ജൂണ്‍ 19 വായാനാദിനം: അക്ഷരശിൽപി പി എന്‍ പണിക്കരുമൊത്തുള്ള ഓര്‍മ്മത്തിളക്കങ്ങള്‍

 


കൂക്കാനം റഹ്‌മാൻ

(www.kvartha.com 18.06.2021)
ഞാനെന്തിനാ ഇത്ര ബുദ്ധിമുട്ടി ഇവിടം വരെ വന്നത് ?

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സാദാ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്ത് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ അദ്ദേഹത്തെ കാത്തു നില്‍ക്കുന്ന കാന്‍ഫെഡ് പ്രവര്‍ത്തകരോടുള്ള പി എന്‍ പണിക്കരുടെ ചോദ്യമിതാണ്. 'പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി' എന്നാവും ഞങ്ങളുടെ ഉത്തരം. പണിക്കര്‍ സാര്‍ പറയും , 'അല്ല നിങ്ങളെപോലുള്ള പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ പ്രായമായകാലത്തും വയ്യായ്കയെങ്കിലും ഞാന്‍ വന്നത്'. ഞങ്ങള്‍ 'അതെ സാര്‍' എന്ന് പറയും.

ഞാന്‍ പ്രാര്‍ത്ഥിച്ചത് ആര്‍ക്കു വേണ്ടിയാണ്?

പി എന്‍ പണിക്കര്‍ ടി ബി യിലാണ് താമസിക്കാറ്. കുളിയൊക്കെ കഴിഞ്ഞ് അദ്ദേഹം റെഡിയായി വരുന്നത് കാത്ത് ഞങ്ങള്‍ പ്രവര്‍ത്തകര്‍ മുറിക്ക് പുറത്ത് കാത്തു നില്‍പ്പുണ്ടാവും. മുറിയില്‍ അടച്ചിരുന്ന് പത്തുമിനിട്ട് നേരം പ്രാര്‍ത്ഥനയുണ്ട് അദ്ദേഹത്തിന്. അതും കഴിഞ്ഞ് സുസ്‌മേരവദനായി അദ്ദേഹം പുറത്തേക്ക് വരും 'ഞാന്‍ ആര്‍ക്കുവേണ്ടിയാണ് എന്തിനു വേണ്ടിയാണ് പ്രാര്‍ത്ഥിച്ചതെന്നറിയോ?' ഞങ്ങള്‍ നിശബ്ദരായി നില്‍ക്കും. അദ്ദേഹം പറയും 'നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ മനസ്സ് നന്നാവാന്‍ വേണ്ടി'. അത് കേട്ടാല്‍ ഞങ്ങള്‍ സന്തോഷിച്ചു ചിരിക്കും.


എനിക്ക് എ സി മുറി വേണ്ട ഞാനതില്‍ കിടക്കില്ല

ഒരു പരിപാടി കഴിഞ്ഞ് വളരെ വൈകിയാണ് കാസര്‍കോട് ടൗണില്‍ ഞങ്ങള്‍ എത്തുന്നത്. അവിടെ ഏതോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മേളനം നടക്കുന്നു. ടി ബിയും എല്ലാ ഹോട്ടല്‍ മുറികളും ബുക്ക്ഡ് ആണ്. രാത്രി 12 മണി കഴിഞ്ഞു കാണും. എവിടെയും മുറി കിട്ടാത്തപ്പോള്‍ ഒരു ശ്രമവും കൂടി നടത്തി നോക്കി. പേരു കേട്ട ഒരു ഹോട്ടലില്‍ ഒരു എ സി മുറി ബാലന്‍സുണ്ട് എന്നറിഞ്ഞു.

പ്രയാധിക്യത്താല്‍ വിഷമിക്കുന്ന പി എന്‍ പണിക്കര്‍ സാറിനെങ്കിലും ആ മുറി ഉപയോഗിക്കാമല്ലോ ഞങ്ങള്‍ വരാന്തയിലും മറ്റും അഡ്ജസ്റ്റ് ചോയ്‌തോളാം എന്ന ധാരണയില്‍ പണിക്കര്‍ സാറിനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി 'അയ്യോ എ സി മുറിയാണോ എനിക്കു വേണ്ട, പാവങ്ങള്‍ക്ക് കിടന്നുറങ്ങാന്‍ പോലും കുടിയില്ലാത്ത ഈ നാട്ടില്‍ ഞാന്‍ എ സി മുറിയില്‍ കിടക്കുകയോ?' അദ്ദേഹം ഇറങ്ങിപ്പോയി. റിസപ്ഷന്‍ മുറിയിലെ സോഫയിലിരുന്നു എത്ര നിര്‍ബന്ധിച്ചിട്ടും സാര്‍ വന്നില്ല. അന്ന് അവിടെ അദ്ദേഹം ഇരുന്നുറങ്ങി.

ജൂണ്‍ 19 വായാനാദിനം: അക്ഷരശിൽപി പി എന്‍ പണിക്കരുമൊത്തുള്ള ഓര്‍മ്മത്തിളക്കങ്ങള്‍

ഭക്ഷണം ഇത്ര മതി

കാസര്‍കോട്ട് എത്തിയാല്‍ ഉച്ചഭക്ഷണം നല്ല വൃത്തിയുള്ള ഹോട്ടലില്‍ നിന്നു വേണം. ഇച്ചിരിയേ വേണ്ടൂ. നോണ്‍വെജിറ്റേറിയന്‍ ഭക്ഷണമാണിഷ്ടം. 'റഹ്മാനെ എനിക്ക് ഹാഫ് ചിക്കന്‍ ബിരിയാണി മതി.' എന്ന് എന്നോട് പറയും അത് പോലെ ഓര്‍ഡര്‍ ചെയ്ത് ഭക്ഷണം മുമ്പിലെത്തിയാല്‍ എന്നെ വിളിച്ച് അടുത്തിരുത്തും. ഒരു കാലിപ്ലേറ്റ് കൂടി കൊണ്ടു വരാന്‍ പറയും. ആ പ്ലേറ്റില്‍ കോഴിപീസിന്റെ പകുതിയും, ചോറിന്റെ പകുതി ഭാഗവും എനിക്കു തരും. അത്രമാത്രം കഴിച്ചാല്‍ മതീയെന്ന് ഉപദേശിക്കുകയും ചെയ്യും.


'കുംസ്' എന്ന പലഹാരം അത്രയ്ക്കും ഇഷ്ടമാണ്

ഒരു ദിവസം കാസര്‍കോട്ട് നിന്ന് അതിരാവിലെ പുറപ്പെട്ടു. കണ്ണൂരിലെ പ്രവര്‍ത്തന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തേണ്ടത് പത്തുമണിക്കാണ്. പ്രഭാത ഭക്ഷണം കഴിക്കാതെയാണ് യാത്ര. കരിവെള്ളൂരില്‍ എന്റെ വീടിനടുത്തെത്താറായപ്പോള്‍ ബ്രേക്ക് ഫാസ്റ്റിന് പണിക്കര്‍ സാറിനെ വീട്ടിലേക്ക് കൂട്ടി വന്നു. ഭാര്യ ഉണ്ടാക്കിവെച്ച ആഹാരസാധനങ്ങളില്‍ സാറിന് ഇഷ്ടമായത് 'കുംസ്' ആണ്. അതിനു ശേഷം ജില്ലയില്‍ പരിപാടികള്‍ക്ക് വന്നാല്‍ രാവിലെ ഞാന്‍ പോകുമ്പോള്‍ കയ്യില്‍ കുംസ് കരുതും. അദ്ദേഹം അന്വേഷിക്കും 'നിന്റെ ഭാര്യ പലഹാരം തന്നയച്ചില്ലേയെന്ന്.'


ജില്ലാ കലക്ടര്‍ ജെ സുധാകരന്റെ മകന്റെ പേര് വിളി

കാസര്‍കോട് ജില്ലാ കലക്ടര്‍ ആയിരുന്ന ജെ സുധാകരന്‍ സാറിന് ഒരാണ്‍കുഞ്ഞ് പിറന്നു. പണിക്കര്‍ സാറിനെ ഏറേ ബഹുമാനിക്കുന്ന ഒരു വ്യക്തിയായിരുന്നു ജെ സുധാകരന്‍. ഐഎഎസുമാരുടെ ഒരു കൂടിച്ചേരലില്‍ സുധാകരന്‍ സാറ് പറഞ്ഞ ഒരു കാര്യം എന്നും ഓര്‍മ്മയില്‍ തങ്ങുന്നതാണ്. 'ഞാൻ ഐ എ എസുകാരനാവാന്‍ സഹായിച്ചത് പണിക്കര്‍ സാറാണ്. സാര്‍ രൂപം കൊടുത്ത ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സഹായകമാണത്. എന്റെ വീടിനടുത്ത ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങളെടുത്ത് വായിച്ചാണ് എനിക്ക് ഇത്തരം പരീക്ഷകള്‍ എഴുതി എടുക്കാന്‍ പറ്റിയത്'. ആ യോഗഗത്തില്‍ വെച്ചു തന്നെ കലക്ടര്‍ പണിക്കര്‍ സാറിനോടപേക്ഷിച്ചു. 'സാര്‍ എന്റെ താമസസ്ഥലത്തു വരണം. എന്റെ കുഞ്ഞിന് സാര്‍ പേരു വിളിക്കണം'. അന്ന് വൈകുന്നേരം പണിക്കര്‍ സാറിനൊപ്പം ഞങ്ങളും കലക്ടറുടെ ബംഗ്ലാവിലെത്തി. കുഞ്ഞിനെയെടുത്ത് മടിയിലിരുത്തി സാര്‍ പേരു വിളിച്ചു 'കണ്ണന്‍'


ബസ് പാസ്‌കിട്ടി

1986 ല്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ പി പ്രഭാകരന്‍ ഐഎഎസ് ആയിരുന്നു. തമിഴ് നാട്ടുകാരനാണ്. പി എന്‍ പണിക്കരുടെ ആരാധകനായിരുന്നു അദ്ദേഹം. പ്രവര്‍ത്തകര്‍ക്ക് ജില്ല മുഴുവന്‍ യാത്ര ചെയ്യാനുള്ള സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ച് പൂര്‍ണ്ണ ബോധ്യമുള്ള വ്യക്തിയായിരുന്നു പി എന്‍ പണിക്കര്‍. മൂന്ന് പ്രവര്‍ത്തകര്‍ക്ക് ബസ്സില്‍ യാത്ര ചെയ്യാനുള്ള സൗജന്യ പാസ് അനുവദിച്ചു തരാന്‍ ഞാന്‍ കലക്ടറോട് പറയാം എന്ന് പണിക്കര്‍ സാര്‍ പറഞ്ഞു. ഞങ്ങളുടെ മുമ്പില്‍ വെച്ചു തന്നെ കലക്ടര്‍ സാറിനെ പണിക്കര്‍ സാര്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. ഒരപേക്ഷയുമായി അവരെ വരാന്‍ പറയൂ എന്ന് കലക്ടര്‍ സാര്‍ നിര്‍ദ്ദേശിച്ചു.

ഞാന്‍, കെകെ പൊതുവാള്‍, കരിവെള്ളൂര്‍ വിജയന്‍ എന്നിവര്‍ അപേക്ഷയുമായി കലക്ടറെ കാണാന്‍ ചെല്ലുന്നു. പ്രസ്തുത അപേക്ഷ ആസ്‌പോട്ടില്‍ വെച്ചു തന്നെ ആര്‍ ടി ഒവിന് ഫോര്‍വേഡ് ചെയ്തു. 'പി എന്‍ സാര്‍ പറഞ്ഞാല്‍ എനിക്കിത് ചെയ്യാതിരിക്കാന്‍ പറ്റില്ല' എന്ന് ഞങ്ങളോട് കലക്ടര്‍ സാര്‍ പറഞ്ഞു. അങ്ങിനെ ഞങ്ങള്‍ മൂന്നു പേര്‍ക്ക് ജില്ലയില്‍ ഏതു ബസ്സിനും സൗജന്യ യാത്ര ചെയ്യനുള്ള പാസ് ആര്‍ടിഒ അനുവദിച്ചു തന്നു.


നൂറിലധികം കത്തുകള്‍

പണിക്കര്‍ സാര്‍ എനിക്കയച്ചു തന്ന നിരവധി കത്തുകളുണ്ട്. കത്തുകളില്‍ വിമര്‍ശനങ്ങളുണ്ട്, പ്രോത്സാഹനങ്ങളുണ്ട്, 1977 മുതല്‍ 1995 വരെ പണിക്കര്‍ സാര്‍ എനിക്കയച്ച കത്തുകളുടെ ഒരു സമാഹാരം ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്. 'പി എന്‍ പണിക്കര്‍ എനിക്കയച്ച കത്തുകള്‍' എന്ന പേരില്‍ പുറത്തിറക്കിയ സമാഹരത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത് മുന്‍ മന്ത്രി ഇ ചന്ദ്രശേഖരനാണ്.


ഞാന്‍ മരിച്ചാല്‍ ഇവിടത്തന്നെ സംസ്‌ക്കരിക്കണം

ബന്തടുക്കയില്‍ നിന്ന് മാനാടുകത്തേക്ക് ഒരു പരിപാടിക്കു പോവുകയായിരുന്നു. അവിടെ പൊതുയോഗം വെച്ചത് വൈകീട്ട് ഏഴുമണിക്കാണ്. തിരിച്ചു വരാന്‍ പത്തു മണി കഴിഞ്ഞിട്ടുണ്ടാവും. അന്ന് റേഡുകളെല്ലാം കുണ്ടും കുഴിയും ആയിരുന്നു. പണിക്കര്‍ സാറിന് നല്ല ക്ഷീണമുണ്ട്. ആ ദിവസം അഞ്ചാമത്തെ പരിപാടിയാണിത്. അദ്ദേഹത്തിന്റെ സംസാരം ഓരോ പരിപാടിയിലും ഒന്നര മണിക്കൂറോളം നീണ്ടു നില്‍ക്കും. മാനടുക്കം പരിപാടി കഴിഞ്ഞു തിരിച്ചു വരുന്ന വരവില്‍ പണിക്കര്‍ സാര്‍ തളര്‍ന്നു സീറ്റില്‍ വീണു.

വണ്ടി നിര്‍ത്താന്‍ പറഞ്ഞു മുഖത്തു വെള്ളം കുടഞ്ഞു. കുപ്പിയില്‍ കരുതിയിരുന്ന വെള്ളം കുടിക്കാന്‍ കൊടുത്തു. അദ്ദേഹം കണ്ണ് തുറന്നു. ഹാവൂ സമാധാനമായി, ക്ഷീണം അല്പം മറിയപ്പോള്‍ അദ്ദേഹം പറയുകയാണ് 'ഞാന്‍ മരിച്ചു പോയാല്‍ എവിടുന്നാണോ മരിച്ചത് ആ പ്രദേശത്തു തന്നെ സംസ്‌ക്കരിക്കണം. തിരുവനന്തപുരത്തേക്ക് കൊണ്ടു പോവുകയൊന്നും വേണ്ട. എനിക്ക് അവിടെ ഒരു സെന്റ് ഭൂമി പോലുമില്ല, വീടുമില്ല.'


പണിക്കര്‍ സാറിന്റെ അവസാനത്തെ സമ്മാനം

1995 ജൂണ്‍ എട്ട്, ഉദുമയില്‍ ജില്ലാ പ്രവര്‍ത്തക സംഗമം കഴിഞ്ഞ് മലബാര്‍ എക്‌സ്പ്രസിന് പണിക്കര്‍ സാര്‍ തിരിച്ചു പോവുകയാണ്. സാറിന്റെ സന്തതസഹചാരിയായ രാമചന്ദ്രന്‍ നായര്‍ എന്നും കൂട്ടിനുണ്ടാവും. കോട്ടിക്കുളം സ്റ്റേഷനില്‍ നിന്ന് ചെറുവത്തൂര്‍ സ്റ്റേഷനില്‍ ഇറങ്ങാന്‍ ഞാനും അതേ കമ്പാര്‍ട്ടുമെന്റില്‍ കയറി. ചെറുവത്തൂരില്‍ എത്തുന്നതുവരെ കാന്‍ഫെഡിന്റെ വാര്‍ഷിക സമ്മേളനത്തെക്കുറിച്ചും, പ്രവര്‍ത്തകരെ ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചം സാര്‍ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. സ്റ്റേഷന്‍ എത്താറായപ്പോള്‍ ഞാന്‍ യാത്ര ചോദിച്ചു എഴുന്നേറ്റു.

അദ്ദേഹത്തിന്റെ ഒപ്പം നടന്ന കഴിഞ്ഞ 25 വര്‍ഷക്കാലവും ഇല്ലാത്ത ഒരനുഭവം അന്നുണ്ടായി. അദ്ദേഹം പണം കയ്യില്‍ വെക്കാറില്ല. എന്റെ നേരെ അഞ്ഞൂറിന്റെ ഒരു നോട്ട് വെച്ചു നീട്ടി 'ഇത് എന്റെ വക തനിക്കൊരു സമ്മാനം'. ഒരു നിധികിട്ടിയ പോലെ ആദരവോടെ ഞാന്‍ രണ്ടു കയ്യും നീട്ടി അതു സ്വീകരിച്ചു, സ്റ്റേഷനില്‍ ഇറങ്ങി. സാര്‍ വണ്ടിയില്‍ ഇരുന്നു കൊണ്ട് ഇരു കയ്യും കൂപ്പി എന്നെ യാത്രയാക്കി.

ആ രംഗം മനസ്സില്‍ നിന്ന് മായുന്നില്ല. അത് അദ്ദേഹത്തിന്റെ അവസാനത്തെ യാത്രാമൊഴിയായിരുന്നു. അവിടുന്ന് പത്തു ദിവസം കഴിഞ്ഞപ്പോള്‍ (ജൂണ്‍-19) അദ്ദേഹം എന്നന്നേക്കുമായി വിടപറഞ്ഞു. സാര്‍, മനസ്സില്‍ മരിക്കും വരെ സൂക്ഷിക്കും അങ്ങ് എന്നോട് കാണിച്ച കരുതലും സ്‌നേഹവും.

Keywords:  Kerala, Article, Kookanam-Rahman, Reading-Day, Book, Writer, P N Panikkar, June 19 Reading Day: Memories with PN Panicker.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia