നബീസാൻറെ മകൻ മജീദ് (ഭാഗം 2)
കൂക്കാനം റഹ്‌മാൻ
(www.kvartha.com 11.10.2021) മജീദിന്റെ കളിക്കൂട്ടുകാര്‍ക്കെല്ലാം ഓരോ പ്രത്യേകതകളുണ്ട്. കണ്ടക്കോരന്‍ എന്നു വിളിപ്പേരുളള കൃഷ്ണന് കറുത്ത നിറമാണ്. പൊളളക്കണ്ണ് നല്ല തടിമിടുക്ക്. അപ്യാല്‍ ചെറിയമ്പു എന്നവരുടെ മകനാണ്. കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് അമ്പുവേട്ടന്റെ പ്രധാന തൊഴില്‍. മജീദിന് വയറുവേദനയോ, ചോര പോക്കോ ഉണ്ടായാല്‍ വെറു വയറ്റില്‍ എരുമപ്പാല്‍ കുടിച്ചാല്‍ സുഖമാവും എന്ന് നബീസ പറയും, അതിന് തലേന്നാളേ ചെറിയമ്പുവേട്ടനെ പറഞ്ഞേല്‍പ്പിക്കും. ചെറിയമ്പുവേട്ടന് മൂന്ന് നാല് എരുമകളും രണ്ട് ജോഡി പോത്തുകളുമൊക്കെയുണ്ട്. മജീദ് രാവിലെ വെറും വയറ്റില്‍ എരുമപ്പാല്‍ കുടിക്കാന്‍ അവിടെ ചെല്ലും, കളിക്കൂട്ടുകാരന്‍ കണ്ടക്കോരന്‍ ഒരു ഗ്ലാസ് നിറയെ എരുമപ്പാല് മജീദിന് കൊണ്ടു കൊടുക്കും.
മജീദ് പാല് കുടിച്ച് കിണറ്റിന്‍ കരയില്‍ ചെന്ന് ഗ്ലാസ് കഴുകി എറയത്ത് കൊണ്ടു വെക്കും. എറയത്ത് പഴുത്ത നേന്ത്രവാഴക്കുല തൂക്കിയിട്ടുണ്ടാവും. അതെല്ലാം കണ്ടക്കോരന് വേണ്ടി തിന്നാന്‍ വെച്ചതാണ്. മജീദ് അത്ഭുതത്തോടെ അത് നോക്കി നില്‍ക്കുമ്പോള്‍ കണ്ടക്കോരന്റെ അമ്മ ചിരിയേട്ടി ഇറയത്തേക്ക് വന്നു. വെളുത്ത സുന്ദരിയാണ് ചിരിയേട്ടി. ബ്ലൗസിടാത്ത വെളുവെളുത്ത അമ്മിഞ്ഞ പുറത്തുകാട്ടിയാണ് അവരുടെ നടത്തം. 'എടാ കൃഷ്ണാ ഈ ക്ടാവിന് അതില്‍ നിന്ന് രണ്ട് പഴം പൊട്ടിച്ച് കൊടുക്ക്.' ചിരിയേട്ടി പറയും. അതും വാങ്ങി മജീദ് വീട്ടിലേക്കോടും. സ്‌ക്കൂളില്‍ പോകേണ്ടതിന് വളരെ മുമ്പ് തന്നെ കണ്ടക്കോരന്‍ മജീദിന്റെ വീട്ടിലെത്തും. ഗോട്ടി കളിക്കാനാണീ വരവ്. കണ്ടക്കോരന്റെ ട്രൗസറിന്റെ കീശയില്‍ നിറയെ വിവിധ നിറങ്ങളിലുളള ഗോട്ടികളുണ്ടാവും. കളിയില്‍ പലപ്പോഴും മജീദ് തോല്‍ക്കും. കയ്യില്‍ ഗോട്ടി കൊണ്ടുളള മേട്ടം കിട്ടും. തോല്‍വിക്കനുസരിച്ച് മേട്ടത്തിന്റെ എണ്ണം കൂടും.
സ്‌ക്കൂളില്‍ ചേരുന്നതിന് മുമ്പ് മജീദിന്റെ കൂട്ടുകാരന്‍ ഹൈദര്‍ അമ്മാവന്റെ മകന്‍ മൂസാന്‍ കുട്ടിയായിരുന്നു. കുരുത്തന്‍ കെട്ട പഹയനാണവന്‍. ഹൈദര്‍ വല്ലിച്ച എന്നാണ് മജീദ് ഹൈദര്‍ അമ്മാവനെ വിളിക്കാറ്. മജീദ് എന്നും രാവിലെ വലിച്ചാന്റെ പീടികയില്‍ ചെല്ലും, വല്ലിച്ച വലിയ പണക്കാരനും കച്ചവടക്കാരനുമായിരുന്നു. വയല്‍ക്കരയുളള കണ്ണാരം വളപ്പ് എന്ന സ്ഥലത്താണ് വല്ലിച്ചയും കുടുംബവും താമസിച്ചിരുന്നത്. രാവിലെ എട്ടു മണിയാവുമ്പോള്‍ അമ്മായി വലിയൊരു സാണില്‍ ഉഴുന്നു ദോശയും മീന്‍കറിയുമായി വരും. മജീദിന്റെ വീട്ടില്‍ ഉഴുന്നു ദോശയൊന്നും ഉണ്ടാക്കാറില്ല. അമ്മായി കൊണ്ടു വരുന്ന ഉഴുന്നു കൊതിച്ചിട്ടാണ് മജീദ് രാവിലെ തന്നെ പീടികയിലേക്കെത്തുന്നത്. വല്ലീച്ച ‘കത്തലടക്കാനിരിക്കുമ്പോള്‍’ 'വാടാ ഇവിടെ ഇരിക്ക്' എന്ന് ഉറക്കെ വിളിക്കും മജീദും മൂസാന്‍ കുട്ടിയും കുശാലായി ദോശയും മീന്‍കറിയും കഴിക്കും.
ഒരു ദിവസം ചായ കുടികഴിഞ്ഞിരിക്കുമ്പോള്‍ പീടികയുടെ അടുത്തുളള ഒളമാവില്‍ നിന്ന് പഴുത്ത മാങ്ങ വീണു. മൂസാന്‍ മാങ്ങ മുറിക്കാനുളള പിച്ചാത്തിയുമായി ഓടിയതാണ്. മാങ്ങ പെറുക്കാന്‍ മജീദും ഓടി. മൂസാന്റെ കയ്യിലെ പിച്ചാത്തി കൊണ്ട് മജീദിന്റെ ഇടതു കയ്യിലെ ചൂണ്ടു വിരലിന്റെ താഴെ മുറിഞ്ഞു പോയി. ആഴത്തിലുളള മുറിവുണ്ടായി. രക്തം വാര്‍ന്നൊഴുകി. അങ്ങിനെ തന്നെ മജീദ് വീട്ടിലേക്കോടി. ഉമ്മ നബീസക്ക് ഇത് കണ്ട് സഹിക്കാന്‍ പറ്റിയില്ല. ഒരു തുണ്ട് ശില മുറിവില്‍ വാരിക്കെട്ടി മജീദിനെ വാരിയെടുത്ത് ജ്യോഷ്ഠന്‍ ഹൈദരിച്ചാന്റെ പീടികയിക്കോടി. അവിടെ എത്തുമ്പോഴേക്കും മൂസാന്‍ ഓടി രക്ഷപ്പെട്ടിരുന്നു.
മൂസാന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ ഏറ്റ മുറിവ് സ്‌ക്കൂളില്‍ ചേരുമ്പോള്‍ ഉപകാരമായി മാറി. രണ്ട് തിരിച്ചറിയല്‍ അടയാളങ്ങള്‍ വേണം. രജിസ്റ്ററില്‍ ചേര്‍ക്കാനാണ് ആലക്കാടന്‍ നാരായണന്‍മാഷും കുമാരന്‍ മാഷുമാണ് മജീദിന്റെ ദേഹം മുഴുവന്‍ അരിച്ചു പരിശോധിച്ചത്. അങ്ങിനെ ഒന്നു കിട്ടി ഒരു കാക്കപ്പുളളി മാഷ് എഴുതി 'എ ബ്ലാക്ക് മോള്‍ ഓണ്‍ ദ ലഫ്റ്റ് സൈഡ് ഓഫ് ലോവര്‍ ജോ' അടുത്തതിനായി തെരച്ചില്‍ അപ്പോഴാണ് കൈവിരലിലെ മുറിവടയാളം ഓര്‍മ്മ വന്നത്. അതാണ് രണ്ടാമത്തെ അടയാളമായി മാഷ് എഴുതി ചേര്‍ത്തത്. 'എവൂണ്‍ഡ് സ്‌കാര്‍ ബിലൊദ ഫോര്‍ഫിന്‍ഗര്‍ ഓഫ് ദ ലഫ്റ്റ് ഹാന്റ്.' അന്ന് വേദനിച്ചെങ്കിലും ഇന്ന് ഉപകാരമായി.
വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആണ്ടു നേര്‍ച്ചദിവസവും തലേന്നാളും മജീദിന്റെ സന്തോഷദിവസമാണ്. ചന്തേരയില്‍ നിന്ന് ആസീത്തയും മക്കളായ അഫ്‌സ ,കുഞ്ഞായിഷ, ഉച്ചവളപ്പിലെ കുല്‍സു, ബീഫാത്തു, ഇബ്രാഹിം ,കൊക്കാലിലെ ഖാദിര്‍ ,അക്കരമ്മലിലെ മമ്മദ് ഇവരൊക്കെ ഒത്തു ചേരുന്ന ദിവസം. നേര്‍ച്ചത്തലേന്ന് കളിച്ച് തിമിര്‍ക്കും . പെൺകുട്ടികളുടെ തട്ടം ഊരിയെടുത്ത് ഓടല്‍, അവര്‍ വന്നു തിരിച്ചു പിടിച്ചോടല്‍ , ഒളിച്ചു കളി ഇതൊക്കെ രസകരമാണ്. അടക്കേണ്ട കോഴികളെ ആണ്‍പിളേളര്‍ ഓടി പിടിക്കല്‍ , അറുക്കാന്‍ വേണ്ടി അവയെ പിടിച്ചു കൊടുക്കല്‍ നെയ്‌ച്ചോറ് വെക്കാനുളള വട്ട്‌ളം അടുത്ത വീട്ടില്‍ നിന്ന് കൊണ്ടു വരല്‍ എന്നീ കാര്യങ്ങള്‍ ചെയ്യണം. പെണ്‍പിളേളര്‍ അകവും മുറ്റവും വൃത്തിയാക്കല്‍, സാണും, പിഞ്ഞാണവും കഴുകിവെക്കല്‍ എന്നീ ജോലി ചെയ്യും.
മജീദിന് ഒരാഴ്ച മുമ്പേ വേറൊരു ഡ്യൂട്ടിയും കൂടി ഉണ്ട്. പറമ്പില്‍ മൂത്ത് നില്‍ക്കുന്ന കാട്ടു മണ്ണന്‍ വാഴക്കുല കൊത്തി പഴുക്കാന്‍ വെക്കുന്ന വലിയ കുഴിയില്‍ കൊണ്ടു വെക്കണം. കുഴിയില്‍ കുലകളെ പൊതിഞ്ഞ് വൈക്കോല്‍ നിറക്കണം.. പലക കൊണ്ട് കുഴി മൂടണം. ഓലച്ചൂട്ട് ഉണ്ടാക്കി കുഴിയിലേക്ക് ഒരു ദ്വാരമുണ്ടാക്കി കടത്തിവെക്കണം. കായ പഴുക്കാന്‍ ദിവസേന പുകയിടണം. കുഴിയിലേക്ക് താഴ്ത്തി വെച്ച ചൂട്ടിന്റെ പുറത്തേക്ക് തളളി നില്‍ക്കുന്ന ഭാഗത്ത് തീ കത്തിച്ച് പാളകൊണ്ട് വീശി കൊടുക്കണം. ഇതൊക്കെ മജീദ് ചെയ്യും. നേര്‍ച്ചയുടെ തലേന്നാള്‍ കുഴിയുടെ മണ്ണ് നീക്കി പലക മാറ്റി നോക്കുമ്പോഴുളള സന്തോഷംപറഞ്ഞറിയിക്കാന്‍ കഴിയില്ല. വാഴക്കുലയൊക്കെ മഞ്ഞ നിറത്തില്‍ കാണും. പഴുത്ത പഴക്കുല കുഴിയില്‍ നിന്നെടുത്ത് മീത്തലെ കൊട്ടിലിന്റെ തുലാത്തില്‍ ചൂടി കൊണ്ട് കെട്ടി താഴ്ത്തി വെക്കും. ഹോ എന്തൊരു രസമാണാക്കാഴ്ച . നേര്‍ച്ചക്കാര്‍ക്ക് കൊടുക്കാതെ ഒരു പഴം പോലും എടുക്കാന്‍ പാടില്ല. അങ്ങിനെ തിന്നാല്‍ തൊണ്ടയ്ക്ക് പഴുപ്പ് വരും. എന്നൊക്കെ വീട്ടില്‍ നിന്ന് പ്രായമുളളവര്‍ പറഞ്ഞു പേടിപ്പിക്കും. പക്ഷേ മജീദ് ആരും കാണാതെ പഴം എടുത്തു തിന്നും. തൊണ്ടക്ക് പഴുപ്പൊന്നും വന്നിട്ടില്ല.
അകലെയുളള പളളിയില്‍ നിന്ന് മൊയ്‌ലാമ്മാരും സില്‍ന്ധികളും രാത്രി സമയമാവുമ്പോള്‍ പെട്രോമാക്‌സും പിടിച്ച് ത്തൈും ചൊല്ലി നടന്നു വരും. ബൈത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ മജീദും കൂട്ടുകാരും അവരെ സ്വീകരിക്കാന്‍ വഴിയില്‍ ചെന്നു നില്‍ക്കും.. നേര്‍ച്ച ചൊല്ലുന്നവര്‍ തിണമേല്‍ വിരിച്ച പായയില്‍ കയറിയിരിക്കും. നിലവിളക്ക് കൊളുത്തിവെച്ചിട്ടുണ്ടാകും. നേര്‍ച്ച വേഗം കഴിയണെ എന്നാണ് മജീദും കൂട്ടരും ആഗ്രഹിക്കുന്നത്. ഹാ-ഹീ-ഹു. എന്നൊക്കെ ശബ്ദം പുറപ്പെടുവിച്ച് നേര്‍ച്ച ചൊല്ലല്‍ അതിന്റെ പാരമ്യത്തിലെത്തും. നേര്‍ച്ച കഴിയാറായി എന്നതിന്റെ സൂചനയാണിത്. നെയ്‌ച്ചോറിന്റെയും കോഴിക്കറിയുടേയും മണം മൂക്കിലേക്ക് തുളച്ചു കയറും. നേര്‍ച്ച ചൊല്ലിയവര്‍ക്ക് ഭക്ഷണം കൊടുത്ത് കഴിഞ്ഞാലെ വീട്ടിലെ മറ്റ് അംഗങ്ങള്‍ക്കും ക്ഷണിച്ചു വന്നവര്‍ക്കും ഭക്ഷണം കിട്ടൂ…..
മജീദിന്റെ ഗ്രാമത്തില്‍ ചെറിയ ചെറിയ അനാദികച്ചവടക്കാരുണ്ടായിരുന്നു. അപ്പുഞ്ഞി ചെട്യാന്‍, കാരിക്കുട്ടി, മമ്മദ്, ഗോവിന്ദന്‍, എന്നിവരാണ് നാട്ടിലെ കച്ചവടക്കാര്‍. നാട്ടിലെ കൃഷിക്കാരെല്ലാം ദരിദ്രരാണ്. തേങ്ങയ്ക്ക് മുന്‍കൂട്ടി പണം വാങ്ങുന്ന ഏര്‍പ്പാടുണ്ട്. ഒരു വര്‍ഷത്തേക്ക് പറമ്പിലെ തെങ്ങ് പാട്ടത്തിന് കൊടുക്കും. നാട്ടിലെ കൃഷിക്കാരുടെ തെങ്ങ് പാട്ടത്തിനെടുക്കുന്നത് ഈ കച്ചവടക്കാരാണ്. കൃഷിക്കാരന് യഥാര്‍ത്ഥത്തില്‍ കിട്ടേണ്ട വിലയേക്കാള്‍ പകുതിയേ കച്ചവടക്കാര്‍ കൊടുക്കൂ. എങ്കിലും കൃഷിക്കാര്‍ക്ക് വലിയ സഹായമായിരുന്നു ഈ പരിപാടി. കര്‍ക്കിടക മാസത്തിലാണ് ഇങ്ങിനെ പാട്ടത്തിനെടുക്കുന്ന കച്ചവടം തകൃതിയായി നടന്നിരുന്നത്.മഴക്കാലത്ത് തോട്ടിലും പുഴയിലും വെളളം നിറയുന്ന കാലത്ത് നാട്ടില്‍ മാക്കാര്‍ വരാറുണ്ട്. ഗ്രാമത്തിലെ കൃഷിക്കാരില്‍ നിന്ന് പച്ചത്തേങ്ങ ശേഖരിക്കാനാണ് അവര്‍ വരുന്നത്. മജീദിന് മാക്കാരുടെ വരവ് സന്തോഷമുളളതാണ്. നാലോ അഞ്ചോ ആളുകള്‍ ഒന്നിച്ചാണ് വന്നിരുന്നത്. വല്യമ്മാവനെ സമീപിച്ച് അനുവാദം വാങ്ങി മജീദിന്റെ വീട്ടിലാണ് അവരുടെ രാത്രി ഉറക്കം അവരുടെ രാത്രി ഭക്ഷണത്തിനു വേണ്ടുന്ന അരിയും, കറിസാമാനങ്ങളും വീട്ടിലെത്തിക്കും. ഉമ്മുമ്മയുടെ നേതൃത്വത്തില്‍ അവര്‍ക്ക് ഭക്ഷണമൊരുക്കി കൊടുക്കും.
മജീദിന് മാക്കാര്‍ വന്നാല്‍ സന്തോഷമാണ്. അവര്‍ക്ക് ഭക്ഷണം കൊണ്ടു കൊടുക്കല്‍ ,കുടിക്കാന്‍ വെളളം കൊണ്ടു കൊടുക്കല്‍ നിസ്‌ക്കരിക്കാന്‍ ഒളു എടുക്കുന്നതിനുളള വെളളം എത്തിക്കല്‍ ഇതൊക്കെ മജീദിന്റെ ഡ്യൂട്ടിയാണ്. അവര്‍ രാവിലെ തിരിച്ചു പോവുമ്പോള്‍ ചെറിയ തുക സമ്മാനമായി മജീദിന് കിട്ടും. അന്നൊരു നാള്‍ സമ്മാനം കിട്ടിയ തുകയുമായി കാരിക്കുട്ടിയുടെ പീടികയില്‍ സാധനങ്ങള്‍ വാങ്ങാന്‍ മജീദ് ചെന്നു. കാരിക്കുട്ടി മൂസോര്‍ ഒരു തമാശക്കാരനാണ്. നാട്ടിലെ ഏക കോണ്‍ഗ്രസുകാരനുമാണ് കുട്ടികള്‍ക്ക് കളളത്തരമുണ്ടോ എന്നു പരിശോധിക്കാന്‍ മൂപ്പര് ചില കെണി ഒരുക്കാറുണ്ട്.
ഒഴിയന്‍ പറമ്പിലെ ഒറ്റപ്പെട്ട പീടികയായിരുന്നു അത്. അനാദിക്കച്ചവടവും ചായക്കടയും ഉണ്ട്. ഗ്രാമത്തില്‍ ആദ്യമായാണ് സമാവറില്‍ ചായ ഉണ്ടാക്കിക്കൊടുക്കുന്ന നാട്ടിലെ ആദ്യ പീടിക. പീടികയുടെ വരാന്തയില്‍ ഒരു മേശയും കാരിക്കുട്ടി മൂസോര്‍ക്ക് ഇരിക്കാന്‍ സ്റ്റൂളുമുണ്ട്. മജീദ് ഉണക്ക മീന്‍ വാങ്ങാനാണ് ചെന്നത്. കൂട്ടത്തില്‍ വിവിധ കളറിലുളള ഗോട്ടി മിഠായിയും വാങ്ങണം. മേശമേല്‍ ഒരു മുക്കാല്‍ കണ്ടു. മറന്നു പോയതായിരിക്കാമെന്ന് മജീദ് കരുതി. ആരും കാണാതെ ആ മുക്കാല്‍ മജീദെടുത്ത് വീട്ടിലേക്കു വന്നു. നബീസുമ്മയോട് കാരിക്കുട്ടിയുടെ പീടികയിലെ മേശമേല്‍ നിന്ന് മുക്കാല്‍ കിട്ടിയത് പറഞ്ഞു. കേള്‍ക്കേണ്ട താമസം നബീസുമ്മ മജീദിന്റെ കയ്യില്‍ കയറി പിടിച്ച് ഈര്‍ക്കില്‍ കൊണ്ട് പലതവണ അടിച്ചു. പീടികയില്‍ ചെന്ന് മുക്കാല്‍ തിരിച്ചു കൊടുത്ത് ക്ഷമ പറഞ്ഞു.
(തുടരും)
Keywords: Kerala, Article, Kookanam-Rahman, Majeed, Shop, Teastall, Thief, Village, School, Thief Majeed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.