സ്നേഹക്കൂട്ടിലേക്ക് പുതിയൊരതിഥി

 


മിനാരങ്ങളെ തഴുകുന്ന വെള്ളിനക്ഷത്രങ്ങള്‍ - ഭാഗം 6

ഇബ്രാഹിം ചെര്‍ക്കള

(www.kvartha.com 26.06.2021) 'സിദ്ദീഖ് ഉസ്താദ് എന്താ ഇരുന്ന് ഉറങ്ങുകയാണോ?' ഉറക്കെയുള്ള ശബ്ദം കേട്ട് ഞെട്ടലോടെ കണ്ണ് തുറന്നു. മുന്നില്‍ നിന്ന് ചിരിക്കുന്ന കുഞ്ഞാലിയെ അല്പസമയം നോക്കി നിന്നു. ചുമലില്‍ പാട്ടുപുസ്തകങ്ങളും കിതാബുകളും നിറച്ച ബാഗും കൈയ്യില്‍ അത്തര്‍ കുപ്പികള്‍ നിറച്ച പെട്ടിയും തൂക്കിപ്പിടിച്ചു നില്‍ക്കുന്നു. 'കുഞ്ഞാലിയെ കുറേ ദിവസമായി കാണാനേ ഇല്ലല്ലോ?.' അയാള്‍ ബാഗും പെട്ടിയും താഴെ ഇറക്കിവെച്ചു. ഉസ്താദിന് അരികില്‍ ഇരുന്നു.

പുഞ്ചിരിയോടെ 'ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍' കാവ്യം വളരെ ഈണത്തില്‍ പാടി. കുറേ നേരം നിശബ്ദമായി ഇരുന്നു. കുഞ്ഞാലി കച്ചവടം നടത്തുന്നതും ഇതുപോലെ തന്നെയാണ്. സബീനപ്പാട്ടുകള്‍ നിരത്തിവെച്ച് ഓരോന്നും ആള്‍ക്കാര്‍ക്ക് പരിചയപ്പെടുത്തും. മാലപ്പാട്ടുകള്‍, പടപ്പാട്ടുകള്‍, കത്ത്പാട്ടുകള്‍, കെസ്സുപാട്ടുകള്‍, താരാട്ടു പാട്ടുകള്‍, മൈലാഞ്ചിപ്പാട്ടുകള്‍.... ഈണത്തിലും താളത്തിലും ഇശലുകള്‍ വിരിക്കുമ്പോള്‍ പാടാന്‍ അറിയാത്തവര്‍ പോലും പുസ്തകങ്ങള്‍ വാങ്ങും. മാലപ്പാട്ടുകളിലെ ഭക്തിയും പടപ്പാട്ടുകളിലെ വീരഗാഥയും, കത്തുപാട്ടുകളിലെ വിരഹവും എല്ലാം കുഞ്ഞാലിയുടെ ശബ്ദത്തില്‍ വിവിധങ്ങളായ താളരാഗങ്ങള്‍ ഉണര്‍ത്തും.

സ്നേഹക്കൂട്ടിലേക്ക് പുതിയൊരതിഥി

മലയാള ഭാഷ പ്രചാരം നേടുന്നതിന് മുമ്പ് കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം കവിതകളും കഥകളും ഉണ്ടായിരുന്നത് അറബി മലയാളത്തിലാണ്. ഇന്ന് വിസ്മൃതിയില്‍ ആയെങ്കിലും ഒരു കാലഘട്ടത്തിന്റെ വെളിച്ചവും ശബ്ദവും അതായിരുന്നു. കുഞ്ഞാലി പാട്ടില്‍ നിന്നും പതുക്കെ ബൈത്തിലേക്ക് കടന്നു. നബി കീര്‍ത്തനങ്ങള്‍ ഈണത്തില്‍ ഉച്ചത്തില്‍ പാടി. സിദ്ദീഖ് ഉസ്താദ് സന്തോഷത്തോടെ കേട്ടിരുന്നു. പാട്ട് നിര്‍ത്തി കുഞ്ഞാലി ചുറ്റും നോക്കി. പലവഴിയായി എത്തിയവര്‍ ചുറ്റും കൂടിനില്‍ക്കുന്നു. എപ്പോഴും അങ്ങനെയാണ്. എവിടെയെത്തിയാലും ഉച്ചത്തില്‍ പാട്ടുപാടിയാല്‍ ആള്‍ക്കാര്‍ എത്തും. പഴയതുപോലെ ആര്‍ക്കും പാട്ടുപുസ്തകം വേണ്ട. ഇഷ്ടപ്പെട്ട പാട്ടുകള്‍ കേള്‍ക്കാന്‍ ധാരാളം വഴികള്‍ തെളിഞ്ഞപ്പോള്‍ പഴയ പാട്ടുകാരനെയും, സബീനപ്പാട്ടുകളെയും എല്ലാവരും മറന്നുതുടങ്ങി.

ഒന്നുരണ്ട് നിസ്‌കാരക്രമങ്ങള്‍ പഠിക്കുന്ന പുസ്തകങ്ങളും ചില അത്തറുകളും വാങ്ങി ആളുകള്‍ പിരിഞ്ഞുപോയി. 'ഉസ്താദെ, കച്ചവടം പഴയത്‌പോലെ നടക്കുന്നില്ല.' കുഞ്ഞാലി പുസ്തകങ്ങള്‍ ഒതുക്കിവെച്ചുകൊണ്ട് പറഞ്ഞു. 'ആളുകള്‍ക്ക് ഒന്നിനും സമയമില്ല. പഴയകാലത്ത് വീടുകളില്‍ ഖുര്‍ആന്‍ ഓത്തും മൗലീദും ഭക്തി നിറഞ്ഞ മാലപ്പാട്ടുകളും പാടി ഈണത്തില്‍ കേള്‍ക്കുമായിരുന്നു. ഇപ്പോള്‍ അത്തറും ആര്‍ക്കും വേണ്ട. ഗള്‍ഫില്‍ നിന്നും വരുന്ന സ്‌പ്രേ മതി എല്ലാര്‍ക്കും.'

കുഞ്ഞാലി വരാന്തയില്‍ കിടന്നു. 'പഴയതുപോലെ നടക്കാനും കഴിയുന്നില്ല. വീടുകള്‍ തോറും പോയാല്‍ വില്പന നടക്കും. അതുപോലെ ഗള്‍ഫ് സാധനങ്ങള്‍ വാങ്ങാനും കിട്ടും. അധികവും തുണിത്തരങ്ങളാണ്. മാര്‍ക്കറ്റില്‍ കൊണ്ടുപോയി കൊടുത്താല്‍ ചിലപ്പോള്‍ നല്ല ലാഭം കിട്ടും.' സിദ്ദീഖ് ഉസ്താദ് മറുപടി പറയാതെ കുഞ്ഞാലിയെത്തന്നെ നോക്കി ഇരുന്നു. 'എന്താ ഉസ്താദെ വലിയ ചിന്തയിലാണല്ലോ?' 'ഒന്നുമില്ല കുഞ്ഞാലി, മകന് ഒരു ജോലി ശരിയായില്ല. ഡിഗ്രി കഴിഞ്ഞു ഇങ്ങനെ നടക്കുന്നു. അവന് ഒരു ജോലി കിട്ടിയാല്‍ എന്റെ ബുദ്ധിമുട്ടുകള്‍ അല്‍പം കുറയുമായിരുന്നു.'

'എന്റെ ഒരു മകന്‍ പള്ളിയില്‍ ജോലിയില്‍ ചേര്‍ന്നു. മറ്റൊരുത്തന്‍ കൂലിപ്പണിക്ക് പോകുന്നു. എന്നിട്ടും വീട് പുലര്‍ത്താന്‍ വിഷമം തന്നെ. മൂന്ന് പെണ്‍കുട്ടികള്‍ ഉണ്ട്. മൂത്തവള്‍ കല്ല്യാണപ്രായം കഴിഞ്ഞു. മറ്റു രണ്ടുപേരും സ്‌കൂളില്‍ പോകുന്നു. പെണ്‍മക്കള്‍ വളര്‍ന്നുവരുന്നത് കാണുമ്പോള്‍ മനസ്സില്‍ തീയാണ്. അവരെ നല്ലൊരു കൈയ്യില്‍ എത്തിക്കേണ്ടേ?' കുഞ്ഞാലി ഓരോന്നും പറയുമ്പോള്‍ ഉസ്താദ് സ്വയം ആശ്വസിച്ചു. ഓരോ മനുഷ്യനും ഉള്ളില്‍ ഒതുക്കുന്നത് വലിയ വലിയ ദു:ഖക്കടല്‍ തന്നെയല്ലേ? നാം കരുതും വലിയ വിഷമങ്ങള്‍ നമുക്കു മാത്രമെന്ന്. പക്ഷെ, മറ്റുള്ളവരുടെ മനസ്സ് തുറന്ന് വലിയ ദു:ഖങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മുടേത് ഒന്നുമല്ലെന്ന് തോന്നും. എല്ലാം ശരിയാകും. എന്തെല്ലാം ജീവിത പരീക്ഷണങ്ങള്‍ നേരിടണം.
കുറച്ച് വിശ്രമിച്ച ശേഷം കുഞ്ഞാലി യാത്ര പറഞ്ഞു.

സിദ്ദീഖ് ഉസ്താദ് വരാന്തയില്‍ തന്നെ കിടന്നു. ഓരോന്നും ഓര്‍ത്തു കിടന്നു മയങ്ങി. ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്ക് പിറകിലേക്ക് ഓടി. ജോലിക്ക് എത്തിയ ആദ്യ നാളുകള്‍. ഓരോന്നും ചെയ്തു തീര്‍ക്കാന്‍ ആവേശമായിരുന്നു. പുതിയ മുസ്ലിയാര്‍ ആണ്, നാട്ടില്‍ എല്ലാ കാര്യത്തിലും മുന്നില്‍ തന്നെയുണ്ട് - ആളുകള്‍ പരസ്പരം പറയും. ചെറിയ കുട്ടികളെ രാത്രി പള്ളിയില്‍ പഠിപ്പിക്കും. മദ്രസയില്‍ നിന്നും ഒഴിഞ്ഞുപോയ വലിയ കുട്ടികള്‍ തുടര്‍ന്നു പഠിക്കാന്‍ ഇഷ്ടപ്പെടുന്നവരെ ചേര്‍ത്ത് പുതിയൊരു പഠനരീതിയും ആരംഭിച്ചു.

യുവാക്കളെ ചേര്‍ത്ത് പള്ളി മുറ്റത്ത് തന്നെ ഒരു ദഫ് പരിശീലന ക്ലാസ്സും തുടങ്ങി. അതിന് അല്പം ദൂരെയുള്ള ഹമീദ് എന്ന ചെറുപ്പക്കാരനെ ഏര്‍പ്പാട് ചെയ്തു തന്നത് കുഞ്ഞാലിയാണ്. ചില രാത്രികളില്‍ കുഞ്ഞാലിയും പാട്ടുപാടി ദഫിന്റെ താളത്തിന് കൊഴുപ്പുകൂട്ടും. കല്ല്യാണവീടുകളില്‍ പരിപാടി കിട്ടിയാല്‍ കുഞ്ഞാലിയാണ് നേതൃത്വം. പഠിപ്പിച്ചും, പൊതുജനകാര്യങ്ങളില്‍ ഇടപെട്ടും കടന്നുപോയ യൗവ്വനം.

ഹമീദ് ഇടയ്ക്ക് ചോദിക്കും. 'ഉസ്താദിന് ഒരു കുടുംബം വേണ്ടേ?' അഷ്‌റഫ് ഹാജിയും ഇടയ്ക്ക് സൂചിപ്പിക്കും; 'ഒരു വിവാഹം കഴിക്കണം. എന്നാലേ ജീവിതത്തിന്ന് അര്‍ത്ഥമുണ്ടാകൂ.' പലപ്പോഴും അതിനെപ്പറ്റി ചിന്തിക്കും. ഉപ്പ, ഉമ്മ, സഹോദരന്‍ എല്ലാം മനസ്സില്‍ തെളിഞ്ഞുവരുന്ന ഓര്‍മ്മകള്‍. 'എനിക്ക് ആര് പെണ്ണ് തരാനാണ്, ഹമീദേ? വീടും കുടുംബവും ഒന്നുമില്ലാത്ത ഞാന്‍ അതിനെപ്പറ്റി ചിന്തിക്കുന്നത് തന്നെ തമാശയായി തോന്നും.' നിരാശയോടെ അത് പറയുമ്പോള്‍ ഹമീദ് ചിരിയോടെ പറയും. 'ഉസ്താദ് സമ്മതം പറഞ്ഞാല്‍, പെണ്‍കുട്ടിയെ ഞാന്‍ നാളെത്തന്നെ കണ്ടുപിടിക്കും.'

അഷ്‌റഫ് ഹാജിയും തനിക്ക് ഒരു കുടുംബജീവിതം ഉണ്ടാക്കിത്തരാന്‍ മുന്നോട്ടുവന്നു. ഹമീദാണ് കാര്യങ്ങള്‍ അഷ്‌റഫ് ഹാജിയോട് പറഞ്ഞത്. 'ഹാജിക്കാ എന്റെ വീടിന് അടുത്ത് ഒരു പെണ്‍കുട്ടിയുണ്ട്. വളരെ ദരിദ്ര കുടുംബത്തിലെ കുട്ടി. യത്തീമാണ്. അവളും ഉമ്മയും ഒരു ചെറിയ കുടിലിലാണ് ഉള്ളത്. ഉസ്താദിന് ഇഷ്ടമാണെങ്കില്‍ ഞാന്‍ അവരോട് സംസാരിക്കാം'. ഹാജിയാര്‍ സന്തോഷത്തോടെ അന്വേഷണം നടത്തി. 'ഉസ്താദ് പോയി പെണ്‍കുട്ടിയെ കണ്ട് നമുക്ക് കാര്യങ്ങള്‍ മുന്നോട്ട് നീക്കാം.' ആദ്യം കുറേ മടിച്ചെങ്കിലും ഹമീദിന്റെ നിര്‍ബന്ധം കൂടി വന്നപ്പോള്‍ അവന്റെ കൂടെ പോയി ഖദീജയെ കണ്ടു. ചെറിയ പറമ്പില്‍ ഒരു കൊച്ചു വീട്. ഉമ്മ വീട്ടുപണിക്ക് പോയി കിട്ടുന്നതുകൊണ്ടാണ് കുടുംബം ജീവിക്കുന്നത്. ബാപ്പ മരിച്ചുപോയി. സഹായത്തിന് ആരും ഇല്ല. ഉമ്മ ഓരോന്നും സങ്കടത്തോടെ പറഞ്ഞു. താനും അനാഥനാണ്, പലരുടെയും കാരുണ്യം കൊണ്ട് ജീവിക്കുന്നു. ഇവര്‍ക്ക് ഒരു തുണയാകുന്നത് ജീവിതത്തില്‍ ചെയ്യാന്‍ പറ്റുന്ന വലിയ കാര്യമല്ലേ?

വിവാഹത്തിന്റെ ചര്‍ച്ചകള്‍ പള്ളികമ്മിറ്റിയില്‍ എത്തി. അധിക ആള്‍ക്കാര്‍ക്കും സമ്മതമാണ്. പാവപ്പെട്ട ഒരു പെണ്‍കുട്ടിക്ക് ജീവിതം കിട്ടുന്ന കാര്യമാണ്. എല്ലാവരും കഴിയുന്ന സഹായം ചെയ്യാമെന്ന് അറിയിച്ചു. മൂസ ഹാജി അവിടെയും പരിഹാസവുമായി എത്തി. 'വീടും കുടുംബവും ഒന്നും അറിയാത്ത ഒരുത്തന് വിവാഹം നടത്തി കൊടുത്താല്‍ നാളെ ആ കുട്ടിയെ ഉപേക്ഷിച്ചുപോയാല്‍ നിങ്ങള്‍ ഉണ്ടാകുമോ?.' അഷ്‌റഫ് ഹാജി ദേഷ്യപ്പെട്ടു. 'എന്നാല്‍ നിങ്ങള്‍ തന്നെ നാട്ടില്‍ നിന്നു ഒരു ചെക്കനെ കണ്ടെത്തി വിവാഹം നടത്ത്.' മറ്റു പലരും മൂസ ഹാജിക്ക് എതിരെ ഓരോന്നും പറഞ്ഞപ്പോള്‍ മൂസഹാജി കലിയോടെ ഇറങ്ങിപ്പോയി. 'നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യ്. നാളെ പരാതി ഉണ്ടായാല്‍ എല്ലാവരെയും ഞാന്‍ കോടതി കേറ്റും.' ആരും മറുപടി പറഞ്ഞില്ല.

അധികം താമസിയാതെ ഖദീജ ജീവിതത്തിന്റെ പുതുമണമായി മനസ്സില്‍ നിറഞ്ഞു. കുറച്ചുകാലം രാത്രിയില്‍ ഉറക്കം പള്ളിയില്‍ നിന്നും മാറ്റി, അതിരാവിലെ പള്ളിയിലെത്തി ബാങ്കുവിളിച്ചു. ഒറ്റപ്പെട്ട ജീവിതത്തില്‍ നിന്നും സ്‌നേഹത്തിന്റെയും കടമകളുടെയും കടപ്പാടുകളുടെയും ലോകത്ത് എത്തിയപ്പോള്‍ വലിയ സന്തോഷം തോന്നി. ഭാര്യയും അവളുടെ ഉമ്മയും നല്‍കുന്ന സ്‌നേഹവാല്‍സല്യങ്ങള്‍ ജീവിതത്തിന് പുതിയ താളവും ലയവും നല്‍കിയ നാളുകള്‍. വര്‍ഷങ്ങള്‍ കടന്നുപോയി. ആദ്യത്തെ കുട്ടി ജനിച്ചു. സെറീന അധിക നാളുകള്‍ ജീവിച്ചില്ല. പെട്ടെന്ന് വന്ന പനി കാരണം മരണത്തിന് കീഴടങ്ങി. മനസ്സില്‍ വേദനയുടെ അലകടല്‍ ഇരമ്പി. പിന്നെയും ഖദീജയുടെ കണ്ണീര്‍ നിറഞ്ഞ ദിനരാത്രങ്ങള്‍. വര്‍ഷങ്ങള്‍ കടന്നുപോയി.

അജ്മലിന്റെ ജനനത്തോടെ വീണ്ടും സന്തോഷത്തിന്റ പുതിയ പ്രകാശദിനങ്ങള്‍ തെളിഞ്ഞു. ഇടയ്ക്ക് ഉമ്മയുടെ മരണം ശൂന്യത സൃഷ്ടിച്ചു. കുട്ടിക്കാലത്ത് സ്‌നേഹിച്ച് കൊതിതീരാത്ത ഉമ്മയുടെ സ്‌നേഹവും കരുതലും ധാരാളം അനുഭവിച്ചുവരുമ്പോള്‍ ഈ ഉമ്മയും വിടപറഞ്ഞു. ഖദീജയും കുഞ്ഞുമോനും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും നല്‍കിയ സംതൃപ്തമായ കുടുംബജീവിതം. 'സിദ്ദീഖ് ഉസ്താദേ... ഉസ്താദെ....' ഉറക്കെയുള്ള ശബ്ദം കേട്ട് മയക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റു. ചിരിയോടെ അരികില്‍ നില്‍ക്കുന്ന അഷ്‌റഫ് ഹാജി. 'ബാങ്ക് വിളിക്കാന്‍ സമയമായി'. ഹാജിയാര്‍ അതുപറഞ്ഞു പള്ളിക്കകത്തേക്ക് നടന്നു. സിദ്ദീഖ് ഉസ്താദ് പഴയ ഓര്‍മ്മകളുടെ വലയത്തില്‍ അല്‍പസമയം നിന്നു.

വേഗതയില്‍ നടന്നു അംഗശുദ്ധി വരുത്തി, ഈണത്തില്‍ ബാങ്കുവിളിച്ചു. 'അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍...' ചുറ്റുവട്ടത്തില്‍ നിന്നും ആള്‍ക്കാര്‍ എത്തിത്തുടങ്ങി. പ്രാര്‍ത്ഥനയുടെ ഭക്തി സംഗീതം അലയടികള്‍ ഉയര്‍ത്തി. ആളുകള്‍ ഒഴിഞ്ഞുപോയി. അഷ്‌റഫ് ഹാജിയും മൊയ്തുമാഷും വരാന്തയില്‍ ഇരുന്നു. 'നമ്മുടെ പള്ളിക്ക് പറമ്പ് വാങ്ങുന്ന കാര്യം എന്തായി മാഷേ?' ഹാജിയാരുടെ ചോദ്യം കേട്ടു മാഷ് ചിന്തകളില്‍ നിന്നും ഉണര്‍ന്നു. 'ഒന്നുരണ്ടു സ്ഥലങ്ങള്‍ നോക്കി. പള്ളിക്ക് അടുത്തുതന്നെയുള്ള സ്ഥലമാണ് നല്ലതെന്നാണ് എല്ലാവരുടെയും അഭിപ്രായം.' 'അത് വില അധികമാണല്ലോ പറയുന്നത്.' 'ഭാവിയില്‍ പള്ളി വലുതാക്കാനും മദ്‌റസ പണിയാനും എല്ലാം സൗകര്യപ്പെട്ട സ്ഥലമാണ്. മറ്റൊരു പ്രശ്‌നം കൂടിയുണ്ട് ഹാജിയാരെ. ഇതിനടുത്ത പറമ്പ് മൂസഹാജിയുടേതാണ്. അതുകൊണ്ട് ഈ പറമ്പും അയാള്‍ക്ക് നോട്ടമുണ്ട്.'

(തുടരും)


Also Read :



ബാല്യത്തിലെ കളിക്കൂട്ടുകാരി 11


അത്രമേൽ സ്നേഹിക്കയാൽ 14


Keywords:  Kerala, Article, Ibrahim Cherkala, Marriage, Teacher, Masjid, Novel, Love, Child, Village, A new guest to the love nest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia