Conservation | അഷ്ടമുടി കക്കയുടെ ഉല്‍പാദനം കുറയുന്നു; പുനരുജ്ജീവന പദ്ധതിയുമായി സിഎംഎഫ്ആര്‍ഐ

 
പൂവൻ കക്കയുടെ ലഭ്യത കൂട്ടുന്നത് ലക്ഷ്യമിട്ട് സിഎംഎഫ്ആർഐ ഹാച്ചറിയിൽ ഉൽപാദിപ്പിച്ച കക്ക വിത്തുകൾ അഷ്ടമുടികായലിൽ നിക്ഷേപിക്കുന്നു. Photo: CMFRI Media
പൂവൻ കക്കയുടെ ലഭ്യത കൂട്ടുന്നത് ലക്ഷ്യമിട്ട് സിഎംഎഫ്ആർഐ ഹാച്ചറിയിൽ ഉൽപാദിപ്പിച്ച കക്ക വിത്തുകൾ അഷ്ടമുടികായലിൽ നിക്ഷേപിക്കുന്നു. Photo: CMFRI Media


● കായലില്‍ കക്കയുടെ 30 ലക്ഷം വിത്തുകള്‍ നിക്ഷേപിച്ചു.
● കൃത്രിമ പ്രജനന സാങ്കേതികവിദ്യയിലൂടെ ഉല്‍പാദിപ്പിച്ച വിത്തുകള്‍.
● മത്സ്യസമ്പദ യോജന ബ്ലൂ ഗ്രോത്ത് പദ്ധതിയുടെ ഭാഗമായാണ് പദ്ധതി.

കൊച്ചി: (KVARTHA) പൂവൻ കക്ക എന്ന് വിളിക്കുന്ന അഷ്ടമുടികായലിലെ കക്കയുടെ ഉൽപാദനം ഗണ്യമായി കുറയുന്നതിന് പരിഹാരമായി പുനരുജ്ജീവന പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കക്ക ഉൽപാദനത്തിൽ സ്വഭാവിക പുനരുജ്ജീവനം ലക്ഷ്യമിട്ട് കായലിൽ 30 ലക്ഷം കക്ക വിത്തുകൾ നിക്ഷേപിച്ചു. സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം കേന്ദ്രത്തിലെ ഹാച്ചറിയിൽ കൃത്രിമ പ്രജനന സാങ്കേതികവിദ്യയിലൂടെ ഉൽപാദിപ്പിച്ച വിത്തുകളാണ് കായലിൽ രണ്ടിടത്തായി നിക്ഷേപിച്ചത്. പ്രധാനമന്ത്രി മത്സ്യസമ്പദ യോജന ബ്ലൂ ഗ്രോത്ത് പദ്ധതിയുടെ ഭാഗമായാണ് പദ്ധതി

സുസ്ഥിരമായ രീതിയിൽ കായലിൽ കക്കയുടെ ലഭ്യത പൂർവസ്ഥിതിയിലാക്കുകയാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികൾക്കും വിദേശ കയറ്റുമതി വ്യാപാരത്തിനും ഗുണകരമാകുന്നതാണ് പദ്ധതി.  ബിഷപ്പ് തുരുത്ത്, വളം അൻസിൽ തുരുത്ത് എന്നിവിടങ്ങിലാണ് വിത്തുകൾ നിക്ഷേപിച്ചത്. ഒരു വർഷം നീണ്ടു നിന്ന ഗവേഷണത്തിലൂടെ സിഎംഎഫ്ആർഐ പൂവൻ കക്കയുടെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചതാണ് പുനരുജ്ജീവന പദ്ധതിക്ക് വഴിയൊരുക്കിയത്.

സാമ്പത്തിക-പാരിസ്ഥിതിക പ്രാധാന്യമുള്ള അഷ്ടമുടി കായലിലെ അമൂല്യ സമ്പത്താണ് ഈ കക്ക. എന്നാൽ, കുറച്ചു വർഷങ്ങളായി ഇവയുടെ ഉൽപാദനം ഗണ്യമായി കുറഞ്ഞു വരികയാണ്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയാണിത്.  

സിഎംഎഫ്ആർഐയുടെ കണക്കുകൾ പ്രകാരം, 1990 കളുടെ തുടക്കത്തിൽ ഈ കക്കയുടെ വാർഷിക ലഭ്യത 10,000 ടൺ ഉണ്ടായിരുന്നത് സമീപകാലത്ത് ആയിരം ടണ്ണിൽ താഴെയായി കുത്തനെ കുറഞ്ഞിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം, തദ്ദേശീയമല്ലാത്ത ജീവിവർഗങ്ങളുടെ കടന്നുകയറ്റം, കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങൾ എന്നിവയാകാം കക്ക കുറയാനുള്ള കാരണങ്ങളെന്ന് സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വിപണികളിൽ ആവശ്യക്കാരേറുന്നതിനാൽ മികച്ച കയറ്റുമതി സാധ്യതയുള്ളതാണ് അഷ്ടമുടി കക്ക.

CMFRI Steps in to Save Ashtamudi Clam Population

സിഎംഎഫ്ആർഐ വിഴിഞ്ഞം പ്രാദേശിക കേന്ദ്രം മേധാവി ഡോ ബി സന്തോഷ്, പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ എം കെ അനിൽ, ഡോ ഇമെൽഡ ജോസഫ്, ജോയിന്റ് ഫിഷറീസ് ഡയറക്ടർ എച്ച് സാലിം, ഡെപ്യൂട്ടി ഫിഷറീസ് ഡയറക്ടർ രമേഷ് ശശിധരൻ, സിഎംഎഫ്ആർഐ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ കെ കെ അപ്പുകുട്ടൻ, ഡോ പി ഗോമതി എന്നിവർ സംസാരിച്ചു. സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, കർഷകർ എന്നിവർ സംബന്ധിച്ചു.

#AshtamudiLake #clam #CMFRI #Kerala #marineconservation #aquaculture

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia