എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം.50)
കൂക്കാനം റഹ് മാന്‍
(www.kvartha.com 03.12.2020) നാലാം ക്ലാസില്‍ പഠനം നിര്‍ത്തിയവനാണ് ഇന്നത്തെ സി ക്ലാസ് കോണ്‍ട്രാക്ടറായ എന്റെ അനൗപചാരിക പഠന കേന്ദ്രം വിദ്യാര്‍ത്ഥി തമ്പാന്‍. വിവിധ വഴികളിലൂടെ സഞ്ചരിച്ച തമ്പാന്‍ അമ്പത്തിയേഴ് പിന്നിട്ട ഈ സമയത്ത് പഴയ കാലത്തേക്ക് ഒന്നു തിരിഞ്ഞു നോക്കുകയാണ്. ഓര്‍മ്മകള്‍ പങ്കിടുന്നതും ഓര്‍ക്കുന്നതും വരും തലമുറക്ക് പ്രചോദനമേകുമെന്നാണ് തമ്പാന്റെ വിശ്വാസം. ജീവിതത്തില്‍ ഒന്നുമായി തീരാന്‍ കഴിയില്ലെന്ന് കരുതിയവനാണ് നാലാം ക്ലാസുകാരനായ തമ്പാന്‍. കഠിനാധ്വാനവും, അല്പം ലോകവിവരവുമുണ്ടെങ്കില്‍ എവിടെയും എത്തിപ്പിടിക്കാനാവുമെന്ന് തമ്പാന്‍ പറയുന്നു.
കരിവെളളൂരില്‍ ആരംഭിച്ച കാന്‍ഫെഡ് പഠന കേന്ദ്രം അറിവ് നേടാനുളള വഴിയൊരുക്കി. പഠിക്കണമെന്ന അതിയായ മോഹം ഉളളിലുദിച്ചപ്പോഴായിരുന്നു പതിനേഴാം വയസ്സില്‍ അനൗപചാരിക വിദ്യാകേന്ദ്രത്തില്‍ എത്തിപ്പെട്ടത്. ഇതിന് വഴിയൊരുക്കിയത് ബീഡി കമ്പനിയിലെ ജോലിയാണ്. സാധു ബീഡി, ദിനേശ് ബീഡി കമ്പനികളിലെ അന്നത്തെ മിക്ക കൗമാരക്കാരും ഇടയ്ക്ക് വെച്ച് പഠനം നിര്‍ത്തിയവരാണ്. കമ്പനികളിലെ മുതിര്‍ന്നവരൊക്കെ ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും പൊതു ബോധത്തില്‍ മുന്‍പന്തിയിലായിരുന്നു.
കരിവെളളൂരിന്റെ രാഷ്ട്രീയ ഇടപെടല്‍ അതിന് പ്രധാന പങ്കുവഹിച്ചിരുന്നു. കമ്പനികളിലെ ഒന്നിച്ചിരിപ്പും, വായനയും, പഠനവും തൊഴിലാളികളെ വിശാല മനസ്സിന്റെ ഉടമകളാക്കി. മുതിര്‍ന്ന തൊഴിലാളികളില്‍ നിന്ന് ആര്‍ജിച്ചെടുത്ത അറിവുമായാണ് യുവാക്കളും കൗമാരക്കാരും പഠിച്ചു മറന്ന അക്ഷരം തേച്ചു മിനുക്കാന്‍ പഠന കേന്ദ്രത്തിലേക്കെത്തിയത്.
തമ്പാന്‍ കുറച്ചുകാലം മാത്രമെ ബീഡിപ്പണി പഠിക്കാന്‍ വന്നുളളൂ. ആ സമയത്താണ് മറ്റ് കൂട്ടുകാരോടൊപ്പം പഠന കേന്ദ്രത്തില്‍ എത്തിയത്. തമ്പാന്റേത് പാരമ്പര്യമായി കര്‍ഷക കുടുംബമാണ്. ബീഡിപ്പണിയില്‍ താല്‍പ്പര്യമില്ലാതെ അവന്‍ കാര്‍ഷിക മേഖലയിലേക്ക് തിരിഞ്ഞു. അമ്മയോടൊപ്പം എരുമ, പശു വളര്‍ത്തല്‍ പരിപാടിയില്‍ ഏര്‍പ്പെട്ടു. തന്നെ കൊണ്ടാവുന്നതുപോലെ കൃഷിയിലും, പശുവളര്‍ത്തലിലും അമ്മയെ സഹായിച്ചു. ക്ലാസില്‍ വന്നതുമൂലം കുറേക്കൂടി അക്ഷരജ്ഞാനം നേടിയതിനാല്‍ വായനയിലും, പഠനത്തിലും താല്‍പര്യമുണ്ടായി. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയപ്പോള്‍ ക്ലാസില്‍ വരുന്നത് ബുദ്ധിമുട്ടായി. എങ്കിലും മലയാളം, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങള്‍ ക്ലാസില്‍ വന്ന് പഠിച്ചതുമൂലം ജീവിതത്തില്‍ അത്യാവശ്യകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തി നേടി.
വീട്ടിലെ കറവയില്‍ നിന്നു കിട്ടുന്ന പാലിന് പുറമേ അടുത്ത വീടുകളില്‍ നിന്നും മറ്റും പാല്‍ ശേഖരിക്കുന്ന പരിപാടിയില്‍ ജ്യേഷ്ഠനോടൊപ്പം ചേര്‍ന്നു. ആദ്യമാദ്യം 200-300 ലിറ്റര്‍ പാല്‍ വില്പന നടത്തുന്ന ശേഷിയേ ഉണ്ടായിരുന്നുളളൂ. ക്രമേണ കാസര്‍കോട് മുതല്‍ പയ്യന്നൂര്‍ വരെ ഹോട്ടലുകളില്‍ പാല്‍ വിതരണം ചെയ്യാനുളള അവസരം കൈവന്നു. ദിനം പ്രതി രണ്ടായിരത്തിലധികം ലിറ്റര്‍ പാല്‍ വിതരണ ശേഷി അല്‍പകാലം കൊണ്ട് നേടാനായി. വതരണ ശൃംഖല മെച്ചപ്പെട്ടപ്പോള്‍ വണ്ടി വേണ്ടി വന്നു. ഡ്രൈവറെ വെക്കുന്നതിനെക്കാള്‍ നല്ലത് സ്വന്തം ഡ്രൈവിംഗ് പഠിക്കുകയെന്ന ചിന്തയിലെത്തി. പതിനെട്ട് വയസ്സു പൂര്‍ത്തിയായപ്പോള്‍ തമ്പാന്‍ ലൈസന്‍സ് കരസ്ഥമാക്കി. ജ്യേഷ്ഠനെ പാല്‍ ശേഖരണത്തിലും വിതരണത്തിലും സഹായിക്കാന്‍ തമ്പാന്‍ തയ്യാറായി. ഈ പ്രവര്‍ത്തനത്തിലൂടെ നിരവധി വ്യക്തികളെ പരിചയപ്പെടാന്‍ ഇടയായി. നല്ലൊരു വരുമാന മാര്‍ഗ്ഗമായിരുന്നു പാല്‍ കച്ചവടം.
ഏഴാം ക്ലാസ് പരീക്ഷയ്ക്കിരിക്കാന്‍ മോഹമുണ്ടെങ്കിലും ഈ പരിപാടികളിലേര്‍പ്പെട്ടപ്പോള്‍ അത് നടക്കാതെ പോയി. ഏകദേശം ഏഴെട്ട്മാസക്കാലം പ്രസ്തുത ക്ലാസില്‍ വന്നതുമൂലമുണ്ടായ നേട്ടം സമൂഹത്തില്‍ ഇടപഴകാനുളള ശാക്തീകരണം കിട്ടിയെന്നതാണ്. അനൗപചാരിക ക്ലാസില്‍ അക്ഷരം പഠിക്കുന്നതിനും, വിഷയങ്ങള്‍ പഠിക്കുന്നതിനുമപ്പുറം , ചര്‍ച്ചക്ലാസുകളും സാഹിത്യ സമാജ പ്രവര്‍ത്തനവും സമഹത്തിലെ വ്യത്യസ്തരായ വ്യക്തികളെ പങ്കെടുപ്പിച്ചു നടത്തിയ ബോധവല്‍ക്കരണ ക്ലാസുകളും മറ്റും മനസ്സിന് കൂടുതല്‍ വീശാലത കിട്ടാന്‍ ഇടയാക്കി. സമൂഹത്തില്‍ ഇടപഴകാന്‍ പറ്റിയ അറിവുകളാണ് കാന്‍ഫെഡ് നടത്തിയ പ്രസ്തുത ക്ലാസില്‍ നിന്ന് കിട്ടിയത്.
പയ്യന്നൂര്‍ റൂറല്‍ ബേങ്കിന്റെ കരിവെളളൂര്‍ ബ്രാഞ്ച് പ്രവര്‍ത്തിച്ചിരുന്ന പഴയൊരു കെട്ടിടത്തിലായിരുന്നു അന്നത്തെ ക്ലാസ് സംഘടിപ്പിച്ചിരുന്നത്. താഴത്തെ നിലയില്‍ ഏഴാം ക്ലാസും മുകളിലത്തെ നിലയില്‍ എസ് എസ് എല്‍ സി പരീക്ഷയ്ക്ക് വേണ്ടിയുളള ക്ലാസുമാണ് നടത്തിയിരുന്നത്. വൈകുന്നേരങ്ങളില്‍ ബീഡിക്കമ്പനികളില്‍ നിന്നും, നെയ്ത്ത് ശാലകളില്‍ നിന്നും തൊഴിലാളികള്‍ കൂട്ടത്തോടെ ഇവിടേക്ക് എത്തുമായിരുന്നു. പ്രസ്തുത ക്ലാസിലേക്ക് എത്താനും പഠിക്കാനും പ്രേരണയും പ്രചോദനവും കൂക്കാനം റഹ് മാന്‍ മാഷായിരുന്നു. എന്ന് തമ്പാന്‍ പറഞ്ഞു.
പതിനെട്ടിലെത്തിയപ്പോള്‍ തന്നെ തമ്പാന്‍ ബീഡിപ്പണിയില്‍ നിന്ന് കാര്‍ഷികമേഖലയിലേക്കും ,ഡ്രൈവര്‍ ജോലിയിലേക്കും എത്തപ്പെട്ടു. ഇതിലൊന്നും ഉറച്ചു നില്‍ക്കാതെ പുതിയൊരു മേഖല തേടുകയായിരുന്നു തമ്പാന്റെ ഊര്‍ജ്ജസ്വലമായ മനസ്സ്. ഓരോ മേഖലയിലും ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ തമ്പാന്റെ സ്വഭാവ മഹിമയാണ് കാരണമെന്ന് പുറമേനിന്ന് നോക്കിക്കാണുന്ന എനിക്ക് ബോധ്യമായിട്ടുണ്ട്.
ഇപ്പോള്‍ കോണ്‍ട്രാക്ട് മേഖലയില്‍ തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് തമ്പാന്‍. സിക്ലാസ് കോണ്‍ട്രാക്ടറാണ് തമ്പാനിപ്പോള്‍.ഇവിടുന്നും ഒരു പാട് മുന്നോട്ട് പോവാനുളള ആര്‍ജവം തമ്പാനുണ്ട്. വായില്‍ വെളളിക്കരണ്ടിയുമായി ജനിച്ചവനല്ല തമ്പാന്‍. പട്ടിണി അറിഞ്ഞും പ്രയാസങ്ങള്‍ അതിജീവിച്ചും കഠിനാധ്വാനം ചെയ്തും മുന്നറിക്കൊണ്ടിരിക്കുന്നവനാണ് . ഞാന്‍ തമ്പാനെ വിളിക്കുമ്പോള്‍ ഒരു വര്‍ക്ക് സൈറ്റിലാണുണ്ടായിരുന്നത്. എന്തോ തിരക്കു പിടിച്ച അവസരമായിട്ട് പോലും എന്നോട് സംസാരിക്കാനുളള സന്മനസ്സ് കാട്ടി തമ്പാന്‍. എപ്പോഴും ടെന്‍ഷനാണ് സാര്‍ എന്നാണ് പറഞ്ഞത്. ആ ടെന്‍ഷനിലും സന്തോഷം കണ്ടെത്താന്‍ കഴിയുന്നുണ്ട് തമ്പാന്. ഇപ്പോള്‍ റോഡിന്റെ വര്‍ക്കാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പഞ്ചായത്ത് ഇലക്ഷന്‍ അടുത്തുവരാറായി. നാട്ടുകാരൊക്കെ ഉണര്‍ന്നിരിക്കുന്ന സമയം. റോഡിന്റെ പണി തുടങ്ങിയില്ലെങ്കിലും, പൂര്‍ത്തിയായില്ലെങ്കിലും പ്രശ്‌നം തന്നെ. അതിഥി തൊഴിലാളികളുടെ ക്ഷാമമുണ്ട്. കൊറോണക്കാലമായതിനാല്‍ അവര്‍ക്ക് യാത്രാ പ്രശ്‌നമുണ്ട്. എങ്കിലും ഏറ്റെടുത്ത പണി പൂര്‍ത്തിയാക്കിയേ പറ്റൂ. ഝാര്‍ഘണ്ടുകാരായ തൊഴിലാളികളാണ് ഇപ്പോള്‍ ഏറ്റെടുത്ത റോഡു വര്‍ക്കിന് വേണ്ടത്. ഞാന്‍ വിളിക്കുമ്പോള്‍ അവരെ തൊഴിലിടങ്ങളിലേക്കെത്തിക്കാനുളള കഠിന ശ്രമത്തിലായിരുന്നു തമ്പാന്‍.
ഇതിനിടയിലും പൊതു പ്രവര്‍ത്തനത്തിലും തമ്പാന്‍ പങ്കാളിയാവുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഓണക്കുന്നില്‍ മോശമല്ലാത്തൊരു വീടുവെക്കാന്‍ കഴിഞ്ഞു. ഗീതയാണ് ജീവിത പങ്കാളി. രണ്ട് പെണ്‍ കുട്ടികളുണ്ട്. കാവ്യ കോയമ്പത്തൂരില്‍ എം.ടെക്കിന് പഠിക്കുന്നു. നവ്യ ബി.ടെക്ക് വിദ്യാര്‍ത്ഥിനിയാണ്. ജീവിതം തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷത്തിനേ വകയുളളൂ.ഇങ്ങിനെയൊക്കെ ആവാന്‍ കഴിയുമെന്ന് ചിന്തിച്ചതു പോലുമില്ല. സഹായിച്ചവരോടും വഴികാട്ടിയവരോടും മനസ്സില്‍ എന്നും നന്ദിയും ആദരവും സൂക്ഷിക്കുന്നു.
Keywords:
Article, Kookanam-Rahman, Study class, Education, Students, Those who are guided bow down in their minds
Also Read:
വേ
റിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സുരേന്ദ്രന്‍49
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.