അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

 


എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം.35)

കൂക്കാനം റഹ്‌മാൻ

'കോവിഡ് കാലമല്ലേ സാറിന് ഇവിടേക്ക് വരാന്‍ ബുദ്ധിമുട്ട് ഉണ്ടാവുമെന്നറിയാം. എങ്കിലും സാര്‍ വന്നേ പറ്റൂ'. ബീനയുടെ ഫോണ്‍ സംസാരമിങ്ങിനെയായിരുന്നു. 'വല്ല വണ്ടിയും കിട്ടുമോ എന്നു നോക്കട്ടെ എന്നിട്ടു വിളിക്കാം.' ഞാന്‍ പറഞ്ഞു. ഒന്നു രണ്ടാഴ്ചയായി ബീന അവളുടെ പരാതിയുടെ കെട്ടഴിക്കാന്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്. അവിടേക്ക് പോകണം. എന്റെ സാക്ഷരതാ പഠിതാവാണവള്‍. കുറേ വര്‍ഷങ്ങളായി കണ്ടിട്ട്. അവള്‍ വിവാഹിതയായി. മക്കളായി ഒരു വിധം നന്നായി ജീവിച്ചു വരികയാണെന്നാണ് അറിഞ്ഞത്. കടലോര മേഖലയിലായിരുന്നു ബീന ജനിച്ചതും വളര്‍ന്നതും. കിഴക്കന്‍ മലയോരത്തേക്കാണ് അവളെ പറിച്ചു നട്ടത്. അക്ഷരം എഴുതാനും വായിക്കാനും പഠിച്ചതു മുതല്‍ ബീന പോസ്റ്റ് കാര്‍ഡില്‍ കത്തെഴുതാറുണ്ട്. വിവാഹത്തിനു ക്ഷണിച്ചു ഞാന്‍ ചെന്നു. സ്‌നേഹ സമ്മാനം നല്‍കി. പിന്നീട് ഇതേവരെ കണ്ടില്ല.

രണ്ടു മണിക്കുറോളം സഞ്ചരിച്ചാണ് ആ മലയോരത്തെത്തിയത്. ആ പ്രദേശത്തിന്റെ കിടപ്പിനെക്കുറിച്ചൊക്കെ അവള്‍ പറഞ്ഞിട്ടുണ്ട്. വലിയ കുന്നിന്‍ പുറമാണ്. ശൂന്യമായി കിടക്കുന്ന മല. അതിന്റെ അടിവാരത്തില്‍ ചെറിയൊരു ഓടിട്ട വീട്. വീടിന് സമീപത്തുകൂടെ ഒരരുവി ഒഴുകുന്നു. മഴക്കാലമായാല്‍ നിറയെ തെളിനീരുണ്ടാവും. ഞങ്ങളുടെ കുളിയും അലക്കുമെല്ലാം ആ അരുവിയിലാണ്.

ഭര്‍ത്താവ് മരിച്ചിട്ട് മൂന്നു വര്‍ഷമായി. കാന്‍സര്‍ രോഗം പിടിപെട്ടാണ് മരിച്ചത്. രണ്ട് ആണ്‍ മക്കളുണ്ട്. അവര്‍ പഠിക്കുന്നു. അദ്ദേഹം മരിക്കുന്നതുവരെ ചെറിയൊരു കൂരയിലാണ് കഴിഞ്ഞിരുന്നത്. ഇപ്പോഴാണ് ഓടിട്ട ചെറിയൊരു വീട് വെക്കാന്‍ കഴിഞ്ഞത്. ഇക്കാര്യങ്ങളൊക്കെ ഫോണ്‍ വഴി എന്നെ അറിയിച്ചിരുന്നു.

വണ്ടി നിര്‍ത്തി ആ പ്രദേശത്തിന്റെ ചുറ്റുമൊന്നു കണ്ണോടിച്ചു. കുന്നിന്‍ പുറത്തെ പുല്‍ മൈതാനിയില്‍ കാലികള്‍ മേയുന്നുണ്ട്. സൂര്യന്‍ മല കടന്നു വരുന്നതേയുളളൂ. അരുവിയിലൂടെ വെളളമൊഴുകുന്ന കള കള ശബ്ദം ആസ്വദിച്ചു. കുറച്ചകലെ അരുവിയുടെ കരയില്‍ ഒരു ചെറുപ്പക്കാരന്‍ ഉയര്‍ന്നൊരു കല്ലിന്‍മേലെ ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. അവിടെ നിന്ന് തുണി തല്ലി അലക്കുന്നതിന്റെ നേര്‍ത്ത ശബ്ദം കാതില്‍ വന്നു തട്ടി. ആ സ്ഥലം ലക്ഷ്യമാക്കി ഞാന്‍ നടക്കാന്‍ തുടങ്ങി. എന്നെ കണ്ടപാടെ 'ഓ....മാഷ്' എന്ന് ഉറക്കെ പറഞ്ഞ് നനഞ്ഞ വസ്ത്രത്തോടെ ബീന കരയിലേക്ക് കയറിവന്ന്, ആ ചെറുപ്പക്കാരനോട് എന്തോ പറയുന്നത് കണ്ടു.

അവള്‍ ഡ്രസ്സു മാറി, അലക്കി പിഴിഞ്ഞ വസ്ത്രങ്ങള്‍ ആ ചെറുപ്പക്കാരന്റെ കയ്യില്‍ കൊടുത്തു. അവന്‍ മുമ്പില്‍ നടന്നു. 'മാഷേ ആ കാണുന്നതാണ് എന്റെ വീട്.' അവള്‍ ആ വീട് ചൂണ്ടികാണിച്ചു. അവിടേക്ക് ഞങ്ങള്‍ നടന്നു തുടങ്ങി...

വീട്ടിലെത്തി ചെറിയൊരു വീടാണെങ്കിലും എല്ലാം വൃത്തിയും വെടിപ്പുമുണ്ട്. പതിനഞ്ച് സെന്റ് സ്ഥലമാണെങ്കിലും തെങ്ങും കവുങ്ങും കുരുമുളക് വളളി പടര്‍ത്തിയ ചെറുമരങ്ങളും നിറഞ്ഞു നില്‍ക്കുന്നു. കുട്ടികള്‍ രണ്ടുപേരുണ്ട്. സ്വീകരണ മുറിയില്‍ അടുക്കിവെച്ചിരിക്കുന്ന രണ്ടോ മൂന്നോ കസേരകളും, ടീപോയിയും. എല്ലാത്തിനും അടുക്കും ചിട്ടയും. മാഷ് ക്ലാസ്സില്‍ പഠിപ്പിച്ച പല കാര്യങ്ങളും ഞാന്‍ ജീവിതത്തില്‍ പ്രയോഗിക്കാറുണ്ട് എന്ന് ബീന പലപ്പോഴും പറയാറുണ്ട്.

ഞങ്ങള്‍ക്ക് മുന്നേ നടന്നു വന്ന ചെറുപ്പക്കാരന്‍ മുറ്റത്തെ അയയില്‍ വസ്ത്രങ്ങള്‍ ഉണങ്ങാന്‍ ഇടുകയാണ്. ബീന ചായയുമായി എന്റെ മുന്നിലെത്തി. അവള്‍ ആ മുഖമൊന്നും കൂടാതെ പറയാന്‍ തുടങ്ങി. 'മാഷേ ഇവനെ കുറിച്ചാണ് ആ മനുഷ്യന്‍ പരാതിയുമായി മാഷിന്റെ അടുത്തെത്തിയത്. ഞാന്‍ തലകുലുക്കി. ഭര്‍ത്താവ് മരിച്ചതിന്റെ അടുത്ത ദിവസം മുതല്‍ അയാള്‍ ഇവിടെ വരാന്‍ തുടങ്ങിയതാണ്. മക്കള്‍ക്ക് വേണ്ടുന്ന പഠന സാമഗ്രികളും, എനിക്കുളള ഡ്രസ്സുകളും മറ്റും അദ്ദേഹം കൊണ്ടുവരും. അകന്ന ബന്ധു എന്ന നിലയില്‍ ഞാനതൊക്കെ സ്വീകരിക്കാറുണ്ട്. ക്രമേണ അദ്ദേഹത്തിന്റെ എന്നോടുളള സമീപനത്തില്‍ ചില പോരായ്മകള്‍ കാണാന്‍ തുടങ്ങി. അതെനിക്ക് ഇഷ്ടപ്പെട്ടില്ല.'

'ഗോപൂ' ബീന വിളിച്ചു. പുറത്തു നിന്ന് ഗോപു കടന്നു വന്നു. അവന്‍ ഭയഭക്തിയോടെ മാറി നില്‍ക്കുകയാണ്. ഞാന്‍ നിര്‍ബന്ധിച്ച് അവനെ അടുത്ത കസേരയില്‍ ഇരുത്തി. ബീന തുടര്‍ന്നു. 'മാഷേ ഗോപുവിന്റെ വീട് അല്പം അകലെയാണ്. അച്ഛനാരെന്ന് അറിയാതെ വളര്‍ന്നവന്‍. രണ്ടാം ക്ലാസ്സുവരെയേ പഠിച്ചുളളൂ. പണ്ട് മാഷ് എന്നെ അക്ഷരം പഠിപ്പിച്ച പോലെ ഞാന്‍ ഗോപുവിനെ പഠിപ്പിച്ചു. ഇപ്പോള്‍ ഗോപുവിന് എഴുതാനും വായിക്കാനുമൊക്കെ അറിയാം. നല്ല അധ്വാനിയാണ്. എല്ലാതരം നാടന്‍ പണിയും ചെയ്യാനറിയാം. അമ്മ അവനെ എന്നും ശല്യം ചെയ്തു കൊണ്ടിരിക്കും. അച്ഛന്റെയും അമ്മയുടേയും സ്‌നേഹവാല്‍സല്യം അറിയാതെ വളര്‍ന്ന വ്യക്തിയാണ്.

എന്റെ ഈ വീട് പണിയുമ്പോള്‍ എല്ലാ സഹായങ്ങളും ചെയ്തത് ഗോപുവാണ്. ഇടയ്ക്ക് സ്വന്തം വിട്ടില്‍ പോവാതെ ഇവിടെ കിടക്കും. ആളുകള്‍ പലതും പറയാന്‍ തുടങ്ങി. മാഷിന്റെ അടുത്ത് വന്ന് പരാതി പറഞ്ഞ വ്യക്തിക്ക് ഗോപു ഒരു ശല്യമായി. ദുഷ്ട ലാക്കോടെ വരുന്ന ആ മനുഷ്യന് ഗോപുവിന്റെ സാനിദ്ധ്യം ഇഷ്ടപ്പെട്ടില്ല. അതാണ് പരാതിയുമായി മാഷിന്റെ അടുത്തേക്ക് വരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച കാര്യം.

മാഷേ ഞാന്‍ ഗോപുവിനെ ഇഷ്ടപെടുന്നു. ഗോപു എന്നേയും. അവന് വയസ് ഇരുപത്തിയെട്ട്. എനിക്ക് മുപ്പത്തിയഞ്ച്. ഞങ്ങള്‍ വിവാഹിതരൊന്നും ആവുന്നില്ല. ഒപ്പം കഴിയുന്നു. എന്റെ മക്കള്‍ക്കൊരു കൂട്ട്. എനിക്ക് എല്ലാ കാര്യത്തിനും ഒരു സഹായി. ഗോപു പാവമാണ്. ആളുകള്‍ എന്തെങ്കിലും പറഞ്ഞോട്ടെ. ഇങ്ങിനെ കഴിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മാഷ് ഞങ്ങളെ അനുഗ്രഹിക്കണം.'
അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി


ഇത്തരം സന്ദര്‍ഭങ്ങളില്‍ തെറ്റും ശരിയും കണ്ടെത്തലല്ല. പ്രായോഗിക വശങ്ങള്‍ പഠിച്ചു നിര്‍ദ്ദേശം കൊടുക്കുകയാണ് വേണ്ടത്. ഞാന്‍ സ്വയം ആലോചിച്ചു. അവിവാഹിതയായ സ്ത്രീയില്‍ ആരുടേയോ മകനായി പിറന്നവനാണ് ഗോപു. അമ്മയാണെങ്കില്‍ അവന് അല്പം പോലും സ്‌നേഹം നല്‍കുന്നില്ല. അത് ബീനയില്‍ നിന്ന് അവന് വേണ്ടുവോളം കിട്ടുന്നു. കൂലി പണി ചെയ്തും പശുവിനെ വളര്‍ത്തിയുമാണ് ബീന ജീവിച്ചു വരുന്നത്. ഭര്‍ത്താവ് മരിച്ച അവള്‍ക്കൊരു കൂട്ട് വേണം. അല്ലെങ്കില്‍ പല തരത്തിലുളള ആരോപണങ്ങളും അവള്‍ക്ക് മേല്‍ ചാര്‍ത്തി കൊടുക്കാന്‍ സമൂഹം തയ്യാറാവും. ചിലപ്പോള്‍ ചൂഷണങ്ങള്‍ക്ക് വിധേയമാവാനും സാധ്യതയുണ്ട്. ഇവിടെ ഗോപുവിന്റെ കൂട്ട് ബീനക്ക് സഹായകമാണ്. ബീനക്ക് വിധേയമായിട്ടാണ് അവന്‍ പ്രവര്‍ത്തിക്കുന്നത്.

ഞാന്‍ ഗോപുവിന് നേരെ തിരിഞ്ഞു. 'ഇതു പോലെ ജീവിച്ചു പോവാന്‍ ഗോപു തയ്യാറാണോ? പ്രശ്‌നങ്ങളുണ്ടാക്കി തെറ്റിപിരിയുമോ? നിങ്ങള്‍ വിവാഹിതരല്ല. പക്ഷേ പരസ്പരം ഉളളറിഞ്ഞ കൂട്ടുകാരാണ്. നിങ്ങള്‍ക്ക് ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. വിമര്‍ശനങ്ങളേയും പരിഹാസ്യം പറച്ചിലുകളേയും നേരിടാനുളള ചങ്കൂറ്റം ഇരുവര്‍ക്കും ഉണ്ടാവണം. എങ്കില്‍ നിങ്ങള്‍ ഇതേ പോലെ ജീവിത യാത്ര തുടരൂ......'.

ഗോപു അവിവാഹിതയായ അമ്മയുടെ മകനാണ്. അച്ഛനാരെന്ന് അമ്മയ്ക്കറിയാമെങ്കിലും ഗോപുവില്‍ നിന്ന് അക്കാര്യം മറച്ചുവെക്കുകയാണ്. വിവാഹിതരായി ജീവിച്ചുകൊണ്ട് ഭര്‍ത്താവിന്റെതല്ലാത്ത മക്കളെ പ്രസവിക്കുന്നവര്‍ സമൂഹത്തില്‍ നിരവധിയുണ്ട്. ഇതു പോലുളള കുറച്ചനുഭവം എനിക്കറിയാം.

ഒരു വലിയ ഉദ്യോഗസ്ഥനും മുതലാളിയുമായ വ്യക്തിയുടെ തോട്ടത്തിലെ സ്ഥിരം തൊഴിലാളികളാണ് പാവപ്പെട്ട ഭാര്യയും ഭര്‍ത്താവും. ഭര്‍ത്താവില്‍ ആ സ്ത്രീക്ക് മൂന്നു കുട്ടികളുണ്ട്. ഈ മുതലാളിയുടേതായി രണ്ടും. മുതലാളിയുടെ രണ്ടു കുട്ടികളും മുതലാളിയുടെ രൂപവും, ഭാവവും, നിറവും, നടത്തവും ഒക്കെയാണ്. പാവം ഭര്‍ത്താവിന് ഇതില്‍ യാതൊരു പരാതിയുമില്ല. നാട്ടുകാര്‍ക്കും അറിയാം അവര്‍ ആരുടെ മക്കളാണെന്ന്, കുട്ടികള്‍ക്കും അറിയാമെന്ന് തോന്നുന്നു. പക്ഷേ അച്ഛനെന്നു വിളിക്കുകയും റിക്കാര്‍ഡിലും അച്ഛന്‍ ആ സ്ത്രീയുടെ ഭര്‍ത്താവു തന്നെ.!

ഏതോ ഒരു കേസില്‍പെട്ട് സമ്പന്നനായ ഒരു കളവു കേസ് പ്രതി ഒളിവില്‍ താമസിച്ചത് ഭാര്യയുടെ ബന്ധുവീട്ടിലാണ്. ആ വീട്ടുകാര്‍ സാമ്പത്തികമായി അല്പം പിന്നോക്കാവസ്ഥയിലായിരുന്നു. ശാരീരികമായ ഊര്‍ജസ്വലനും, സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന വ്യക്തി ആയതിനാല്‍ നിര്‍ദ്ദന കുടുബാംഗങ്ങള്‍ ഭയത്തോടെയും ആദരവോടെയുമാണ് അദ്ദേഹത്തെ കണ്ടത്. രണ്ട് കുട്ടികളും ഭര്‍ത്താവും യുവത്വം നഷ്ടപ്പെടാത്ത സുന്ദരിയായ ഭാര്യയുമാണ് അവിടെ താമസിച്ചത്. പാവം ഭരര്‍ത്താവിനെ വഞ്ചിച്ച് ഭാര്യയുമായി ബന്ധപ്പെട്ട് രണ്ടു മക്കള്‍ ഒളിവില്‍ താമസിച്ച പണക്കാരന്റെതായിരുന്നു. ആ രണ്ടു കുട്ടികളും ആദ്യ മക്കളില്‍ നിന്ന് തികച്ചും വ്യത്യസ്തരാണ്. ഇക്കാര്യം ഭര്‍ത്താവിനറിയാം, ബന്ധുജനങ്ങള്‍ക്കറിയാം, നാട്ടുകാര്‍ക്കുമറിയാം. എന്നിട്ടും അവര്‍ മാന്യമായ രീതിയില്‍ ജീവിച്ചു വരുന്നു.

ഗോപുവിന്റെ ജീവിതമറിഞ്ഞപ്പോള്‍ ഇതൊക്കെ ഓര്‍ത്തുപോയി എന്നു മാത്രം. സമയം പോയതറിഞ്ഞില്ല. ബീനയും ഗോപുവും എന്നെ യാത്രയാക്കി. എല്ലാം നല്ലതിനാവട്ടെയെന്ന പ്രാര്‍ത്ഥനയോടെ അവിടുന്ന് യാത്ര പറഞ്ഞിറങ്ങി.......

Keywords:  Article, Kookanam-Rahman, Child, Family, Teacher,  Literacy became light for life as well

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?


നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...
 ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം
പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍


മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia