Farming | ന്യൂജെന്‍ വഴിയില്‍ രാജന്‍മാഷുടെ ജൈവകൃഷി; മള്‍ച്ചിങ് രീതിയിലൂടെ കൊയ്‌തെടുത്തത് നൂറുമേനി; കണ്ണൂരിലെ ഓണവിപണിയിലെ താരമായി അധ്യാപകന്‍

 

 
retired teachers organic farm a hit at onam
retired teachers organic farm a hit at onam

Photo: Arranged

തൊക്കിലാങ്ങാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ രീതി പ്രയോഗിച്ചു മികച്ച പച്ചക്കറി തോട്ടമുണ്ടാക്കി അധ്യാപകനായ രാജന്‍മാസ്റ്റര്‍ സ്‌കൂളിന് സംസ്ഥാനസര്‍ക്കാരിന്റെ മികച്ച കൃഷിതോട്ടത്തിനുളള അവാര്‍ഡ് വരെ വാങ്ങി കൊടുത്തിട്ടുണ്ട്

കണ്ണൂര്‍: (KVARTHA) കൃഷി അന്യംനിന്നുപോയെന്ന് വിലപിക്കുന്ന ഈകാലത്ത് മലയാളിയെ പുതുകൃഷി രീതി പഠിപ്പിക്കുകയാണ് കണ്ണൂരിലെ ഈ മാഷ്. എല്ലാത്തിലും മെയ്ക്ക് ഓവര്‍ കൊണ്ടുവരുന്ന ന്യൂജെന്‍ കാലത്ത് കൃഷിയില്‍ മാത്രം അതു എന്തിന് വേണ്ടെന്നു വയ്ക്കണമെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. വേറിട്ട കൃഷി രീതിയെന്നു വെറുതെ പറയുകയല്ല ഇദ്ദേഹം നൂറുമേനി വിളവെടുത്തു കാണിച്ചു കൊടുക്കുക കൂടിയാണ്. കണ്ണൂര്‍ കൈതേരി ഇടത്തിലെ മുന്‍ അധ്യാപകന്‍ കുന്നുമ്പ്രോന്‍ രാജനാണ് തന്റെ ജൈവകൃഷിയിലൂടെ നാടിനു മുന്‍പില്‍ അത്ഭുതമായത്. 

ഇക്കുറി ഓണത്തിന് സദ്യയൊരുക്കുന്നതിനായി രാജന്‍ മാഷുടെ ജൈവപച്ചക്കറികളാണ് നാട്ടുകാര്‍ ഉപയോഗിക്കുക. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇദ്ദേഹം കൃഷിചെയ്യുന്നുണ്ടെങ്കിലും ഇക്കുറി പ്രതികൂല കാലവസ്ഥയെ അതിജീവിച്ചാണ് കൃഷിയിറക്കിയത്. ഇതിനു പുറമെ പന്നിയുടെ ശല്യവും കീടങ്ങളുടെ അക്രമണവും നേരിട്ടുവെങ്കിലും അതിനെയൊക്കെ അതിജീവിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും നമ്മുടെ വീടുകളിലെ അടുക്കളകളിലേക്ക് എത്തുന്ന കീടനാശിനി നിറഞ്ഞ പച്ചക്കറികള്‍ക്കു ബദലാണ് തന്റെ കൃഷിയെന്നാണ് ഇദ്ദേഹം പറയുന്നത്.

പയര്‍, വെണ്ടയ്ക്ക, പാവല്‍, പൊട്ടിക്ക, പടവലം, ചുരങ്ങ, കക്കിരി, പച്ചമുളക്, വെളളരി, മത്തന്‍, കുമ്പളം ഉള്‍പ്പെടെ പത്തിനങ്ങളാണ് ഇദ്ദേഹം കൃഷി ചെയ്തത്. കളശല്യമൊഴിവാക്കി മികച്ച വിളവും ലക്ഷ്യമിട്ടുകൊണ്ടു നമ്മുടെ നാട്ടില്‍ പൊതുവെ കണ്ടുവരാത്ത മള്‍ച്ചിങ് കൃഷിരീതി അഥവാ കൃത്യതാ കൃഷിയാണ് രാജന്‍ മാഷ് സ്വീകരിക്കുന്നത്. നല്ല മണ്ണുകൊണ്ടു വരമ്പുകളുണ്ടാക്കി രജൈവവളം നിറച്ച് അതിനുമുകളില്‍ പ്‌ളാസ്റ്റിക്ക് ഷീറ്റ് പുതയ്ക്കുന്നതാണ് ഈ കൃഷിയുടെ ആദ്യഘട്ടം.  

ഇതിനു ശേഷം കൃത്യമായ അളവില്‍ ഷീറ്റില്‍ ദ്വാരങ്ങളുണ്ടാക്കി പച്ചക്കറി ചെടികള്‍ നടുകയാണ് ചെയ്യുന്നത്. ഇതിനൊപ്പം ഡ്രോപിങ് രീതിയില്‍ വെളളം നനയ്ക്കുകയം പ്‌ളാസ്റ്റിക്ക് നാരുകൊണ്ടു മേല്‍പന്തല്‍ കെട്ടുകയും ചെയ്യുന്നു.  ഇത്തരത്തില്‍ കൃഷി ചെയ്യുന്നതിനായി തന്റെ വീട്ടുപരിസരത്ത് രാജന്‍മാഷ് അഞ്ചേക്രര്‍ സ്ഥലമാണ് പാട്ടത്തിനെടുത്തത്. ഇങ്ങനെ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് കൃഷിയിറക്കിയാല്‍ നൂറുമേനി കൊയ്യാമെന്നാണ് ഇദ്ദേഹം പറയുന്നത്. 

മണ്ണില്‍ കൈക്കുത്തിയാല്‍ നഷ്ടം വരില്ലെന്നാണ് രാജന്‍മാഷ് പകര്‍ന്നു നല്‍കുന്ന പാഠം. വീടുകളില്‍ വീട്ടമ്മമാര്‍ക്കും മറ്റുളളവര്‍ക്കും ഈ കൃഷി പരീക്ഷിക്കാം. തൊക്കിലാങ്ങാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ രീതി പ്രയോഗിച്ചു മികച്ച പച്ചക്കറി തോട്ടമുണ്ടാക്കി അധ്യാപകനായ രാജന്‍മാസ്റ്റര്‍ സ്‌കൂളിന് സംസ്ഥാനസര്‍ക്കാരിന്റെ മികച്ച കൃഷിതോട്ടത്തിനുളള അവാര്‍ഡ് വരെ വാങ്ങി കൊടുത്തിട്ടുണ്ട്. തികച്ചും ജൈവരീതിയിലാണ് പച്ചക്കറി വിളകള്‍ സംരക്ഷിക്കാന്‍ കീടനാശിനി പ്രയോഗിക്കുന്നത്. ഇതിനൊപ്പം കീടങ്ങളെ ആകര്‍ഷിക്കാന്‍ കൃഷിയടത്തില്‍ മല്ലികയും ചോളവുമൊക്കെ വളര്‍ത്തുന്നുണ്ട്. ഇതു വളരെ ഫലപ്രദമാണെന്നാണ് ഇദ്ദേഹം പറയുന്നത്. 

പച്ചയ്ക്ക് വേണമെങ്കില്‍ കഴിക്കാം രാജന്‍മാഷുടെ കക്കിരിക്കയും വെണ്ടയ്ക്കയും. അത്രമാത്രം ശുദ്ധമാണത്. അതുകൊണ്ടു തന്നെ ഇതിന്ജനപ്രീതിയും കൂടുതലാണ്. തോട്ടത്തിലെത്തി പച്ചക്കറി വാങ്ങാന്‍ കൈതേരിയിലെ നാട്ടുകാരും പുറമെയുളളവരും എത്താറുണ്ട്. ബാക്കിയുളള കൂത്തുപറമ്പ് നഗരത്തിലെ മാര്‍ക്കറ്റിലെത്തിക്കും. പെന്‍ഷന്‍ പറ്റിയാല്‍ വെറുതെ ചടഞ്ഞിരിക്കാമെന്നു വിചാരിക്കുന്നവര്‍ക്ക് മുന്‍പില്‍ നല്ലപാഠമാവുകയാണ് ഈ ചരിത്രാ അധ്യാപകന്‍. ഒരുതൈ നടുമ്പോള്‍ ഒരു തണല്‍ തന്നെ നടുകയാണ് ഇദ്ദേഹം ചെയ്യുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia