നല്ല മലയാളം, വരമൊഴിയിലും വാമൊഴിയിലും

 


മാധ്യമമലയാളം - 1

ഡോ. പി എ അബൂബക്കര്‍

(www.kvartha.com 12.04.2021) ഭാഷാബോധം രൂപപ്പെടുത്തുന്നതില്‍ പത്രമാധ്യമങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണ് ഭാഷ. വാമൊഴിയിലാണ് ഭാഷയുടെ ആത്മാവ് നിലകൊള്ളുന്നത് അതുകൊണ്ടുതന്നെ വാമൊഴിയില്‍ മാത്രമായി ആശയസംവേദനം നടത്തുന്ന നിരക്ഷരരെ ഭാഷയുടെ ഒന്നാമത്തെ അധികാരികളായി കരുതാം. ദൗര്‍ഭാഗ്യവശാല്‍ സാക്ഷരതയുടെ അതിപ്രസരത്തില്‍ അത്തരക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്.

വരമൊഴിക്ക് പല തലങ്ങളുണ്ട്. അവയില്‍ പണ്ഡിതഭാഷ ഒരറ്റത്തും പത്രഭാഷ മറ്റേയറ്റത്തുമാണ് നിലനില്ക്കുന്നത്. മറ്റുള്ള ഭാഷാരൂപങ്ങളുടെ സ്ഥാനം ഇവയ്ക്കിടയിലാണ്. സാധാരണജനങ്ങളുമായി ഏറ്റവും കൂടുതല്‍ സംവദിക്കുന്നുവെന്നതാണ് മറ്റുള്ളവയില്‍ നിന്ന് പത്രഭാഷയെ വ്യത്യസ്തമാക്കുന്ന ഘടകം. ഇക്കാരണത്താല്‍ തന്നെ ഭാഷയുടെ പരിണാമപ്രക്രിയയില്‍ ഏറ്റവും കൂടുതലായി ഇടപെടാനാവുന്നതും പത്രഭാഷയ്ക്കാണ്.

പത്രഭാഷയെന്നത് ഇന്ന് അച്ചടിമാധ്യമങ്ങളുടെ മാത്രം ഭാഷയല്ല. മാധ്യമഭാഷയുടെ വിശാലമായ നിര്‍വചനത്തില്‍ റേഡിയോയുടെയും ടെലിവിഷന്‍റെയും ഭാഷ ഉള്‍പ്പെടുമെങ്കിലും അവ പൂര്‍ണമായും വരമൊഴിയല്ല. എന്നാല്‍ അച്ചടിമാധ്യമങ്ങള്‍ക്കുപുറത്ത് വരമൊഴി കൈകാര്യം ചെയ്യുന്ന വേറെയും മാധ്യമങ്ങള്‍ അടുത്തകാലത്തായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ മുതല്‍ സാമൂഹികമാധ്യമങ്ങള്‍ വരെ അക്കൂട്ടത്തിലുള്‍പ്പെടുന്നു. സാധാരണക്കാരുടെ ഭാഷാബോധം രൂപപ്പെടുത്തുന്നത്തില്‍ ഇവ വഹിക്കുന്ന പങ്കിനെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യാനുള്ളത്.

ഔദ്യോഗിക കാര്യങ്ങള്‍ കൂടുതല്‍ മലയാളത്തിലാവേണ്ടാതിനെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളോടെ ഓരോ നവംബര്‍ ഒന്നാം തിയതിയും കടന്നുപോകുന്നുണ്ടെങ്കിലും അഭ്യസ്തവിദ്യനായ ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം എഴുതാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് മലയാളഭാഷ തന്നെയാണ്. ത്രിഭാഷാ പദ്ധതിയിലൂടെ വിദ്യയഭ്യസിക്കുന്ന മലയാളി കൈകാര്യം ചെയ്യുന്ന ഇതരഭാഷകള്‍ തെറ്റുകൂടാതെ കൈകാര്യം ചെയ്യാന്‍ അവയുടെ ചട്ടങ്ങള്‍ പഠിച്ചാല്‍ ഒരുപരിധി വരെ സാധിക്കുമെങ്കിലും മലയാളത്തിന്‍റെ കാര്യം അങ്ങനെയല്ല. ലോകം മുഴുവന്‍ ഉപയോഗിക്കുന്നതും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഇംഗ്ലീഷില്‍ പോലും ചട്ടങ്ങള്‍ കൃത്യമാണ്. ഭാഷയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ ചട്ടങ്ങളില്‍ വരുത്താന്‍ വേണ്ടപ്പെട്ടവര്‍ മുന്നോട്ടുവരുന്നതാണ് കാരണം.

മലയാളവും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു വികസ്വരഭാഷയിലെ ലിപിവിന്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്.

എഴുതാനുപയോഗിക്കുന്ന ചിഹ്നങ്ങളില്‍ തന്നെ പ്രശ്നങ്ങള്‍ തുടങ്ങുന്നു. സംസ്കൃതമെഴുതാനായി ഉപയോഗിച്ചിരുന്ന ആര്യ-എഴുത്താണല്ലോ നമ്മുടെ ഇന്നത്തെ മലയാളം അക്ഷരമാലയായി മാറിയത്. ആദ്യം ഇത് മലയാളത്തിന് അപര്യാപ്തമായിരുന്നുവെങ്കിലും ‘എ’ കാരത്തിനും ‘ഒ’ കാരത്തിനും ഹ്രസ്വദീര്‍ഘഭേദങ്ങളില്ലാതിരിക്കുക പോലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതിനാല്‍ ഇപ്പോള്‍ ബുദ്ധിമുട്ടുകള്‍ കുറവാണ്. ‘ഐ’, ‘ഔ’ എന്നിവ അക്ഷരമാലയില്‍ നിലനില്ക്കുന്നത് സംസ്കൃതത്തിലെ ‘വൃദ്ധി’ എന്ന അവസ്ഥയ്ക്കുവേണ്ടിയാണെങ്കിലും നാട്ടുപദങ്ങള്‍ക്കും ഇംഗ്ലീഷില്‍ നിന്നും അറബിയില്‍ നിന്നുമൊക്കെ വന്ന വാക്കുകള്‍ക്കും പലപ്പോഴും അവ ഉപയോഗിക്കുന്നുണ്ട്. ശുദ്ധസ്വരമെന്ന നിലയില്‍ ‘ഔ’ കൊണ്ട് സൂചിപ്പിക്കുന്ന വൃദ്ധ്യക്ഷരം വ്യഞ്ജനങ്ങളുടെ കൂടെ വരുമ്പോള്‍ ലൌകികം, മൌലികം, മൌലവി.. തുടങ്ങിയ രീതിയിലാണ് എഴുതിയിരുന്നത്. ശുദ്ധസ്വരത്തിലെ ചിഹ്നം ഇപ്പോഴും അതേപടി നിലനില്ക്കുന്നുണ്ടെങ്കിലും വ്യഞ്ജനങ്ങളോട് ചേര്‍ന്നുവരുന്നതിലെ ഇടതുഭാഗത്തെ പുള്ളി ചിഹ്നം ഒരു പരിഷ്കരണത്തില്‍ ഒഴിവാക്കിയിരുന്നു. എങ്കിലും ഇപ്പോള്‍ പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ അത് തിരിച്ചുവരാനുള്ള പ്രവണത കാണിക്കുന്നുണ്ട്. ഗൂഗിള്‍ ഇന്‍പുട്ട് ടൂള്‍സ് ഉപയോഗിക്കുമ്പോള്‍ ഓട്ടോ സജഷനിലും മറ്റും ചിലപ്പോഴൊക്കെ കൂടുതല്‍ പരിഗണന ലഭിക്കുന്നത് ഇപ്പറഞ്ഞ തിരിച്ചുവന്ന രൂപത്തിനാണ്. മലയാളത്തിന്‍റെ പല പ്രാദേശികഭേദങ്ങളിലും ഇതുമായി സാമ്യതയുള്ള രണ്ടു ദ്വിസ്വരങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇപ്പറഞ്ഞ രൂപങ്ങള്‍ ഈ ദ്വിസ്വരങ്ങള്‍ സൂചിപ്പിക്കാന്‍ വെവ്വേറെയായി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ മാനകമലയാളത്തില്‍ അങ്ങനെ കാണുന്നില്ല.

മലയാളം വളര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ. ഈ വളര്‍ച്ചയ്ക്കനസനുസരിച്ച് ചട്ടങ്ങള്‍ വികസിക്കാന്‍ താമസമെടുക്കുന്നതാണ് പ്രധാനപ്പെട്ട ഒരു പ്രതിസന്ധി. ഏകീകൃതമായ ചട്ടങ്ങളുടെ അഭാവത്തില്‍ വ്യക്തിനിഷ്ഠമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ എഴുത്തുകാര്‍ മുന്നോട്ടുപോകുന്നു. പ്രസാധകന്മാരും പത്രസ്ഥാപനങ്ങളുമൊക്കെ സ്വന്തമായ ശൈലീപുസ്തകങ്ങളുണ്ടാക്കിക്കൊണ്ടാണ് ഈ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നത്.

ഭാഷയിലെ സമകാലികമായ പ്രവണതകളുടെ അടിസ്ഥാനത്തില്‍ ലിഖിതമലയാളം പ്രധാനമായും രണ്ടുതരത്തില്‍ നിലനില്ക്കുന്നതായി കാണാം. മലയാളത്തിലോ സംസ്കൃതത്തിലോ ബിരുദ-ബിരുദാനന്തരബിരുദങ്ങള്‍ എടുത്തവരോ ഈ ഭാഷകളില്‍ പാണ്ഡിത്യമുള്ളവരോ ആയവരുടെ മലയാളമാണ് അവയിലൊന്ന്. സന്ധിയും സമാസവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇത്തരകാര്‍ ഏറെക്കുറെ കൃത്യമായി പാലിക്കാറുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ ഇവര്‍ക്കിടയിലും വ്യത്യാസങ്ങള്‍ കാണാറുണ്ട്. സാധാരണക്കാര്‍ വ്യാപകമായ ഉപയോഗത്തിലൂടെ സാര്‍വത്രികമായിത്തീര്‍ന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ച് ശൈലികള്‍ പലപ്പോഴും പരിഷ്കരിക്കപ്പെടാറുണ്ടല്ലോ. സ്വരരഹിതമായ ത, ട എന്നിവ മലയാളികള്‍ ഉച്ചരിക്കുന്ന രീതിയാണ് ല്‍, ള്‍ എന്നീ ചില്ലുകളുടെ ഇന്നത്തെ ഉച്ചാരണത്തിന്‍റെ ഹേതു. മലയാളപണ്ഡിതന്മാര്‍ ഇക്കാര്യത്തില്‍ ജനകീയമായിത്തീര്‍ന്ന രീതികളെ അംഗീകരിക്കുമ്പോള്‍ സംസ്കൃതപണ്ഡിതന്മാര്‍ പലപ്പോഴും ല്‍, ല് എന്നിവ തമ്മിലുള്ള വ്യത്യാസത്തിന് ഊന്നല്‍ കല്പിക്കാറുണ്ട്. ശില്പി, കല്പന തുടങ്ങിയവ ശില്‍പി, കല്‍പന തുടങ്ങിയ രീതിയില്‍ എഴുതുന്നതിനെ മലയാളപണ്ഡിതന്മാര്‍ അംഗീകരിച്ചുവരുന്നുവെന്ന് മാത്രമല്ല, പല പ്രസാധകന്മാരുടെയും ശൈലീപുസ്തകങ്ങള്‍ അത്തരം രീതി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ചിലരാകട്ടെ ഒരു പടികൂടി കടന്ന് ശില്‍പ്പിയെന്നും കല്‍പ്പനയെന്നുമൊക്കെ എഴുതാറുണ്ട്. ഉദ്ഘാടനത്തിലെ സ്വരരഹിതമായ ‘ദ’യെയും സാധാരണജനങ്ങള്‍ ഇതേ രീതിയിലാണ് ഉച്ചരിക്കുന്നത്. സംസ്കൃതത്തിലെ 'ഝലാം ജശ് ഝശി' എന്ന വ്യാകരണനിയമത്തിനെതിരായ ഇത്തരം രീതികള്‍ക്ക് പിന്നീട് സാധുത ലഭിച്ചിട്ടുണ്ട്.

നല്ല മലയാളം, വരമൊഴിയിലും വാമൊഴിയിലും

മലയാള-സംസ്കൃത പണ്ഡിതന്മാരല്ലാത്തവരുടെ മലയാളമാണ് രണ്ടാമത്തേത്. സംസൃതത്തിലെ സമസ്തപദങ്ങlള്‍ വിഭക്തിപ്രത്യങ്ങളുടെ ലോപം പരിഗണിക്കാതെ ഘടകപദങ്ങള്‍ വെവ്വേറെയായി എഴുതുകയെന്നത് ഈ വിഭാഗത്തിലുള്‍പ്പെടുന്നവരുടെ രചനകളില്‍ പൊതുവായി കാണുന്ന ഒരു പ്രത്യേകതയാണ്. ഇതിന്‍റെ കാരണങ്ങള്‍ പലതാണ്. ഇംഗ്ലീഷിന്‍റെ സ്വാധീനമാണ് അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മലയാളികളുടെ വ്യാകരണബോധത്തില്‍ അന്യഭാഷകളുടെ സ്വാധീനം പണ്ടുമുതല്‍ തന്നെയുള്ളതാണ്. മുമ്പ് സംസ്കൃതത്തിനായിരുന്നു പ്രാമുഖ്യം. സംസ്കൃതവുമായി ബന്ധപ്പെട്ട് ഭാഷയിലുണ്ടായ മാറ്റങ്ങളില്‍ ചിലതൊക്കെ സ്വീകരിക്കുകയും ചിലതൊക്കെ തള്ളിക്കളയുകയുമാണ് കേരളപാണിനിയെപ്പോലുള്ളവര്‍ ചെയ്തത്. തള്ളിക്കളഞ്ഞവയില്‍ രണ്ടുതേങ്ങകള്‍,നാലുമാങ്ങകള്‍ തുടങ്ങിയ പ്രയോഗങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. മുമ്പ് ഇത്തരം പ്രയോഗങ്ങള്‍ സംസ്കൃതവുമായി ബന്ധപ്പെട്ടാണ് നിലനിന്നിരുന്നതെങ്കില്‍ ഇന്ന് ഇവ കാണുന്നത് ഇംഗ്ലീഷുമായി ബന്ധപ്പെട്ടാണ്. സംസ്കൃതത്തിലും ഇംഗ്ലീഷിലും ഇതുമായി ബന്ധപ്പെട്ടുനില്ക്കുന്ന നിയമങ്ങളില്‍ നിന്ന് ഭിന്നമായ രീതികളാണ് മലയാളത്തിലുള്ളത്. എന്നാല്‍ സമസ്തപദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇംഗ്ലീഷ് സംസ്കൃതത്തില്‍ നിന്ന് ഭിന്നമാണ്‌. സംസ്കൃതവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലീഷില്‍ സമസ്തപദങ്ങള്‍ വളരെക്കുറവാണ്. ഭരണഭാഷയും സാങ്കേതികഭാഷയുമൊക്കെ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ വരുന്ന പല പ്രയോഗങ്ങളും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് കാരണമാവാറുണ്ട്.

ഉദാഹരണത്തിന് എഡ്യൂക്കേഷനല്‍ ഡവലപ്മെന്‍റ് എന്ന പദമെടുക്കുക. സാധാരണഗതിയില്‍ ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താറുള്ളത് സംസ്കൃതപദങ്ങളുപയോഗിച്ചുകൊണ്ട് വിദ്യാഭാസവികസനം എന്നാണ്. ഇവിടെ വിദ്യാഭ്യാസം എന്ന പദത്തിന്‍റെ അവസാനത്തിലിരിക്കുന്ന അനുസ്വാരം ലോപിച്ചത് അത് വികസനവുമായി ചേര്‍ന്നുകൊണ്ട് സമസ്തപദണ്ടാകുന്നതിനാലാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസവികസനം എന്ന് ഒറ്റപ്പദമായാണ് എഴുതേണ്ടത്. എന്നാല്‍ മലയാളികളുടെ പൊതുവെയുള്ള ധാരണ അങ്ങനെയല്ല. എഡ്യൂക്കേഷന്‍, എഡ്യൂക്കേഷനല്‍ ആവുമ്പോള്‍ സംഭവിക്കുന്നതുപോലെ വിദ്യാഭ്യാസത്തിലെ അവസാനത്തെ അനുസ്വാരം ലോപിക്കുമ്പോള്‍ നാമവിശേഷണമാവുകയാണ് ചെയ്യുകയെന്നാണ്. ഇത്തരത്തിലുള്ള ബഹുഭൂരിപക്ഷം പ്രയോഗങ്ങളെക്കുറിച്ചുമുള്ള ധാരണ ഇതുതന്നെയാണ്. അതുകൊണ്ടാണ് ഘടകപദങ്ങള്‍ വെവ്വേറെയെഴുതുന്നത്. പത്രഭാഷയില്‍ ഇങ്ങനെ സംഭവിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. കോളങ്ങളായാണല്ലോ പത്രങ്ങള്‍ അച്ചടിക്കുന്നത്. സമസ്തപദങ്ങള്‍ പൊതുവെ നീണ്ടതായതിനാല്‍ തന്നെ കോളം തിരിച്ചുള്ള അച്ചടിയില്‍ ലേ ഔട്ട്‌ വികൃതമാകുന്നതിനാല്‍ വ്യാകരണനിയമം തെറ്റിച്ചുകൊണ്ട് സമസ്തപദങ്ങള്‍ മുറിച്ചെഴുതുന്നു.

മുമ്പൊക്കെ നല്ല ഭാഷയായി കണക്കാക്കാറുള്ളത് അച്ചടിഭാഷയെയാണ്. ഇന്നാവട്ടെ അത് അസാധ്യമായിരിക്കുകയാണ്. അച്ചടിച്ചുവരുന്ന രചനകളുടെ ലിപിവിന്യാസത്തില്‍ രചയിതാവിനെക്കാള്‍ കൂടുതല്‍ പങ്കുവഹിക്കുന്നത് ഡി ടി പി ചെയ്യുന്നയാളാണ്‌. ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ പ്രൂഫ്‌ വായിക്കാന്‍ കര്‍ത്താവിന് അവസരം ലഭിക്കാത്തതിനാല്‍ തന്നെ ഇത് സ്വാഭാവികമാണ്. പ്രസാധകര്‍ സ്വന്തമായി പിന്തുടരുന്ന ശൈലീപുസ്തകകങ്ങളെ ആശ്രയിച്ചാണ്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാഷയുടെ നിലവാരം കിടക്കുക. പുസ്തകങ്ങളുടെ കാര്യത്തില്‍ പ്രൂഫ്‌ നോക്കാന്‍ ഗ്രന്ഥകര്‍ത്താവിന് അവസരം ലഭിക്കുന്നുണ്ടെങ്കിലും തിരക്കുകാരണം എല്ലാം പരിശോധിക്കാന്‍ സാധിക്കണമെന്നില്ല. ഇവയ്ക്കെല്ലാം പുറമെയാണ് സാങ്കേതികവിദ്യയുടെ പ്രശ്നങ്ങള്‍. മുമ്പ് അച്ചുനിരത്തുന്ന കാലത്ത് കൈയിലുള്ള അച്ചുകള്‍ എങ്ങനെയും പെറുക്കിവെക്കാമായിരുന്നു. പിന്നീട് കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ നിലവില്‍ വന്നതോടെ ആ സൗകര്യം നഷ്ടമായി. സോഫ്റ്റ് വെയറിന്‍റെ സൌകാര്യത്തിനനുസരിച്ച് ഭാഷ മാറി. എന്നാല്‍ ഇപ്പോള്‍ യൂനികോഡില്‍ ചില സൌകര്യങ്ങള്‍ തിരിച്ചുവരുന്നുണ്ടെങ്കിലും അവ ഉപയോഗപ്പെടുത്തുന്നവര്‍ ചുരുക്കമാണ്.

മലയാളം ഒരു മൃതഭാഷയല്ലാത്തതിനാൽ മാറ്റങ്ങൾ സ്വാഭാവികമാണ്. ലിഖിതഭാഷയിൽഇടപെടുന്നവരെല്ലാം ഭാഷാപണ്ഡിതന്മാരല്ല; ഭാഷയിലെ മാറ്റങ്ങൾക്കെല്ലാം ചുക്കാൻ പിടിക്കുന്നത് ഭാഷാപണ്ഡിതരല്ലാത്ത സാധാരണ ജനങ്ങളാണ്. വ്യാകരണമെന്നത് പഴയ ഭാഷയുടെ ചട്ടക്കൂടിന്‍റെ വിവരണമാണ്. സാധരണക്കാരാണ് അതിനപ്പുറത്തേക്ക് ഭാഷയെ നയിക്കുന്നത് . അങ്ങനെ ഭാഷ വളർന്ന് ഒരുപാട് കാലം കഴിയുമ്പോൾ പണ്ഡിതന്മാർഅതംഗീകരിക്കുകയും വ്യാകരണമെന്ന എഴുതപ്പെട്ട ചട്ടക്കൂട് അഴിച്ചുപണിയുകയുംചെയ്യുകയാണ് സംഭവിക്കുക. ഈ പ്രക്രിയകളെല്ലാം മലയാളത്തിൽ നടന്നുകൊണ്ടിരിക്കുന്നുവെങ്കിലും അവ എല്ലായ്പോഴും കുറ്റമറ്റ രീതിയിലാവണമെന്നില്ല. സാമൂഹ്യമാധ്യമങ്ങളുടെ ആവിർഭാവത്തോടെ എല്ലാവരും ലിഖിതഭാഷ കൈകാര്യം ചെയ്യാൻതുടങ്ങിയിരിക്കുന്നു. അവരെല്ലാം അവരവരുടേതായ രീതിയിൽ രീതിയിൽ ഭാഷയിൽ മാറ്റങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. മറുഭാഗത്ത് സാമ്പ്രദായിക വ്യാകരണമെന്ന വടി പിടിച്ചുനില്ക്കുന്ന ഭാഷാപണ്ഡിതന്മാരുണ്ട്. മാറ്റങ്ങൾ കൂടുതലാവുമ്പോൾ പണ്ഡിതലോകത്തിന് അവ ഉൾക്കൊള്ളേണ്ടി വരുന്നതിന്‍റെ ഉദാഹരണമാണ് ചിലപ്പോഴൊക്കെ ഉണ്ടാകുന്ന പരിഷ്കരണങ്ങൾ.

ഭാഷ ഉപയോഗിക്കുന്ന സാധാരണക്കാരുടെ ഇടപെടലുകളും ചട്ടങ്ങളില്‍ നിന്നുള്ള മാറ്റങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന പണ്ഡിതന്മാരുടെ നിലപാടുകളും പരസ്പരം ഏറ്റുമുട്ടുന്ന പല സന്ദര്‍ഭങ്ങളും മലയാളത്തിലുണ്ട്. ഇന്നത്തെ ലിഖിതമലയാത്തിന്‍റെ പദസമ്പത്തില്‍ ഏറിയ പങ്കും സംസ്കൃതത്തില്‍ നിന്നാണ് വരുന്നത്. അവ ഉപയോഗിക്കുന്നതാവട്ടെ, സാധാരണജനങ്ങളും. ഇക്കാരണത്താല്‍ തന്നെ സന്ധിയുമായും സമാസവുമായും ബന്ധപ്പെട്ട നിയമങ്ങള്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ല. അറിവില്ലായ്മകള്‍ മാത്രമല്ല, ഇതിന്‍റെ കാരണമായി വര്‍ത്തിക്കുന്നത്. ചിലപ്പോഴൊക്കെ നിര്‍ബന്ധിതാവസ്ഥകളുമുണ്ട്. സംസ്കൃതത്തില്‍ ഉപയോഗിച്ചിരുന്നതിലധികം സമസ്തപദങ്ങള്‍ ഇന്ന് സംസ്കൃതവാക്കുകള്‍ കൊണ്ട് മലയാളികള്‍ ഉണ്ടാക്കുന്നുണ്ട്. സമസ്തപദങ്ങള്‍ക്കുള്ളില്‍ വരുന്ന സന്ധികളും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മതേതരം എന്ന വാക്ക് മലയാളികള്‍ക്കെല്ലാം പരിചിതമാണ്. എന്നാല്‍ മതം, ഇതരം എന്നിവ കൂടിച്ചേര്‍ന്നാണ് ഇതുണ്ടായതെന്ന അറിവിന്‍റെ അഭാവത്തില്‍ പദ്ധതിയേതരം, കക്ഷ്യേതരം, പാര്‍ട്ടിയേതരം തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് പ്രചാരം ലഭിക്കുന്നു. മതേതരത്തില്‍ സമാസത്തിനായി മതത്തിന്‍റെ അവസാനത്തിലിരിക്കുന്ന അനുസ്വാരം പോയതിനുശേഷമുള്ള ‘മത’യിലെ അവസാനത്തെ സ്വരം ‘അ’ ആയതിനാലാണ് ഇത്തരത്തിലെ ‘ഇ’ അതുമായിച്ചേര്‍ന്ന് ‘ഏ’ ആകുന്നത്. എന്നാല്‍ അത് അസാധ്യമാകുന്ന ചില സന്ദര്‍ഭങ്ങളുമുണ്ട്. ഇന്നത്തെ ഉത്തരേന്ത്യന്‍ ഭാഷകലെക്കുറിച്ചുള്ള ആധുനിക-ഉത്തരേന്ത്യന്‍ ഭാഷകള്‍ എന്ന പ്രയോഗം ഇതിന്‍റെ ഏറ്റവും നല്ല ഉദാഹരണം.ഇവിടെ ഇടയില്‍ വരയില്ലാതെ ഒന്നിച്ചാല്‍ സംസ്കൃതനിയമപ്രകാരം ആധുനികോത്തരേന്ത്യന്‍ എന്നാവും. പോസ്റ്റ്‌ മോഡേണിന്‍റെ മലയാളമായി പലരും ആധുനികോത്തരം ഉപയോഗിക്കുന്നതിനാല്‍ തന്നെ ഇവിടെ അര്‍ഥം മാറിപ്പോകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ‘ആധുനിക’, ‘ഉത്തര’ എന്നിവയ്ക്കിടയിലെ വര വരയിടുകയെന്നത് പരീക്ഷിക്കാവുന്ന ഒരു രീതിയാണ്. മുമ്പ് പല പണ്ഡിതന്മാരും ഒരു വര ചേര്‍ത്തുകൊണ്ട് സംവൃത-‘ഉ’കാരം എന്നാണല്ലോ എഴുതിയിരുന്നത്.

രേഫത്തിനുശേഷമുള്ള ഇരട്ടിപ്പും ഒരു പ്രശ്നമാണ്. സംസ്കൃതപദങ്ങള്‍ മലയാളത്തിലുപയോഗിക്കുന്ന സന്ദര്‍ഭങ്ങളിലും സംസ്കൃതത്തിലെ രീതി പരിഗണിക്കാതെ രേഫത്തിനുശേഷമുള്ള വര്‍ണങ്ങളെ ഇരട്ടിപ്പിച്ചുകൊണ്ടാണ് മുമ്പ് മലയാളത്തിലെഴുതിയിരുന്നത്. എന്നാല്‍ ചില പ്രസിദ്ധീകരങ്ങള്‍ ചില പദങ്ങളുടെ കാര്യത്തില്‍ വ്യത്യാസം പുലര്‍ത്തിയിരുന്നു. അക്കൂട്ടത്തില്‍ ദേശാഭിമാനിയുടെ ‘പാര്‍ടി’ പ്രസിദ്ധമാണ്. എന്നാല്‍ ഇപ്പോഴാവട്ടെ ഖരങ്ങളും ‘ന’കാരവും അല്ലാത്ത വര്‍ണങ്ങള്‍ രേഫത്തിനുശേഷം വരുമ്പോള്‍ ഇരട്ടിപ്പ് വേണ്ടെന്ന തീരുമാനത്തില്‍ ഏറെക്കുറെ എത്തിയിട്ടുണ്ട്.

സാധാരണക്കാരുടെ ഭാഷയോട് ഏറ്റവും അടുത്തുനില്ക്കുന്നതാണ് മാധ്യമഭാഷ എന്നുപറയുമ്പോഴും ചില പ്രശ്നങ്ങളുണ്ട്. പത്രമാധ്യമങ്ങളുടെ നടത്തിപ്പുകാരുടെ പല തരത്തിലുള്ള ഭാഷാബോധങ്ങള്‍ അതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. വാമൊഴിയിലൂടെ വികസിച്ചുവരുന്ന സ്വാഭാവികഭാഷയില്‍ നിന്ന് വ്യത്യസ്തമാണത്.

മലയാളികൾ സാധാരണയായിവരുത്തുന്ന പല തെറ്റുകളും മാറ്റാന്‍ പറ്റാത്ത വിധത്തില്‍ രൂഢമൂലമായി മാറിയതില്‍ പത്രമാധ്യമങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. ഹിന്ദുസ്ഥാനി എന്ന് തെറ്റായാണ് നാം എഴുതാറുള്ളത്. ഇന്ത്യ എന്ന അർഥത്തിൽ അറബിയിലും പേർഷ്യനിലും ഉപയോഗിക്കുന്ന ഹിന്ദ് എന്ന പേരുമായി സ്ഥലം എന്ന അർഥത്തിലുള്ള സ്താൻ എന്ന പേർഷ്യൻ പദം കൂടിച്ചേർന്ന് ഇടയ്ക്ക് ഒരു സ്വരാഗമത്തോടെ ഹിന്ദോസ്താൻ, ഹിന്ദുസ്താൻ എന്നൊക്കെ ഉച്ചരിക്കാവുന്ന വിധത്തിൽ ഉണ്ടായിത്തീർന്ന പേരിലാണ് മുഗള്‍ സാമ്രാജ്യം അറിയപ്പെട്ടിരുന്നത്. അതുമായി ബന്ധപ്പെട്ടത് എന്ന അര്‍ഥത്തിലാണ് ഹിന്ദോസ്താനി അഥവാഹിന്ദുസ്താനി എന്ന പ്രയോഗം രൂപം കൊള്ളുന്നത്. ഭാഷയും സംഗീതവുമൊക്കെ ഈ പേരില്‍ അറിയപ്പെടുന്നുണ്ട്. ആര്യന്മാർ ഇന്ത്യയിലെത്തിച്ചേർന്നതിന് ശേഷമാണ് അവരുടെ ഭാഷയിൽ മഹാപ്രാണീകരണം ഉണ്ടായത്. ഇക്കാരണത്താൽ തന്നെ ഇറാനിലെ ആര്യന്മാരുടെ ഭാഷയായ പേർഷ്യനിൽ അതിഖരങ്ങളോ ഘോഷങ്ങളോ ഇല്ലാത്തതിനാല്‍ ഹിന്ദുസ്താൻ ആണ് ശരി; ഹിന്ദുസ്ഥാന്‍ അല്ല.

അറബി പദങ്ങള്‍ മലയാളത്തിലെഴുതാറുള്ളത് കൃത്യതയോടെയല്ല. റമദാന്‍, റമളാന്‍, റംസാന്‍ തുടങ്ങിയവ ഒരേ മാസത്തിന്‍റെ പേര് മലയാളത്തിലെഴുതിയതാണ്. ഇക്കൂട്ടത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് മലയാളിയുടെ ‘ഷ’കാരശാഠ്യവും. പല അറബി, പേര്‍ഷ്യന്‍, ഇംഗ്ലീഷ് പദങ്ങളിലെയും ‘ശ’കാരത്തെ മലയാളി ‘ഷ’കാരമായാണ് എഴുതുന്നത്. ഇംഗ്ലീഷ് എന്നെഴുതി ശീലിച്ച മലയാളിയോട് ഇംഗ്ലീശാണ് ശരിയെന്ന് ഇനി പറയാനാവില്ല. അതുപോലെ ശറഫുദ്ദീന്‍, ശംസുദ്ദീന്‍ തുടങ്ങിയ അറബിപ്പേരുകളിലെ ‘ദ്ദീന്‍’ പലര്‍ക്കും ‘ദ്ധീന്‍’ ആണ്.

ചില പ്രയോഗങ്ങള്‍ക്ക് പ്രാസ്ഥാനികമോ ആശയപരമോ പശ്ചാത്തലങ്ങലുണ്ട്. മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ മുസ്‌ലിം എന്നെഴുതുമ്പോള്‍ മുഖ്യധാരാപ്രസിദ്ധീകരണങ്ങള്‍ മുസ്ലിം, മുസ്ളിം എന്നൊക്കെയെഴുതാറുണ്ട്. അതുപോലെ ദലിത് പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ദലിത് എന്നെഴുമ്പോള്‍ മറ്റുള്ളവര്‍ക്ക് കൂടുതല്‍ ഇഷ്ടം ദളിത്‌ എന്നെഴുതാനാണ്‌. ചില പത്രങ്ങള്‍ പ്രത്യേകമായി പിന്തുടരുന്ന ശൈലികള്‍ക്കുപിന്നിലും ചിലപ്പോഴൊക്കെ അവ നടത്തുന്നവരുടെ പ്രാസ്ഥാനികാമോ ആശയപരമോ ആയ പരിസരങ്ങളുണ്ട്. ദേശാഭിമാനിയുടെ പാര്‍ട്ടിയില്‍ നിന്നുതന്നെ തുടങ്ങാം. കേരളത്തില്‍ Party എന്ന പദം ഏറ്റവും ആദ്യമായി ഏറ്റവും ആദ്യമായി, ഏറ്റവും കൂടുതലായി ഉപയോഗിച്ചുതുടങ്ങിയവരുടെ പ്രധാനപ്പെട്ട ജിഹ്വയാണത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റവും ആദ്യം ഉണ്ടായത് കേരളത്തിലല്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ ബന്ധഭാഷ (Lingua franca) ആയ ഉര്‍ദുവിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അടക്കം അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളുടെയും രേഖകള്‍ ആദ്യം അച്ചടിച്ചുവന്നത്. ഉര്‍ദുവില്‍ നിന്ന് പിന്നീട് ദേവനാഗരി ലിപിയോടുകൂടിയ ഹിന്ദി ഉണ്ടായപ്പോള്‍ പാര്‍ട്ടി രേഖകള്‍ അതിലായി. ഇവയിലെല്ലാം ‘പാര്‍ടി’ ആണ്. മറ്റുള്ള പത്രങ്ങള്‍ സേട്ട്, സിംഗ് എന്നിങ്ങനെ എഴുതുമ്പോള്‍ മാതൃഭൂമിക്ക് സേഠും സിംഹുമാണ്. പഞ്ചാബികളില്‍ ബഹുഭൂരിപക്ഷം പിന്തുടരുന്ന മലയാളികള്‍ സിഖ് എന്ന സിക്ക് എന്നാണ് വിളിച്ചിരുന്നത്. ഇതുപോലുള്ള ഒരു തദ്ഭവമാണ് സേട്ട്. എന്നാല്‍ മാതൃഭൂമിക്ക് അത് തെറ്റായി തോന്നുകയും സേഠ് എന്നാക്കുകയും ചെയ്തു. അതിന് കാരണമായി മാറിയതും ആ പത്രം നടത്തുന്നവരുടെ ആശയപരിസരമാണ്. കേളപ്പന്‍, ചാലപ്പുറം കോണ്‍ഗ്രസ് തുടങ്ങിയ ചുറ്റുപാടുകളിലൂടെയാണല്ലോ മാതൃഭൂമി രൂപപ്പെട്ടുവരുന്നത്. സംസ്കൃതവത്കൃത-ഹിന്ദിയും ദേവനാഗരിയുമൊക്കെ അതിന്‍റെ ഭാഷാബോധത്തെ നിര്‍ണയിച്ച ഘടകങ്ങളാണ്. അതനുസരിച്ച് സേട്ട് സേഠായി മാറിയതില്‍ വലിയ കുഴപ്പമില്ലെന്നുപറയാം. എന്നാല്‍ സിംഗിനെ സിംഹാക്കുന്നതില്‍ പ്രശ്നമുണ്ട്. മാതൃഭൂമിക്കാര്‍ക്ക് പരിചിതമായ സംസ്കൃതവത്കൃത-ഹിന്ദിയില്‍ ‘സിംഹ്’ ആണെങ്കിലും സിക്കുകാരില്‍ ബഹുഭൂരിപക്ഷത്തിന്‍റെ മാതൃഭാഷയായ പഞ്ചാബിയിലെയും മറ്റും പ്രയോഗങ്ങളുമായി കുറച്ചെങ്കിലും അടുത്തുനില്ക്കുന്നത് നമ്മുടെ ‘സിംഗ്’ ആണ്.

പ്രസിദ്ധീകരണങ്ങളുടെ പ്രസ്ഥാനബന്ധങ്ങള്‍ ഭാഷയെ സ്വാധീനിക്കുന്നതിന്‍റെ ഒരുപാട് ഉദാഹരണങ്ങള്‍ മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ നിന്ന് എടുത്തുകാണിക്കാനാവും. റമളാന്‍, റംസാന്‍ തുടങ്ങി പല തരത്തിലാണ് മുസ്ലിംകള്‍ വ്രതമനുഷ്ഠിക്കുന്ന മാസത്തിന്‍റെ പേര് മലയാളത്തിലെഴുതിയിരുന്നത്. ഇവയില്‍ റംസാന്‍ എന്നത് തെക്കുനിന്നുള്ള ഔദ്യോഗികരേഖകളില്‍, വ്രതമാസം കഴിഞ്ഞത്തിനുശേഷമുള്ള, ഈദുല്‍ ഫിത്തര്‍ എന്ന ആഘോഷത്തിന്‍റെ പേരായാണ് പൊതുവെ ഉപയോഗിക്കാറുള്ളത്. റമളാന്‍, റംസാന്‍ തുടങ്ങിയ ഉപയോഗങ്ങള്‍ക്കിടയില്‍ എണ്‍പതുകളുടെ രണ്ടാം പകുതിയോടുകൂടി റമദാന്‍ എന്ന രൂപവും കടന്നുവന്നു. മാധ്യമം പത്രമാണ്‌ അത് പ്രചരിപ്പിച്ചത്. ഗള്‍ഫ് നാടുകളിലെ (റിയാദ്, അബൂദാബി തുടങ്ങിയവ ഉദാഹരണങ്ങള്‍) രീതിയാണ് അതിനവരെ പ്രേരിപ്പിച്ചത്. ഇതേ രീതിയില്‍ ഖാളിയെ അവര്‍ ഖാദി ആക്കി. കോഴിക്കോട് ഖാദിയുടെ സ്ഥാനാരോഹണവും ഖാദി വസ്ത്രമേളയും പത്രത്തിന്‍റെ ഒരേ പേജില്‍ അച്ചടിച്ചുവന്നപ്പോള്‍ ആ ഖാദിയും ഈ ഖാദിയും ആശയക്കുഴപ്പമുണ്ടാക്കിയത് വായനക്കാരിലാണ്. ഖാളിയിലെ ഒന്നാമത്തെ അക്ഷരത്തെ ‘ശരിപ്പെടുത്തി’യവര്‍ രണ്ടാമത്തെ അക്ഷരത്തെ വെറുതെ വിട്ടതും പ്രശ്നമാണ്. ഖദീജ, അഖ്ബാര്‍ തുടങ്ങിയവയിലെയും ഖുര്‍ആന്‍, ഖാളി തുടങ്ങിയവയിലെയും ‘ഖ’ ഒന്നല്ലെന്ന മലയാളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ക്ക് പലപ്പോഴും പിടി കിട്ടാത്ത കാര്യമാണ്. പക്ഷേ, ഈയിടെയായി ചില പ്രസിദ്ധീകരണങ്ങള്‍ രണ്ടാമത്തേതിനെ ‘ക്വ’ ആക്കിക്കൊണ്ട് ക്വുര്‍ ആന്‍, ക്വാദി തുടങ്ങിയ രീതിയില്‍ എഴുതുന്നുണ്ട്. വ്യത്യാസം സൂചിപ്പിക്കാന്‍ ഇത് നല്ലതാണെങ്കിലും മലയാളത്തില്‍ മറ്റൊരു ഉച്ചാരണമുള്ള ചിഹ്നം ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ചെറുതല്ല.

മലയാളത്തിന്‍റെ വരമൊഴിയെക്കുറിച്ച് ഇതുവരെ നടന്ന ചര്‍ച്ചകളില്‍ മേധാവിത്വം പുലര്‍ത്തിയ ചില കാര്യങ്ങള്‍ തന്നെയാണ് മാധ്യമമലയാളത്തെക്കുറിച്ചുള്ള ഇന്നത്തെ ചര്‍ച്ചകളിലും മുന്നിട്ടുനില്ക്കുന്നത്. വൈദേശികപദങ്ങളുടെ അഥവാ അന്യഭാഷാപദങ്ങളുടെ കാര്യത്തില്‍ മലയാളത്തോടാണോ അന്യഭാഷയോടാണോ നീതി പുലര്‍ത്തേണ്ടത് എന്നത് അവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇക്കാര്യത്തില്‍ അന്തര്‍ദേശീയതലത്തില്‍ പുലര്‍ത്തുന്ന ചില തത്ത്വങ്ങളുണ്ട്. അവയനുസരിച്ച് പദസമ്പത്തിന്‍റെ കാര്യത്തില്‍ ലോകത്തുള്ള ഒരു ഭാഷയും ശുദ്ധമല്ല. പദങ്ങള്‍ ഏത് ഭാഷയില്‍ നിന്ന് വന്നു എന്നതിനെക്കാള്‍ പ്രധാനം ഏത് ഭാഷയില്‍ ഉപയോഗിക്കുന്നുവെന്നതാണ്. ഒരേ ലിപിമാല (റോമന്‍ ലിപിമാല) ഉപയോഗിക്കുന്ന ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളില്‍ പൊതുവായി ഉപയോഗിക്കുന്ന ഗ്രീക്ക്, ലാറ്റിന്‍ പദങ്ങള്‍ ഒരേ രീതിയിലല്ല എഴുതുന്നത് എന്നത് ഒരു വസ്തുതയാണ്. മാത്രമല്ല, അറബികള്‍ക്ക് പൊലീസ് അല്ല, ബുലീസ് ആണ്. ഒരുപാട് ഉദാഹരങ്ങള്‍ ഇക്കാര്യത്തിലുണ്ട്.

പക്ഷേ, ഇവിടെ പ്രശ്നം വരുന്നത് മാതൃഭാഷയ്ക്കു പുറമെ source language ലും, പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ളവരുടെ കാര്യത്തിലാണ്. കേരളത്തിലെ ഹിന്ദി, അറബി, ഇംഗ്ലീഷ് അധ്യാപകരുടെ കാര്യം ഉദാഹരണമായി എടുക്കാം. അല്പം, ശില്പി തുടങ്ങിയ സംസ്കൃതപദങ്ങള്‍ ഹിന്ദിയില്‍ ഒരു തരത്തില്‍ പഠിപ്പിക്കുന്ന അധ്യാപകന് മലയാളത്തില്‍ മറ്റൊരു തരത്തില്‍ എഴുതേണ്ടിവരുന്നു. അതുപോലെ ബശീര്‍, ശബീര്‍ എന്നൊക്കെ അറബിയില്‍ എഴുതുന്ന അറബി അധ്യാപകന് മലയാളത്തില്‍ അവ ബഷീര്‍, ഷബീര്‍ എന്നൊക്കെ എഴുതേണ്ടിവരുന്നു. നിത്യജിവിതത്തില്‍ ഇംഗ്ലീഷ് ഒഴിച്ചുകൂടാനാവാത്തതിനാല്‍ ഇംഗ്ലീഷ് അധ്യാപകനാണ് കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. ഇംഗ്ലീഷിലെ superintendent ഉം മലയാളത്തിലെ സൂപ്രണ്ടും തമ്മിലുള്ള വ്യത്യാസത്തില്‍ ആ ബുദ്ധിമുട്ടിന്‍റെ ആഴം അളക്കാം.

(തുടരും)




Keywords:  Kerala, Article, Malayalam, Top-Headlines, Dr. P A Aboobacker, Language, Mistakes, English, Quran, Arabic, Good Malayalam, in written and spoken language.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia