിട്ടുന്ന ടെലഫോണ്‍ബില്‍ കാണുമ്പോള്‍ ഞാന്‍ അഭിമാനിക്കുമായിരുന്നു. കൂടെ പഠിച്ച സുഹൃത്തിന്റെതാണീ ഒപ്പെന്ന് സുഹൃത്തുക്കളോട് അഭിമാനപൂര്‍വ്വം പറയാറുണ്ടായിരുന്നു. അരവിന്ദനും പെട്ടെന്നാണ് അരങ്ങൊഴിഞ്ഞത് ഒരു പാട് സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇനിയും ബാക്കി നില്‍ക്കേയാണ് കൂടെ പഠിച്ചവരും സമപ്രായക്കാരും കൂടൊഴിഞ്ഞതെന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ വേദന ഇരച്ചു പൊങ്ങും. ഇവരുടെ മരണം കണ്ട് ദുഖിക്കാന്‍ ഇടവന്നതില്‍ എനിക്കും ഒരു പാട് പ്രയാസമുണ്ട്. പക്ഷേ ഇവരെക്കുറിച്ചോര്‍മ്മകള്‍ ഇങ്ങിനെ പങ്കുവെക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യവുമുണ്ട്.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും


മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

Keywords:  Article, Kookanam-Rahman, Student, Remembering those peoples
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia