Controversy | പാനൂരിലെ രക്തസാക്ഷി മന്ദിരം ഉദ് ഘാടനത്തില്‍ നിന്നും എംവി ഗോവിന്ദന്‍ വിട്ടുനിന്നത് ചര്‍ചയായി; വിശദീകരണവുമായി എംവി ജയരാജന്‍

 


കണ്ണൂര്‍: (KVARTHA) തലശേരി താലൂകിലെ സ്ഥിരം രാഷ്ട്രീയ സംഘര്‍ഷഭൂമിയായ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കായി സിപിഎം നിര്‍മിച്ച രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ ഉദ് ഘാടനത്തിന് സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ പങ്കെടുക്കാത്തത് അണികളില്‍ പ്രതിഷേധത്തിനിടയാക്കുന്നു. രാഷ്ട്രീയ വിവാദം ഭയന്നല്ല പാര്‍ടി സംസ്ഥാന സെക്രടറി പങ്കെടുക്കാത്തതെന്ന് കണ്ണൂര്‍ ജില്ലാ സെക്രടറി എംവി ജയരാജന്‍ വിശദീകരിച്ചിട്ടുണ്ടെങ്കിലും അണികളും പ്രവര്‍ത്തകരും ഉള്‍ക്കൊണ്ടിട്ടില്ല.

പാര്‍ടി സംസ്ഥാന സെക്രടറിക്ക് ഒഴിച്ചുകൂടാനാവാത്ത പരിപാടികള്‍ ഉള്ളതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ നേരത്തെ ഉദ് ഘാടകനായി നിശ്ചയിച്ചിരുന്ന സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ ഉദ് ഘാടനത്തില്‍ നിന്നും വിട്ടുനിന്നത് രക്ത സാക്ഷികളോടുള്ള അനാദരവാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.

Controversy | പാനൂരിലെ രക്തസാക്ഷി മന്ദിരം ഉദ് ഘാടനത്തില്‍ നിന്നും എംവി ഗോവിന്ദന്‍ വിട്ടുനിന്നത് ചര്‍ചയായി; വിശദീകരണവുമായി എംവി ജയരാജന്‍
 

എം വി ഗോവിന്ദന് പകരം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എംവി ജയരാജനാണ് ഉദ്ഘാടനം ചെയ്തത്. പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മിച്ചത്. ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം.

പാനൂര്‍ ചെറ്റക്കണ്ടിയിലെ കുന്നിന്‍ മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മാണത്തിനിടെ 2015 ജൂണ്‍ ആറിനാണ് സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവര്‍ കൊല്ലപ്പെട്ടത്. 

സ്‌ഫോടനത്തില്‍ പാര്‍ടിക്ക് പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ സംസ്ഥാന സെക്രടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ടത്തിനുശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി പി ജയരാജനായിരുന്നു.

2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. ബോംബ് നിര്‍മാണത്തിനിടെ മരിച്ച സുബീഷിനെയും, ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്‍ ആറുമുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്‍ എസ് എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്നാണ് രക്തസാക്ഷി ദിനാചരണത്തെ കുറിച്ചുള്ള സിപിഎമിന്റെ ഔദ്യോഗിക വിശദീകരണം.

പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം നിര്‍മിച്ചത്. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ബഹുജന റാലിയടക്കം വിപുലമായ പരിപാടികളും സി പി എം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഷെറിന്‍ എന്ന സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.

അതിലും പാര്‍ടിക്ക് പങ്കില്ലെന്നും ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ബോംബ് നിര്‍മാണത്തിന് കാരണമായതെന്നുമാണ് പാര്‍ടി നേതൃത്വത്തിന്റെ വിശദീകരണം. ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മാണത്തിന് ഇരയാവരെ രക്തസാക്ഷികളായി വാഴ്ത്തുകയും മൂളിയത്തോടില്‍ തള്ളിപ്പറയുകയും ചെയ്യുന്ന നേതൃത്വത്തിന്റെ ഇരട്ടത്താപ്പിനെതിരെ അണികള്‍ തന്നെ രംഗത്തുവന്നിരുന്നു.

Keywords: Controversy over MV Govindan's absence from the inauguration of the Martyrs' building in Panoor; MV Jayarajan with explanation, Kannur, News, Controversy, Politics, MV Govindan, CPM, Bomb Blast, RSS, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia