എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം / ഭാഗം 62
കൂക്കാനം റഹ് മാന്‍
(www.kvartha.com 14.02.2021) കഴിഞ്ഞ ദിവസം ഉച്ച സമയത്ത് ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയതായിരുന്നു ഞാന്‍. ഒഴിഞ്ഞ ടേബിളിനടുത്ത കസേരയില്‍ ചെന്നിരുന്നു. ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തു. കുറേ സ്ത്രീകള്‍ ഒന്നിച്ച് ഹോട്ടലിന് അകത്തേക്ക് കയറിവരുന്നത് ശ്രദ്ധിച്ചു. അതില്‍ ഒരുവള്‍ ഞാനിരിക്കുന്ന സീറ്റീന് അഭിമുഖമായി വന്നിരുന്നു. 'സാറിനെ കണ്ടത് കൊണ്ടാണ് ഞാനിവിടെ വന്നിരുന്നത്. എന്നെ ഓര്‍മ്മ ഉണ്ടാവില്ല. ഒരു അഞ്ചു വര്‍ഷം മുമ്പ് സാറിനെ കാണാന്‍ ഞാനും എന്റെ ഉമ്മയും വന്നിരുന്നു. പേര് റുഫൈദ. കൗണ്‍സിലിങ്ങിന് വേണ്ടിയാണ് ഉമ്മ എന്നെയും കൂട്ടി വന്നിരുന്നത്. ഒറ്റ ശ്വാസത്തിലാണ് അവള്‍ ഇത്രയും പറഞ്ഞത്. ഞാന്‍ അമ്പരപ്പോടെ അവളുടെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു കുറേ സമയം.
'എനിക്കോര്‍മ്മവരുന്നില്ല.' ഞാന്‍ പറഞ്ഞു.
കാര്യം സംസാരിച്ചാല്‍ സാറിന് ഓര്‍മ്മ വരും. നീണ്ടു മെലിഞ്ഞ പെണ്‍കുട്ടിയാണ് എന്റെ മുമ്പിലിരിക്കുന്നത്. ഗൗരവം തുടിക്കുന്ന മുഖഭാവമാണവള്‍ക്കിപ്പോള്‍ . തന്റേടമുളള പെണ്‍കുട്ടിയാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നും. വര്‍ത്തമാനമൊക്കെ വേഗതയിലാണ്. സ്ഫുടമായിട്ടാണ് സംസാരിക്കുന്നത്.
'ഒന്നു ഓര്‍മ്മ പെടുത്തുവാന്‍ പറ്റുമോ ?'
'തീര്‍ച്ചയായും സാര്‍. അന്ന് എനിക്ക് പതിനേഴ് വയസ്സായിരുന്നു. ഒരു ചെറുപ്പക്കാരനെ ഞാന്‍ ഇഷ്ടപ്പെട്ടുപോയി. അവന്റെ കൂടെ ജീവിക്കണമെന്നാശിച്ചു പോയി. ഒരു ദിവസം അവന്റെ കൂടെ ഇറങ്ങിപ്പോവുകയും ചെയ്തു. നാട്ടുകാരൊക്കെ എന്നെ തേടി വന്നു. അവരെന്നെ വീട്ടിലെത്തിച്ചു ആ ബന്ധത്തില്‍ നിന്ന് എന്നെ മോചിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഉമ്മ എന്നേയും കൂട്ടി സാറിനെ കാണാന്‍ വന്നത്. പതിനെട്ടു കഴിഞ്ഞേ വിവാഹം പാടുളളൂവെന്നും അതിനു മുമ്പേ നടന്നാല്‍ ഞങ്ങളെല്ലാം ജയിലിലാകുമെന്നും സാര്‍ പറഞ്ഞു. അതിനു ശേഷം വിവാഹിതരാവാം എന്ന് വാക്കും തന്നിട്ടാണ് ഞങ്ങള്‍ പിരിഞ്ഞത്.'
'എന്നിട്ടെന്തായി?'
'ഞാന്‍ അടുത്ത ദിവസം തന്നെ അവന്റെ കൂടെ പോയി. പക്ഷേ ഔപചാരികമായി വിവാഹമൊന്നും നടന്നില്ല. ഒപ്പം ജീവിച്ചു പതിനെട്ടു കഴിഞ്ഞതിനു ശേഷം വിവാഹം നടത്തി. അവനെ കണ്ടാല്‍ ആരും കൊതിച്ചു പോവും. അത്രയും സുന്ദരന്‍, സൗമ്യന്‍ നല്ല അധ്വാനി. ഇതൊക്കെ കണ്ട് വീണു പോയതാ സാര്‍ ഞാന്‍. രണ്ട് വര്‍ഷത്തിനകം ഞാന്‍ അമ്മയായി. ഇന്ന് മൂന്നുവയസ്സുകാരിയായ മകളുടെ അമ്മയാണ് ഞാന്‍. അപ്പോഴേക്കും അവന്റെ യഥാര്‍ത്ഥ മുഖം കാണാന്‍ തുടങ്ങി. കഞ്ചാവിന് അടിമയാണവന്‍. ദിവസവും മര്‍ദ്ദനം പല തവണ അവന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയോടി. രണ്ട് തവണ കെട്ടി തൂങ്ങി മരിക്കാന്‍ ശ്രമം നടത്തി.
'എന്റെ കൈത്തണ്ട കണ്ടോ സാര്‍ ഇതൊക്കെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞ അടയാളങ്ങളാണ്.'
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ചോറും കറികളും എന്റെ മുമ്പിലെത്തി. സാര്‍ കഴിക്കൂ…. ഞാന്‍ എന്റെ ഒപ്പം വന്ന സുഹൃത്തുക്കളുടെ ഒപ്പം ഇരുന്നു കഴിച്ചോളാം. ഭക്ഷണം കഴിച്ചിട്ട് ബാക്കി കാര്യങ്ങള്‍ സാറിനോട് പറയാം. ഞാന്‍ തലകുലുക്കി സമ്മതിച്ചു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ പഴയ പതിനേഴുകാരിയുടെ രൂപവും ഭാവവും സംസാരവും ഓര്‍മ്മയിലെത്തി. ഇപ്പോഴെന്താണോ ആ കുട്ടിക്ക് സംഭവിച്ചിട്ടുണ്ടാവുക.? അതറിയാന്‍ മനസ്സു മോഹിച്ചു…
ഭക്ഷണം കഴിച്ച് ഹോട്ടലിലെ സ്വീകരണ മുറിയില്‍ ഞങ്ങള്‍ മുഖാമുഖം ഇരുന്നു. അവളുടെ കൂട്ടുകാരികള്‍ യാത്ര പറഞ്ഞു പോയി. അവള്‍ വീണ്ടും തുടര്‍ന്നു.
'ഞാന്‍ അവനെ ഒഴിവാക്കിയിട്ട് രണ്ടു വര്‍ഷത്തോളമായി. എന്റെ കയ്യില്‍ നിന്ന് വന്നു പോയതെല്ലാം തെറ്റാണെന്ന് ബോധ്യപ്പെട്ടു. ഞാന്‍ കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എനിക്കിപ്പോള്‍
ആത്മധൈര്യം വന്നു. ഞാന്‍ എന്റെ മകളെ പൊന്നു പോലെ വളര്‍ത്തും അതിനുളള ജീവിത മാര്‍ഗ്ഗം ഞാന്‍ സ്വയം കണ്ടെത്തും.'
'സാറിനോട് പറയാത്ത, ആരും അറിയാത്ത ഒരു പാട് അനുഭവങ്ങള്‍ എനിക്കുണ്ട് സാര്‍. ശരിക്കും തീയ്യില്‍ മുളച്ചു വന്നവളാണ് ഞാന്‍. അതുകൊണ്ട് ഇനി ഞാന്‍ വാടില്ല.'
'ആരും അറിയാത്ത ആരോടും പറയാത്ത നിന്റെ കഥ പറയുന്നതില്‍ പ്രയാസമുണ്ടോ? അത് മറ്റുളളവര്‍ക്ക് പാഠമാകുന്നുവെങ്കില്‍ നല്ല കാര്യമല്ലേ?'
'തീര്‍ച്ചയായും സാര്‍ തുറന്ന് സംസാരിക്കുന്നതില്‍ സന്തോഷമേയുളളൂ. ഇങ്ങിനെയൊക്കെയാണ് ഒരു പെണ്‍കുട്ടി ജീവിച്ചു വന്നതെന്നും, ഇന്നും തന്റേടത്തോടെ ജീവിക്കുന്നതെന്നും സമൂഹം അറിയട്ടെ, സാര്‍ ഇക്കാര്യം എഴുതുമെന്നെനിക്കറിയാം എഴുതിക്കോളൂ'.
'എന്റെ കൂടെ അന്ന് സാറിനെ കാണാന്‍ വന്നത് എന്നെ പ്രസവിച്ച ഉമ്മയല്ല. പക്ഷേ പ്രസവിച്ച ഉമ്മയേക്കാള്‍ സ്‌നേഹ വാല്‍സ്ല്യം നല്‍കിയാണ് അവര്‍ എന്നെ വളര്‍ത്തിയത്, ഇന്നു വളര്‍ത്തുന്നതും. എന്ന പ്രസവിച്ച ഉമ്മ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. ഉപ്പ ആരാണെന്നെനിക്കറിയില്ല. ഞാന്‍ കണ്ടിട്ടില്ല. എന്റെ ഉമ്മ വഴി പിഴച്ചവളാണ് പലരുമായും അവര്‍ക്ക് ബന്ധമുണ്ട്. ഇന്നും അതേ വഴിയിലൂടെയാണ് അവരുടെ സഞ്ചാരം. അങ്ങിനെ ഏതോ ഒരു പുരുഷനിലുണ്ടായതാണ് ഞാന്‍. പക്ഷേ ആ പുരുഷന്‍ നല്ലവനാണെന്നു തോന്നുന്നു. ചിലപ്പോള്‍ വലിയ കുടുംബത്തില്‍ പിറന്നവനാവാം. അയാളുടെ നന്മകളില്‍ ചിലത് എനിക്ക് ലഭിച്ചിട്ടുണ്ടാവാം. അതാണ് ഇങ്ങിനെയൊക്കെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുളള തന്റേടം എനിക്ക് കിട്ടിയത്.'
'സാറിനെന്തു തോന്നുന്നു. ?'
'തീര്‍ച്ചയായും അങ്ങിനെയൊക്കെ സംഭവിക്കാന്‍ സാധ്യതയുണ്ട് ഇപ്പോള്‍ പ്രസവിച്ച ഉമ്മയെ കാണുമ്പോള്‍ റഫൈദയുടെ മനസ്സിലുണ്ടാകുന്ന വികാരമെന്താണ് ?'
'അതും പറയാം സാര്‍. ഞാന്‍ പെറ്റ തളളയുടെ കൂടുതല്‍ കാര്യങ്ങള്‍ പറയട്ടെ ?എനിക്ക് വെറുപ്പാണവരെ. കാണുമ്പോള്‍ ഞാന്‍ മാറി നില്‍ക്കുകയാണ് പതിവ്. ഞാന്‍ അനാഥാലയത്തില്‍ ചേര്‍ന്നാണ് പഠിച്ചത്. ഇപ്പോള്‍ എന്നെ വളര്‍ത്തുന്ന ഉമ്മയാണ് അതിനൊക്കെ വഴിയൊരുക്കിയത്. എന്നെ കാണാന്‍ പ്രസവിച്ച ഉമ്മ സ്‌ക്കൂളിലെത്തി. ഞാന്‍ വാര്‍ഡനോടും സ്‌ക്കൂള്‍ പ്രിന്‍സിപ്പാളിനോടും തറപ്പിച്ചു പറഞ്ഞു. ഇവര്‍ എന്റെ ഉമ്മയല്ല ഞാന്‍ മുന്നില്‍ നില്‍ക്കാന്‍മിനക്കെട്ടില്ല. കൊണ്ടു വന്ന സ്വീറ്റ്‌സൊന്നും സ്വീകരിച്ചില്ല. സ്വന്തം ശരീരം വിറ്റ് അസാന്‍മാര്‍ഗിക വഴിയിലൂടെ ഉണ്ടാക്കിയ തുക കൊണ്ട് വാങ്ങിയ മിഠായി സ്വീകരിക്കാന്‍ എന്റെ മനസ്സു സമ്മതിച്ചില്ല.'
'ആയില്ല സാര്‍ ഇനിയുമുണ്ട് പെറ്റമ്മയുടെ വീരകൃത്യം പറയാന്‍. എനിക്ക് ആറുമാസം പ്രായമുളളപ്പോള്‍ റെയില്‍വേ ട്രാക്കില്‍ എന്നെ കൊല്ലാന്‍ വേണ്ടി ഉപേക്ഷിച്ചു പോയതാണ് അവര്‍. കണ്ണില്‍ ചോരയില്ലാത്ത സ്ത്രീ. ചുട്ടു പൊളളുന്ന വെയിലില്‍ ട്രാക്കിലെ ചൂട് സഹിക്കാന്‍ കഴിയാതെ ഞാന്‍ നിലവിളിക്കുകയായിരുന്നു ഞാൻ. ആ സമയത്താണ് പോറ്റുമ്മ ട്രാക്കിനരികിലൂടെ നടന്നു പോകുന്നത്. അവര്‍ക്കന്ന് മുപ്പത് വയസ്സുണ്ടായിരുന്നു പോലും. വിവാഹിതയല്ല. മക്കളില്ലാത്തവള്‍ എന്നെ പൊന്നു പോലെ വളര്‍ത്തി. എനിക്ക് അവരുടെ മകളാണ് എന്ന് വിളിച്ചു പറയാന്‍ അഭിമാനമാണ്.'
'സാര്‍ ഇന്നത്തെ ചില അമ്മമാരുടെ ക്രൂരത, നൊന്തു പെറ്റ ചോര കുഞ്ഞിന്റെ കഴുത്തില്‍ വയര്‍ മുറുക്കി കൊല്ലുന്നതും. ചുട്ടു കൊല്ലുന്നതും, കുളത്തിലും പുഴയിലും ജീവനോടെ വലിച്ചെറിഞ്ഞ് കൊല്ലുന്നതും വായിച്ചറിയുമ്പോള്‍ എന്റെ നെഞ്ചകം പിളര്‍ക്കും. ഞാനും എന്റെ ക്രൂരയായ പെറ്റമ്മയുടെ നീചമായ പ്രവൃത്തിമൂലം മരിക്കേണ്ടവളായിരുന്നില്ലേ എന്നോര്‍ക്കും. ജീവിച്ചരിക്കുന്നതിനാല്‍ ഇതൊക്കെ അറിയാനിടയായി എന്നതില്‍ സന്തോഷത്തിന് വക നല്‍കുന്നില്ലെങ്കിലും ഇത്തരം അമ്മമാരിലേക്ക് ഇറങ്ങി ചെല്ലണമെന്ന് മനസ്സു പറയും. അവരോട് എന്റെ ജീവിതകഥയും ഞാന്‍ വന്ന വഴിയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കും.'
'റുഫൈദ ഇനി എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് ?'
'ഞാന്‍ എന്നാല്‍ കഴിയുന്ന ജോലി ചെയ്യും. ജീവിക്കാനാവശ്യമായ വരുമാനം ഉണ്ടാക്കും. മകളെ വളര്‍ത്തും. സമൂഹത്തില്‍ ആവുന്നതുപോലെ നന്മ ചെയ്യാനുളള വഴികള്‍ കണ്ടെത്തും. എനിക്കു വന്ന മാനസീകാനുഭവങ്ങള്‍ എന്നെ പോലുളള അനിയത്തിമാര്‍ക്ക് ഉണ്ടാവരുതെന്ന കരുതലോടെ പ്രവര്‍ത്തിക്കും. പ്രണയത്തില്‍ അകപ്പെടുംമുമ്പ്, ചെറുപ്പക്കാരനെക്കുറിച്ച് ശരിക്കും പഠിക്കണമെന്ന് ഉപദേശിക്കും. ആത്മഹത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ലെന്ന് സ്വഅനുഭവത്തിലൂടെ ബോധ്യപ്പെടുത്തി കൊടുക്കും. പുരുഷന്മാരുടെ വശീകരണ വലയില്‍ വീണു പോവാതിരിക്കാനുളള ബുദ്ധി പറഞ്ഞു കൊടുക്കും. ഇതൊക്കെ ചെയ്യാന്‍ എന്നെ പോലെ ദുരിതത്തില്‍ പെട്ട് കരകയറാന്‍ ശ്രമിക്കുന്നവരുടെ ഒരു കൂട്ടായ്മ ഉണ്ടാക്കും. ഇതൊക്കെയാണ് സാര്‍ ഞാന്‍ നടത്താന്‍ ആഗ്രഹിക്കുന്നത്.'
'റുഫൈദ നിന്നെ വീണ്ടും കണ്ടു മുട്ടിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. നീ ഒരു മാതൃകയായി സമൂഹത്തില്‍ പ്രത്യേകിച്ച് സ്ത്രീകളുടെ ഇടയില്‍ പ്രവര്‍ത്തിക്കണം. നിന്റെ അനുഭവങ്ങള്‍ ഒരു വലിയ പാഠപുസ്തകമാണ്. ഈ പാഠാനുഭവങ്ങള്‍ വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനുളള ആര്‍ജ്ജവം റുഫൈദ കാണിക്കണം. പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ ജീവിതം അപഹരിക്കാനുളള ചീത്ത മനസ്സുളള അമ്മമാരെ അതില്‍ നിന്ന് പിന്തിരിപ്പിക്കണം. പല ട്രാപ്പുകളില്‍ പെട്ട് സ്വശരീരം പരപുരുഷന്മാര്‍ക്ക് കാഴ്ചവെക്കുന്ന സ്ത്രീ മനസ്സുകളെ മോചിപ്പിക്കണം. ഇതിനൊക്കെയുളള കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിക്കാന്‍ ഒരേ മനസ്സുളള സഹോദരിമാരെ കണ്ടെത്തി പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌ക്കരിക്കണം. എല്ലാ നന്മയും നേരുന്നു'.
റുഫൈദയുടെ കണ്ണുകളില്‍ ഞാന്‍ ഒരു തെളിച്ചം കണ്ടു. സങ്കടപ്പെടാതെ ആത്മവീര്യത്തോടെ മുന്നേറാനുളള കരുത്തു കാണുന്നു, അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്ന് ഉയര്‍ന്നു വന്ന ഫീനീക്‌സ് പക്ഷിയെ പോലെ, ചിറകൊടിഞ്ഞവരേയും, ചിറക് അരിഞ്ഞു കളഞ്ഞവരേയും ഒപ്പം കൂട്ടി ശക്തി പകരാന്‍ റുഫൈദക്ക് കഴിയും.
Keywords: Kerala, Article, Kookanam-Rahman, Mother, Love, Marriage, Woman, The heroic deeds of the stepmothers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.