എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം.61)
കൂക്കാനം റഹ് മാന്‍
(www.kvartha.com 06.01.2021) ബീഫാത്തിമയുടെ ഏക മകനാണ് ഷാനവാസ്. ബാപ്പയെ കണ്ട ഓര്‍മ്മ പോലും ഷാനവാസിനില്ല. അവനെ പ്രസവിച്ച് രണ്ടോ മൂന്നോ മാസം കഴിഞ്ഞപ്പോള്‍ ബാംഗ്ലൂരിലേക്ക് ജോലിക്കു പോകുന്നു എന്ന് പറഞ്ഞു പോയതാണ് പിന്നീട് ഒരു വിവരവുമില്ലായിരുന്നു. യൗവനത്തിലേ വിധവയായവളാണ് ബീഫാത്തിമ. ഷാനവാസിന് വേണ്ടി മാത്രം അവള്‍ ജീവിച്ചു. വലിയൊരു പഴയ തറവാട് വീടുണ്ട്. അത് ഉമ്മാമയുടെ പേരിലായിരുന്നു. ഉമ്മാമ മരിച്ചപ്പോള്‍ പഴകി പൊട്ടി പൊളിഞ്ഞ് വീഴാറായ വീട് ഉമ്മയ്ക്ക് കിട്ടി. ഇരുപത് സെന്റ് ഭൂമിയില്‍ പടര്‍ന്നു പന്തലിച്ച് കിടക്കുന്ന മാവും, പ്ലാവും മാത്രം. വീടിന്റെ പിന്‍വശത്ത് നിരവധി ശാഖകളുമയി വളര്‍ന്നു നില്‍ക്കുന്ന സീതാപഴമരവുമുണ്ട്. പറമ്പിന്റെ മൂലയില്‍ മറ്റെവിടെയും കാണാത്ത ഒരു പശമരവും ഉണ്ട്.
കുട്ടിക്കാലത്ത് ഷാനവാസിന് നിരവധി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരുടെ ലക്ഷ്യം മാങ്ങയും, സീതാപഴവും പശമരത്തിന്റെ കായ്ച്ചു നില്‍ക്കുന്ന പശക്കായുമാണ്. ബീഫാത്തിമ അവിലിടിച്ചും, ആടിനെ വളര്‍ത്തിയും, കൃഷിപ്പണി ചെയ്തുമാണ് ജീവിച്ചു വന്നിരുന്നത്. ഷാനവാസിനെ പൊന്നുപോലെ ശ്രദ്ധിക്കും. കൂട്ടുകാരില്‍ നിന്നോ മറ്റോ കളികള്‍ക്കിടയില്‍ എന്തെങ്കിലും വേദന ഉണ്ടാകുന്ന സംഭവം ഉണ്ടായാല്‍ ബീഫാത്തിമ വഴക്കു പറയും. കണ്ടക്കോരന്‍ എന്നു വിളിക്കുന്ന കൃഷ്ണന്‍, കുഞ്ഞിരാമന്‍ എന്നു പേരായ കുറ്റിയന്‍ അമ്പു. കാരിക്കുട്ടീരെ രാഘവന്‍ തുടങ്ങിയവരാണ് ഷാനവാസിന്റെ കളി കൂട്ടുകാര്‍. ഷാനവാസ് ചെറുപ്രായത്തില്‍ തല മൊട്ടയടിച്ചാണ് നടക്കുക. അന്നത്തെ പ്രധാന കളി 'കോട്ടി കളിയാണ്.' തോറ്റു പോയാല്‍ തോല്‍വിയുടെ വലിപ്പമനുസരിച്ച് കയ്യില്‍കോട്ടി കൊണ്ട് മേട്ടം കിട്ടും ചിലപ്പോള്‍ കണ്ടക്കോരന്‍ പതിനാറ് മേട്ടമൊക്കെ ഷാനവാസിന് നല്‍കും കരഞ്ഞുകൊണ്ട് ഷാനവാസ് വീട്ടിനുളളിലേക്കോടും. ഉമ്മയോട് പരാതി പറഞ്ഞാല്‍ ഉമ്മ പുറത്തേക്ക് വന്ന് കണ്ടക്കോരനോട് വഴക്കിടും.
ഷാനവാസിന്റെ പൂര്‍വ്വീകരൊന്നും ഭൗതീക വിദ്യാഭ്യാസം നേടിയവരായിരുന്നില്ല പക്ഷെ ബീഫാത്തിമ അഞ്ചാം ക്ലാസുവരെ പഠിച്ചിട്ടുണ്ട്. അറബിയിലും നല്ല അറിവുളളവളായിരുന്നു ഫാത്തിമ. അറബി-മലയാളത്തിലുളള എല്ലാ മാലപ്പാട്ടുകളും ബീഫാത്തിമയ്ക്ക് കാണാപാഠമയിരുന്നു. ഇതെല്ലാം കൊണ്ട് മകനെ പഠിപ്പിക്കണമെന്ന ആഗ്രഹം അവള്‍ക്കുണ്ടായി. ഉമ്മയുടെ കഷ്ടപ്പാടുകളും അവനോടുളള സ്‌നേഹവാല്‍സല്യങ്ങളും അനുഭവിച്ചറിഞ്ഞ ഷാനവാസ് ഉമ്മയോട് അതിരറ്റ സ്‌നേഹം കാണിച്ചു. ഒരു നേരം പോലും മാറി നിന്ന അവസ്ഥ ഉമ്മയ്ക്കും മകനും ഇല്ലായിരുന്നു. മകനു വേണ്ടി എല്ലാം സമര്‍പ്പിക്കപ്പെട്ട ഉമ്മ. ഉമ്മയെ അതിരറ്റ് സ്‌നേഹിക്കുന്ന മകന്‍. നാട്ടുകാര്‍ക്കെല്ലാം ഉമ്മയുടെയും മകന്റെയും ജീവിതം സംഭാഷണ വിഷയമായിരുന്നു.
ഷാനവാസിന് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് ഇഷ്ടമായിരുന്നു, നാടാകാഭിനയത്തിനും, പ്രസംഗത്തിനുമൊക്കെ സമ്മാനം നേടിയെടുത്തിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനത്തിന് സജീവ പങ്കാളിയായി മാറി ഷാനവാസ്. ഇങ്ങിനെയൊക്കെ ആണെങ്കിലും ഉമ്മയുടെ സമ്മതം വാങ്ങിച്ചിട്ടേ പുറത്തിറങ്ങൂ. കൃത്യമയി പറഞ്ഞ സമയത്ത് തന്നെ വീട്ടില്‍ തിരിച്ചെത്തും. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ചു. ആ കാലത്ത് എസ് എസ് എല്‍ സിയുടെ മാര്‍ക്ക് നോക്കി ടീച്ചേര്‍സ് ട്രയിനിംഗ് കോര്‍സിന് പ്രവേശനം കിട്ടും. ഹൈസ്‌ക്കൂള്‍ ക്ലാസുകളിലും ടി ടി സിക്ക് ചേര്‍ന്നപ്പോഴും നേതൃസ്ഥാനത്ത് ഷാനവാസുണ്ടാവും. എല്ലാ കൂട്ടുകാര്‍ക്കും നല്ലതു മാത്രമെ ഷാനവാസിനെക്കുറിച്ചു പറയാനുളളൂ.
ടി ടി സി പാസായ വര്‍ഷം തന്നെ വീടിനടുത്തുളള സ്‌ക്കൂളില്‍ ജോലികിട്ടി. ബീഫാത്തിമയുടെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളക്കാന്‍ തുടങ്ങി. പൊട്ടിപ്പൊളിഞ്ഞ് വീഴാറായ വീട് ഒന്നു ശരിയാക്കിയെടുക്കണം. മകനെകൊണ്ട് കല്ല്യാണം കഴിപ്പിക്കണം. സന്തോഷത്തോടെ കണ്ണടക്കണം. ഷാനവാസിന് ഇപ്പോള്‍ പത്തൊന്‍മ്പത് വയസ്സേ ആയിട്ടുളളൂ. നാലഞ്ചു കൊല്ലക്കാലം കൊണ്ട് വീടൊന്നു പുതുക്കാന്‍ പറ്റും. അതിനു ശേഷം ബാക്കി കാര്യങ്ങള്‍ പറയാം. ഉമ്മാ എന്തു പറഞ്ഞാലും ഷാനവാസ് അംഗീകരിക്കും.
വീട് പുതുക്കി പണിയാനുളള പ്ലാനിട്ടു. നാട്ടിലെ വായനാശാലകളും വ്യക്തികളും നടത്തുന്ന 'കുറിയില്‍' ഷാനവാസ് ചേര്‍ന്നിട്ടുണ്ട്. അതൊക്കെ വിളിച്ചെടുത്താലും ബഡ്ജറ്റ് തികയില്ല. പറമ്പിലെ മാവും പ്ലാവും മുറിക്കണം. വീട് നിര്‍മ്മാണാവശ്യം കഴിഞ്ഞ് ബാക്കി വരുന്ന മരം വില്‍പന നടത്താമെന്ന് ഉമ്മയും മകനും ധാരണയായി. മരക്കച്ചവടക്കാരന്‍ കാദൃച്ച ഉമ്മയുടെ അകന്ന ബന്ധത്തില്‍പ്പെട്ട വ്യക്തിയാണ്. രണ്ട് വലിയ പ്ലാവും മൂന്നു വലിയ മാവും കാദൃച്ചാക്ക് വില്‍ക്കാന്‍ ധാരണയായി. ബന്ധുത്വം കാണിച്ച് മോശമല്ലാത്ത വില മരത്തിന് ലഭിച്ചു. വീടു പണി ആരംഭിച്ചു. ആറ് മാസം കൊണ്ട് നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായി. ഇനിയും ഒരുലക്ഷത്തോളം രൂപ ഉണ്ടായാലെ താമസത്തിനുളള സൗകര്യമാവൂ. കാദൃച്ച സഹായവുമായെത്തി. ബീഫാത്തിമയോട് സ്വകാര്യം പറഞ്ഞുപോലും. 'നിന്റെ ചെക്കനെ എനിക്കു തരണം. എന്റെ മൂന്നാമത്തെ മോളെ നിനക്കു തരാം.' ഉമ്മ ഒരു ചിരിയിലൊതുക്കി മറുപടി നല്‍കി.
വീടൊരുങ്ങി താമസം തുടങ്ങിയിട്ട് നാലഞ്ച് മാസമായി. സാക്ഷരതാ പ്രവര്‍ത്തനത്തിനൊക്കെ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവനാണ് ഷാനവാസ്. സ്വന്തം വീട്ടില്‍ വെച്ച് ക്ലാസു നടത്താറുണ്ട്. പത്തോളം സ്ത്രീകള്‍ ക്ലാസില്‍ നിത്യേന വരും സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനത്തിനൊക്കെ ഷാനവാസ് സജീവമായി പങ്കെടുത്തിരുന്നു. കാദൃച്ച പലപ്പോഴും വീട്ടില്‍ വരുന്നതും ബീഫാത്തിമയോട് കുശുകുശുക്കുന്നതും ഷാനവാസ് ശ്രദ്ധിച്ചു. ഒരു ദിവസം ഉമ്മ പറഞ്ഞു. 'മോനെ നമ്മുടെ മരക്കാരന്‍ കാദൃച്ച ഒരാവശ്യം എന്നോട് പറഞ്ഞു. അയാളുടെ മൂന്നാമത്തെ മോളെ നിന്നെക്കൊണ്ട് കെട്ടിക്കണമെന്ന് ഞാന്‍ പോയി നോക്കട്ടെ മോനെ?' 'ഉമ്മയ്ക്ക് ഇഷ്ടമാണെങ്കില്‍ പോയി നോക്കിക്കോളൂ. കാദൃച്ച കറുത്തിട്ടാണ്. ഉയരം കുറവുമാണ്. ഇത് മനസ്സില്‍ വെച്ചു കൊണ്ടാണ് പെണ്ണിനെ കാണാന്‍ പോയത്. പെണ്‍കുട്ടി വെളുത്ത് നീണ്ടു മെലിഞ്ഞവളാണ്. ബീഫാത്തിമയ്ക്ക് തൃപ്തിയായി.
ഷാനവാസിനോട് ഉമ്മ പെണ്ണിന്റെ സൗന്ദര്യത്തെക്കുറിച്ച് പറഞ്ഞു കൊടുത്തു. 'ഉമ്മാ അവള്‍ പഠിച്ചിട്ടുണ്ടോ?' 'ഓ ഉണ്ട് ഏഴാം ക്ലാസുവരെ ഖുർആൻ പഠിച്ചിട്ടുണ്ട്. മലയാളം നാലാം ക്ലാസുവരെയുളളൂ.' ഉമ്മയുടെ ആഗ്രഹമായതുകൊണ്ട് ഞാന്‍ സമ്മതിക്കുന്നു. കാദൃച്ചയെക്കുറിച്ച് ഷാനവാസ് കേട്ടറിഞ്ഞ കാര്യങ്ങള്‍ ഇങ്ങിനെയാണ്. വലിയ വിശ്വാസിയാണ് മതചിട്ട അക്ഷരം പ്രതി നടപ്പിലാക്കുന്ന വ്യക്തിയാണ്. പെണ്‍കുട്ടികളെ പുറത്തിറങ്ങാനൊന്നും അനുവദിക്കില്ല, ഷാനവാസ് നേരെ വിപരീതമാണ്. അവന്‍ പുരോഗമന ചിന്തയും ആശയവും കൊണ്ട് ജീവിക്കുന്നവനാണ്.
ഇരുപത്തിയഞ്ചിലെത്തിയ ഷാനവാസ് പതിനെട്ടുകാരിയായ മുംതാസിനെ വിവാഹം കഴിച്ചു. ഇപ്പോള്‍ ബീഫാത്തിമയ്ക്ക് ഒരു കൂട്ടായി. സ്‌നേഹത്തോടെ മൂവരും ജീവിച്ചു വരികയായിരുന്നു. മുംതാസ് നാലാംക്ലാസുവരെ പഠിച്ചിരുന്നെങ്കിലും അക്ഷരങ്ങള്‍ മിക്കതും മറന്നുപോയി. കൂട്ടിവായിക്കാന്‍ അറിയില്ല. ഷാനവാസ് അത് പ്രശ്‌നമായി എടുത്തില്ല. മുംതാസ് പാവമാണ്. എളിമയോടെയുളള ഇടപെടലാണ്. കടുത്ത ദൈവവിശ്വാസിയാണ്. മതചിട്ടകള്‍ കൃത്യമായി പാലിക്കും. അതിലൊന്നും ഷാനവാസ് എതിര്‍പ്പു കാണിച്ചില്ല. രണ്ടുമാസം കൊണ്ട് മുംതാസ് എഴുതാനും വായിക്കാനും പഠിച്ചു കഴിഞ്ഞു. ഷാനവാസിന്റെ സ്‌നേഹപൂര്‍വ്വമുളള ശ്രമം മൂലമാണ് മുംതാസിന് അത് സാധ്യമായത്.
ഷാനവാസ് ഉമ്മയേയും മുംതാസിനെയും കൂട്ടി ആഴ്ചയില്‍ സിനിമയ്ക്ക് പോവും. വിവാഹ ഫോട്ടോ സ്വീകരണ മുറിയില്‍ അലങ്കരിച്ചു വെച്ചിട്ടുണ്ട്. നാടാകാഭിനയത്തിന് പോകും. മുംതാസിന്റെ ഡ്രസ്സിന്റെ രീതിയില്‍ മാറ്റം വരുത്തിച്ചു. സാധാരണ ബ്ലൗസും സാരിയുമായി നടക്കാന്‍ തുടങ്ങി. ഇക്കാര്യങ്ങളൊക്കെ അറിഞ്ഞ മതാന്ധതയുളള കാദൃച്ചാന്റെ അടുത്തബന്ധുക്കള്‍ പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. അപ്പോഴേക്കും വിവാഹം നടന്ന് അഞ്ചുമാസം കഴിഞ്ഞതേയുളളൂ. നിവൃത്തിയില്ലാതെ കാദൃച്ച ഷാനവാസിനെ കാണാന്‍ വന്നു. ബീഫാത്തിമയേയും വിളിപ്പിച്ചു. ബന്ധുജനങ്ങളുടെ അഭിപ്രായം അവരോട് പറഞ്ഞു. ആ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സാധ്യമല്ലെന്ന് അസന്നിഗ്ദമായി ഷാനവാസ് പറഞ്ഞു. എന്നാല്‍ ഇതിവിടം കൊണ്ട് നിര്‍ത്തുന്നതാണ് നല്ലതെന്ന് കാദൃച്ചയും തിരിച്ചടിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി മുംതാസ് അവളുടെ വീട്ടിലാണുളളത്. കാര്യങ്ങള്‍ അറിയാന്‍ വേണ്ടി ഷാനവാസ് മുംതാസിനെ കാണാന്‍ ചെന്നു. അവിടെ എത്തുമ്പോഴേക്കും ബന്ധുജനങ്ങളുടെ പടതന്നെ തമ്പടിച്ചിട്ടുണ്ട്. 'ഇന്നു തന്നെ ഇതിന് തീരുമാനം ഉണ്ടാകണം. ഇസ്ലാംമിക രീതിക്കനുസരിച്ച് തന്നെ പെണ്ണിനെ പോറ്റാന്‍ പറ്റുമെങ്കില്‍ ഈ ബന്ധം തുടര്‍ന്നാല്‍ മതി. അല്ലെങ്കില്‍ ഇന്നിവിടെ വെച്ച് ബന്ധം അവസാനിപ്പിക്കുന്നതാവും നല്ലത്'.
ഇത് കേട്ടപ്പോള്‍ ഷാനവാസിന്റെ ആത്മാഭിമാനത്തിന് ക്ഷതം തട്ടി. അവന്‍ പറഞ്ഞു. 'എനിക്ക് മുംതാസിനെ കാണണം അവളോട് അന്വേഷിക്കണം എന്നിട്ടാവാം തീരുമാനം'. 'അതു പറ്റില്ല. ഇപ്പോള്‍ തീരുമാനം പറയണം.' വീടിന്റെ മുന്‍വശത്താണ് എല്ലാവരും കൂടിനില്‍ക്കുന്നത്. 'ഇവിടുന്ന് ഒരു സ്റ്റെപ്പ് മുന്നോട്ടോ പിന്നോട്ടോ വെക്കണമെങ്കില്‍ തീരുമാനം അറിയിക്കണം ?' എന്ന് ഷാനവാസിന് ചുറ്റും കൂടി നിന്നവര്‍ ആക്രോശിച്ചു. അവരെ തട്ടിമാറ്റി അകത്തേക്ക് കടക്കാന്‍ ശ്ര മിച്ച ഷാനവാസിനെ തടഞ്ഞു നിര്‍ത്തി. 'നിന്നോട് തലാക്ക് വാങ്ങിയിട്ട് കാര്യം' എന്ന് ആക്രോശിച്ചു ഉന്തും തളളുമായി. ശബ്ദാനമായ അന്തരീക്ഷത്തിലേക്ക് മുംതാസ് ഓടിക്കിതച്ചെത്തി. 'ഞാന്‍ ഷാനവാസിന്റെ കൂടെ പോവും…. എന്നെ വിടണം. ഷാനവാസിനെ ഒന്നും ചെയ്യല്ലേ… .'. അവള്‍ ദയനീയമായി കേണപേക്ഷിച്ചു. അവളെ പിടിച്ചു മാറ്റാന്‍ അവര്‍ ശ്രമിച്ചു പക്ഷേ അവള്‍ വഴിപ്പെട്ടില്ല. മുംതാസ് ബോധരഹിതയായി നിലത്തു വീണു. അപ്പോഴും ദയനീയമായി ഷാനവാസിനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു അവള്‍.
പിന്നെ അവള്‍ കണ്ണ് തുറന്നില്ല…ഷാനവാസിന്റെ കയ്യിലെ വിരല്‍ അവള്‍ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു. നിശ്ചലമായി കിടക്കുന്ന അവളെ നോക്കി കണ്ണീര്‍ തുടച്ചു ഷാനവാസ് തിരിഞ്ഞു നടന്നു… അടുത്ത ജന്മമുണ്ടെങ്കില്‍ ഈ കാട്ടാളന്മാരില്‍ നിന്ന് രക്ഷനേടി നമുക്കൊന്നാവാം മുംതാസെ… നമുക്കൊന്നാവാം…
ഞെട്ടിയുണര്‍ന്ന ഷാനവാസ് അടുത്ത് കിടന്നുറങ്ങുന്ന മുംതാസിനെ തട്ടിവിളിച്ചു…. 'എന്തു പറ്റി ഷാനവാസ്?' 'ഓ ഒന്നുമില്ല.. എന്തോ ഒരു സ്വപ്നം കണ്ടുപോയതാ… ഒന്നുമില്ല …ഉറങ്ങിക്കോളൂ….'
Keywords: Kookanam-Rahman, Article, Story, Family, Is life like a dream.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.