Gardening Tips | 'ഗ്രോബാഗ്'  ഉപയോഗിച്ച് വീടുകളിൽ എങ്ങനെ കൃഷി ചെയ്യാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

 
Grow bags used for home gardening in small spaces.
Grow bags used for home gardening in small spaces.

Representational Image Generated by Meta AI

● ഗ്രോബാഗ് കൃഷി സ്ഥലമില്ലാത്തവർക്ക് ഏറ്റവും അനുയോജ്യമായ രീതിയാണ്.
● വീട്ടിൽ തന്നെ പച്ചക്കറി ഉൽപ്പാദിപ്പിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
● ഒരു ഗ്രോബാഗ് 3 വർഷം വരെ ഉപയോഗിക്കാം.
● അകം കറുപ്പും പുറം വെള്ളയുമുള്ള ഗ്രോബാഗുകളാണ് നല്ലത്.

സോളി കെ ജോസഫ് 

 

(KVARTHA) ഇന്ന് പലയിടങ്ങളിലും വീടുകൾ ധാരാളം ആയുണ്ട്. പക്ഷേ, സ്ഥലങ്ങൾ കുറവ് ആയിരിക്കും. ചെറിയ സ്ഥലത്ത് വീടുകൾ വെയ്ക്കുന്നവരുടെ എണ്ണം ഇന്ന് ഏറിവന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പലർക്കും വീടുകളിൽ കൃഷി ചെയ്യാൻ സാധിക്കുന്നില്ലെന്നതാണ് സത്യം. പക്ഷേ, ചെറിയ സ്ഥലമെയുള്ളുവെങ്കിൽ കൂടി തങ്ങളുടെ ജോലിയ്ക്കൊപ്പം വീടുകളിൽ കൃഷി ചെയ്യാൻ താല്പര്യമെടുക്കുന്നവരാണ് പലരും. വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുമെന്ന ചിന്തയാണ് പലരെയും ഇതിലേയ്ക്ക് നയിക്കുന്നത്. മറ്റ് ചിലർക്ക് ഒരു വിനോദം കൂടിയാണ് ഇത്. 

സ്ഥലം അധികം ഇല്ലാത്തവർ വീടുകളിലെ കൃഷിയ്ക്കായി ഗ്രോ ബാഗുകളെ ആണ് ആശ്രയിക്കുന്നത്. ഗ്രോ ബാഗ് ഉപയോഗിച്ച് ഉള്ള സ്ഥലത്ത് കുറെയധികം കൃഷി ചെയ്യാം എന്നതാണ് പ്രത്യേകത. അതിനാൽ ഗ്രോ ബാഗ് ഉപയോഗിച്ചുള്ള കൃഷി രീതി വളരെ പ്രയോജനപ്രദമാണ്. ഗ്രോ ബാഗ് ഉപയോഗിച്ച് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് വിശദമായി അറിയാം.

● ഗ്രോബാഗ്: 

ഗ്രോബാഗുകൾ കടകളിൽ പല നിറത്തിലും വലുപ്പത്തിലും കിട്ടാറുണ്ട് .നമ്മുടെ കീശയിലെ കാശിന് അനുസരിച്ചായിരിക്കും മിക്കവാറും വാങ്ങുക. പക്ഷേ ഇനി വാങ്ങുമ്പോൾ നമ്മൾ ശ്രദ്ധയോട് നോക്കിയും കണ്ടുമായിക്കണം. നഷ്ടം ഉണ്ടാവാൻ പാടില്ല. അതിന് ചിലക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

1. ഒരു ഗ്രോബാഗ് 3 വർഷം വരെ ഉപയോഗിക്കാം. നന്നായി നോക്കിയാൽ ആറു വർഷം വരെ 

2. സ്റ്റാൻഡേർഡ് സൈസ് എന്ന് പറയുന്നത് 40 cm x 24 cm x 24 cm ആണ്. അതിന്റെ ഗുണം: വേരിന് സ്വാതന്ത്രത്തോടെ ബാഗിനുള്ളിൽ ഓടാനും ആവശ്യത്തിനുള്ള വളവും വലിച്ച് എടുക്കാൻ കഴിയും വായുസഞ്ചാരം ഉണ്ടാവും. അപ്പോൾ ചെടിക്ക് നല്ല ആരോഗ്യം ഉണ്ടാവും. ചെറിയ ഗ്രോബാഗ് ആണ് ഉപയോഗിക്കുവെങ്കിലോ? 1.  വേര് ഞെരുങ്ങി പോകും, 2.  ചെടി മുരടിച്ചു പോകും 3.  വാടി പോകും, 4. രോഗങ്ങളും കിടങ്ങളും കൂടുതൽ ആയിരിക്കും, 5. വായു സഞ്ചാരം കുറവായിരിക്കും 

● ഏതു നിറം ഗ്രോബാഗ് ആണ് ഉപയോഗിക്കേണ്ടത്? 

അകം കറുപ്പും പുറം വെള്ളയും ഉള്ളവ. കാരണം കറുപ്പ് സൂര്യപ്രകാശത്തിലെ ഹാനികാരമായ രശ്മികളെ തടയുന്നതു കൊണ്ടും ചൂടിനെ അകത്തേക്ക് കടക്കാൻ അനുവദിക്കാത്തതു കൊണ്ടുo ചെടികളെ സംരക്ഷിക്കുന്നു.

● ഗ്രോബാഗിൽ നിറയ്ക്കുന്ന പോട്ടിംഗ് മിശ്രിതത്തിന്റെ റേഷ്യോ 

1:1:1 മേൽ മണ്ണ് + ആറ്റുമണൽ (പൂഴി) അല്ലെങ്കിൽ   ചകിരിച്ചോർ  + ചാണകപ്പൊടി അല്ലെങ്കിൽ പൊടിച്ച ആട്ടിൻ കാഷ്ഠം എന്നതാണ് കണക്ക്. അതായത്, ഒരു ഗോ ബാഗിൽ 9 കപ്പ് മണ്ണ് കൊള്ളും എന്ന് വിചാരിക്കുക അപ്പോൾ ഇതെല്ലാം 3,3,3 കപ്പ്  എന്ന തോൽ മിക്സ് ചെയ്ത് + 150 ഗ്രാം എല്ല് പൊടി + 150 വേപ്പിൻ പിണ്ണാക്ക് + ഒരു  സ്പൂൺ സൂഡോമോണവും കൂടി ചേർത്ത് നിറച്ചാൽ പോട്ടിംഗ് മിശ്രിതം റെഡി ആയി. 

● പോട്ടിംഗ് മിശ്രിതം തയ്യാറാക്കാനുള്ള മണ്ണ് എങ്ങനെ റെഡിയാക്കാം:

1. മേൽ മണ്ണ് തയ്യാറാക്കുന്നത്: വെയിലും നനയും ഒത്തുവന്നിട്ടും ഗ്രോബാഗ് കൃഷി പരാജയപ്പെടാനുള്ള പ്രധാനകാരണം മണ്ണുതന്നെ. ഗ്രോബാഗില്‍ നിറയ്ക്കുന്ന മണ്ണിന് ഗുണമില്ലെങ്കില്‍ കീടരോഗബാധയ്ക്കും ഉത്പാദകക്കുറവിനും കാരണമാകും. മണ്ണ് നന്നാക്കാന്‍ എളുപ്പവഴികളുണ്ട്. മണ്ണില്‍ സൂര്യതാപം ഏല്പിച്ച് സസ്യരോഗങ്ങളെ നിയന്ത്രിക്കുന്നതാണ് ആദ്യപടി. ഇതിനായി കിളച്ചെടുത്ത മണ്ണ് നേര്‍ത്ത നനവില്‍ നിരപ്പാക്കണം. നല്ല വെയിലുള്ള സ്ഥലമാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. ഇനി മണ്ണിനുമുകളില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കണം. 100-150 ഗേജ് കട്ടിയുള്ള പോളിത്തീന്‍ ഷീറ്റാണ് ഉത്തമം. 

പോളിത്തീന്‍ ഷീറ്റ് മണ്ണില്‍ നല്ലവണ്ണം ചേര്‍ന്ന് ഉറച്ചിരിക്കാനായി അരികുകളില്‍ അല്പം മണ്ണ് ഇട്ടുകൊടുക്കണം. ഈ അവസ്ഥയില്‍ മണ്ണിന്റെ ചൂട് 50-55 വരെയാകുകയും രോഗകാരികളായ കുമിളുകള്‍ നശിക്കുകയും ചെയ്യും. ഒന്നരമാസംവരെ താപീകരിച്ച മണ്ണാണ് ഗ്രോബാഗ് കൃഷിക്ക് അത്യുത്തമം (കുറഞ്ഞത് ഒരു 15 ദിവസമെങ്കിലും ഇങ്ങനെ വെയ്ക്കണം) ഇങ്ങനെ റെഡിയാക്കിയ മണ്ണിൽ കുമ്മായം ചേർത്ത് (അതായത് ഒരു ഗ്രോബാഗിന് 50 ഗ്രാം എന്നതാണ്) പുട്ടുപൊടി പരുവത്തിൽ നനച്ച ശേഷം തണലത്ത് ഒരു 4 ദിവസം സൂക്ഷിച്ച് വെക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. ഇതാണ് ഇപ്പോൾ ഗ്രോബാഗിൽ നിറയ്ക്കാൻ പോകുന്ന മേൽ മണ്ണ്. മണ്ണിന് പുളിരസമുള്ളതിനാല്‍ കുമ്മായം ചേർക്കാം. നനച്ച മണ്ണില്‍ കുമ്മായമിട്ട് ഇളക്കിച്ചേര്‍ത്താലേ ഗുണമുള്ളൂ.

2. ആറ്റുമണൽ (പൂഴി ) അല്ലെങ്കിൽ ചകിരിച്ചോർ: പൂഴി എളുപ്പം കിട്ടുന്നതാണ്, അത് അതേ പോലെ മിക്സ് ചെയ്ത് ചേർക്കാം. ചകിരിച്ചോർ കിട്ടാൻ നമ്മൾ കടയിൽ നിന്ന് ച കിരിച്ചോർ (ബഡ് വാങ്ങി വെള്ളത്തിൽ കുതിർത്ത് മൂന്ന് അല്ലെങ്കിൽ നാല് പ്രാവശ്യം നല്ലപോലെ ശുദ്ധ ജലത്തിൽ കഴുകി തണലത്ത് വെച്ച് ഉണക്കിയെടുക്കണം അപ്പോൾ അടിപൊളി ചകിരിച്ചോർ റെഡി. നമ്മൾ വീട്ടിലെ തേങ്ങയുടെ ചകിരിച്ചോർ ഉപയോഗിക്കരുത്. ചെടി നശിക്കും.

3. ചാണകപ്പൊടി അല്ലെങ്കിൽ ആട്ടിൻ കാഷ്ഠം പൊടിച്ചത് അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ്  ഇതൊക്കെ അത് പോലെ ഉപയോഗിക്കാം. ഇനി മുകളിൽ പറഞ്ഞ എല്ലാം കൂടി ഓരോ ബാഗിനും ആവശ്യമായ രീതിയിൽ മിക്സ് ചെയ്ത് വെയ്ക്കുക ( ഒരുമിച്ചോ, വെവ്വേറെയോ).

● ഗ്രോബാഗിൽ എങ്ങനെയാണ് മിശ്രണം നിറയ്ക്കേണ്ടത്? 

1. ഗ്രോബാഗിന്റെ അഗ്രഭാഗങ്ങൾ മുകളിലേക്ക് മടക്കി വെയ്ക്കുക

2. ഗ്രോ ബാഗിന്റെ 3/4 ഭാഗം മാത്രം പോട്ടിംഗ്  മിശ്രിതം നിറയ്ക്കണം 

3. ഓരോ ലെയർ ആയി നിറച്ച് മുഷ്ടി ചുരുട്ടി അമർത്തി വേണം നിറയ്ക്കാൻ

4. നല്ല രീതിയിൽ നിറച്ചില്ലെങ്കിൽ മണ്ണ് കട്ട പിടിക്കും. വായു സഞ്ചാരം ഇല്ലാണ്ടായി ചെടി നശിച്ചു പോകും. ഇങ്ങനെ റെഡിയാക്കിയ ഗ്രോബാഗുകൾ 3 അല്ലെങ്കിൽ 4 ദിവസം ജലസേചനം നടത്തിയതിന് ശേഷം മാത്രം വിത്തുകളോ തൈകളോ നടുക. കാരണം എല്ല് പൊടിക്ക് വളരെ ചൂടാണ്. അതൊക്കെ തണുക്കട്ടെ ബാഗിൽ കിടന്ന്.

● വിത്ത് നടീൽ

1. വലിപ്പം ഉള്ള വിത്തുകൾ 6 മണിക്കൂർ കഞ്ഞി വെള്ളത്തിലോ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിലോ കുതിർക്കണം (പാവൽ, പടവലം മുതലായവ) 

2. ചെറിയ വിത്തുകൾ കിഴി കെട്ടി കുതിർത്തുക 6 മണിക്കൂർ കൂടുതൽ ഇട്ടാൽ മുളയ്ക്കുന്ന ശേഷി കുറയും

3. ഗ്രോബാഗിൽ നേരിട്ട് പാകുന്നുവെങ്കിൽ ഒരു പയർ വിത്തോളമേ താഴാവൂ. അല്ലെങ്കിൽ നമ്മുടെ ചൂണ്ട് വിരലിന്റെ ആദ്യ വരെയേ താഴാവൂ. ഇല്ലേൽ വിത്തിന് മുളക്കാൻ പ്രയാസമാകും.

4. ഗ്രോബാഗിൽ പയർ പോലെത്തെ ഇനങ്ങൾ 3 മുതൽ 4 വരെയും മുളക് പോലെത്തെ ഇനങ്ങൾ 2 വീതവും പാകാനും നടാനും സാധിക്കും 

5. ഗ്രോബാഗിന്റെ രണ്ടു വശങ്ങളിൽ വേണം നടേണ്ടത്. നടുക്കത്തെ ഭാഗം ഒഴിഞ്ഞ് കിടക്കണം. 

● തൈ നടീൽ

1. പ്രോ ട്രേയിൽ നിന്നും തൈകൾ മാറ്റി നടുന്നതിന് മുൻപ് രാവിലെയും വൈകിട്ടും നനയ്ക്കുക. 

2. പ്രോ ട്രേയിൽ നിന്നും എടുക്കുന്ന തൈയിൽ കാണുന്ന മണ്ണും വേരും അതേ നിരപ്പിൽ വേണം ഗ്രോബാഗിൽ നടുമ്പോൾ, താഴ്ന്നു പോകരുത്. 

3. ഒരു തൈ നട്ടാൽ ഉടനെ വെയിലത്ത് വയ്ക്കരുത്. രണ്ട് ആഴ്ച തണലത്തോ ഷേഡിന്റെ താഴയോ വെയ്ക്കുക. തൈകൾക്ക് ഒരു ഉറപ്പ് ഉണ്ടാകാൻ വേണ്ടിയാണ് ഇത്. 

4. രണ്ടു നേരം നന വേണം

5. ചുരുങ്ങിയത് ഓരോ ഇനം 5 ഗ്രോബാഗ് വീതം നട്ടാലേ വീട്ടാവശ്യത്തിനുള്ള പച്ചക്കറി ലഭിക്കുകയുള്ളൂ. ഗ്രോബാഗുകൾ ഗ്രോബാഗ് നിറയ്ക്കൽ, വിത്ത് പാകാൽ, തൈ നടീൽ ഒക്കെ കഴിഞ്ഞ് രണ്ടു ആഴ്ച തണലിൽ വെയ്ക്കണം. 

● നിലം ഒരുക്കൽ / ടെറസ് ഒരുക്കൽ 

1. നിലത്ത് വെയ്ക്കുകയാണെങ്കിൽ കള പറിച്ച് ലെവൽ ചെയ്യുക 

2. രാവിലെ മുതൽ വൈകുന്നേരം വരെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം വേണം തിരഞ്ഞെടുക്കേണ്ടത്. 

3. ടെറസ്സിൽ ആണെങ്കിൽ ഒരു ചോർച്ച തടയുന്ന കോട്ടിംഗ് ചെയ്യാം. അപ്പോൾ ചോരും എന്ന് പേടിക്കേണ്ട. 

 ● ഇഷ്ടിക

1. രണ്ടു കട്ടകൾ വീതം ചെറിയൊരു അകലം കൊടുത്ത് ചേർത്ത് വെയ്ക്കുക

2. ടെറസ്സിൽ സ്ലോപ്പിന് സമാന്തരമായി വെയ്ക്കുക 

3. വെളളം തങ്ങി നിൽക്കാതെയിരിക്കാനാണ് ഇങ്ങനെ വെയ്ക്കുന്നത്

4. രണ്ടു വരികൾ തമ്മിലും രണ്ടു ഗ്രോ ബാഗ് തമ്മിലും ചുരുങ്ങിയത് 60 സെ മീ അകലം ഉണ്ടായിരിക്കണം 

5 . 2/2 സ്പേസിംഗ് എന്ന് പറയും അതായത് ഒരു ചെടിക്ക് സ്വാതന്ത്ര്യമായി വായു, ജലം, സൂര്യ പ്രകാശം ഉപയോഗിച്ച് കൊണ്ട് പരമാവധി വിളവ് തരാൻ സാധിക്കുന്ന സ്ഥലം 

6. ഇഷ്ടിക വെയ്ക്കുന്നത് വെള്ളവും ചൂടും താങ്ങി നിർത്തി ചെടിയെ സംരക്ഷിക്കുന്നു. ഇഷ്ടികകൾ നിരത്തി വെച്ചിരിക്കുന്നതിൽ തണലത്ത് വെച്ചിരുന്ന ഗ്രോബാഗുകൾ വെയ്ക്കാം. തൈകൾക്കും ഒടിഞ്ഞു പോകാതെയിരിക്കാൻ താങ്ങ് നാട്ടി വെയ്ക്കാം 

● ജലസേചനം

1. കോരി നനയാണ് നല്ലത് 

2. ഡ്രിപ്പ് ഇറിഗേഷൻ ഗ്രോബാഗ് കൃഷിക്ക് പരാജയമാണ്. കാരണം തുള്ളി വീഴുന്ന ഭാഗത്തുള്ള വേരിനെ വളർച്ചയുണ്ടാവൂ. എല്ലാ ഭാഗത്തും വെള്ളം കിട്ടില്ല . 

3. രണ്ടു നേരം മിതമായ നന ആവശ്യമാണ് 

● പരിചരണ മുറ

1. കുമ്മായം രണ്ട് സ്പൂൺ വീതം മാസത്തിൽ ഒരിക്കൽ ഇടുക

2. കരിയില: പുതയിടാൻ നല്ലത് കരിയിലയാണ്. ഇങ്ങനെ പുത ഇട്ടാൽ കള വരില്ല, ഒഴിക്കുന്ന വെള്ളം പെട്ടെന്ന് ബാഷ്പീകരിച്ച് നഷ്ടപെടില്ല, അൾട്രാവയലറ്റ് രശ്മികൾ മണ്ണിലേക്ക് പതിക്കാൻ സമ്മതിക്കില്ല, വേരിനെ സുരക്ഷിതമായി വളരാൻ സഹായിക്കുന്നു. ഇതിനുശേഷം വളപ്രയോഗം  ചെയ്യുക.

ഗ്രോ ബാഗ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ എങ്ങനെ വീടുകളിൽ കൃഷി ചെയ്യാം എന്നുള്ള കാര്യമാണ് ഇവിടെ സൂചിപ്പിച്ചത്. എല്ലാവർക്കും ഈ രീതി വീടുകളിൽ പരിശോധിക്കാവുന്നതാണ്. സ്ഥലം ഇല്ലാത്തവർക്കുപോലും വളരെ രസകരമായ രീതിയിൽ വളരെ എളുപ്പത്തിൽ  ഗ്രോ ബാഗ് ഉപയോഗിച്ച് വീടുകളിൽ കൃഷി ചെയ്യാം സാധിക്കും.

 Learn how to grow plants effectively in small spaces at home using grow bags. Get tips on choosing the right bag, preparing soil, and maintaining crops.

#GrowBag #UrbanGardening #HomeFarming #EcoFriendly #SmallSpaceGardening #SustainableLiving

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia