വി കെ സി വെറും പാദരക്ഷയുടെ പേരല്ല

 


കോഴിക്കോട്: (www.kvartha.com 12.12.2020) തദ്ദേശ സ്വയംഭരണ തലങ്ങളിലും നിയമനിര്‍മ്മാണ സഭയിലും അംഗമാകാന്‍ കഴിഞ്ഞ അപൂര്‍വ്വ ജനപ്രതിനിധിയായി വേറിട്ടുനില്‍ക്കുകയാണ് വ്യവസായ, പൊതുപ്രവര്‍ത്തന ചങ്കുകളുമായി വി കെ സി മുഹമ്മദ് കോയ എം എല്‍ എ, പഞ്ചായത്ത് പ്രസിഡണ്ട്, ജില്ല കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, സഹകരണ സംഘം പ്രസിഡണ്ട്, ജില്ല പഞ്ചായത്ത് പ്രസിഡണ്ട്, വികസന അതോറിറ്റി അംഗം, മേയര്‍, എം എല്‍ എ - ഈ പദവികളേയും മറികടന്നുപോവുന്ന പാദരക്ഷയുടെ കീര്‍ത്തികിരീടം ചൂടി അദ്ദേഹം പ്രചാരണ രംഗത്ത് സജീവമാണ്.

വി കെ സിയെ കേരള നിയമസഭയിലെ രണ്ടാമത്തെ ഏറ്റവും സമ്പന്നനായ അംഗമാക്കിയത് വ്യവസായിയുടെ ചങ്കാണ്. നിറഭേദങ്ങളല്ലാതെ രാഷ്ട്രീയമില്ലാത്ത പാദരക്ഷകള്‍ വിവിധ ദേശ, ഭാഷാ വര്‍ണ്ണക്കാര്‍ അണിഞ്ഞ് സ്മാര്‍ട്ടാവുമ്പോള്‍ വി കെ സി ഗ്രൂപ്പിന്റെ ആസ്തി 30 കോടി രൂപയില്‍ മുട്ടി.

സി പി എമ്മില്‍ 1975ല്‍ അംഗത്വമെടുക്കുമ്പോള്‍ ആളുകളറിയുന്ന പൊതുപ്രവര്‍ത്തകനായി മുഹമ്മദ് കോയ മാറിക്കഴിഞ്ഞിരുന്നു. 1979-ല്‍ ചെറുവണ്ണൂര്‍-നല്ലളം പഞ്ചായത്ത് പ്രസിഡണ്ടായാണ് ജനപ്രതിനിധിയുടെ തുടക്കം. സഹകാരി എന്ന നിലയിലുള്ള മികവോടെ ഫറോക് സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, കയര്‍ വ്യവസായ സഹകരണ സംഘം പ്രസിഡണ്ട് പദവികള്‍ വഹിക്കുന്നുണ്ടായിരുന്നു. കോഴിക്കോട് വികസന അതോറിറ്റി അംഗമായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചു. ജനായത്ത ഭരണം ജില്ലാതലത്തില്‍ സമ്പൂര്‍ണ്ണമായിരുന്ന ജില്ല കൗണ്‍സില്‍ സംവിധാനത്തില്‍ ചെറുവണ്ണൂര്‍ ഡിവിഷന്‍ പ്രതീനിധീകരിച്ച് അംഗമായ കാലം പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായാണ് പ്രവര്‍ത്തിച്ചത്. ഫറോക് ഡിവിഷനില്‍ നിന്ന് 1995-ല്‍ പ്രഥമ ജില്ല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വൈസ് പ്രസിഡണ്ടായി. 2000 ത്തിലെ രണ്ടാമൂഴം ബേപ്പൂര്‍ ഡിവിഷനില്‍ നിന്നായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലും ഇരുന്നു.


വി കെ സി വെറും പാദരക്ഷയുടെ പേരല്ല


ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് 2001-ല്‍ നിയമസഭയിലെത്തി.  2015-ല്‍ കോഴിക്കോട് മേയറുടെ അങ്കിയണിയാനും സൗഭാഗ്യമുണ്ടായി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സ്വന്തം കാര്‍ മതിയെന്ന മേയറുടെ തീരുമാനം സ്വാഗതം ചെയ്ത അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ സ്വകാര്യ കാറില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പതാകയും മേയര്‍ ബോര്‍ഡും ഉപയോഗിക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കി.

മേയറായിരിക്കെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വി കെ സിയെ ബേപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ കോഴിക്കോടിന്റെ രാഷ്ട്രീയ ഉപശാലകളില്‍ ചില മര്‍മ്മരങ്ങള്‍ ഉയര്‍ന്നിരുന്നു. ബേപ്പൂരില്‍ കണ്ണുവെച്ച് തന്റെ പേരു മാത്രം സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ കയറ്റിയ മുന്‍ വ്യവസായ മന്ത്രിയെ വെട്ടി പാര്‍ടി വി കെ സിയെ രംഗത്തിറക്കിയത് ഭരണം കിട്ടിയാല്‍ വ്യവസായ മന്ത്രിയാക്കാനാണെന്നായിരുന്നു അത്.
വ്യവസായിയായതിനാല്‍ ആ മര്‍മ്മരം നേരാവുമെന്ന് രാഷ്ട്രീയ മരംനോട്ടക്കാര്‍ നിരീക്ഷിക്കുകയും ചെയ്തതാണ്. പാര്‍ടിയുടെ മനസ്സ് മാനത്തു കണ്ട വി കെ സി സ്വതസിദ്ധ പുഞ്ചിരിയോടെ ഗൗണ്‍ അഴിച്ച് തോട്ടത്തില്‍ രവീന്ദ്രനെ പുതപ്പിച്ചു. കാറില്‍ എം എല്‍ എ ബോര്‍ഡ് വെക്കുകയും ചെയ്തു.

വി കെ സി വെറും പാദരക്ഷയുടെ പേരല്ല

വി കെ സി വെറും പാദരക്ഷയുടെ പേരല്ല

വി കെ സി വെറും പാദരക്ഷയുടെ പേരല്ല





Keywords: Kerala, Kozhikode, Election, MLA, President, CPM, Bank, VKC is not just a name for footwear

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia