Crisis | നേന്ത്രക്കായയ്ക്ക് വില കൂടിയെങ്കിലും മലയോര കർഷകർ ദുരിതത്തിൽ
പൊതുവിപണിയിൽ നേന്ത്രക്കായയ്ക്ക് വില കൂടിയെങ്കിലും മലയോര കർഷകർക്ക് ആശ്വാസമായിട്ടില്ല.
പാലക്കാട്: (KVARTHA) പൊതുവിപണിയിൽ നേന്ത്രക്കായയ്ക്ക് വില കൂടിയെങ്കിലും മലയോര കർഷകർക്ക് ആശ്വാസമായിട്ടില്ല. പ്രകൃതിക്ഷോഭവും വന്യമൃഗശല്യവും കാരണം വാഴ കൃഷി നശിച്ചതിനാൽ, ഉൽപ്പാദനം കുത്തനെ കുറഞ്ഞു. ഇതോടൊപ്പം, കാലാവസ്ഥാ വ്യതിയാനവും ജനവാസ മേഖലയിലെ കാട്ടാന ശല്യവും വിളനശീകരണവും കൂടിയായപ്പോള്‍ നേന്ത്രക്കായയുടെ ഉല്‍പാദനം കുത്തനെ കുറഞ്ഞു. വില കൂടുകയും ചെയ്തു. ഇത് കർഷകരുടെ നട്ടെല്ലൊടിച്ചിരിക്കുന്നു.
സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലെയും അവസ്ഥ ഇതാണ്. മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, തച്ചമ്ബാറ, കാരാകുർശ്ശി, കരിമ്ബ ഗ്രാമപഞ്ചായത്തുകളിലെ വാഴ കർഷകർ ഏറെ ദുരിതമനുഭവിക്കുന്നു. കാറ്റിലും മഴയിലും വൻതോതില്‍ വാഴകൃഷി നശിച്ചവരും ഏറെയാണ്. ഇത് കാരണം നേന്ത്രക്കായ വരവ് കുറഞ്ഞതായി മൊത്തക്കച്ചവടക്കാർ പറയുന്നു.
കഴിഞ്ഞ രണ്ട് വർഷങ്ങളായി ഓണം സീസണിൽ ഏത്തക്കായക്ക് കിട്ടാറുള്ള മുന്തിയ വില ഇപ്പോഴും പൊതുവിപണിയിലുണ്ട്. കിലോഗ്രാമിന് 50 രൂപ മുതൽ 65 രൂപ വരെയാണ് ചില്ലറ വില്പനക്കാർ നേന്ത്രപ്പഴത്തിന് ഈടാക്കുന്നത്. പച്ചക്കായയ്ക്ക് 40 രൂപ മുതൽ 50 രൂപ വരെയുമുണ്ട്. എന്നാൽ, ഉൽപ്പാദകരായ കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നില്ല.
തമിഴ്നാട്ടില്‍നിന്നും വിദൂര ജില്ലകളില്‍നിന്നുമാണ് ഏത്തക്കായ വൻതോതിൽ വില്‍പ്പനക്കെത്തുന്നത്. ഓണം വിപണി ലക്ഷ്യമിട്ട് ചിപ്സ് ഉള്‍പ്പെടെയുള്ള ബേക്കറി ഉല്‍പന്നങ്ങള്‍ക്കും പച്ചക്കായ വൻതോതില്‍ ആവശ്യമുണ്ട്. ഇതും ഡിമാന്റ് കൂട്ടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഓണവിപണി സജീവമായാൽ നേന്ത്രക്കായയുടെ വില ഇനിയും കൂടാൻ സാധ്യതയുണ്ട്.
#bananafarmer #kerala #agriculture #climatechange #wildanimals #farmerslife #india