വിവാഹ പ്രായം ഉയര്‍ത്തലും, സ്ത്രീ ശാക്തികരണവും

 


വിനോദ് കെ മുഖത്തല


(www.kvartha.com 05.11.2020) ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക മേഖലയില്‍ സ്ത്രീകള്‍ക്ക് ഉണ്ടായിട്ടുള്ള വലിയ മുന്നേറ്റമാണ് പുരോഗതി പ്രാപിച്ച ഒരു സമൂഹത്തിന്റെ പൊതുവായ ലക്ഷണം. ലോകത്ത് വികാസം പ്രാപിച്ച എല്ലാ രാജ്യങ്ങളിലും ഇത്തരത്തില്‍ സ്ത്രീ ശാക്തീകരണം കാര്യമായിത്തന്നെ സംഭവിച്ചിട്ടുണ്ടെന്ന് കാണാം. പാശ്ചാത്യ വികസിത രാജ്യങ്ങളില്‍ പലതിലും ഇന്ന് വലിയ തോതില്‍ നേതൃത്വം വഹിക്കുന്നത് സ്ത്രീകളാണെന്നത് രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ സംഭവിച്ച സ്ത്രീ ശാക്തീകരണത്തിന്റ വലിയ ഉദാഹരണങ്ങളാണ്. അത്തരം രാജ്യങ്ങളുടെ സമഗ്ര പുരോഗതിക്കും ,ജനങ്ങളുടെ വര്‍ദ്ധി തമായ ജീവിതാഭിവൃദ്ധിക്കും വലിയ സംഭാവനകളാണ് സ്ത്രീ ശാക്തീകരണവും, നേതൃത്വവും കൊണ്ടുണ്ടായിട്ടുള്ളത്.


വിവാഹ പ്രായം ഉയര്‍ത്തലും, സ്ത്രീ ശാക്തികരണവും



സ്ത്രീപക്ഷ സമീപനങ്ങളുടെ കാര്യത്തില്‍ വളരെ യാഥാസ്ഥിതികമായ കശ്ച്ചപ്പാട് വച്ചു പുലര്‍ത്തുന്ന ഒരു രാജ്യമാണ് ഇന്ത്യ. എല്ലാ മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടനവധി സ്ത്രീരത്‌നങ്ങള്‍ നമുക്കുണ്ടെങ്കിലും, ഏതു രംഗത്തും കരുത്തും കഴിവും കൊണ്ട് നിശ്ചയദാര്‍ഡ്യത്തോടെ പോരാടാന്‍ ശേഷിയുള്ള ധാരാളം പെണ്‍കുട്ടികള്‍ ഇന്ന് മുന്നോട്ടു വരുന്നുണ്ടെങ്കിലും, പൂര്‍ണമായും സ്ത്രീ ശാക്തീകരണം സംഭവിച്ചിട്ടുള്ള ഒരു രാജ്യമാണ് നമ്മുടേതെന്നു പറയുക വയ്യ. സ്ത്രീകളുടെ സാമൂഹികവും രാഷ്ട്രീയവുമായ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി ആളുകളും സംഘടനകളും നമുക്കുണ്ടെങ്കിലും പുരോഗതി പ്രാപിച്ച മറ്റ് സമൂഹങ്ങളിലെ പോലെ സ്ത്രീ ശാക്തികരണം നമ്മുടെ രാജ്യത്തുണ്ടായിട്ടില്ല.

സ്ത്രീകളുടെയും, പെണ്‍ കുട്ടികളുടെയും ശാക്തീകരണം ലക്ഷ്യമാക്കി ഒട്ടനവധി പദ്ധതികളാണ് സ്വാതന്ത്ര്യാനന്തര കാലം മുതല്‍ ഓരോ വര്‍ഷവും നമ്മുടെ രാജ്യത്തു പ്രഖ്യാപിച്ചു നടപ്പിലാക്കികൊണ്ടിരിക്കുന്നത്. എന്നാല്‍ അവയൊന്നും പൂര്‍ണമായ അര്‍ത്ഥത്തില്‍ ലക്ഷ്യപ്രാപ്തി നേടിയെന്ന് പറയാന്‍ സാധിക്കുകയില്ല. ഈ സാഹചര്യത്തിലാണ് ഈ വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ സ്ത്രീ ശാക്തികരണം ലക്ഷ്യമാക്കി കൊണ്ട് പ്രധാന മന്ത്രി നടത്തിയ പ്രഖ്യാപനങ്ങളെ വിലയിരുത്തേണ്ടത്.

2020 ആഗസ്ത് 15ന് ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പെണ്‍കുട്ടികളിലെ പോഷണവൈകല്യം, ശരിയായ വിവാഹപ്രായം നിശ്ചയിക്കല്‍ എന്നിവ സംബന്ധിച്ചു പഠിക്കുന്നതിന് ഒരു സമിതിയെ നിശ്ചയിച്ചിട്ടുണ്ടെന്നും, ആ സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ഒരു തീരുമാനം അടിയന്തിരമായി കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി പ്രഖാപിക്കുകയുണ്ടായി. 2020 ഫെബ്രുവരി ഒന്നിന് ബഡ്ജറ്റ് പ്രസംഗം നടത്തി കൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ സ്ത്രീകളിലെ പോഷണ വൈകല്യം ഒഴിവാക്കുന്നതിനും, മാതൃമരണനിരക്ക് കുറയ്ക്കുന്നതിനും ഒരു പെണ്‍കുട്ടി മാതൃത്വത്തിലേക്ക് പ്രവേശിക്കുന്നത് ശരിയായ പ്രായത്തില്‍ ആണോ എന്ന് നിശ്ചയിക്കുന്നതിനെ സംബന്ധിച്ചു പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഒരു പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് 2020 ജൂണില്‍ ശ്രീമതി ജയ ജെയ്റ്റ്ലി അദ്ധ്യക്ഷ ആയും മാനവശേഷി വികസന വകുപ്പ് ,സ്ത്രീ -ശിശു സംരക്ഷണ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് തുടങ്ങിയ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും അടങ്ങിയ 10 അംഗ സമിതിയെ ഈ വിഷയങ്ങള്‍ പഠിക്കുന്നതിനായി നി യോഗിക്കുകയുണ്ടായി. ജൂലൈ 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കമ്മിറ്റി പരാജയപ്പെട്ടു. ആയതിനാലാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം എന്നാണ് മനസ്സിലാക്കേണ്ടത്. അമ്മയുടെയും കുട്ടിയുടെയും ആരോഗ്യവും, പോഷണവും, പെണ്‍കുട്ടികളുടെ വിവാഹ പ്രായവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിച്ച് പരിഹാരം കാണേണ്ടത് ആണെന്നുള്ള ഒരു ചിന്ത സര്‍ക്കാരിന്റെ ഉന്നതതലത്തില്‍ ഉള്ളവര്‍ക്ക് തന്നെ ഉണ്ടാകുന്നതും കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു എന്നുള്ളതും വളരെ സ്വാഗതാര്‍ഹമാണ്.

എന്നാല്‍ വിവാഹപ്രായം വര്‍ധിപ്പിക്കാനുള്ള തീരുമാനം കൊണ്ടുമാത്രം സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ ശാരീരികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സാധിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

നിലവില്‍ 18 വയസ്സാണ് ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം. ഓരോ രാജ്യത്തും അതാതിടങ്ങളിലെ വിഭിന്നങ്ങളായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വ്യത്യസ്തമായ വിവാഹ പ്രായമാണ് നിലവിലുള്ളത്. ഇന്ത്യയെപ്പോലുള്ള ഒരു യാഥാസ്ഥിതിക സമൂഹത്തില്‍ പുതിയ കുടുംബം എന്ന സങ്കല്‍പ്പത്തിന്റെ പൂര്‍ത്തീകരണവും, പുനരുല്‍പാദന പ്രക്രിയയുടെ ആരംഭവുമാണ് വിവാഹം എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്. ചെറിയ പ്രായത്തില്‍ വിവാഹിതരാവുകയും പുനരുത്പാദനം നടത്തുകയും ചെയ്യുന്നതിലൂടെ സ്ത്രീകള്‍ക്കുണ്ടാകുന്ന ആരോഗ്യപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ക്ക് നമ്മുടെ സമൂഹം വളരെയൊന്നും പ്രാധാന്യം നല്‍കുന്നില്ല.

സ്വന്തം ആരോഗ്യവും, കുട്ടിയുടെ ആരോഗ്യവും സംരക്ഷിക്കാനുള്ള പ്രാപ്തി കൈവരിക്കുന്നതിന് മുന്‍പ് നടക്കുന്ന പുനരുത്പാദനം സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുമെന്നാണ് ജീവ ശാസ്ത്രകാരന്മാരുടെ കണ്ടെത്തല്‍. എന്നാല്‍ നേരത്തെയുള്ള വിവാഹവും പുനരുത്പാദനവും സ്ത്രീകള്‍ക്ക് അര്‍ഹമായ ആരോഗ്യം, വിദ്യാഭ്യാസം, ജോലി എന്നിവയുടെ നിരാസത്തിനും സമപ്രായക്കാരും ആയുള്ള സാമൂഹികമായ ഒത്തുചേരലിനും സാധാരണമായ സാമൂഹിക ജീവിതം നയിക്കുന്നതിനും തടസ്സമാകും എന്നാണ് സാമൂഹിക ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തല്‍.

ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (IFPRI) പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് 19 വയസ്സില്‍ താഴെ പ്രായമുള്ള അമ്മമാരുടെ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായ അമ്മമാരുടെ കുട്ടികളെക്കാള്‍ 5 മുതല്‍ 11 ശതമാനം വരെ വളര്‍ച്ച മുരടിപ്പ് ഉണ്ടാവാന്‍ ഇടയുണ്ടെന്നാണ്. അതുപോലെതന്നെയാണ് കുട്ടികളുടെ ഭാരക്കുറവിന്റെ കാര്യവും കൗമാരക്കാരായ അമ്മമാരുടെ കുട്ടികള്‍ക്ക് പ്രായ പൂര്‍ത്തി ആയ അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികളെക്കള്‍ ഭാരക്കുറവ് ഉണ്ടാകാനുള്ള സാധ്യത 10 ശതമാനം കൂടുതലാണെന്നാണ് ഈ പഠനം പറയുന്നത്.

അമ്മമാരുടെ വിദ്യാഭ്യാസ കുറവ്, സാമ്പത്തികഭദ്രത ഇല്ലായ്മ എന്നിവ കുട്ടികളുടെ വളര്‍ച്ചയെ വളരെയധികം സ്വാധീനിക്കുമെന്നും വിവാഹപ്രായവും ആദ്യത്തെ കുട്ടിയെ ഗര്‍ഭം ധരിക്കല്‍ പ്രായവും വര്‍ധിപ്പിക്കുക, പെണ്‍കുട്ടികളുടെ ഉയര്‍ന്ന വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്നിവ മാതൃ - ശിശു പോഷണം വര്‍ദ്ധിപ്പിക്കുന്നതിനും മാതൃ - ശിശു മരണനിരക്ക് കുറയ്ക്കുന്നതിനും വളരെ മികച്ച മാര്‍ഗങ്ങള്‍ ആണെന്നും പഠനം കണ്ടെത്തുകയുണ്ടായി. ദാരിദ്ര്യവും സുരക്ഷിതത്വമില്ലായ്മയുമാണ് പെണ്‍കുട്ടികളെ നേരത്തെ വിവാഹം ചെയ്തയക്കുന്നതിനുള്ള പ്രധാന കാരണം എന്നതുകൊണ്ടുതന്നെ പെണ്‍കുട്ടികളെ വിവിധതരത്തില്‍ ശാക്തീകരിച്ച് കൊണ്ടുമാത്രമേ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ എന്നാണ് വിദഗ്ധാഭിപ്രായം.

കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി ദേശീയതലത്തില്‍ രൂപംകൊണ്ട 21 എന്‍ ജി ഒകള്‍ അടങ്ങുന്ന കൂട്ടായ്മ സമിതിക്കു മുമ്പാകെ നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത് പെണ്‍കുട്ടികളുടെ വിവാഹ പ്രായം വര്‍ദ്ധിപ്പിച്ചു കൊണ്ട് മാത്രം സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവില്ല എന്നാണ്. മാത്രവുമല്ല ഇന്ത്യ പോലൊരു രാജ്യത്ത് വിവാഹപ്രായം ഇനിയും കൂട്ടുന്നത് നിയമപരമായല്ലാത്ത വിവാഹത്തെ പ്രോത്സാഹിപ്പിക്കുമെന്നും പെണ്‍കുട്ടികളെ പ്രായം കൂട്ടി കാണിച്ച് വിവാഹം കഴിച്ചയക്കുന്നത് പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയും ഇത്തരം പെണ്‍കുട്ടികള്‍ക്ക് നിയമപരമായ സംരക്ഷണം ലഭിക്കാതെ വരുന്നതിന് ഇത് കാരണമാവുകയും ചെയ്യും എന്നാണ് അവരുടെ അഭിപ്രായം.

ആയതിനു പകരം പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം, ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള സൗകര്യം, ജോലി ലഭിക്കുന്നതിനുള്ള പരിശീലനം എന്നിവ ലഭ്യമാക്കി കൊണ്ട് സ്വയം ശാക്തീകരണം സാധ്യമാകുന്ന തരത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് അവര്‍ക്ക് ആവശ്യം. സുരക്ഷിതമായ ലൈംഗിക, പുനരുത്പാദന, ആരോഗ്യ വിവരങ്ങളുടെ ലഭ്യതയും, ഉന്നത വിദ്യാഭ്യാസം, ജോലി പരിശീലനം എന്നിവ ലഭ്യമാക്കുന്നതും പെണ്‍കുട്ടികളുടെ വിവാഹപ്രായം സ്വാഭാവികമായി വര്‍ദ്ധക്കുന്നതിന് കാരണമാകുമെന്നും അവര്‍ വാദിക്കുന്നു.

ശിശു വിവാഹങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടത് വളരെ അത്യാവശ്യം ആണെങ്കിലും, പെണ്‍കുട്ടികളെ സ്‌കൂളുകളില്‍ തുടരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, സ്ത്രീകളുടേയും കുട്ടികളുടേയും സാമ്പത്തിക സാമൂഹിക ശാക്തീകരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുക, അവരുടെ വിദ്യാഭ്യാസപരവും ആരോഗ്യപരവും സ്വഭാവപരവുമായ മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് സ്ത്രീ ശാക്തികരണത്തിന് വളരെ അത്യാവശ്യമാണ് എന്ന് കാണാം.


Keywords: Article, Women, Marriage, Vinod K Mughattala, Country, Party, Raising the age of marriage and women's empowerment


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia