Crime Branch | ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ജില്ല ക്രൈം ബ്രാഞ്ചിന് വിട്ടു; അന്വേഷണ ചുമതല ഡി വൈ എസ് പി എംഎം ജോസിന്

 


കൊല്ലം: (KVARTHA) ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ജില്ല ക്രൈം ബ്രാഞ്ചിന് വിട്ടു. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തുക. കൊല്ലം ജില്ല ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എംഎം ജോസിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.

Crime Branch | ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ജില്ല ക്രൈം ബ്രാഞ്ചിന് വിട്ടു; അന്വേഷണ ചുമതല ഡി വൈ എസ് പി എംഎം ജോസിന്

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിത രാജില്‍ കെആര്‍ പത്മദ് മകുമാര്‍ (51), ഭാര്യ എംആര്‍ അനിതകുമാരി (39), മകള്‍ പി അനുപമ (21) എന്നിവരാണ് ഇപ്പോള്‍ ജയിലിലുള്ളത്. പദ് മ കുമാര്‍ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെലിലുമാണ് കഴിയുന്നത്.

പൊലീസ് മുഴുവന്‍ പ്രതികളെയും പിടികൂടിയെന്ന് പറയുന്നുണ്ടെങ്കിലും സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. വീടിനു സമീപത്ത് കാര്‍ നിര്‍ത്തി പെണ്‍കുട്ടിയെ തട്ടിയെടുത്തപ്പോള്‍ കുട്ടിയുടെ സഹോദരന് പരുക്കേറ്റിരുന്നു. സഹോദരിയെ കാറില്‍ കയറ്റുമ്പോള്‍ ഒരു സ്ത്രീയുള്‍പെടെ നാലുപേരുണ്ടായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. എന്നാല്‍, പൊലീസിന് അത് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. നവംബര്‍ 27-ാം തീയതി വൈകിട്ട് 4.20-ഓടെയാണ് തട്ടിക്കൊണ്ടുപോകല്‍ സംഭവം നടന്നത്.

സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെ നാടാകെ കുഞ്ഞിനെ കണ്ടെത്താനായി തിരച്ചില്‍ നടന്നു. തെക്കന്‍ജില്ലകളും സംസ്ഥാന അതിര്‍ത്തികളും കേന്ദ്രീകരിച്ച് പൊലീസും വിപുലമായ പരിശോധനകള്‍ നടത്തി. ഇതിനിടെ പിറ്റേദിവസം ഉച്ചയോടെയാണ് ആറുവയസ്സുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. എല്ലായിടത്തും പൊലീസ് പരിശോധന നടത്തുകയാണെന്ന് അവകാശപ്പെടുന്നതിനിടെയാണ് ഓടോ റിക്ഷയില്‍ ആശ്രാമം മൈതാനത്ത് എത്തിയ സ്ത്രീ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചാത്തന്നൂര്‍ സ്വദേശിയായ പദ് മ കുമാറും കുടുംബവുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാംപ്രതി അനിതാകുമാരി കുട്ടിയുടെ അമ്മയെ ഫോണില്‍ വിളിച്ചതിന്റെ ശബ്ദരേഖയില്‍ നിന്നാണ് പ്രതികളെക്കുറിച്ച് നിര്‍ണായക സൂചന ലഭിച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. 

തുടര്‍ന്ന് പ്രതികളുടെ മൊബൈല്‍നമ്പര്‍ ശേഖരിച്ച് നിരീക്ഷണം ശക്തമാക്കിയ പൊലീസ് സംഘം തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് മൂവരെയും പിടികൂടിയത്. ഐജി സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ഡിഐജി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ഇതുവരെ നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ ഇവര്‍ മൂന്നുപേര്‍ക്കും മാത്രമേ പങ്കുള്ളൂവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേസില്‍ പൊലീസ് നല്‍കിയ വിശദീകരണത്തില്‍ പലതരത്തിലുള്ള പൊരുത്തക്കേടുകളും ദുരൂഹതകളും നിലനില്‍ക്കുന്നതായുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്. കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ അടക്കമുള്ളവര്‍ ഇക്കാര്യം പരസ്യമായി ഉന്നയിച്ചിരുന്നു.

പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ എഡിജിപി എംആര്‍ അജിത്കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞിരുന്നില്ല. കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധി നേരിട്ട പദ് മ കുമാര്‍ പെട്ടെന്ന് പണമുണ്ടാക്കാനായാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നായിരുന്നു എഡിജിപി നല്‍കിയ വിശദീകരണം. ഒരുവര്‍ഷമായി ഇവര്‍ ഇതിനായി ആസൂത്രണം നടത്തിയെന്നും ഒന്നരമാസം മുന്‍പാണ് ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു.

കോടികളുടെ സാമ്പത്തിക ബാധ്യതയായിരുന്നു പദ് മ കുമാറിനുണ്ടായിരുന്നത്. മിക്ക വസ്തുക്കളും പണയത്തിലായിരുന്നു. പെട്ടെന്ന് ഒരു തിരിച്ചടവിനായി പത്തുലക്ഷം രൂപ ആവശ്യംവന്നു. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ തീരുമാനിച്ചതെന്നും പല കുട്ടികളെയും പ്രതികള്‍ ലക്ഷ്യംവെച്ചിരുന്നതായും പൊലീസ് പറഞ്ഞിരുന്നു.

Keywords:  Kollam child abduction: Crime branch to take over probe, Kollam, News, Kollam Child Abduction, Crime Branch, Probe, Press Meet, Police, Allegation, Missing, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia