First Kidney Donor | കേരളത്തിലെ ആദ്യ വൃക്കദാതാവ് നാരായണി നിര്യാതയായി

 


കണ്ണൂര്‍: (www.kvartha.com) കൂടെപ്പിറപ്പിന്റെ ജീവന്‍ രക്ഷിക്കാന്‍ വൃക്കകളിലൊന്ന് നല്‍കിയശേഷം നാലുപതിറ്റാണ്ട് കര്‍മനിരതയായ കയരളം ഒറപ്പടിയിലെ പുതിയപുരയില്‍ നാരായണി ഓര്‍മയായി. കേരളത്തിലെ ആദ്യ വൃക്കദാതാവായ നാരായണി 102-ാം വയസ്സിലാണ് വിടപറഞ്ഞത്.
         
First Kidney Donor | കേരളത്തിലെ ആദ്യ വൃക്കദാതാവ് നാരായണി നിര്യാതയായി

അവയവം മാറ്റിവയ്ക്കലും അവയവദാനവും അത്രയൊന്നും പരിചിതമല്ലാത്ത കാലത്തായിരുന്നു ഈ വൃക്കദാനം. കണ്ണൂര്‍ ഗവ. ഐടിഐ ഇന്‍സ്ട്രക്ടറായിരുന്ന ഇളയ സഹോദരന്‍ പി പി കുഞ്ഞിക്കണ്ണനാണ് നാരായണിയുടെ വൃക്കയില്‍ ജീവിതം തിരിച്ചുപിടിച്ചത്. കുഞ്ഞിക്കണ്ണന് വൃക്ക രോഗമാണെന്ന് തിരിച്ചറിഞ്ഞതോടെ സഹോദരനെ രക്ഷിക്കാന്‍ സ്വത്തെല്ലാം വില്‍ക്കാന്‍ തയ്യാറാണെന്ന് നാരായണി ഡോക്ടര്‍മാരോടും നഴ്സുമാരോടും പറഞ്ഞു. പണമല്ല, വൃക്കയാണ് വേണ്ടതെന്നായി ഡോക്ടര്‍മാര്‍. തന്റെ പ്രാണന്‍പോയാലും അനുജന്‍ രക്ഷപ്പെടണമെന്ന് നാരായണിയും. വൃക്കദാനത്തിലേക്ക് അങ്ങനെയാണ് വഴിയൊരുങ്ങിയത്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍കാര്‍ പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചു.

1982 ജൂണ്‍ നാലിന് വെല്ലൂര്‍ സിഎംസിയിലായിരുന്നു ശസ്ത്രക്രിയ. ഇതോടെ കേരളത്തിലെ ആദ്യ വൃക്ക സ്വീകര്‍ത്താവായി കുഞ്ഞിക്കണ്ണനും ദാതാവായി നാരായണിയും മാറി. നാരായണിയുടെ 62-ാം വയസ്സിലായിരുന്നു ഇത്. കുഞ്ഞിക്കണ്ണന് 42ഉം. 72-ാം വയസ്സില്‍ കുഞ്ഞിക്കണ്ണന്‍ മരിക്കുമ്പോഴും സഹോദരിയില്‍നിന്ന് ലഭിച്ച വൃക്ക കരുത്തോടെയുണ്ടായിരുന്നു.

വെല്ലൂരില്‍ കെട്ടിവയ്ക്കാന്‍ പണമില്ലാത്തതിനാല്‍, അന്ന് നിയമസഭാ സ്പീകറായിരുന്ന എ പി കുര്യനാണ് എറണാകുളം ബിഷപിന്റെ കത്ത് സംഘടിപ്പിച്ച് ശസ്ത്രക്രിയക്ക് അവസരമൊരുക്കിയത്. നാട്ടില്‍ ഐടിഐ ജീവനക്കാരുടെ സഹകരണത്തോടെ ചികിത്സാ കമിറ്റി രൂപീകരിച്ച് രണ്ട് ലക്ഷം രൂപയും ശേഖരിച്ചു. നാരായണിയുടെ ഭര്‍ത്താവും മൂന്ന് മക്കളും അകാലത്തില്‍ മരണമടയുമായിരുന്നു.

Keywords:  Kerala's first kidney donor Narayani passes away, Kerala, News, Top-Headlines, Kannur, Dead, Obituary, Surgery, Kidney Donor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia