അതിരുകളില്ലാ കിനാക്കൾ

 


മിനാരങ്ങളെ തഴുകുന്ന വെള്ളിനക്ഷത്രങ്ങള്‍ - 10  / ഇബ്രാഹിം ചെർക്കള

(www.kvartha.com 25.07.2021) തീവണ്ടി വേഗതയില്‍ പാഞ്ഞു.  അടുത്തിരിക്കുന്ന സുഹൃത്തുക്കള്‍ കളിതമാശകള്‍ പറഞ്ഞു ചിരിക്കുമ്പോഴും മനസ്സ് വീട്ടിലേക്ക് പാഞ്ഞു.  രോഗത്തിന്റെ പിടിയില്‍ വേദനിക്കുന്ന ഉമ്മയുടെ ദയനീയ മുഖം വീണ്ടും വീണ്ടും തെളിഞ്ഞു.  തനിക്ക് ചെറിയ ജലദോഷപ്പനി വന്നാല്‍ പോലും ഉറങ്ങാതെ അടുത്തിരുന്നു തഴുകി ആശ്വസിപ്പിക്കുമായിരുന്ന ഉമ്മ.  എന്നാല്‍ ഒരു നേരത്തെ മരുന്ന് വാങ്ങിക്കൊടുക്കാന്‍ ഇതുവരെ കഴിഞ്ഞില്ലല്ലോ.  കണ്ണുകള്‍ നിറഞ്ഞു.  പള്ളിയില്‍ നിന്നും കിട്ടുന്ന ചെറിയ ശമ്പളം കൊണ്ട് വീട്ടുചെലവും തന്റെ പഠിത്തവും ഉമ്മയുടെ മരുന്നും വാങ്ങാന്‍ പാടുപെടുന്ന ഉപ്പയുടെ മുഖത്തെ നിസ്സഹായത മനസ്സിനെ കുത്തിനോവിച്ചു.  

കുട്ടിക്കാലത്തെ കുസൃതിയും വാശിയും ചിരിയുമായി നടന്നിരുന്ന ഷമീമ.  ഇന്ന് ഒന്ന് ചിരിക്കാന്‍ പോലും മറന്നിരിക്കുന്നു.  വീട്ടില്‍ നിന്നും അകലുംതോറും ഓരോ മുഖങ്ങളും മനസ്സില്‍ നൊമ്പരം പടര്‍ത്തി.  എല്ലാറ്റിനും ഉത്തരം കണ്ടെത്തണം.  ഉമ്മയ്ക്ക് നല്ല ചികിത്സ നല്‍കാന്‍ കഴിയണം.  ഉപ്പയ്ക്ക് പ്രായമായി വരികയല്ലേ?  വളരെ ചെറുപ്പത്തില്‍ തുടങ്ങിയ ജീവിതപ്പാച്ചില്‍; ഇനി ഒരു വിശ്രമം വേണം.  ഷമീമയെ നല്ല നിയില്‍ വിവാഹം ചെയ്ത് അയക്കണം.  മോഹങ്ങളുടെ കടല്‍ മനസ്സില്‍ ഇരമ്പി.  'എന്താ അജ്മല്‍ ഒന്നും മിണ്ടാത്തത്?' സുഹൃത്തുക്കള്‍ ചിരിയോടെ മുഖത്ത് നോക്കി.  

 
അതിരുകളില്ലാ കിനാക്കൾ




'ഓരോന്നും ചിന്തിച്ചുപോയി.  നിങ്ങളെയൊക്കെ വിട്ട് പോകുന്നത് ഓര്‍ക്കുമ്പോള്‍ അല്‍പം വിഷമം.'
'ഒന്നും ചിന്തിച്ച് വിഷമിക്കേണ്ട.  എല്ലാം നല്ലതിനാണ്.  നീ പ്രതീക്ഷിച്ചത് പോലെ ഒരു ജോലിക്കുള്ള വഴിയാണ് തെളിഞ്ഞിരിക്കുന്നത്.  അതില്‍ സന്തോഷിച്ചു ധൈര്യമായി മുന്നോട്ടു നീങ്ങുക.  വിജയം തീര്‍ച്ച.'  സുഹൃത്തുക്കളുടെ ആശ്വാസവാക്കുകള്‍ മനസ്സില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കി.  എയര്‍പോര്‍ട്ടില്‍ എത്തി, എല്ലാവരോടും യാത്രപറഞ്ഞു അകത്തേക്കു നടന്നു.  തിരിഞ്ഞുനോക്കി കൈയുയര്‍ത്തി.  സുഹൃത്തുക്കള്‍ ചിരിയോടെ നോക്കിനില്‍ക്കുന്നു.  വേഗതയില്‍ നടന്നു പരിശോധനകള്‍ക്ക് ശേഷം അജ്മല്‍ വിമാനത്തിനകത്തേക്ക് നീങ്ങി.

ബാങ്ക് വിളിയുടെ സമയം അടുത്തുവരുന്നു.  സിദ്ദീഖ് ഉസ്താദ് വേഗതയില്‍ നടന്നു.  മനസ്സില്‍ വലിയ ഭാരം തോന്നി.  മകന്‍ യാത്ര പറഞ്ഞതോടെ ചിന്തകളില്‍ അവന്‍ നിറഞ്ഞുനിന്നു.  ചെറുപ്പം മുതല്‍ പഠിക്കാന്‍ നല്ല മിടുക്കനായിരുന്നു.  ആരെയും ബുദ്ധിമുട്ടിക്കില്ല.  പഠിക്കുന്ന കാര്യങ്ങളില്‍ സംശയം ഉണ്ടെങ്കിലും അതു ചോദിച്ചു മനസ്സിലാക്കാന്‍ കാണിച്ചിരുന്ന വിനയം, ഉമ്മയോടും ഉപ്പയോടും സഹോദരിയോടും തമാശയ്ക്ക് പോലും ഒരിക്കലും ദേഷ്യപ്പെടില്ല.  ഏത് വിഷമത്തിലും മന്ദഹാസത്തോടെ മറുപടി പറയും.  എല്ലാം ഉള്ളിലൊതുക്കി മോന്‍ ജീവിച്ചു.  

താനും അവനെ വളര്‍ത്തിയത് അങ്ങനെതന്നെയല്ലേ?  എത്ര കഷ്ടപ്പെട്ടാലും മക്കള്‍ ഒന്നും അറിയാതെ ഇത് വരെ നോക്കി.  ഷമീമയും പടിക്കാന്‍ മിടുക്കിയായിരുന്നു.  പത്താംക്ലാസ്സ് ജയിച്ചപ്പോള്‍ അജ്മല്‍ വളരെ നിര്‍ബന്ധിച്ചു.  അവളെ തുടര്‍ന്നു പഠിപ്പിക്കാന്‍.  പക്ഷെ, രണ്ടുപേരെയും പഠിപ്പിക്കാനുള്ള വിഷമം മറച്ചുവെച്ചുകൊണ്ട് അന്ന് പറഞ്ഞു 'പെണ്‍കുട്ടിക്ക് ഇത്രയൊക്കെ പഠിപ്പ് മതി.  വിവാഹം ചെയ്തുപോയി കുടുംബം നോക്കാന്‍ ഇത്രമതി.'  അങ്ങനെ പറഞ്ഞെങ്കിലും മനസ്സില്‍ നല്ല വേദനയുണ്ടായിരുന്നു.  അവളെക്കൂടി നന്നായി പഠിപ്പിക്കണമെന്ന് തന്നെയായിരുന്നു ആഗ്രഹം.  

കുടുംബജീവിതത്തില്‍ ഭാര്യ, മാതാവ്, കുടുംബിനി എന്നീ നിലകളിലും സന്താന പരിപാലനം, ഭര്‍ത്താവിന്റെയും വീടിന്റെയും സമ്പത്തിന്റെയും സംരക്ഷണം തുടങ്ങി ഗൃഹഭരണകാര്യങ്ങളിലും സ്ത്രീ ഏറെ പഠിച്ചവളായിരിക്കണം.  കുടുംബജീവിതം ആത്മാര്‍ത്ഥമാകാനും സന്തുഷ്ടമാകാനും ഇത് അനിവാര്യമാണ്.  ഇതുകൊണ്ട് തന്നെ മതപരവും ഭൗതികവുമായ വിദ്യാഭ്യാസം കഴിയുന്നത്ര നേടുന്നതില്‍ സ്ത്രീപുരുഷന്‍മാര്‍ എന്ന വേര്‍തിരിവ് പാടില്ലെന്ന് അറിയാമെങ്കിലും ജീവിതത്തിന്റെ പരിമിതികള്‍ ആഗ്രഹങ്ങള്‍ക്ക് തടയിടുന്നു.  ഇനി അവള്‍ക്ക് ഒരു നല്ല വിവാഹജീവിതം നല്‍കാന്‍ കഴിയണം.  ഇന്നത്തെ വിവാഹരീതിയെപ്പറ്റി ചിന്തിക്കുമ്പോള്‍ മനസ്സില്‍ ഭയം നിറയുന്നു.  സ്വര്‍ണ്ണവും പണവും പെണ്ണിന്റെ ഭാവി ജീവിതം നിര്‍ണ്ണയിക്കുന്ന ആചാരങ്ങള്‍... 

സിദ്ദീഖ് ഉസ്താദിന്റെ മനസ്സില്‍ അഗ്‌നി പടര്‍ത്തി.  പള്ളിയില്‍ പതിവിലും കൂടുതല്‍ ആളുകള്‍ ഉണ്ട്.  അഷ്‌റഫ് ഹാജിയും ഹംസ മാഷും മറ്റു ചിലരും അതുപോലെ മൂസഹാജിയും കൂട്ടരും വേറൊരു വശത്തുനിന്നും ചര്‍ച്ചകള്‍ നടത്തുകയാണ്.  പള്ളിക്ക് അടുത്ത് പറമ്പ് വാങ്ങുന്ന പ്രശ്‌നമാണ് വിഷയമെന്ന് അവരുടെ സംസാരങ്ങളില്‍ നിന്നും മനസ്സിലായി.  സ്ഥലത്തിന്റെ ഉടമ റഷീദ് ഹാജിയും എത്തിയിട്ടുണ്ട്.  'പള്ളിക്ക് തൊട്ടടുത്തുള്ള സ്ഥലമാണ് ഇത്.  ഭാവിയില്‍ മദ്രസയും അതുപോലെ പള്ളിയുടെ വികസനവും എല്ലാം വേണം.  ഇപ്പോള്‍ ഉള്ള സ്ഥലം എന്തായാലും തികയില്ല.'  ഹംസമാഷ് എല്ലാവരോടും അത് പറഞ്ഞു.  

മൂസഹാജി ദേഷ്യത്തോടെ ഓടി അടുത്തു.  'എന്റെ പറമ്പിന് അടുത്തുള്ള സ്ഥലമാണ് അത്.  കൂടാതെ ഈ പറമ്പ് കിട്ടിയാല്‍ മറ്റേ പറമ്പിലേക്ക് വഴിയുടെ കാര്യവും തടസ്സമില്ലാതെ പോകും.  പള്ളിക്ക് മറ്റെവിടെയെങ്കിലും സ്ഥലം നോക്കണം.' 'പള്ളിക്കമ്മിറ്റിയും നാട്ടുകാരും എല്ലാം ഈ സ്ഥലം പള്ളിക്ക് വേണ്ടി വാങ്ങാന്‍ തീരുമാനിച്ചതല്ലേ.  റഷീദ്ഹാജി തരാമെന്ന് സമ്മതിച്ചതുമാണ്.'  അഷ്‌റഫ് ഹാജി ഉച്ചത്തില്‍ അത് പറഞ്ഞപ്പോള്‍ മൂസ ഹാജി കലിതുള്ളി.  'കമ്മിറ്റിക്കും നാട്ടുകാര്‍ക്കും എന്തും തീരുമാനിക്കാം.  പക്ഷെ, അടുത്ത പറമ്പുകാര്‍ക്കുള്ള ബുദ്ധിമുട്ട് നിങ്ങള്‍ക്ക് പ്രശ്‌നമല്ല.'  ആരും ഒന്നും മിണ്ടിയില്ല.  

'റഷീദ് ഹാജി എന്തു പറയുന്നു.'  ഹംസ മാഷാണ് ചോദിച്ചത്.  'ഞാന്‍ പള്ളിക്ക് കൊടുക്കാന്‍ തീരുമാനിച്ചതാണ്.  മൂസ ഹാജി ഇങ്ങനെ ഒരു തടസ്സവുമായി വരുമെന്ന് കരുതിയില്ല.'  'നിങ്ങളുടെ സ്ഥലത്തിന് ആര് തരുന്നതിലും അധികം പണം ഞാന്‍ തരും.  അതുകൊണ്ട് ഈ സ്ഥലം എനിക്ക് തരണം.  എന്നെ ധിക്കരിച്ച് സ്ഥലം പള്ളിക്ക് കൊടുത്താല്‍ നിങ്ങളുടെ മറ്റൊരു പറമ്പ് എന്റെ സ്ഥലത്തിന് അടുത്തുണ്ട്.  ഇപ്പോള്‍ ഉള്ള വഴി എന്റേതാണ്.  അത് ഞാന്‍ അടക്കും.' മൂസ ഹാജി വെല്ലുവിളിയായി അത് പറഞ്ഞപ്പോള്‍ റഷീദ് ഹാജി നിശ്ശബ്ദനായി.  'ഇങ്ങനെ പറഞ്ഞാല്‍ പ്രശ്‌നം എവിടെയും എത്തില്ല.  മൂസ ഹാജി ഒരു പറമ്പിന്റെ വഴി അടച്ചാല്‍ മറ്റു ചില വഴികള്‍ എനിക്കും അടക്കാന്‍ കഴിയും.' അഷ്‌റഫ് ഹാജി ഉച്ചത്തില്‍ പറഞ്ഞു.

വലിയ ദേഷ്യത്തോടെ മൂസഹാജി അഷ്‌റഫ് ഹാജിയുടെ നേരെ ഓടിയടുത്തു.  'എന്നാല്‍ അത് കാണണം.  എന്റെ വഴിയടച്ച് നിനക്ക് ഈ നാട്ടില്‍ ജീവിക്കാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ?' മൂസ ഹാജി നിന്ന് കിതച്ചു.  ആള്‍ക്കാര്‍ എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളത്തില്‍ നോക്കിനിന്നു.  'ഇങ്ങനെ തമ്മില്‍ ബഹളം വെച്ചാല്‍ പ്രശ്‌നം തീരില്ല.  എല്ലാവരും തീരുമാനിച്ച സ്ഥിതിക്ക് മൂസ ഹാജി കൂടി സമ്മതിക്കുന്നതാണ് നല്ലത്.  പള്ളിയുടെ കാര്യല്ലേ. ഇതില്‍ തോല്‍വിയും ജയവും ഒന്നും നോക്കണ്ട.'  സിദ്ദീഖ് ഉസ്താദിന്റെ വാക്കുകള്‍ കേട്ടു എല്ലാവരും നിശ്ശബ്ദരായി.  മൂസ ഹാജി ഉസ്താദിന് നേരെ ചാടി.  'ഇത് എന്റെ അഭിമാനത്തിന്റെ പ്രശ്‌നമാണ്.  നിങ്ങള്‍ ഇടപെടേണ്ട, പള്ളിയുടെ കാര്യത്തിലുള്ള സ്ഥലത്തിന്റെ പ്രശ്‌നമാണ്.'  '

ഉസ്താദ് പറഞ്ഞതു തന്നെയാണ് ശരി.'  ഹംസ മാഷ് പതുക്കെ പറഞ്ഞു.  'എന്നെ എതിര്‍ത്തു എന്തു തീരുമാനം എടുത്താലും അത് നടപ്പിലാക്കാന്‍ ഞാന്‍ സമ്മതിക്കില്ല.  നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം.  വാടാ നമുക്ക് പോകാം.'  മൂസ ഹാജി കൂട്ടാളികളെയും വിളിച്ച് ദേഷ്യത്തോടെ നടന്നുപോയി.  മറ്റുള്ളവര്‍ പിന്നെയും ചര്‍ച്ചകളില്‍ മുഴുകി.  'തര്‍ക്കം വന്ന സ്ഥിതിക്ക് ഇപ്പോള്‍ ഒരു തീരുമാനം വേണ്ട.  കാര്യങ്ങള്‍ ഖാസി ഉസ്താദിനോട് പറയാം.  മൂസ ഹാജിയുമായി സംസാരിച്ച് ഒരു തീരുമാനം പറയട്ടെ'  അഷ്‌റഫ് ഹാജി അങ്ങനെ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അത് ഇഷ്ടപ്പെട്ടു.  ഹംസ മാഷും അഷ്‌റഫ് ഹാജിയും മറ്റു ചിലരെയും കൂട്ടി ഖാസി ഉസ്താദിനെ കാണാന്‍ പോയി.  റഷീദ് ഹാജിയെയും കൂടെ കൂട്ടി.

പള്ളിമുറ്റം നിശ്ശബ്ദമായി.  സിദ്ദീഖ് ഉസ്താദ് ചിന്തകളോടെ വീട്ടിലേക്ക് നടന്നു.  കഴിഞ്ഞ ആഴ്ച ഉസ്താദന്മാരുടെ ശമ്പളക്കാര്യത്തെക്കുറിച്ച് പ്രസംഗം നടത്തിയപ്പോള്‍ മൂസ ഹാജി കുറേ നേരം തര്‍ക്കിച്ചതാണ്.  ഇപ്പോള്‍ കിട്ടുന്നത് തന്നെ അധികമെന്ന് പറഞ്ഞു ഇറങ്ങിപ്പോയി.  സമൂഹത്തിന്റെ ജീവിതനിലവാരം ഉയരുന്നതിനനുസരിച്ച് ശമ്പളക്കാര്യത്തിലും മാറ്റം വെണമെന്ന് ഉണര്‍ത്തുകമാത്രമാണ് ചെയ്തത്.  പള്ളിയില്‍ ജോലി ചെയ്യുന്നവരുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആര്‍ക്കും ഇഷ്ടമല്ല.  സമയത്തിന് ബാങ്ക് വിളിച്ചില്ലെങ്കില്‍, മദ്രസയുടെ കാര്യത്തില്‍ ചെറിയ മുടക്കം ഉണ്ടായാല്‍ ചോദ്യം ചെയ്യാന്‍ എല്ലാവരും ഉണ്ടാകും.  

ജീവിതകാലം മുഴുവനും മതസ്ഥാപനത്തിന്റെ ഉന്നതിക്ക് മാത്രമായി ജീവിതം സമര്‍പ്പിക്കുന്ന ഇവരുടെ എല്ലാ കാര്യങ്ങളിലും പള്ളിക്കമ്മിറ്റികള്‍ സ്വയം മുന്നോട്ട് വന്ന് നല്ലൊരു ജീവിതം നയിക്കാന്‍ അവസരം ഒരുക്കേണ്ടതല്ലേ?  തുച്ഛമായ ശമ്പളത്തില്‍ ആരോഗ്യമുള്ളകാലത്ത് ജോലി ചെയ്യുന്ന ഇത്തരം ആളുകളുടെ ശിഷ്ടകാലം ഏറെ വേദനാജനകമാണ്.  പെണ്‍മക്കളുടെ വിവാഹം, വീട്, മക്കളുടെ വിദ്യാഭ്യാസം ഇങ്ങനെ എത്രയെത്ര പ്രശ്‌നങ്ങള്‍.  പരാതി പറഞ്ഞാല്‍ അവകാശപ്പറച്ചിലായി ചിത്രീകരിക്കപ്പെടുന്നു.  ഇവര്‍ക്കും സംരക്ഷണത്തിന് തീര്‍ച്ചയായും ഒരു പെന്‍ഷന്‍ പദ്ധതി അനിവാര്യമല്ലേ?  സിദ്ദീഖ് ഉസ്താദ് സ്വയം ചോദിച്ചു വേഗതയില്‍ നടന്നു.

ദിവസങ്ങളും മാസങ്ങളും എത്ര പെട്ടെന്നാണ് കടന്നുപോയത്.  രാവിലെ പോസ്റ്റ്മാന്‍ തന്ന എഴുത്തു പലതവണ വായിച്ച് സിദ്ദീഖ് ഉസ്താദിന്റെ മനസ്സില്‍ സന്തോഷത്തിന്റെ അലയടികള്‍ ഉയര്‍ന്നു.  'നല്ല കമ്പനിയാണ്.  ഇംഗ്ലീഷുകാരനാണ് മാനേജര്‍.  വളരെ നല്ലൊരു മനുഷ്യന്‍.  നജീബിന്റെ സുഹൃത്തെന്ന പരിഗണന കമ്പനിയില്‍ നല്ല സ്ഥാനം നല്‍കുന്നു.  ഭക്ഷണവും താമസവും എല്ലാം നജീബിന്റെ കൂടെയാണ്.  നാട്ടുകാരില്‍ പലരെയും കാണാറുണ്ട്.  സിദ്ദീഖ് ഉസ്താദിന്റെ മകന്‍ എന്നത് എവിടെപ്പോയാലും ഒരു ബഹുമതിയായി സ്വീകരിക്കുന്നു.  

ഉപ്പ പഠിപ്പിച്ച എല്ലാവര്‍ക്കും ഇന്നും മനസ്സില്‍ ആ ബഹുമാനം ഉണ്ട്.  ഉമ്മയുടെ അസുഖം എങ്ങനെ? അധികമുണ്ടെങ്കില്‍ ആശുപത്രിയില്‍ കാണിക്കണം, കിടത്തി ചികിത്സിക്കണമെങ്കില്‍ അങ്ങനെ ചെയ്യുക.  പണത്തിന്റെ കാര്യത്തില്‍ ഉപ്പ വിഷമിക്കേണ്ട.  ഞാന്‍ കഴിയുന്നത് ചെയ്യാം.  ഉമ്മയുടെ ആരോഗ്യം എത്ര പെട്ടെന്ന് തിരിച്ചു കിട്ടട്ടെ.  ഷമീമയോട് അധികം ഉറക്കം ഒഴിക്കാതെ ശരീരം നോക്കാന്‍ പറയണം.  നമുക്ക് അവളെ നല്ലനിലയില്‍ വിവാഹം ചെയ്തയക്കണം.'  സിദ്ദീഖ് ഉസ്താദ് എഴുത്ത് ഭാര്യയ്ക്കും മക്കള്‍ക്കും വായിച്ചു കേള്‍പ്പിച്ചു സമാധാനത്തോടെ കിടന്നു.

(തുടരും)

ബാല്യത്തിലെ കളിക്കൂട്ടുകാരി 11



Keywords:  Kerala, Article, Ibrahim Cherkala, Top-Headlines, Love, Gulf, Life, Job, Dream, Boundless Dreams.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia