വിവാദമായ വിവാഹ ഫോട്ടോ

 


എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം.37) 
കൂക്കാനം റഹ്മാന്‍

(www.kvartha.com 21.09.2020) നാലാം ക്ലാസ്സില്‍ ഞാന്‍ പഠിപ്പിച്ച ഒരു വിദ്യാര്‍ത്ഥിനിയാണ് ഫാത്തിബി. നാണം കുണുങ്ങി. എല്ലാ ദിവസവും ക്ലാസ്സില്‍ വരും. എന്നും മുന്‍ ബെഞ്ചില്‍ ഇരിക്കും. ഫുള്‍ പാവാടയും ഫുള്‍കൈയുളള ബ്ലൗസുമാണ് വേഷം. സ്‌ക്കൂളിനടുത്തു തന്നെയാണ് അവളുടെ വീട്. തികഞ്ഞ മത ഭക്തിയും അന്ധമായ അനുഷ്ഠാനങ്ങളും പാലിക്കുന്നവരാണ് ഫാത്തിബിയുടെ രക്ഷിതാക്കള്‍. നാലാം ക്ലാസ്സിന് അപ്പുറം ആരും ആ വീട്ടില്‍ പഠിച്ചവരില്ല. അത്ര വരെ പഠിച്ചത് സ്‌ക്കൂള്‍ അടുത്തായതുകൊണ്ട് മാത്രം. നാലാം ക്ലാസ്സിലെ പഠനം കഴിഞ്ഞാല്‍ പിന്നെ ആ വീട്ടിലെ പെണ്‍കുട്ടികളെ ആരും പുറത്തു കാണില്ല. വളരെ ചിട്ടയോടെയും ശ്രദ്ധയോടെയുമാണ് ഫാത്തിബിയുടെ ബാപ്പ പെണ്‍മക്കളെ വളര്‍ത്തിയത്.


ഫാത്തിബി നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എനിക്ക് പി എസ് സി നിയമനം കിട്ടിയത്. ഒരു മാര്‍ച്ച് മാസത്തിലായിരുന്നു ഈ നിയമന ഉത്തരവ് കിട്ടിയത്. നാലാം ക്ലാസ്സിലെ ക്ലാസ്സുമാഷായ എനിക്ക് കുട്ടികള്‍ സ്‌നേഹപൂര്‍വ്വം യാത്രയയപ്പ് നല്‍കി. അന്ന് ഫാത്തിബി അടക്കം കുട്ടികള്‍ സങ്കടപ്പെട്ട് കരഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. ഞാന്‍ പുതിയ സര്‍ക്കാര്‍ സ്‌ക്കൂളില്‍ ജോയിന്‍ ചെയ്തു. ആദ്യ കാല സേവനം ചെയ്ത സ്‌ക്കൂള്‍ എന്ന നിലയില്‍ സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ അവിടെ ചെല്ലും. ബസ്സിറങ്ങി റോഡിലൂടെ സ്‌ക്കൂളിലേക്ക് നടന്നു പോകുമ്പോള്‍ റോഡ് സൈഡില്‍ ഫാത്തിബി യുടെ ബാപ്പ നടത്തുന്ന കടയുടെ മുന്നിലൂടെയാണ് പോകേണ്ടത്. കടയുടെ തൊട്ടു പിന്നിലാണ് അവരുടെ വീട്. വീടിനു ചുറ്റും വലിയൊരു മതില്‍ കെട്ടിയിട്ടുണ്ട്. വീടിനകത്തുളള ആരേയും പുറത്തു നിന്ന് കാണാന്‍ പറ്റില്ല. എങ്കിലും ഞാന്‍ വീടിന്റെ ഗേറ്റിലൂടെ  നോക്കും. ഫാത്തിബിയെ പുറത്തെവിടെയെങ്കിലും കാണുന്നുണ്ടോ എന്ന്. കണ്ടാല്‍ വിളിച്ച് സംസാരിക്കാന്‍, തുടര്‍ന്നും പഠിക്കണമെന്ന് ഉപദേശിക്കാന്‍.  പക്ഷേ അതൊരിക്കലും നടന്നില്ല.

ചിലപ്പോള്‍ അവളുടെ ബാപ്പ കടയില്‍ നിന്ന് ഇറങ്ങി വന്ന് എന്നെ കടയിലേക്ക് ക്ഷണിക്കും. ചായ കുടിച്ച് പോകാമെന്ന് നിര്‍ബന്ധിക്കും. ഞാന്‍ സ്‌നേഹത്തോടെ വേണ്ടെന്നു പറയും. കാലക്രമേണ ആ സ്‌ക്കൂളിലേക്കുളള പോക്ക് കുറഞ്ഞു വിവരങ്ങളൊന്നും അറിയാതെയായി. പത്തു പന്ത്രണ്ട് വര്‍ഷം കഴിഞ്ഞു കാണും. ഒരു ഞായറാഴ്ച ദിവസം  പ്രായം ചെന്ന ഒരാള്‍ വീട്ടിലേക്ക് കടന്നു വരുന്നത് ശ്രദ്ധിച്ചു. അടുത്തെത്തിയപ്പോള്‍ ആളെ മനസ്സിലായി. ഫാത്തിബിയുടെ ബാപ്പ. 'ഓ എന്താ അഹമ്മദ്ക്കാ ഈ വഴിയൊക്കെ'?
 ''ഒന്നുല്യ മാഷേ, നമ്മുടെ ഫാത്തിബിയുടെ കല്യാണം നിശ്ചയിച്ചു. വിവാഹം ഈ നവംബര്‍ മാസം 27 നാണ്. ഫാത്തിബി എപ്പോഴും പറയും ഗോപി മാഷേ കല്യാണത്തിന് ക്ഷണിക്കണമെന്ന്. മാഷെ അത്രയും ഇഷ്ടമാണവള്‍ക്ക്. 'ഞാന്‍ തീര്‍ച്ചയായും ഫാത്തിബിയുടെ കല്യാണത്തിന് എത്തും അഹമ്മദ്ക്കാ'. കുടിക്കാന്‍ ഒന്നും വേണ്ടെന്നു പറഞ്ഞു. നിര്‍ബന്ധിച്ച് ഒരു ഗ്ലാസ് മോരും വെളളം നല്‍കി. വീടിനകത്ത് കയറി ഇരിക്കുകപോലും ചെയ്യാതെ തിരക്കു കാണിച്ച് അഹമ്മദ്ക്കാ നടന്നുപോയി.

ഫാത്തിബി തലയിലിട്ട തട്ടം ഇടയ്ക്കിടക്ക് കടിക്കുന്നതും. കൊച്ചരിപ്പല്ലു കാട്ടി ചിരിക്കുന്നതുമൊക്കെ ഓര്‍ത്തുപോയി. വിവാഹം ഏത് സമയത്താണെന്നു ചോദിക്കാന്‍ വിട്ടുപോയി. മിക്കവാറും രാത്രി സമയത്താണ് മുസ്ലിം വിവാഹം നടന്നിരുന്നത്. അവളെ വിവാഹം ചെയ്യുന്നത് എന്റെ വീടിനടുത്തുളള മൊയ്തുട്ടിയാണ്. അവന്‍ വില്ലേജ് അസിസ്റ്റന്റായിട്ടാണ് ജോലി ചെയ്യുന്നത്. അവന്‍ അല്പം പുരോഗമന  വാദിയും, കലാ പ്രവര്‍ത്തനങ്ങളും, സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി നടക്കുനനവനാണല്ലൊ ഈ ഓര്‍ത്തോഡോക്‌സ് കുടുംബവുമായി അവന് ഒത്തു പോവാന്‍ പറ്റുമോ എന്ന് ഞാന്‍ ചിന്തിച്ചു പോയി. 
എങ്കിലും ഫാത്തിബിക്ക് ഒരു മോചനമുണ്ടാവട്ടെയെന്ന് മനസ്സ് മന്ത്രിച്ചു. രാത്രി എട്ടു മണിക്കാണ് വിവാഹം മെന്നറിഞ്ഞതിനാല്‍ ആ സമയത്ത് ഫാത്തിബിയുടെ വീട്ടില്‍ എത്തത്തക്ക വിധത്തില്‍ പുറപ്പെട്ടു. നാട്ടുകാരനാണെങ്കിലും വരന്‍ മൊയ്തുട്ടിയുമായി അത്ര പരിചയമില്ല. വധുവിന്റെ വീട്ടില്‍ വെച്ച് വിവാഹച്ചടങ്ങിനു മുന്നേ അവനുമായി പരിചയപ്പെട്ടു. എന്റെ വിദ്യാര്‍ത്ഥിയായ ഫാത്തിബിയെക്കുറിച്ച് സംസാരിച്ചു. ഞാന്‍ സമ്മാനമൊന്നും കരുതിയിരുന്നില്ല. എന്തായാലും അവളെ കാണാന്‍ പറ്റില്ല. സമ്മാനം കൈമാറി ആശംസിക്കാനും പറ്റില്ല. .... അഹമ്മദ്ക്കാനോടും മൊയ്തുട്ടിയോടും യാത്ര പറഞ്ഞിറങ്ങി.

നാലഞ്ച് മാസം പിന്നിട്ടതേയുളളൂ. മൊയ്തുട്ടി എന്റെ വീടന്വേഷിച്ചു വന്നു. പ്രയാസമുളള മുഖ ഭാവത്തോടെയാണ് അവന്‍ വന്നതും സംസാരിക്കാന്‍ തുടങ്ങിയതും. സാറേ ഞാന്‍ പ്രയാസത്തിലകപ്പെട്ടുപോയി. വിവാഹ മോചനം നടത്തേണ്ടിവന്നു. ആ കുടുംബക്കാരുടെ യാഥാസ്ഥിതിക ചിന്തയുമായി യോചിച്ചു പോവാന്‍ പറ്റുന്നില്ല. അവളുടെ ഡ്രസ് മുസ്ലിം രീതിയിലായിരിക്കണം, മറ്റുളളവരുമായി ഇടപഴകരുത്, ഒന്നിച്ച് നടക്കാനോ സിനിമക്ക് പോവാനോ പറ്റില്ല, എന്നൊക്കെയാണ് അവളുടെ ബാപ്പയുടെ നിര്‍ദേശം. എന്തിനധികം പറയുന്നു ഞങ്ങളുടെ വിവാഹ ഫോട്ടോ എന്റെ വീട്ടിലെ സ്വീകരണ മുറിയില്‍ തൂക്കിയിട്ടതുപോലും പറ്റില്ലെന്നവര്‍ ശഠിക്കുകയാണ്. എനിക്കു വയ്യ സര്‍....ഞാന്‍ ആ അധ്യായം അവസാനിപ്പിച്ചു.

അത്തരം ഒരു കുടുംബ പശ്ചാത്തലത്തില്‍ പുരോഗമന ചിന്താഗതിക്കാരനായ ഈ ചെറുപ്പക്കാരന് യോജിച്ച് പോവാന്‍ കഴിയില്ലെന്ന് എന്റെ മനസ്സ് അന്നേ പറയുന്നുണ്ട്. പക്ഷേ ഫാത്തിബി പാവമാണ്. അവള്‍ക്ക് അവരൊരുക്കിയ ചങ്ങലക്കെട്ട് പൊട്ടിച്ചെറിയാന്‍ കെല്‍പ്പില്ല വീട്ടുകാരുടെ ചെല്‍പ്പടിക്ക് നില്‍ക്കാനേ അവള്‍ക്കാവൂ. 'സാരമില്ല മൊയ്തൂട്ടി. വേറെ വഴിയില്ലാത്തതുകൊണ്ടല്ലേ തുടര്‍ന്ന് പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല. ഭയപ്പെടാതെ മുന്നോട്ട് പോവൂ. 'ഞാന്‍ അവനെ സമാധാനിപ്പിച്ചു വിട്ടു. 

ഈ സംഭവം നടക്കുന്നത് അമ്പത് വര്‍ഷം മുമ്പാണ്. എനിക്ക് എഴുപത് വയസ്സായി. വില്ലേജ് അസിസ്റ്റന്റായി സര്‍വ്വീസില്‍ കയറിയ മൊയ്തുട്ടി തഹസില്‍ദാറായാണ് റിട്ടയര്‍ ചെയ്തത്. അവന്‍ അന്നു പറഞ്ഞ ഒരു കാര്യം ഇന്നും എന്റെ മനസ്സില്‍ തട്ടി നില്‍ക്കുന്നു. അവരുടെ വിവാഹ ഫോട്ടോ, ഭാര്യാ വീട്ടുകാര്‍ വന്ന് വലിച്ചെറിഞ്ഞെന്നും, അവന്‍ അവരുടെ മുന്നില്‍ വെച്ച് ഫോട്ടോ വലിച്ചെടുത്ത് കത്തിച്ചു കളഞ്ഞു വെന്നും . അതാണവനെ ഏറ്റവും പൊളളിച്ച അനുഭവം.

പഴയ സ്‌ക്കൂളിലേക്ക് എന്തോ ആവശ്യത്തിന് ചെല്ലേണ്ടിവന്നു. ആ പ്രദേശമാകെ മാറിയിട്ടുണ്ട്. ഫാത്തബിയുടെ തറവാട് വീട് നിന്ന സ്ഥലത്ത് വലിയൊരു കെട്ടിടം ഉയര്‍ന്നു നില്‍ക്കുന്നു. പീടികകളൊക്കെ പൊളിഞ്ഞു പോയി. സ്‌ക്കൂളിലെത്തിയപ്പോള്‍ എന്നെ അറിയുന്ന അധ്യാപകരാരും അവിടെയില്ല. മിക്കവരും മരിച്ചു പോയി. അധ്യാപികമാരെയുളളൂ. എല്ലാം ചെറുപ്പക്കാരികള്‍.

സ്‌ക്കൂളില്‍ നിന്നിറങ്ങി. ബസ് സ്റ്റോപ്പില്‍ കണ്ട ഒരു വ്യക്തിയോട് അഹമ്മദ്ക്കായുടെ മക്കളുടെ വീട് ഏതൊക്കെയാണെന്ന് അന്വേഷിച്ചു. എല്ലാവരും പല സ്ഥലങ്ങളിലേക്ക് ചേക്കേറി, ഒരു മകള്‍ മാത്രം പഴയ തറവാട് പുതുക്കി പണിത് താമസമുണ്ടെന്നും അറിഞ്ഞു. ആ വീട്ടില്‍ ഫാത്തിബിയാണ് താമസമെന്നും പറഞ്ഞു.
ഏതായാലും വന്ന സ്ഥിതിക്ക് അവിടെ കയറാമെന്ന് കരുതി. എന്നെ ഏറ്റവും ഇഷ്ടപ്പെട്ട കുട്ടിയാണല്ലോ ഫാത്തിബി. പഴയ സ്വഭാവമായിരിക്കുമോ? വയസ്സായി കാണില്ലേ? ഈ ചിന്തകളൊക്കെയായി പുറത്തേ കോളിംഗ് ബെല്‍ അമര്‍ത്തി. വാതില്‍ തുറന്നു .അമ്പത് വയസ്സ് തോന്നിക്കുന്ന സാരിയും ബ്ലൗസും ധരിച്ച് സുന്ദരമായി ചിരിച്ചുകൊണ്ട് ഒരു സ്ത്രി നില്‍ക്കുന്നു. 
'ഫാത്തിബിയുടെ  വീടല്ലേ' ?
'അതെ സാര്‍ ഞാന്‍ ഫാത്തിബി തന്നെ'
അത്ഭുതപ്പെട്ടുപോയി. എത്ര മാറ്റം? അരക്കൈ ബ്ലൗസുമിട്ട് മനോഹരമായ സാരിയുടുത്ത് തലയില്‍ സാരിത്തലപ്പുമിട്ട് നില്‍ക്കുന്നു എന്റെ പ്രിയ വിദ്യാര്‍ത്ഥിനി ഫാത്തിബി. അകത്ത് കയറിയിരുന്ന് ഫാത്തിബിയുടെ സ്‌നേഹോഷ്മളമായ സ്വീകരണം ഏറ്റു വാങ്ങുമ്പോള്‍ പഴയ കഥ ഞാന്‍ ഓര്‍മ്മിപ്പിച്ചു. കേള്‍ക്കേണ്ട താമസം അവള്‍ തുടര്‍ന്നു.
'സാര്‍ കാലം മാറി ചെയ്തത് വിഡ്ഢിത്തമായി തോന്നുന്നു. ആ നല്ല മനുഷ്യനെ വേദനിപ്പിച്ചതില്‍ ഞാന്‍ ഇന്നും പ്രയാസപ്പെടുന്നുണ്ട്. അതിനു ശേഷം ഒന്നു വിളിക്കാനോ പറയാനോ ഒന്നും പറ്റിയില്ല. എനിക്ക് മാപ്പു ചോദിക്കണമെന്നുണ്ട്. ഞങ്ങളുടെ വിവാഹ ഫോട്ടോ എറിഞ്ഞുടച്ചതാണ് ഞങ്ങളുടെ വേര്‍പിരിയലിന് മുഖ്യ കാരണം. ഞാന്‍ അമ്പത് കൊല്ലം മുമ്പ് ഫോട്ടോ എടുത്ത സ്റ്റുഡിയോവില്‍ ചെന്നന്വേഷിച്ചു. ആ ഫോട്ടോ കിട്ടാന്‍. ബ്ലാക്ക് അന്റ് വൈറ്റ് കാലം കഴിഞ്ഞില്ലേ എന്നാണ് സ്റ്റുഡിയോക്കാരന്‍ പറഞ്ഞത്.
എനിക്കദ്ദേഹത്തെ കാണണം മാപ്പു പറയണം. അദ്ദേഹത്തിന്റെ കുടുംബത്തെ കാണണം. എന്റെ ഭര്‍ത്താവ് അഞ്ചു വര്‍ഷം മുമ്പു മരിച്ചു പോയി. രണ്ട് മക്കളുണ്ട്. അവര്‍ കുടുംബസമേതം വിദേശത്താണ്. ഞാന്‍ തനിച്ചാണിവിടെ ജീവിക്കുന്നത്. സാര്‍ അദ്ദേഹത്തെ കാണാന്‍ ഒരവസരമുണ്ടാക്കിത്തരണേ'.
ഫാത്തിബിക്ക് കരച്ചിലടക്കാന്‍ കഴിയുന്നില്ല....ഞാന്‍ സമാധാനിപ്പിച്ചു 'ഒരു ദിവസം മൊയ്തുട്ടിയേയും കൂട്ടി ഞാന്‍ വരും...'
വിവാദമായ വിവാഹ ഫോട്ടോ

Keywords: Article, Kookanam-Rahman, സാംസ്കാരികം, Teacher, Education, school,  Controversial wedding photo



Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ1 1സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?


നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

 ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

പുട്ടും പയറും രാമേട്ടനും
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia