മൂന്നു ദിവസം നീണ്ട യുദ്ധം ജയിച്ച സന്തോഷത്തില്‍ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം; കൈവിട്ടു പോയെന്നുകരുതിയ എയിംസ് മെഡിക്കല്‍ സീറ്റ് തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ ഫോര്‍ട്ടു കൊച്ചി സ്വദേശിനി ഫര്‍ഹീനും

 


കൊച്ചി: (www.kvartha.com 17.11.2020) മൂന്നു ദിവസം നീണ്ട ഒരു യുദ്ധം ജയിച്ച സന്തോഷത്തിലാണ് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അതുപോലെ തന്നെ കൈവിട്ടു പോയെന്നുകരുതിയ എയിംസ് മെഡിക്കല്‍ സീറ്റ് തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ ഫോര്‍ട്ടുകൊച്ചി സ്വദേശിനി ഫര്‍ഹീനും. ഒബിസി ക്വാട്ടയില്‍ റാങ്ക് പട്ടികയില്‍ 10-ാം റാങ്കുണ്ടായിട്ടും പ്രോസ്‌പെക്ടസില്‍ പറയാത്ത സാങ്കേതിക വാദം ഉയര്‍ത്തി കഴിഞ്ഞ ദിവസം എയിംസ് അധികൃതര്‍ ഫര്‍ഹീന് സീറ്റ് നിരസിച്ചിരുന്നു. 

എന്നാല്‍ ഇത് അല്‍ഫോന്‍സ് കണ്ണന്താനം എംപിയുടെ ശ്രദ്ധയില്‍പെടുത്തിയതോടെ അദ്ദേഹം കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനെ കാര്യങ്ങള്‍ ധരിപ്പിച്ചു കത്തെഴുതി. ഒരു മലയാളിപ്പെണ്‍കുട്ടിക്കു വേണ്ടി മന്ത്രി എയിംസ് അധികൃതരുമായി ചൊവ്വാഴ്ച നടത്തിയ യോഗത്തിനുശേഷം സീറ്റ് അനുവദിക്കുകയായിരുന്നു. ചൊവ്വാഴ്ച തന്നെ ഡെല്‍ഹിയിലേക്ക് എത്താന്‍ ഫര്‍ഹീനും സഹോദരനും വിമാനടിക്കറ്റ് എടുത്തു നല്‍കിയിരിക്കുകയാണ് കണ്ണന്താനം. മൂന്നു ദിവസം നീണ്ട യുദ്ധം ജയിച്ച സന്തോഷത്തില്‍ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം; കൈവിട്ടു പോയെന്നുകരുതിയ എയിംസ് മെഡിക്കല്‍ സീറ്റ് തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ ഫോര്‍ട്ടു കൊച്ചി സ്വദേശിനി ഫര്‍ഹീനും

ഫോര്‍ട്ട് കൊച്ചി വെളി കിഴക്കേവീട്ടില്‍ കെ കെ സഹീറിന്റെയും ഷംലയുടെയും മകളാണ് ഫര്‍ഹീന്‍. സഹോദരന്‍ ബികോം വിദ്യാര്‍ഥിയാണ്. ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ട ഇവരെ, മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്തതില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് മാതാവ് പഠിപ്പിച്ചത്. മുണ്ടംവേലി സാന്താമറിയം സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം.

എയിംസ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 66-ാം റാങ്കു ലഭിച്ച ഫര്‍ഹീന് ഒബിസി ക്വാട്ടയില്‍ 10-ാം സ്ഥാനത്തെത്തിയതാണു പ്രവേശനത്തിന് അവസരം ഒരുങ്ങിയത്. ഇവിടെ 50 സീറ്റാണ് ജനറല്‍ കാറ്റഗറിയിലുള്ളത്. സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ എട്ടാം റാങ്കുകാരിയാണ്. ഇതിന്റെ പ്രവേശന നടപടികളും പുരോഗമിക്കുന്നുണ്ട്.

ഒന്നാം അലോക്കേഷനില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ കഴിഞ്ഞ 11-ാം തീയതിയാണ് ഫര്‍ഹീന്‍ എയിംസില്‍ അഡ്മിഷനായി എത്തുന്നത്. 10-ാം തീയതി ലഭിച്ച ഒബിസി സര്‍ട്ടിഫിക്കറ്റാണ് കൈവശമുണ്ടായിരുന്നത്. പ്രോസ്‌പെക്ടസ് പ്രകാരം ഒരു വര്‍ഷത്തിനകം ലഭിച്ച കാലാവധി കഴിഞ്ഞിട്ടില്ലാത്ത ഒബിസി സര്‍ട്ടിഫിക്കറ്റുമായി വരണമെന്നായിരുന്നു നിര്‍ദേശം.

എന്നാല്‍ അഞ്ചാം തീയതിക്ക് മുമ്പുള്ളതായിരുന്നെങ്കില്‍ പരിഗണിക്കാമായിരുന്നു, ഇത് കഴിഞ്ഞ ദിവസം മാത്രം ഇഷ്യു ചെയ്തതായതിനാല്‍ അഡ്മിഷന്‍ നല്‍കാനാവില്ലെന്നായിരുന്നു അധികൃതരുടെ വിചിത്ര വാദം. പ്രോസ്‌പെക്ടസിലെ വിവരങ്ങള്‍ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു മാത്രമല്ല, ഇനി അഡ്മിഷന്‍ വേണമെങ്കില്‍ സീറ്റ് ക്യാന്‍സലേഷന്‍ അനുവദിച്ച് കത്തു വേണം എന്നും ആവശ്യപ്പെട്ടു.

ഈ സമയം ഒറ്റയ്ക്കായിരുന്നതിനാല്‍ കൂടുതല്‍ ആരോടും സംസാരിക്കാതെ അടുത്ത അലോക്കേഷന് പരിഗണിക്കണം എന്നാവശ്യപ്പെട്ട് കത്ത് എഴുതി നല്‍കി. ഇതു കഴിഞ്ഞ് സീറ്റില്‍ വന്നിരുന്നപ്പോഴേയ്ക്ക് സീറ്റ് ക്യാന്‍സലായെന്ന സന്ദേശം ഫോണിലെത്തി. ഇതില്‍ അപകടം മണത്തതോടെ ആരോടു ചോദിക്കുമെന്ന് അറിയാതെ വിഷമിച്ചു. ഈ സമയം അല്‍ഫോന്‍സ് സാറിനെ എങ്ങനെയെങ്കിലും വിളിക്കണമെന്നു തോന്നി നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു.

സഹായിക്കാന്‍ മറ്റാരുമില്ലെന്നും തന്റെ കുടുംബ സാഹചര്യങ്ങളും ബോധ്യപ്പെടുത്തി. ഇതോടെ സഹായിക്കാമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് മന്ത്രിക്ക് കത്തെഴുതുകയായിരുന്നു. ഇപ്പോള്‍ അഡ്മിഷന്‍ ഓക്കെയായിട്ടുണ്ട് എന്നു കാണിച്ച് അദ്ദേഹം മെയില്‍ അയച്ചു. വിമാനടിക്കറ്റും അയച്ചു തന്നിട്ടുണ്ടെന്നും ചൊവ്വാഴ്ച എയിംസില്‍ പോകാന്‍ കൂടെ വരാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഫര്‍ഹീന്‍ പറഞ്ഞു.

എയിംസ് പ്രോസ്‌പെക്ടസിലും അലോട്‌മെന്റ് ലെറ്ററിലും കൗണ്‍സിലിങ് സമയത്ത് ഒബിസി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കൊടുത്തിരിക്കുന്നത് എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് മന്ത്രിയുമായി ഇക്കാര്യം ഏറ്റെടുത്തതെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പ്രതികരിച്ചു. ഇത് പലപ്രാവശ്യം സംസാരിച്ചിട്ടും അവര്‍ സമ്മതിക്കുന്നില്ലായിരുന്നു.

മന്ത്രി കഴിഞ്ഞദിവസവും എയിംസ് അധികൃതരുമായി സംസാരിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച വീണ്ടും വിളിച്ച് സര്‍ട്ടിഫിക്കറ്റിന് കുഴപ്പമില്ലെന്നു വിശദീകരിച്ചതോടെയാണ് സീറ്റ് നല്‍കാമെന്ന് സമ്മതിച്ചത്. തുടര്‍ന്ന് ഓര്‍ഡര്‍ വന്നതോടെ കുട്ടിക്ക് ടിക്കറ്റ് എടുത്തു നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഇതുപോലെ ഒരു യുദ്ധം തനിക്ക് ആദ്യമായിട്ടാണ്. അറിയാത്ത ഒരാള്‍ക്കുവേണ്ടി ഇത്ര ബുദ്ധിമുട്ടി കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതല്ലേ അതിന്റെ സന്തോഷം' അദ്ദേഹം പറയുന്നു.

Keywords:  Former Union Minister Alphonse Kannanthanam is happy to have won the three-day long war; Farheen, a resident of Fort Kochi, was relieved to get back the AIIMS medical seat which was thought to have been abandoned, Kochi, News, Education, Minister, Examination, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia