Soil Museum | കതിരൂര്‍ മണ്ണ് മ്യൂസിയത്തിനായുള്ള പദ്ധതി ഊര്‍ജിതമാക്കി; 2 ലക്ഷം കൂടി വകയിരുത്തി പഞ്ചായത്
Dec 6, 2022, 17:38 IST
തലശേരി: (www.kvartha.com) കതിരൂര്‍ പഞ്ചായതില്‍ ആരംഭിക്കുന്ന മണ്ണ് മ്യൂസിയത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായി രണ്ട് ലക്ഷം രൂപ കൂടി അനുവദിക്കുമെന്ന് പഞ്ചായത് പ്രസിഡണ്ട് പി പി സനില്‍ കതിരൂര്‍ ഗ്രാമ പഞ്ചായത് ഹാളില്‍ അറിയിച്ചു. കതിരൂര്‍ പഞ്ചായതിലെ വിവിധ മണ്ണിനങ്ങളുടെ പ്രത്യേകത അറിയാന്‍ മിനി മണ്ണ് മ്യൂസിയം ഒരുക്കാനാണ് കതിരൂര്‍ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചത്. ഇതോടെ കതിരൂരിലെ കര്‍ഷകര്‍ക്ക് ഇനി മണ്ണറിഞ്ഞ് കൃഷിയിറക്കാമെന്ന സൗകര്യം ലഭിക്കും.
മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പഞ്ചായതിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മണ്ണ് മ്യൂസിയം നിര്‍മ്മിക്കുക. രണ്ട് ലക്ഷം രൂപയാണ് ഇതിനായി പഞ്ചായത് വകയിരുത്തിയത്.
കതിരൂരില്‍ 10 വര്‍ഷത്തോളമായി മണ്ണ് -ജലം -വായു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കൃഷി മാത്രം ജീവനോപാധിയായി കാണുന്ന ഒരു വിഭാഗം ജനങ്ങള്‍ ഇവിടെയുണ്ട്. മണ്ണിന്റെ ശാസ്ത്രീയത അറിഞ്ഞ് കൃഷിയിറക്കിയാല്‍ കൂടുതല്‍ വിളവ് ലഭിക്കും. ഇത് സാധാരണക്കാര്‍ക്ക് നേരിട്ട് കണ്ട് മനസിലാക്കി നല്‍കുകയാണ് മ്യൂസിയം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
സംസ്ഥാനത്ത് ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ കീഴില്‍ ആരംഭിക്കുന്ന ആദ്യ ഗ്രാമീണ മണ്ണ് മ്യൂസിയമാണിത്. കതിരൂര്‍ പുല്യോട് ഗവ. എല്‍പി സ്‌കൂളിലാണ് മ്യൂസിയം ഒരുക്കുക. പഞ്ചായതിലെ മുഴുവന്‍ വാര്‍ഡുകളിലും മണ്ണ് സര്‍വേ ഡിസംബര്‍ അവസാനത്തോടെ ആരംഭിക്കും. മുഴുവന്‍ വിവരങ്ങളും ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കും. മ്യൂസിയം മാര്‍ചില്‍ പ്രവര്‍ത്തനമാരംഭിക്കും.
പഞ്ചായതിലെ തനത് മണ്ണിനങ്ങളും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ മണ്ണുകളും ഇവിടെ പ്രദര്‍ശിപ്പിക്കും. ഓരോ മണ്ണിലേയും ലവണങ്ങള്‍ കണ്ടെത്തി സോയില്‍ ഹെല്‍ത് കാര്‍ഡ് തയാറാക്കും. ഇതിലൂടെ പഞ്ചായതിലെ ഓരോ പ്രദേശത്തെയും മണ്ണിന്റെ ഗുണനിലവാരവും വളപ്രയോഗത്തെക്കുറിച്ചുള്ള വിവരങ്ങളും കൃത്യമായി അറിയാന്‍ കഴിയും.
തിരുവനന്തപുരം പാറാട്ടുകോണത്തുള്ള കേന്ദ്ര മണ്ണ് അനലിറ്റികല്‍ പരീക്ഷണശാലയിലെ കേരള മണ്ണ് മ്യൂസിയത്തിന്റെ മാതൃകയിലാണ് കതിരൂരില്‍ മ്യൂസിയം സ്ഥാപിക്കുക.
ഓരോ മണ്ണിനത്തിന്റെയും പൂര്‍ണ വിവരങ്ങള്‍, മണ്ണുപരമ്പരയുടെ ഭൗതിക സ്വഭാവം, അതെവിടെ നിന്ന് ലഭിച്ചു, മണ്ണിലെ ജൈവഘടന, ഏതു വിളയ്ക്കാണ് എറ്റവും അനുയോജ്യം, ഈ മണ്ണു കാണപ്പെടുന്ന പ്രദേശത്ത് എങ്ങനെയാണ് ഉപയുക്തമാക്കേണ്ടത്, മണ്ണിലെ നൈട്രജന്‍, ഫോസ്ഫറസ്, പൊടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, സള്‍ഫര്‍, ഇരുമ്പ്, സിങ്ക്, കോപര്‍, മാംഗനീസ്, ബോറോണ്‍ എന്നിവയുടെ തോത്, പി എച് അനുപാതം, മണ്ണ് മാനേജ്മെന്റ് തുടങ്ങിയ വിവരങ്ങള്‍ മ്യൂസിയത്തില്‍ നിന്ന് അറിയാനാകും.
Keywords: News,Kerala,State,Thalassery,Top-Headlines,Farmers,Agriculture, Project for Kadirur Soil Museum intensified
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.