ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

 


എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-20)/ കൂക്കാനം റഹ്മാന്‍

(www.kvartha.com 12.06.2020) കോവിഡ് കാലത്ത് ആശുപത്രികളെക്കുറിച്ചും ഡോക്ടര്‍മാരെക്കുറിച്ചും ഉളള നിരവധി ചര്‍ച്ച നടക്കുകയാണല്ലോ? സ്വാനുഭവം പച്ചയായി പറയാന്‍ പറ്റുന്ന സന്ദര്‍ഭമായും ഞാനീ കാലത്തെ കാണുകയാണ്. ഞാനും അനുജനും അത്ര അടുപ്പമില്ലാത്ത സന്ദര്‍ഭമുണ്ടായിട്ടുണ്ട്. അവന്റെ ചില നടപടികളോടുളള വിയോജിപ്പായിരുന്നു കാരണം. അവന്റെ പേര് കൂടി സൂചിപ്പിക്കണം കുഞ്ഞബ്ദുളളയെന്നാണ് പേര്. 1996ല്‍ അവനുണ്ടായ ഒരു രോഗത്തെക്കുറിച്ചും ചികില്‍സയെക്കുറിച്ചുമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഉമ്മ എന്നെ വിളിച്ചു പറയുകയാണ് 'നിന്റെ അനിയന് തീരെ സുഖമില്ല. വേദനകൊണ്ട് പുളയുകയാണ് , എഴുന്നേല്‍ക്കാനും ഇരിക്കാനും പറ്റുന്നില്ല നീ വേഗം വന്നേ പറ്റൂ.' അവനോടുളള വിരോധമൊക്കെ മാറ്റിവെച്ച് ഞാന്‍ അവന്റെ വീട്ടിലെത്തി. അവന്‍ നിലവിളിക്കുകയാണ് വയറു വീര്‍ത്തു വന്നിട്ടുണ്ട്. വയറില്‍ ഒരു ചുവന്ന പാടു കണ്ടു അവിടെ പൊട്ടുന്നത് പോലെ തോന്നുന്നു. 'അവിടെ തൊടല്ലേ' എന്നവന്‍ കരഞ്ഞു പറയുന്നുമുണ്ട്.

അന്ന് പയ്യന്നൂരില്‍ ഞങ്ങളൊക്കെ ചികില്‍സാര്‍ത്ഥം കാണാന്‍ പോകുന്ന ഡോക്ടറുടെ  ക്ലീനിക്കിലേക്ക് പോകാമെന്നു തീരുമാനിച്ചു. അനിയന്‍ ലത്തീഫിന്റെ ഒപ്പം പഠിച്ചവനാണ് ഡോക്ടര്‍. എന്റെ അടുത്ത സുഹൃത്തുമാണ്. പെട്ടെന്ന് ടാക്‌സി പിടിച്ച് ഡോക്ടറെ കാണാന്‍ ചെന്നു. അനിയന് കാറില്‍ നിന്നിറങ്ങാന്‍ കഴിയുന്നില്ല. ഡോക്ടര്‍ പുറത്തേക്ക് ഇറങ്ങിവന്നു. കാറിനുളളില്‍ നിന്നു പരിശോധിച്ചു. ചുവന്നു തുടുത്ത ഭാഗം കാണിച്ചു തന്ന് 'ഇത് വേഗം പൊട്ടിപോകാന്‍ സാധ്യതയുണ്ട് ഓപ്പറേഷന്‍ വളരെ പെട്ടന്ന് നടത്തണം. പയ്യന്നൂരിലെ  ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണം ഒരു നല്ല സര്‍ജനുണ്ട്. അദ്ദേഹത്തെ ഞാന്‍ വിളിച്ചു പറയാം നിങ്ങള്‍ പെട്ടെന്ന് അവിടെ ചെന്ന് അഡ്മിറ്റാവുക'.

ഡോക്ടര്‍ പറഞ്ഞത് അപ്പടി ഞങ്ങള്‍ അനുസരിച്ചു. കാരണം അദ്ദേഹം അത്രയും വിശ്വസ്തനായിരുന്നു ഞങ്ങള്‍ക്ക് . ആശുപത്രിയില്‍ അഡ്മിറ്റായി. സര്‍ജന്‍ പരിശോധിച്ചു. ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് ഓപ്പറേഷന്‍ നടത്താം എന്നദ്ദേഹം നിര്‍ദേശിച്ചു. ഞങ്ങളും മൂളി. അനിയന്‍ വേദനകൊണ്ട് പുളയുകയാണ്. തണുത്ത വെളളം കുടിക്കാന്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഫാനിന്റെ വേഗത കൂട്ടാന്‍ പറയുന്നു. ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടികൂടി വന്നു. കൃത്യം ഒരു മണിക്കുതന്നെ അവനെ ഓപ്പറേഷന്‍ തീയ്യറ്ററിലേക്ക് കൊണ്ടുപോയി. രണ്ടുമണിയായി....മൂന്നു മണിയായി. ഞങ്ങള്‍ അസ്വസ്ഥരായികൊണ്ടിരുന്നു. നാലു മണിക്ക് ഡോക്ടര്‍ തീയ്യറ്ററില്‍ നിന്നു പുറത്തേക്കു വന്നു.

ഞാന്‍ ഓടിപ്പോയി അദ്ദേഹത്തിനടുത്തെത്തി. അദ്ദേഹം പറഞ്ഞു. 'ഓപ്പറേഷന്‍ കഴിഞ്ഞു. പക്ഷേ ഒന്നും കാണാന്‍ പറ്റുന്നില്ല. വയറിനകത്ത് പുക നിറഞ്ഞ പോലെ തോന്നുന്നു. നാളെ ഒന്നു കൂടി നോക്കാം എന്നിട്ടു പറയാം'. അവനെ ഐ.സി.യു.വില്‍ കിടത്തി. അടുത്ത ദിവസം വീണ്ടും ഡോക്ടറെത്തി. രണ്ടാമതും ഓപ്പറേറ്റു ചെയ്തു. അന്നും ഡോക്ടര്‍ പറയുന്നു ഒന്നും മനസ്സിലാവുന്നില്ല. അകത്ത് കാണാന്‍ പറ്റുന്നില്ല. ഒരു പിടിപാടും കിട്ടാതെ ഡോക്ടര്‍ കൈ മലര്‍ത്തി.

ഡോക്ടറിന് രോഗം മനസ്സിലായില്ലെങ്കില്‍ എവിടെക്കെങ്കിലും റഫര്‍ ചെയ്ത് ഞങ്ങളെ പറഞ്ഞയക്കാമായിരുന്നു. .....സര്‍ജന് കാര്യം വ്യക്തമായില്ലെങ്കില്‍ ഓപ്പറേറ്റ് ചെയ്യാതെ ഞങ്ങളെ പറഞ്ഞയക്കാമായിരുന്നു. ഒരാഴ്ച അവിടെ കിടന്നു അനിയന്‍ വേദന സഹിച്ച് വല്ലാത്ത അവസ്ഥയിലായി. ...വേറൊന്നും ചിന്തിക്കാതെ മണിപ്പാലിലേക്ക് അവനെ കൊണ്ടുപോയി. എല്ലാ പരിശോധനയും കഴിഞ്ഞു. ഓപ്പറേഷന്‍ ചെയ്യണ്ടായിരുന്നു എന്നാണ് പരിശോധിച്ച ഡോക്ടറുടെ അഭിപ്രായം.വീണ്ടും ഓപ്പറേഷനു വിധേയമാക്കി. വയറില്‍ നിറയെ ഒരു തരം ദ്രാവകം  നിറഞ്ഞിരിക്കുകയാണ്. അത് ചെറിയ പൈപ്പ് ഉപയോഗിച്ച് വേറൊരു ഭരണിയിലേക്ക് മാറ്റികൊണ്ടിരിക്കുന്നു. അതിന് രൂക്ഷ ഗന്ധമുണ്ടായിരുന്നു. വാര്‍ഡിലെ മുഴുവന്‍ ആള്‍ക്കാരും നാറ്റം സഹിക്കാന്‍ വയ്യാതെ പരാതി പറഞ്ഞു. അങ്ങിനെ അവനെ മറ്റൊരു മുറിയിലേക്ക്  മാറ്റി. അടുത്ത മുറിയിലേക്കും വരാന്തയിലേക്കും നാറ്റം വരാന്‍ തുടങ്ങി. ഇങ്ങിനെ രണ്ടോ മൂന്നോ ആഴ്ച അവിടെ കഴിച്ചു കൂട്ടി. അവസാനം അവര്‍ കണ്ടെത്തി ഇത് കുടല്‍ കാന്‍സറാണ്.

വീണ്ടും നാട്ടിലെ ഏതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകുന്നായിരിക്കും നല്ലത് എന്ന അവരുടെ അഭിപ്രായത്തെ മാനിച്ച് കാഞ്ഞങ്ങാട് എന്റെ സുഹൃത്ത് ഡോ.ശശിധരന്‍ നടത്തുന്ന സര്‍ജികെയര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഇനി ഒന്നും ചെയ്യാനില്ല എന്നാണ് ശശി ഡോക്ടറുടെ അഭിപ്രായം. രോഗം ബാധിച്ച കുടല്‍ഭാഗം മുറിച്ച് കളഞ്ഞ് യോജിപ്പിച്ച് നോക്കാം എന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഞങ്ങള്‍ അംഗീകരിച്ചു. അടുത്ത ദിവസം ഓപ്പറേറ്റു ചെയ്തു. തിയ്യറ്ററില്‍ വെച്ച് തന്നെ മുറിച്ചെടുത്ത കുടല്‍ ഭാഗം എന്നെ കാണിച്ചു തന്നു. നിരവധി തുളകള്‍ വീണിട്ടുണ്ടായിരുന്നു അതിന് .അതും പരാജയമായി. അതിനടുത്ത ദിവസം അവന്‍ ഞങ്ങളോട് യാത്ര പറഞ്ഞു. ആദ്യമേ രോഗം തിരിച്ചറിയാന്‍ പറ്റാത്തതാണ് വളരെ ചെറുപ്പത്തിലേ അവനെ  മരണത്തിലേക്ക് നയിച്ചത്.

2011 മാര്‍ച്ച് 11 രാവിലെയുളള നടത്തം കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു ഞാന്‍. മെയിന്‍ റോഡ് വിട്ട് 100 മീറ്റര്‍ നീളത്തിലുളള കട്ട് റോഡിലെ നടന്നാല്‍ വീട്ടിലെത്തും. നിറയെ ചരല്‍ നിറഞ്ഞതായിരുന്നു പ്രസ്തുത റോഡ്. എന്റെ സ്ഥലത്തിന്റെ മതിലില്‍ രാവിലെ സ്ഥിരമായി ഒരു ചെറുപ്പക്കാരന്‍ മൂത്രമൊഴിക്കാറുണ്ട്. ആ ഭാഗത്തേക്ക് കഴുത്ത് തിരിച്ചു ഞാന്‍ നോക്കി. പെട്ടെന്ന് എന്റെ ചെവിയില്‍ ഉം...ഉം... എന്ന ഒരു  മൂളല്‍ ശബ്ദം ഉണ്ടായി. അതോടൊപ്പം ഞാന്‍ റോഡില്‍ കമിഴ്ന്നടിച്ചു വീണു. ശബ്ദം കേട്ട് അയല്‍പക്കകാര്‍ ഓടിവന്ന് പിടിച്ചെഴുന്നേല്‍പ്പിച്ചു. വലതു കൈയില്‍ കല്ല് തറച്ച് പൊട്ടിയതൊഴിച്ചാല്‍ മറ്റ് പരിക്കുകളൊന്നുമില്ല. ഉടനെ ഞങ്ങളുടെ ഫാമിലി ഡോക്ടറുടെ വീട്ടില്‍ ചെന്നു. ആശുപത്രിയില്‍ ചെന്ന് തുടച്ച് വൃത്തിയാക്കണമെന്ന നിര്‍ദ്ദേശമായിരുന്നു അദ്ദേഹത്തിന്.

ഒട്ടും താമസിക്കാതെ എന്റെ സുഹൃത്ത് ഡോ.വി.സി.രവിന്ദ്രന്‍ സാറിന്റെ സഭ ഹോസ്പിറ്റലില്‍ ചെന്നു. അവിടുത്തെ നഴ്‌സ് പൊട്ടിയ ഭാഗമൊക്കെ തുടച്ച് വൃത്തിയാക്കി മരുന്നു വച്ചു തന്നു. കാര്യമായിട്ടൊന്നുമില്ല വീട്ടില്‍ പൊയ്‌ക്കൊളളൂ എന്ന് ഡോക്ടറും നിര്‍ദ്ദേശിച്ചു. പൊട്ടിയ ഭാഗം രണ്ടു ദിവസം കൊണ്ട് ഉണങ്ങി ശരിപ്പെട്ടു.

ഒന്നു രണ്ടാഴ്ച കഴിഞ്ഞു വലതു കൈപ്പത്തിയിലുണ്ടായ മുറിവിന്റെ ഭാഗത്ത് പൊറ്റ പോലെ ഒരു സാധനം പുറത്തേക്ക് തളളി നില്‍ക്കുന്നത് കണ്ടു. ഒന്നു രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഇരുപത്തി അഞ്ചു പൈസയുടെ വലുപ്പത്തില്‍ അത് വലുതായി വന്നു. അത് മൂലം മറ്റ് അസ്വസ്ഥതകളൊന്നുമില്ല. അത് കാണുമ്പോഴും തൊട്ടു നോക്കുമ്പോഴും ഒരു പ്രയാസം. നാട്ടിലെ മിക്ക ഡോക്ടര്‍മാരെയും കാണിച്ചു. ആ ഭാഗം എടുത്തു കളയുന്നതാണ് നല്ലതെന്ന് മിക്ക ഡോക്ടര്‍മാരും പറഞ്ഞു. പയ്യന്നൂരിലെ ഒരു സര്‍ജന്‍ ഇത് എടുത്തു കളയാന്‍ മിടുക്കനാണ് എന്നു മനസ്സിലാക്കി അദ്ദേഹത്തെ കണ്ടു. കണ്ട ഉടനെ പറഞ്ഞത് സി.ടി.സ്‌കാന്‍ ചെയ്യാനാണ്. അതിന് കണ്ണൂരില്‍ കൊയിലി ഹോസ്പിറ്റലില്‍ പേകണം. അതിനായി കത്തും തന്നു. അവിടെ എത്തിയപ്പോള്‍ എന്റെ വിദ്യാര്‍ത്ഥിയായ ഒരു ഡോക്ടറാണ് ഉളളത്. അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇതിനന്തിനാണപ്പാ ഈ സ്‌കാന്‍ ചെയ്യുന്നത്. എങ്കിലും ഏഴായിരം രൂപ ചാര്‍ജ്ജ് വരുന്ന സി.ടി.സ്‌കാന്‍ ചെയ്തു.അന്നു തന്നെ റിപ്പോര്‍ട്ടുമായി തിരിച്ചു. ഡോക്ടറെ കണ്ടു.റിപ്പോര്‍ട്ട് നോക്കി അദ്ദേഹം പറഞ്ഞു. 'ഇതെനിക്ക് ചെയ്യാന്‍ പറ്റില്ല നിങ്ങള്‍ വേറെ ഏതെങ്കിലും ഡോകടറെ പോയി കണ്ടോളൂ' എന്നാണ്.

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ


നിരാശനായി തിരിച്ചുവന്നു എന്റെ കൂടെ പഠിച്ച ഡോ.കെ.രാമചന്ദ്രന്‍ നായരെ കണ്ടു. അദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജിലെ സീനിയറായ ഒരു സര്‍ജന്റെ പേരു പറഞ്ഞു . അദ്ദേഹം ഇതു ചെയ്തു തരും. എന്റെ മുമ്പില്‍ വച്ചു തന്നെ അദ്ദേഹം സര്‍ജനെ വിളിച്ചു. തൊട്ടടുത്ത ദിവസം തന്നെ പരിയാരത്തേക്ക് പോയി. ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഡോക്ടര്‍മാരും മറ്റും അദ്ദേഹത്തിന് ചുറ്റും കൂടി നില്‍ക്കുന്നുമുണ്ട്. എന്റെ കൈ പിടിച്ചുനോക്കി നിങ്ങള്‍ ഒരു കാര്യം ചെയ്യൂ, കോഴിക്കോട് ഒരു ഹോസ്പിറ്റലില്‍ പേരു കേട്ട  സര്‍ജനുണ്ട്. ഞാന്‍  കത്ത് തരാം. പോയി കണ്ടു നോക്കൂ.

അദ്ദേഹം തന്ന കത്തുമായി ഡോക്ടറെ  ചെന്നു കണ്ടു , സംസാരിച്ചു, പ്രഷര്‍, ഷുഗര്‍, ഹാര്‍ട്ട് ഈ ടെസ്റ്റെല്ലാം ചെയ്യാന്‍ അടുത്ത ദിവസം പോകാന്‍ പറഞ്ഞു. അടുത്ത ദിവസം ചെന്ന് ടെസ്റ്റെല്ലാം ചെയ്തു. ഓപ്പറേഷന് അടുത്ത ദിവസം ചെല്ലാന്‍ പറഞ്ഞു. പ്ലാസ്റ്റിക്ക് സര്‍ജറിയെക്കാളും അല്പം അധികം ചെലവു വരുന്ന ഫ്‌ലാപ്പ് ഓപ്പറേഷനാണ് ചെയ്യുന്നതെന്നും സൂചിപ്പിച്ചു. രണ്ടര ലക്ഷത്തോളം ഓപ്പറേഷന്‍ ചാര്‍ജ് വരും എന്നും പറഞ്ഞു.

അടുത്തദിവസം തയ്യാറായി ചെന്നു. ഹോസ്പിറ്റലില്‍ അഡ്മിറ്റായി. തൊട്ടടുത്ത ദിവസം ഓപ്പറേഷനാണ്. ഓപ്പറേഷന്‍ തീയ്യറ്ററിലെത്തി. രണ്ടു മണിക്കൂറോളം ഓപ്പറേഷന് സമയമെടുത്തു. ഒരാഴ്ചകൊണ്ട് ഡിസ്ചാര്‍ജ് ചെയ്തു. ഓപ്പറേഷന് മുമ്പേ ഡോക്ടര്‍ പറഞ്ഞത് എങ്ങിനെയാണോ നിങ്ങളുടെ ഇടതുകൈ ഇപ്പോഴുളളത് അതേ പോലെയായിരിക്കും ഓപ്പറേഷന്‍ ചെയ്ത വലതുകയ്യും. പക്ഷേ ഇന്നും എന്റെ വലതു കൈ പഴയപടി ആയില്ല. തീ പൊളളലേറ്റപോലെ വികൃതമായി കാണപ്പെടുകയാണ്.

രണ്ട്മാസം കഴിഞ്ഞപ്പോള്‍ ഓപ്പറേഷന്‍ കഴിഞ്ഞതിന്റെ തൊട്ടു മുകളില്‍  ആദ്യം കണ്ടപോലെ ഒരു ഭാഗം തടിച്ചു വരാന്‍ തുടങ്ങി. ഉടനെ കോഴിക്കോട്  എത്തി ഡോക്ടറെ കണ്ടു അതിന് പേടിക്കേണ്ട ചെറിയൊരു ഓപ്പറേഷന്‍ വഴി അതെടുത്തുകളയാം. ഡോക്ടറുടെ നിര്‍ദേശം  'സര്‍ ഇനി ഒപ്പറേഷന്‍ വേണ്ട മറ്റ് വല്ല വഴിയുമുണ്ടോ' എന്റെ പ്രതികരണം.

മൈസെറ്റോ ബാക്ടിരിയ എന്ന രോഗാണുവാണ് ഇതിന് കാരണമെന്നും ഇത് തമിഴ് നാട്ടിലെ കന്നുകാലി വളര്‍ത്തുന്നവരില്‍ മാത്രം കണ്ടുവരുന്ന രോഗമാണെന്നും അദ്ദേഹം വിശദീകരിച്ചു തന്നു. ഇത് എടുത്തു മാറ്റിയില്ലെങ്കില്‍ ദേഹം മുഴുവന്‍ ഉയര്‍ന്നു നില്‍ക്കുന്ന തരത്തിലുളള ഒരു സാധനം വളര്‍ന്നു വരും. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കമ്പ്യൂട്ടറില്‍ കാണിച്ചു തന്നു. അത് കണ്ടാല്‍ ആരും ഭയന്നു പോകും. അത്രയ്ക്കും പേടിപ്പെടുത്തുന്ന രൂപമായി ശരീരം മാറും എന്നാണ് അതില്‍ കണ്ടത്.

ഞാന്‍ നിരാശയോടെ മടങ്ങി. അടുത്ത ശ്രമം ആരംഭിച്ചു. എന്റെ സുഹൃത്ത് സ്‌കിന്‍ സ്‌പെഷലിസ്റ്റായ കാസര്‍കോട്ടെ ഡോ.നരഹരിയെ കണ്ടു. അദ്ദേഹം എല്ലാം നോക്കിയിട്ട് പറഞ്ഞു. മണിപ്പാലില്‍ അതി വിദഗ്ദനായ ഒരു ഡെര്‍മറ്റോളജിസ്റ്റുണ്ട്. അദ്ദേഹത്തെ ഞാന്‍ വിളിച്ചു പറയാം,നാളെത്തന്നെ മാഷ് പോയിക്കോളൂ. പറഞ്ഞപോലെ മണിപ്പാലില്‍ എത്തി. ഡോക്ടറെ കണ്ടു. അദ്ദേഹം നോക്കിയിട്ട് നാലു തരം ഗുളിക ഒരു മാസത്തേക്ക് കഴിക്കാന്‍ തന്നു. കഴിച്ചു. ഒരു മാസം കൊണ്ട് തന്നെ രോഗം ഭേദമായി. ആദ്യമേ അദ്ദേഹത്തെ കണ്ടെങ്കില്‍ ഓപ്പറേഷനും മറ്റും ഇല്ലാതെ രോഗം ഭേദമായേനേ.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും


മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

Keywords:  Article, Kookanam-Rahman, Doctor, Specialist, Illness, Video, Operation, Health, Medicine, Can hear everything the doctor says?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia