Revival | ഇഞ്ചിപ്പുല്ല് കൃഷിക്ക് പുതിയ ഉണർവ്! ഇനി വേഗത്തിൽ അരിയാം; പുതിയ യന്ത്രം വികസിപ്പിച്ചെടുത്ത് കെവികെ; പരീക്ഷണം വിജയകരം 

 
Revival
Revival

Photo: Arranged 

മണിക്കൂറിൽ ഒരു ഏക്കർ ഇഞ്ചിപ്പുൽ അരിയാൻ കഴിയുന്ന യന്ത്രമാണ് വികസിപ്പിച്ചത്.

കൊച്ചി: (KVARTHA) കേരളത്തിൽ ഒരുകാലത്ത് വ്യാപകമായിരുന്ന ഇഞ്ചിപ്പുല്ല് കൃഷിയും പുൽത്തൈല വ്യവസായവും പുനരുദ്ധരിക്കാനുള്ള ശ്രമത്തിലാണ് സിഎംഎഫ്ആർഐ-കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). തൊഴിലാളി ക്ഷാമം കാരണം അന്യം നിന്നുപോകുന്ന ഇഞ്ചിപ്പുല്ല് കൃഷിയെ രക്ഷിക്കാൻ, പുല്ലരിയാനുള്ള യന്ത്രം വിജയകരമായി പരീക്ഷിച്ചു. കേരള കാർഷിക സർവകലാശാല, കാംകോ എന്നിവയുമായി സഹകരിച്ച് നടത്തിയ ഈ പരീക്ഷണത്തിൽ, മണിക്കൂറിൽ ഒരു ഏക്കർ ഇഞ്ചിപ്പുല്ല് അരിയാൻ കഴിയുന്ന യന്ത്രമാണ് വികസിപ്പിച്ചത്.

കാർഷിക സർവകലാശാലയുടെ ഓടക്കാലി സുഗന്ധ തൈല-ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിന്റെ ഫാമിൽ വിവിധ യന്ത്രങ്ങളുപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിലാണ് കാംകോയുടെ കെആർ120എച്ച് മോഡൽ കൊയ്ത്ത് യന്ത്രം ഇതിന് അനുയോജ്യമാണെന്ന് കണ്ടെത്തിയത്. ഡോ ആൻസി ജോസഫ്, ഡോ ജോബി ബാസ്റ്റിൻ, ഡോ എം.വി പ്രിൻസ്, ഡോ. ഷിനോജ് സുബ്രമണ്യൻ, ഡോ. ഡി. ധലിൻ, ജെസ്സികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.

അടുത്തപടിയായി, കാർഷിക സർവകലാശാലയുടെ സുഗന്ധി, ലക്‌നൗ ആസ്ഥാനമായി സിഎസ്ഐആർനു കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഔഷധ-സുഗന്ധ സസ്യ ഗവേഷണ കേന്ദ്രത്തിന്റെ കൃഷ്ണ എന്നീ ഇഞ്ചിപ്പുൽ ഇനങ്ങൾ കർഷകരുടെ കൃഷിയിടങ്ങളിൽ പ്രദർശിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് കൃഷി വിജ്ഞാന കേന്ദ്രം.

ഇതിന് പുറമെ, സിഎസ്ഐആർ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന അരോമ പദ്ധതിയിൽ ഉൾപ്പെടുത്തി, തൈലം വാറ്റിയെടുക്കുന്ന ഒരു യൂണിറ്റ് കൂടി സ്ഥാപിക്കുന്നതിനും കെവികെക്ക് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി, ഇഞ്ചിപ്പുൽ തൈലത്തിൽ നിന്നും വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ ഉല്പാദിപ്പിച്ച് ബ്രാൻഡിംഗ് നടത്തി വിപണിയിലെത്തിക്കും. കർഷകർക്ക് വരുമാനം ഉറപ്പുവരുത്തി കൃഷി സുസ്ഥിരമാക്കുകയാണ് കെവികെ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഒരുകാലത്ത്  എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിൽ വ്യാപകമായിരുന്ന ഇഞ്ചിപ്പുൽ കൃഷിയുടെയും പുൽത്തൈലം വാറ്റിന്റേയും പെരുമ്പാവൂർ കേന്ദ്രീകരിച്ച് നടത്തിയിരുന്ന തൈല വ്യാപാരത്തിന്റെയും നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഈ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെവികെ മേധാവി ഡോ ഷിനോജ് സുബ്രമണ്യൻ പറഞ്ഞു.

പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ള എറണാകുളം ജില്ലയിലെ കർഷകർ, കർഷക കൂട്ടായ്മകൾ, സ്വയംസഹായ സംഘങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, സൊസൈറ്റികൾ തുടങ്ങിയവർ കെവികെയുമായി ബന്ധപ്പെടാം. ഫോൺ 8590941255. സൂര്യപ്രകാശം ലഭിക്കുന്നതും വെള്ളക്കെട്ടില്ലാത്തതുമായ സ്ഥലങ്ങൾ ഇഞ്ചിപ്പുൽ കൃഷിയ്ക്ക് അനുയോജ്യമാണ്. തൈകൾ നട്ട് മൂന്നുമാസം കൊണ്ട് ആദ്യവിളവെടുപ്പും തുടർന്ന് ഓരോ രണ്ട് മാസങ്ങൾ കൂടുമ്പോൾ തുടർ വിളവെടുപ്പുകളും നടത്താവുന്ന വിളയാണ് ഇഞ്ചിപ്പുല്ല്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia