സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ പ്രൊജക്ട് ജീവനക്കാരനായി മാറിയ ബീഡിതൊഴിലാളി തമ്പാന്‍

 


എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം(ഭാഗം.48)             

കൂക്കാനം റഹ് മാന്‍

(www.kvartha.com 19.11.2020) പുകച്ചുരുളായി മാറുന്ന ബീഡി തെറുപ്പിന്റെ അസഹ്യതയില്‍ നിന്നും മനസ്സും ശരീരവും കുളിരണിയുന്ന തണുത്ത ജലാശയത്തിലേക്ക് ഊളിയിട്ടെത്തിയ ഒരു പഴയകാല ബീഡി തെറുപ്പുകാരനായിരുന്നു തമ്പാന്‍ മൂത്തല്‍. പട്ടിണി മാറ്റാന്‍ ബീഡിപ്പണിക്കു വന്നു. നാലാം ക്ലാസ് പൂര്‍ത്തിയാക്കാതെ വീടിനടുത്തുളള എയ്ഡഡ് പ്രൈമറി സ്‌ക്കൂളില്‍ നിന്ന് പഠനം മതിയാക്കി. തുടയും, കൈത്തണ്ടയും, കൈവെളളയും, എന്നും അടിമേടിച്ച പുകച്ചില്‍ ഇന്നും മാറിയിട്ടില്ല. മാഷന്മാര്‍ എന്തിന് എന്നെ തല്ലി ചതച്ചു എന്ന് തമ്പാന് ഇന്നും അറിയില്ല. 
സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ പ്രൊജക്ട് ജീവനക്കാരനായി മാറിയ ബീഡിതൊഴിലാളി തമ്പാന്‍



അക്ഷരമൊന്നും ശരിക്ക് എഴുതാനറിയില്ല. വാക്കുകള്‍ വായിക്കാനറിയില്ല, ഗുണന പട്ടിക ബൈഹാര്‍ട്ട് പഠിക്കാനായില്ല. വിശപ്പു മാറിയിട്ടു വേണ്ടേ പഠിക്കാന്‍. ഉച്ചക്ക് കിട്ടുന്ന ഉപ്പുമാവിനു വേണ്ടി മാത്രമാണ് അന്ന് സ്‌ക്കൂളില്‍ പോയത്. തല്ലുന്ന മാഷന്മാര്‍ ഇന്ന് സ്‌ക്കൂളില്‍ വരല്ലേ എന്ന പ്രാര്‍ത്ഥനയോടെയാണ് സ്‌ക്കൂളില്‍ പോയിരുന്നത്. ആ ശപിച്ച നാളുകളോട് വിടവാങ്ങിയതില്‍ അന്ന് സന്തോഷമായിരുന്നു.

കരിവെളളൂരിലെ അന്നത്തെ ജയ്ഹിന്ദ് ഹോട്ടലും, അതിന് മുകളിലത്തെ നിലയിലെ സാധുബീഡി കമ്പനിയും തമ്പാന്റെ മനസ്സില്‍ ഇന്നലെ കഴിഞ്ഞപോലെ തെളിഞ്ഞു വരുന്നു. സി രാഘവേട്ടന്‍ എന്ന ബീഡിക്കാരന് നൂല് കെട്ടാന്‍ പോയത് പത്തു വയസ്സിലായിരുന്നു. ആഴ്ചയ്ക്ക് കിട്ടുന്ന കൂലി തുച്ഛമാണെങ്കിലും അതൊരാശ്വാസമായിരുന്നു. മത്സ്യപ്പണിക്കു പോകുന്ന അച്ഛനും, മത്സ്യ വില്‍പനക്കാരിയായ അമ്മയും അധ്വാനിച്ചാണ് ഞങ്ങള്‍ നാലു മക്കളെ പട്ടിണിയില്‍ നിന്നും മോചിപ്പിച്ചത്. 

കുറച്ചുകാലം പിന്നിട്ടപ്പോള്‍ കരിവെളളൂരില്‍ ദിനേശ് കമ്പനികള്‍ വന്നു. പാലക്കുന്നിലെ ദിനേശ് ബ്രാഞ്ചിലാണ് തമ്പാന് ജോലി കിട്ടിയത്. അന്ന് കരിവെളളൂരില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും നൂറ് കണക്കിന് യുവതി യുവാക്കളാണ് ബീഡി തെറുപ്പ് ജോലിക്ക് കരിവെളളൂര്‍ ബസാറിലെത്തിയിരുന്നത്.

ഇസ്തിരിയിട്ട് ഷര്‍ട്ടും മുണ്ടും ധരിച്ച് പുരുഷന്മാരും, സാരിയുടുത്ത് നടക്കുന്ന സ്ത്രീകളും നടന്നു വരുന്നതും പോകുന്നതും കരിവെളളൂര്‍കാര്‍ക്ക് മനംകവരുന്ന കാഴ്ചയായിരുന്നു. കമ്പനികളില്‍ നടക്കുന്ന വായനയും, ചര്‍ച്ചയും തൊഴിലാളികളെ ഉല്‍ബുദ്ധരാക്കി. അനീതിക്കും അസമത്വത്തിനും പോരാടാനുളള കരുത്താര്‍ജിച്ചതും ബീഡി കമ്പനികളിലെ ചര്‍ച്ചകളില്‍ നിന്നാണ്. തമ്പാനെപോലെ നിരക്ഷരരും, അര്‍ദ്ധ സാക്ഷരരും, കൊഴിഞ്ഞു പോയവരുമായ നിരവധി ചെറുപ്പക്കാര്‍ ബീഡി തെറുപ്പ് ജോലിയില്‍ ഏര്‍പ്പെട്ടവരായുണ്ടായിരുന്നു. അവരെ കാണാനും, പഠനത്തിലേക്ക് ആകര്‍ഷിക്കാനും, ഞങ്ങള്‍ കുറച്ച് അധ്യാപകര്‍ ബീഡി കമ്പനികള്‍ തോറും കയറിയിറങ്ങി. തമ്പാന്റെ കമ്പനിയിലെത്തി കാര്യം സംസാരിച്ചപ്പോള്‍ വി വി രാജന്‍, ലക്ഷ്മണന്‍, തമ്പാന്‍ എന്നിവര്‍ പഠിക്കാന്‍ വരാന്‍ തയ്യാറായി.

അക്കാലത്ത് തുല്യതാ പരീക്ഷയോ പഠനരീതിയോ ഇല്ല. സാക്ഷരതാ ക്ലാസുകളുണ്ടായിരുന്നു. അക്ഷരം പഠിച്ചു കഴിഞ്ഞാല്‍ അവിടെ നിര്‍ത്തുകയാണ് അന്ന്. 1977 മുതലാണ് തുടര്‍ന്ന് പഠിക്കാനും, പരീക്ഷയെഴുതാനുമുളള അവസരം ഉണ്ട് എന്ന് തിരിച്ചറിഞ്ഞത്. പതിനേഴു വയസ്സു പൂര്‍ത്തിയായവര്‍ക്കു പ്രൈമറി സെക്ഷനും കൂടിയുളള ഹൈസ്‌ക്കൂളില്‍ പരീക്ഷ എഴുതാന്‍ പത്തു രൂപ ചലാന്‍ അടച്ച് അപേക്ഷിക്കണം. 7-ാം ക്ലാസിലെ കുട്ടികളോടൊപ്പം വാര്‍ഷിക പരീക്ഷ എഴുതണം. ജയിച്ചാല്‍ സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കേറ്റ് കിട്ടും.

തമ്പാനും സുഹൃത്തുക്കളും രാത്രികാലത്ത് പഠിക്കാന്‍ തയ്യാറായി വന്നു. പരീക്ഷ എഴുതി ജയിച്ചു. പിന്നെയും പഠിക്കാനുളള ആവേശം വര്‍ദ്ധിച്ചു. എസ് എസ് എല്‍ സിയും കടന്നു കിട്ടി. തമ്പാനോര്‍ക്കുന്നത് തല്ലിച്ചതച്ച നാലാം ക്ലാസ് പഠനവും സ്‌നേഹം മാത്രം നല്‍കി പഠിപ്പിച്ച 7-ാം ക്ലാസുമാണ്. തികച്ചും അനൗപചാരിക രീതിയിലുളള പഠനവും പ്രവര്‍ത്തനവുമാണ് പഠിതാക്കളില്‍ ഉണര്‍വ്വും ഉന്മേഷവും ഉണ്ടാക്കുകയെന്ന് അനുഭവത്തിലൂടെ തമ്പാന്‍ അഭിപ്രായപ്പെട്ടു. എസ് എസ് എല്‍ സി പഠനത്തിനു ശേഷം കണ്ണൂര്‍ ആയിക്കരയിലുളള ഫിഷര്‍മെന്‍ ട്രൈനിംഗ് സെന്‍ട്രലില്‍ പത്തു മാസത്തെ കോര്‍സിന് അഡ്മിഷന്‍ കിട്ടി. ഫിഷര്‍മെന്‍ ട്രൈനിംഗ് കോര്‍സ് വിജയകരമായി പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കേറ്റും തമ്പാന്‍ നേടിയെടുത്തു.

കാന്‍ഫെഡില്‍ നിന്ന് കിട്ടിയ ക്ലാസും മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല. അവിടെ അതിന് നേതൃത്വം നല്‍കിയ, പഠന കേന്ദ്രത്തിലേക്ക് എന്നെ എത്തിക്കാന്‍ പ്രോല്‍സാഹനം നല്‍കിയ റഹ് മാന്‍ മാഷ്, മലയാളം പഠിപ്പിച്ച എ നാരായണന്‍ മാഷ്, കണക്ക് പഠിപ്പിച്ച പാക്കത്ത് കുഞ്ഞിക്കണ്ണന്‍ മാഷ്, ഇംഗ്ലീഷ് പഠിപ്പിച്ച പി സി ഗോപിനാഥന്‍ മാഷ്, സയന്‍സ് പഠിപ്പിച്ച എ വി ബാലന്‍ മാഷ്, ഹിന്ദി പഠിപ്പിച്ച കെ വി ജനാര്‍ദ്ദനന്‍ മാഷ്, സാമൂഹ്യ പാഠം പഠിപ്പിച്ച കരിവെളളൂര്‍ വിജയന്‍ മാഷ് എന്നിവരെ എന്നും ഓര്‍ക്കും. 

അവര്‍ കാണിച്ച സ്‌നേഹം, തെറ്റു വന്നാലും സ്‌നേഹപൂര്‍വ്വം തിരുത്തിത്തരുന്ന രീതി ഇതൊക്കെ അന്ന് ഔപചാരിക വിദ്യാഭ്യാസ രീതിയിലുണ്ടായിരുന്നില്ല. അതാണ് വിശന്ന വയറോടെ രാത്രി ഏറെ വൈകുംവരെ ക്ലാസിലിരുന്ന് പഠിക്കാന്‍ തന്നെ പ്രോല്‍സാഹിപ്പിച്ചതെന്ന് തമ്പാന്‍ സന്തോഷപൂര്‍വ്വം ഓര്‍ക്കുകയാണ്.

 എസ് എസ് എല്‍ സി സര്‍ട്ടിഫിക്കേറ്റും, ഫിഷര്‍മെന്‍ ട്രൈനിംഗ് കോര്‍സിന്റെ സര്‍ട്ടിഫിക്കേറ്റും വെച്ചു കാസര്‍കോട് എംബ്ലോയ്‌മെന്റ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തു. ഒന്നു രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം എംപ്ലോയ്‌മെന്റില്‍ നിന്നും ഒരു കാര്‍ഡ് കിട്ടി. ആദ്യത്തെ അനുഭവം. കമ്പനിയിലെ സുഹൃത്തുക്കളുമായി കാര്യം പങ്കുവെച്ചു. സകലരും പ്രോല്‍സാഹിപ്പിച്ചു. ഇന്റര്‍വ്യൂവിന് ചെന്നു. ഹൃദയമിടിപ്പ് കൂടി വന്നു. കാല് നില്‍പ്പുറയ്ക്കുന്നില്ല. വരുന്നത് വരട്ടെ എന്ന ധൈര്യം സംഭരിച്ച് ഇന്റര്‍വ്യൂ ചെയ്യുന്ന ആഫീസറുടെ മുറിയിലെത്തി. ഒരു ഇന്റര്‍വ്യൂവിന് പങ്കെടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ക്ലാസില്‍ റഹ് മാന്‍ മാഷ് പറഞ്ഞത് ഓര്‍മ്മയിലേക്ക് വന്നു. ഗുഡ്‌മോര്‍ണിംഗ് പറഞ്ഞു, ഓഫീസര്‍ കസേര ചൂണ്ടി ഇരിക്കാന്‍ പറഞ്ഞു. പ്രായം ചെന്നിട്ടും പഠിക്കാന്‍ കഴിഞ്ഞതെങ്ങിനെയെന്ന് ചോദിച്ചതിന് വന്ന വഴികളൊക്കെ പറഞ്ഞു. ഇന്റര്‍വ്യൂവിന് ഏഴു പേരോളമുണ്ടായിരുന്നു. പോയ്‌ക്കോളൂ വിവരം പിന്നെ അറിയിക്കാമെന്ന് ഓഫീസര്‍ പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്. തൊഴിലാളി സുഹൃത്തുക്കളോട് ഇന്റര്‍വ്യൂ നടന്ന കാര്യങ്ങളൊക്കെ വിശദമാക്കി കൊടുത്തു.

ഒരാഴ്ച കഴിഞ്ഞു കാണും ബീഡി കമ്പനിയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ അമ്മ അപ്പോയ്‌മെന്റ് ഓര്‍ഡറും കയ്യില്‍ പിടിച്ച് കാത്തുനില്‍ക്കുന്നു. കുളിയും ഭക്ഷണവും ഒന്നും ചെയ്യാതെ ഓര്‍ഡര്‍ പൊട്ടിച്ച് വായിച്ചു. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ എരിഞ്ഞിപ്പുറം പ്രൊജക്ട് സൈറ്റിലെ ആഫീസില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസിലേക്കുളള പോസ്റ്റിംഗാണ്. സന്തോഷം കൊണ്ട് തുളളിച്ചാടി. കമ്പനി മേസ്തിരിയോട് ഫോണില്‍ വിളിച്ചു പറഞ്ഞു. 1986 മാര്‍ച്ച് 31 നാണ് പ്രസ്തുത പോസ്റ്റില്‍ തമ്പാന്‍ ജോയിന്‍ ചെയ്യുന്നത്.

തമ്പാന്റെ എളിമയും തെളിമയും മാര്‍ന്ന സംസാരവും, ഇടപെടലും അവന്റെ സഹപ്രവര്‍ത്തകരിലും, ഓഫീസര്‍മാരിലും മതിപ്പുളവാക്കി. സ്വന്തം കാര്യത്തിനുമപ്പുറം ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുളള മനസ്സും തമ്പാന്റെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഓരോ ഘട്ടത്തിലും പ്രമോഷന്‍ ലഭിച്ച് ആഫീസിലെ ഒബ്‌സര്‍വര്‍ ഗ്രേഡ് വണ്‍ ആയിട്ടാണ് വിരമിച്ചത്. 2020 ഏപ്രില്‍ മാസത്തില്‍ സര്‍വ്വീസില്‍ നിന്ന് പിരിയുമ്പോള്‍ 34 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരുന്നു തമ്പാന്‍.

ഇരുപത്തിയാറു വയസ്സു വരെ ബീഡിപ്പുകയിലയുടെ മണം വഹിച്ചും കഠിനമായുളള അധ്വാനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇടയാക്കിയത് കരിവെളളൂരിലെ കാന്‍ഫെഡ് കേന്ദ്രവും, അതിന്റെ പ്രവര്‍ത്തകരുമാണെന്ന് ആദരവോടെയാണ് തമ്പാന്‍ ഓര്‍ക്കുന്നത്. കാന്‍ഫെഡ് സാരഥിയായിരുന്ന പി എന്‍ പണിക്കര്‍ കാന്‍ഫെഡ് കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഗ്രൂപ്പ് ഫോട്ടോ തമ്പാന്‍ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. 

പയ്യന്നൂരിനടുത്ത് സ്ഥലം വാങ്ങി വീടു വെച്ച് സന്തോഷത്തോടെ ജീവിച്ചു വരികയാണ് തമ്പാനും കുടുംബവും. ഭാര്യ തങ്കമണി ഇന്നും ദിനേശ് ബ്രാഞ്ചിലെ തൊഴിലാളിയാണ്. രണ്ടു മക്കളാണിവര്‍ക്ക്. മകന്‍ അഖില്‍ സൗദി അറേബ്യയില്‍ പ്രൊജക്ട് എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നു. മകള്‍ അഞ്ജലി ബി ടെക്ക് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വഴികാട്ടാനും പ്രോല്‍സാഹിപ്പിക്കാനും വ്യക്തികള്‍ ഉണ്ടാവുകയും അതിനുളള അവസരം ഉപയോഗപ്പെടുത്തുകയും ചെയ്താല്‍ നന്മവഴികളിലേക്ക് ചെന്നെത്തുമെന്ന് തമ്പാന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.


Keywords: K ookanam-Rahman, Article, Government-employees, Teacher, Child, Project employee Thampan of the Central Water Commission 

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാല

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

 ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ

കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

ഞാന്‍ കന്യകയാണ്39

കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍40

എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?41ഡയറിയിലെ കണ്ണീര്‍ തുളളിയും പൂവിതളും42


മൂന്ന് അവിവാഹിതരുടെ കഥ44

എരിഞ്ഞു തീരേണ്ടതില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവന്‍ റിട്ടയേര്‍ഡ് എസ് ഐ രത്‌നാകരന്‍45

അന്ന് പ്രചോദനം അമ്മ -ഇന്ന് അവന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം46
 
അന്നത്തെ കരച്ചിലിന് പ്രതിഫലം47
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia