കൂക്കാനം റഹ്‌മാന്‍
രാത്രി പത്തരമണിയായി കാണും. ഒരു ഫോണ്‍ കാള്‍ വന്നു. സ്ഥിരമായി വിളിക്കുന്ന നമ്പറില്‍ നിന്നായതിനാല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. മറുതലയ്ക്കല്‍ സാമൂഹ്യ പ്രവര്‍ത്തകയായ എന്റെ സുഹൃത്താണ്. 'മാഷ് ഉറങ്ങിയില്ലല്ലോ?നാളേക്ക് ഞാന്‍ മറന്നു പോകും. അതുകൊണ്ടാണ് ഈ അസമയത്ത് വിളിച്ചത്. ഇന്ന് കണ്ട കാഴ്ചയാണ് മാഷേ. നമ്മുടെ ജില്ലയിലെ മലയോര ഗ്രാമത്തില്‍ നടന്ന ഒരു സംഭവം. അടുത്ത നാളുകളില്‍ ചോര കുഞ്ഞുങ്ങളോടും, നൊന്തു പെറ്റ കുഞ്ഞുങ്ങളോടും അമ്മമാര്‍ കാണിക്കുന്ന ക്രൂരതകള്‍ വര്‍ദ്ധിച്ചു വരികയല്ലേ മാഷേ?'
'ഇതെന്താണ് സംഭവമന്നെ് പറയു?' ഞാന്‍ ആകാംക്ഷയോടെ തിരക്കി. ഈ പ്രദേശത്ത് എത്തി ചേരാന്‍ നന്നേ പ്രയാസപ്പെട്ടു. കുത്തനെയുള്ള കുന്ന് കയറി വേണം ഈ വീട്ടിലെത്താന്‍. ചെറിയൊരു വീട്. പുറത്തൊന്നും ആളനക്കമില്ല. ഞാനും എന്റെ കൂടെ വന്ന സുഹൃത്തുക്കളും വീടിന്റെ വാതില്‍ മെല്ലെ തുറന്ന് നോക്കി. കാണാന്‍ പറ്റാത്ത കാഴ്ചയായിരുന്നു ഒരു മുപ്പത്-മുപ്പത്തഞ്ച് വയസ്സു തോന്നിക്കുന്ന യുവതി വീടിനകത്ത് വെറും തറയില്‍ ഉടു തുണിയില്ലാതെ കിടക്കുന്നു. വാതിലില്‍ മുട്ടി ശബ്ദമുണ്ടാക്കി. ആ സ്ത്രീ മെല്ലെ കണ്ണു തുറന്നു തല പൊക്കാന്‍ പറ്റുന്നില്ല. വീണ്ടും അതേ കിടത്തം. അയല്‍പക്കകാരിയായ ഒരു സ്ത്രീയും കൂടെ വന്നിരുന്നു. അവര്‍ കിടക്കുന്ന സ്ത്രീയുടെ ശരീരത്തില്‍ തുണിയിട്ട് നഗ്നത മറച്ചു.
ഞങ്ങള്‍ അവിടെ ചെന്നത് സ്ഥലത്തെ അങ്കണ്‍വാടി ടീച്ചര്‍ വിളിച്ചത് കൊണ്ടാണ്. 'നിങ്ങള്‍ വരണം. പഞ്ചായത്ത് മെമ്പറെയും അറിയാവുന്ന സാമൂഹ്യ പ്രവര്‍ത്തകരേയൊക്കെ കൂട്ടിവരണം' എന്നായിരുന്നു അങ്കണ്‍വാടി ടീച്ചറുടെ ആവശ്യം. എന്റെ വീട്ടില്‍ ആറുവയസ്സുകാരിയായ പെണ്‍കുട്ടി അഭയം തേടി വന്നിട്ടുണ്ട്. നിങ്ങള്‍ ഉടനെ വന്നേ പറ്റൂ എന്തോ പ്രശ്‌നമുണ്ടെന്നു മനസ്സിലാക്കി കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഞങ്ങള്‍ അവിടെ എത്തിയത്. തീരെ ശേഷിയില്ലാത്ത ഒട്ടിയവയറുമായി നില്‍ക്കുന്ന ആറ് വയസ്സുകാരിയായ പെണ്‍കുട്ടിയെ കണ്ടു. അവള്‍ കണ്ണീരൊലിപ്പിച്ച് വിക്കി വിക്കി കാര്യങ്ങള്‍ പറഞ്ഞു.
'എന്നെ അമ്മ തല്ലും കണ്ണിലും മുഖത്താകെയും പറങ്കി അരച്ചത് തേക്കും. പിടിച്ചു കെട്ടിയിട്ടാണ് ഇതൊക്കെ ചെയ്യുന്നത്. ഇന്നലെ എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാന്‍ ഓടി രക്ഷപ്പെട്ടതാണ്. അല്ലെങ്കില്‍ ഞാന്‍ ചത്തു പോകുമായിരുന്നു. പതിനാലു വയസ്സുകാരിയായ എന്റെ ചേച്ചിയേയും അമ്മ ഇതേപോലെ ദ്രോഹിക്കും. അവളേയും നിങ്ങളെ പോലുള്ള ചിലര്‍ വന്ന് കൂട്ടി കൊണ്ടു പോയതാണ്. ഇത്രയും അവള്‍ ആവും വിധം പറഞ്ഞൊപ്പിച്ചു.' ഈ സംഭവത്തെക്കുറിച്ച് അയല്‍ക്കാരി ഗ്രേസിയാണ് ഞങ്ങളോട് വിശദമായി സംസാരിച്ചത്.
ഗ്രേസിയേച്ചി പറഞ്ഞതിങ്ങിനെയാണ്. 'തെക്കു നിന്ന് വന്ന ഒരു അപ്പ എന്ന് പേരായ പുരുഷന്റെ കൂടെയാണ് ഈ കുട്ടിയുടെ അമ്മ ജീവിക്കുന്നത്. അപ്പക്ക് നാട്ടില്‍ ഭാര്യയും മക്കളുമൊക്കെയുണ്ട്. അവരെയൊക്കെ ഒഴിവാക്കിക്കൊണ്ട് ഈ ഗ്രാമത്തില്‍ പണി തേടി വന്നതാണ് അദ്ദേഹം. അങ്ങിനെ ഈ സ്ത്രീയുമായി ലോഹ്യത്തിലായി കൂടെ താമസിക്കാന്‍ തുടങ്ങി. അതില്‍ ഉണ്ടായതാണ് ഈ രണ്ട് പെണ്‍കുട്ടികള്‍. ഈ കുടിലില്‍ നിന്ന് എന്നും ഒച്ചയും ബഹളവും കേള്‍ക്കാം. രണ്ടു പേരുടെയും പ്രധാന ജോലി കള്ളവാറ്റാണ്. ഉപഭോക്താക്കളായ നിരവധി പേര്‍ ഇവിടെ എത്താറുണ്ട്. ഭാര്യയും ഭര്‍ത്താവും മൂക്കറ്റം മദ്യപിക്കും. ഒരു ബോധവുമില്ലാതെ പെരുമാറും. ഭക്ഷണമൊന്നും ഉണ്ടാക്കില്ല. ഹോട്ടലില്‍ നിന്നും എന്തെങ്കിലും ഭക്ഷണം വാങ്ങിക്കൊണ്ടു വന്നാണ് കഴിക്കുന്നത്. കുട്ടികള്‍ വിശന്നു കരയും. 'വിശക്കുന്നൂ ചോറ് വേണം' എന്ന് ആര്‍ത്തലച്ച് കരയും. മദ്യ ലഹരിയില്‍ അമ്മയും അച്ഛനും കുട്ടിയെ പിടിച്ചു കെട്ടും കണ്ണിലും മുഖത്തും ഗുഹ്യഭാഗത്തുമൊക്കെ മുളക് അരച്ചു തേക്കും... ഈ ക്രൂരകൃത്യം നാട്ടുകാര്‍ക്കെല്ലാം അറിയാം. മൂത്ത മകളെ ഇങ്ങിനെയൊക്കെ ചെയ്യുന്നത് കൊണ്ടാണ് നാട്ടുകാരൊക്കെ ഇടപെട്ട് സര്‍ക്കാര്‍ ഹോമിലാക്കിയത്.'
'ഈ അച്ഛനും അമ്മയ്ക്കും തന്റെ കുട്ടികളെ ഇത്തരത്തില്‍ മാരകമായി പീഡിപ്പിക്കാന്‍ പ്രയാസമില്ലാത്തതെന്തേ? ഞാന്‍ പ്രസവിച്ച മകളാണിതെന്ന് ബോധ്യമില്ലാത്തതെന്തേ? മാഷൊരു ഉത്തരം കണ്ടു പിടിച്ചു തരണം.'
'ഉത്തരം കണ്ടെത്താന്‍ പ്രയാസമൊന്നുമില്ല സുഹൃത്തെ, മദ്യം അകത്തു ചെന്നാല്‍ അവര്‍ മനുഷ്യസ്വഭാവം കൈവിട്ട് പിശാചിന്റെ സ്വഭാവം കാണിക്കും. അവരെ അങ്ങിനെ ആക്കി തീര്‍ക്കുന്നത് അവരുടെചുറ്റും സാമ്പത്തിക ശേഷിയുള്ള, അവരെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന വ്യക്തികളാണ്. ദളിതരും, നിരക്ഷരരും, സമൂഹ ബന്ധങ്ങളുമില്ലാത്തവരുമാണ് കോളനികളില്‍ ലഹരിക്ക് അടിമകളായി തീരുന്നത്. നിങ്ങള്‍ കണ്ട കാഴ്ചയിലെ കഥാപാത്രങ്ങളെ കുറിച്ച് ആലോചിക്കൂ. എവിടുന്നോ വന്ന പുരുഷന്‍ അയാളുടെ സുഖസൗകര്യത്തിനായി ആ സ്ത്രീയുടെ കൂടെ താമസിക്കാന്‍ തുടങ്ങി. അയാള്‍ക്ക് കുഞ്ഞുങ്ങളുണ്ടാവണമെന്ന മോഹമൊന്നുമില്ല. ലൈംഗീകാസ്വാദനം നടത്തിയപ്പോള്‍ ആ സ്ത്രീ ഗര്‍ഭിണിയായി. അവള്‍ പ്രസവിച്ചു. തന്റെ മക്കളെകുറിച്ചാലോചിക്കാതെ ഓരോദിനവും മാക്‌സിമം മതിമറന്ന് ആഹ്ലാദിക്കുക എന്ന ചിന്ത മൂലം മൂക്കറ്റം മദ്യപിച്ച് അഴിഞ്ഞാടുകയാണവര്‍. ഉണ്ടായിപ്പോയ കുട്ടികള്‍ അവരുടെ നിറം കെട്ട ജീവിതത്തിന് തടസ്സമായി മാറുന്നു. അവര്‍ വിശപ്പു സഹിക്കാനാവാതെ വാവിട്ടു നിലവിളിക്കുമ്പോള്‍ അവരെ ക്രൂരമായ പീഡനത്തിനിരയാക്കുന്നു. ഇതല്ലെ യഥാര്‍ത്ഥ വസ്തുത?'
നാടു മുഴുവന്‍ ലഹരി വസ്തുക്കളുടെ ആസ്വാദനത്തിലാണിന്ന്, സമൂഹത്തിലെ ഉന്നതര്‍ തൊട്ട് താഴെത്തട്ടിലെ പട്ടിണി പാവങ്ങള്‍ വരെ ലഹരി വസ്തുക്കള്‍ക്ക് അടിമകളായിത്തീര്‍ന്നു. സമൂഹത്തില്‍ നിന്നുണ്ടാകുന്ന അപവാദങ്ങളെ അവര്‍ക്ക് പേടിയില്ലാതായി. എന്തും പറയാം ചെയ്യാം എന്ന അവസ്ഥ കൈവന്നു. ലഹരി ഉപയോഗിക്കുന്ന വ്യക്തികള്‍ എന്തെങ്കിലും തോന്ന്യാസം ചെയ്താല്‍ ജനങ്ങളുടെ പ്രതികരണമിങ്ങിനെയാണ്. 'അത് മദ്യ ലഹരിയില്‍ ചെയ്തതാണ്.' വളരെ ലഘൂകരിച്ച് ഈ പ്രവര്‍ത്തനത്തെ കാണുന്ന സമൂഹവും അതുപയോഗിച്ച് ചെയ്തുകൂട്ടുന്ന പ്രവൃത്തികൊണ്ട് പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലായെന്ന ധാരണയുള്ള മദ്യപാനികളും വിഹരിക്കുന്ന നാടായി മാറി നമ്മുടേത്.
മലയോരത്തെ ദളിത് വിഭാഗത്തില്‍പ്പെട്ട അപ്പയും അയാളുടെ ഭാര്യയും തങ്ങളുടെ സ്വന്തം കുട്ടികളോട് ചെയ്ത ക്രൂരതയ്ക്ക് ജനത്തിന്റെ പ്രതികരണം 'അത് മദ്യപിച്ചിട്ടാണ്, അവരെന്നും മൂക്കറ്റം കുടിച്ച് ലഹള കൂട്ടുകയും കുട്ടികളെ മര്‍ദ്ദിക്കുകയും ചെയ്യാറുണ്ട്' എന്നത് സാധാരണ ഒരു സംഭവമായി മാത്രം നോക്കികാണുകയാണ്. അതിന്റെ പ്രതിവിധി തേടാനോ അവരെ അതില്‍ നിന്ന് മോചിപ്പിക്കാനോ ഉള്ള ഒരു ശ്രമവും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നോ, അക്കൂട്ടരെ നന്മയിലേക്ക് നയിക്കാന്‍ വേണ്ടിമാത്രം സര്‍ക്കാര്‍ മുഖേന നിയമിതരായ ഉദ്യോഗസ്ഥരോ കൈകൊള്ളുന്നില്ല എന്നുള്ളതും അത്ഭുതകരമാണ്.
കുട്ടികളെ പീഡിപ്പിക്കുന്നതും കൊല്ലുന്നതും എല്ലാം ലഹരി ഉപയോഗം മൂലമാണെന്ന നിഗമനത്തിലെത്താന്‍ വരട്ടെ. കഴിഞ്ഞാഴ്ച ഒരു ചോര കുഞ്ഞിനെ കോഡ്‌വയറ് ഉപയോഗിച്ച് കഴുത്ത് മുറുക്കികൊന്നത് ലഹരിയിലല്ല. കൂടെ കൂടെ പ്രസവിക്കുന്നത് മറ്റുള്ളവര്‍ അറിഞ്ഞാല്‍ നാണക്കേടല്ലേ എന്ന ദുരഭിമാനമാണ് അതിനു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. ആശിച്ച കുട്ടിയെ (ആണ്‍കുട്ടിയെ) പ്രസവിക്കാത്തതിനാല്‍ ജനിച്ചത് പെണ്ണായി പോയതിനാല്‍ കുട്ടികളെ വക വരുത്തുന്ന അച്ഛനും അമ്മയും ഉള്ള നാടാണിത്. വിദ്യാസമ്പന്നരും അധ്യാപകരുമായ ദമ്പതികള്‍ കുട്ടികള്‍ പുനര്‍ജ്ജനിക്കുമെന്ന് പറഞ്ഞ് അടിച്ച് തലയോട്ടി തകര്‍ത്ത് കൊല ചെയ്തത് അവര്‍ പോറ്റി വളര്‍ത്തിയ രണ്ട് പെണ്‍കുട്ടികളെയാണ്. അന്ധ വിശ്വാസത്തിന് അറുതി വരാത്ത കാലം. സാമ്പത്തികമായി തകരുമ്പോള്‍ കുഞ്ഞുങ്ങളെയൊപ്പം കൂട്ടി ജീവിതത്തോട് വിടപറയുന്നവരും നിരവധിയുണ്ടിവിടെ. ഇത്തരക്കാരുടെ മാനസികാവസ്ഥ മാറ്റിയെടുക്കാന്‍ പ്രയാസകരമാണ്.
കോളനികളില്‍ ദളിതരുടെ ഇടയില്‍ ഇത്തരം മാന്യത നഷ്ടപ്പെടുന്നതുമൂലമുള്ള കൊലയോ, പീഡനമോ നടക്കുന്നില്ല. ഇവിടെയുള്ളത് സമൂഹത്തിന്റെ കാഴ്ചപ്പാട് മാറാത്തതുമൂലം സംഭവിക്കുന്നതാണ്. അവര്‍ അങ്ങിനെയാണ് അവരെ മാറ്റാന്‍ പറ്റില്ല എന്ന നിലപാട് സമൂഹം മാറ്റണം. ദളിത് വിഭാഗക്കാരുടെയിടയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ നിരവധിയുണ്ട് എനിക്ക്. ലഹരിയുടെ പിടിയില്‍ നിന്ന് അവരെ മോചിതരാക്കാന്‍ പ്രയാസമുള്ള കാര്യമാണ്. തുടര്‍ച്ചയായുള്ള ഇടപെടല്‍ മൂലം അല്‍പാല്‍പം മാറ്റം വരുത്താന്‍ കഴിയും നീചമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുറേശ്ശയായി അവരെ മാറ്റിയെടുക്കാന്‍ കഴിയും. നിരന്തരമായ ഇടപെടലുകള്‍,കൂടിച്ചേരലുകള്‍ കുടിലുകളിലൂടെ കയറിയിറങ്ങല്‍ ഇവ വഴി സാധ്യമാകുമെന്ന വിശ്വാസം എനിക്ക് അനുഭവഭേദ്യമായിട്ടുണ്ട്.
എല്ലാം സൗജന്യമായി ലഭിക്കുമെന്നും, കുട്ടികളെ പീഡിപ്പിച്ചാല്‍ അവരെ സര്‍ക്കാര്‍ മുഖേന രക്ഷപ്പെടുത്തുമെന്നും, അവിവാഹിയായി ഗര്‍ഭിണിയായാല്‍ 'അണ്‍വെഡഡ് മദേര്‍സ്' എന്ന രീതിയില്‍ സംരക്ഷണമുണ്ടാകുമെന്നും ഉള്ള ധാരണയില്‍ കഴിയുന്ന ഇത്തരം ആള്‍ക്കാരെ ബോധവല്‍ക്കരിക്കാനുള്ള തീവ്രശ്രമം ഉണ്ടായേ പറ്റൂ. അതും സര്‍ക്കാരംഗീകൃത പരിപാടിയാവരുത്. സന്നദ്ധമാവണം. ത്യാഗപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളുമുണ്ടാകണം...
Keywords: Article, Kookanam-Rahman, Child, Drunkards, Attack, Assault, Hungry.... give me rice.