Alert | ആധാർ അപ്‌ഡേറ്റ് ചെയ്തുവോ? സൗജന്യമായി ചെയ്യാനുള്ള സമയം തീരുന്നു! അറിയേണ്ടതെല്ലാം
ആധാർ കാർഡ് പഴയതാണെങ്കിൽ അത് അപ്ഡേറ്റ് ചെയ്യുന്നത് നല്ലതാണ്.
ഓൺലൈനായി വിലാസം, പേര്, ജനനത്തീയതി തുടങ്ങിയവ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം.
ന്യൂഡൽഹി: (KVARTHA) സൗജന്യമായി ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയം സെപ്റ്റംബർ 14-ന് അവസാനിക്കുകയാണ്. നേരത്തെ, യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) സമയപരിധി ഒന്നിലധികം തവണ നീട്ടിയിരുന്നു. ഇനി വീണ്ടും സമയപരിധി നീട്ടുമോ എന്ന് കണ്ടറിയണം. നിങ്ങളുടെ ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ, താമസിയാതെ അത് ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ, പിന്നീട് പണം നൽകി അപ്‌ഡേറ്റ് ചെയ്യേണ്ടി വന്നേക്കാം.
സൗജന്യ ആധാർ അപ്ഡേറ്റ് ഓൺലൈനിൽ മാത്രമേ ചെയ്യാൻ കഴിയൂ. ആധാർ കേന്ദ്രം സന്ദർശിച്ച് ആധാറുമായി ബന്ധപ്പെട്ട ഏത് വിവരവും ശരിയാക്കാൻ പണം നൽകേണ്ടി വരും. ആധാർ അപ്ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമല്ലെന്ന് യുഐഡിഎഐ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആധാർ കാർഡ് പഴയതാണെങ്കിൽ അത് അപ്ഡേറ്റ് ചെയ്യുന്നത് നല്ലതാണ്.
എന്തൊക്കെ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യാം?
ആധാർ കാർഡ് ഉപയോക്താക്കൾക്ക് തിരിച്ചറിയൽ രേഖയും വിലാസ രേഖയും സമർപ്പിച്ച് ഓൺലൈനായി വിലാസം അടക്കമുള്ളവ അപ്‌ഡേറ്റ് ചെയ്യാം. പേര്, ജനനത്തീയതി, ലിംഗഭേദം തുടങ്ങിയവയും ഓൺലൈനായി അപ്ഡേറ്റ് ചെയ്യാനാവും. എന്നാൽ ഒ ടി പി ലഭിക്കാൻ നിങ്ങളുടെ ആധാർ കാർഡുമായി ബന്ധപ്പെടുത്തിയ അതേ മൊബൈൽ നമ്പർ ഉണ്ടായിരിക്കണം. ഫോട്ടോ, വിരലടയാളം അല്ലെങ്കിൽ മറ്റ് ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് ആധാർ കേന്ദ്രത്തിലേക്ക് പോകേണ്ടിവരും.
എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
ആധാറിൽ പേര്, വിലാസം, ജനന തീയതി മുതലായവ സൗജന്യമായി അപ്ഡേറ്റ് ചെയ്യണമെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് uidai(dot)gov(dot)in സന്ദർശിക്കുക. കൂടാതെ മൈ ആധാർ (myAadhaar) ആപ്പ് വഴിയും സൗജന്യമായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം.
ഓൺലൈനായി ചെയ്യാൻ
* https://myaadhaar(dot)uidai(dot)gov(dot)in/സന്ദർശിക്കുക.
• 'ലോഗിൻ' ക്ലിക്ക് ചെയ്യുക.
• ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക. 'Send OTP' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്‌ത മൊബൈൽ ഫോൺ നമ്പറിലേക്ക് ഒ ടി പി (OTP) അയയ്ക്കും. അത് നൽകുക.
• ലോഗിൻ ചെയ്ത് 'Update Aadhaar Online' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
• നിർദേശങ്ങൾ കൃത്യമായി വായിച്ച് 'Proceed to update Aadhaar'എന്നതിൽ ക്ലിക്ക് ചെയ്യുക.
“അപ്ഡേറ്റ് ചെയ്യേണ്ടത് എന്താണോ, അത് തിരഞ്ഞെടുക്കുക. ഇവിടെ ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.
• തുടർന്ന് 'Proceed to update Aadhaar' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
• നൽകിയ വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പിച്ച ശേഷം സബ്‌മിറ്റ് ചെയ്യുക.
ആധാർ കാർഡ് 10 വർഷത്തിനു ശേഷം അപ്‌ഡേറ്റ് ചെയ്യണോ?
ഓരോ ഉപയോക്താവും ആധാർ കാർഡ് വിവരങ്ങൾ 10 വർഷത്തിനു ശേഷം അപ്‌ഡേറ്റ് ചെയ്യുന്നത് നല്ലതാണ്, ഇതിലൂടെ ഏതെങ്കിലും ഗവൺമെന്റ് പദ്ധതികൾ നേടാൻ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരില്ല. എന്നിരുന്നാലും, 10 വർഷത്തിനു ശേഷം ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നത് നിർബന്ധമല്ല.
#AadhaarUpdate #UIDAI #deadline #onlineservices #India