പച്ചകോട്ടയും കാവികോട്ടയും പിന്നെ ചെങ്കോട്ടയും

 


തിരിച്ചറിയല്‍ അടയാളങ്ങള്‍ ഇല്ലെങ്കില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് വര്‍ത്തമാനകാല അനുഭവങ്ങള്‍. എന്തിനും ഏതിനും തിരിച്ചറിയല്‍ അടയാളങ്ങള്‍ ആവശ്യമാണിന്ന്. ഔപചാരികമായി തിരിച്ചറിയല്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ മുഖേന നല്‍കുന്നു. റേഷന്‍ കാര്‍ഡിനും വോട്ടു ചെയ്യുന്നതിനും യാത്രചെയ്യുന്നതിനും ബാങ്ക് അക്കൗണ്ടിനും എല്ലാം തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധം.

സാമൂഹ്യജീവിയായ മനുഷ്യനില്‍ വ്യത്യസ്ത സ്വഭാവക്കാരുളളതു പോലെ തന്നെ തിരിച്ചറിയപ്പെടണമെന്നാഗ്രഹിക്കുന്നവരും, തിരിച്ചറിയരുത് എന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. തന്റെ മതം, ജാതി, രാഷ്ട്രീയം, വ്യക്തി വൈശിഷ്ഠ്യം എല്ലാം മറ്റുളളവര്‍ തിരിച്ചറിഞ്ഞേ പറ്റൂ. എന്ന് ആഗ്രഹിക്കുന്നവര്‍ അത് പ്രകടിപ്പിക്കാനുളള വ്യഗ്രത കാട്ടുക സ്വഭാവികം. ഇതിലൊന്നും താല്‍പര്യമില്ലാത്തവര്‍ തങ്ങളുടെ ഐഡന്റിറ്റി പുറത്തറിയിക്കാതിരിക്കാന്‍ പാടുപെടുകയും ചെയ്യും.

പച്ചകോട്ടയും കാവികോട്ടയും പിന്നെ ചെങ്കോട്ടയും നിറത്തെ കൂട്ടുപിടിച്ച് ഈ നിറം തങ്ങളുടേതാണെന്ന് ഉറപ്പിച്ചു വെച്ച ചില രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. അക്കാര്യം സമൂഹം അവര്‍ക്ക് അംഗീകരിച്ചു കൊടുക്കുന്നുമുണ്ട്. ചുവപ്പും കാവിയും പച്ചയും മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പതിച്ചു കൊടുത്ത നിറമെന്ന രീതിയിലാണ് സമൂഹം നിലകൊളളുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുളള ഐക്യമില്ലായ്മയോ, പൊരുത്തമില്ലായ്മയോ, ഇതിലേതെങ്കിലും ഒരു നിറം മറ്റുളളവര്‍ക്ക് വൈഷമ്യമുണ്ടാക്കുന്നു.

കേരളത്തിലെ റോഡുകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഓരോ പ്രദേശവും ഏതേതു പാര്‍ട്ടിയുടെ ഭൂരിപക്ഷ പ്രദേശമാണെന്ന് ആ പ്രദേശത്തില്‍ കാണുന്ന കൊടി തോരണങ്ങള്‍ കൊണ്ടോ, പ്രചാരണ ബോര്‍ഡുകള്‍ കൊണ്ടോ തിരിച്ചറിയാനാവും. ചിലയിടങ്ങളില്‍ 'ഇത് ചെങ്കോട്ടയാണ്' 'ഇത് പച്ചകോട്ടയാണ്'. 'ഇത് കാവികോട്ടയാണ്' എന്ന് എഴുതി വെച്ചതും കാണാം. നിറം കൊണ്ടു വിഭാഗീയത സൃഷ്ടിക്കുന്ന, തിരിച്ചറിയല്‍ സാധ്യമാക്കുന്നു പ്രക്രിയകളാണിതെല്ലാം.

മതത്തിന്റെ കാര്യത്തില്‍ തിരിച്ചറിയല്‍ എളുപ്പമാക്കിയിരുന്നു പഴയകാലം മുതല്‍ തന്നെ. നെറ്റിയിലെ നമസ്‌ക്കാര തഴമ്പ് മുസല്‍മാന്റെയും നെറ്റിയിലെ ചന്ദനക്കുറിഹിന്ദുവിന്റയും നെഞ്ചിലെ കുരിശടയാളം കൃസ്ത്യനിയുടെയും എന്ന് പണ്ടു കാലം മുതല്‍ സൂചിപ്പിച്ചു വരുന്ന അടയാളങ്ങളായിരുന്നു. അതൊരു വിശ്വാസത്തിന്റെ ചിഹ്നവും, അതേ പോലെ നൈര്‍മ്മമ്യഭാവത്തിന്റേയുമായിരുന്നു.

ഇന്നത് മാറി. സഹോദര്യത്തിന്റെയും, പരസ്പര സഹകരണത്തിന്റെയും ചിഹ്നങ്ങളും അനുഷ്ഠാനങ്ങളും മാറി. മതപരമായും - ജാതീയമായും മനുഷ്യര്‍ പരസ്പരം അകലാന്‍ തുടങ്ങി. സ്വാമിവിവേകാന്ദന്‍ സൂചിപ്പിച്ച പോലെ കേരളം വീണ്ടുമൊരു ഭ്രാന്താലയമായി മാറിക്കൊണ്ടിരിക്കുന്നു.

ഇവിടെ നിലവില്‍വന്ന സദാചാര പോലീസാണ് ക്രൂരമായ രീതിയില്‍ വിഭാഗീയത ഉളവാക്കിക്കൊണ്ടുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യരാണെന്ന ചിന്ത അസ്ഥാനത്താക്കിക്കൊണ്ട് വിഭാഗീത സൃഷ്ടിക്കാന്‍ തുനിഞ്ഞ് ശ്രമിക്കുകയാണിവര്‍. സ്വമതത്തില്‍പെട്ട ആണും പെണ്ണും മാത്രമെ പരസ്പരം സംസാരിക്കാനോ, യാത്രചെയ്യാനോ, ഒന്നിച്ചു നില്‍ക്കാനോ പാടുളളു എന്ന കല്പനയാണ് ഇക്കൂട്ടര്‍ നടപ്പാക്കുന്നത്.  സ്വമതക്കാരല്ലാത്ത ഒരാണും പെണ്ണും എന്ന് തോന്നിയാല്‍ സദാചാരക്കാര്‍ ചാടി വീഴും ചോദ്യം ചെയ്യലൊന്നുമല്ല ഭേദ്യം തന്നെയാണ് ആദ്യപടി. അവരും അടയാളം നോക്കിയാണ് ചാടിവീഴുന്നത്.

തിരിച്ചറിയല്‍ അടയാളം നോക്കാന്‍ നമ്മുടെ സര്‍ക്കാര്‍ പോലീസും മിടുക്കരാണ്. ഈയിടെ ആലപ്പുഴയില്‍ നടന്ന  സംഭവം അതിനുദാഹരണമാണ്. യുവാവിനെയും യുവതിയേയും പോലീസ് പിടികൂടി. തങ്ങള്‍ വിവാഹിതരാണെന്ന് കേണ് പറഞ്ഞിട്ടു പോലീസ് വിട്ടില്ല. പോലീസിന് അടയാളം കാണണം. വിവാഹിതയാണെങ്കില്‍ 'സിന്ദുരക്കുറി എവിടെ?' പോലീസിന്റെ ചോദ്യം. സിന്ദുരക്കുറി എന്ന അടയാളമില്ലാത്തതിനാല്‍ ആ ഭാര്യഭര്‍ത്താക്കന്മാരെ ജീപ്പില്‍ കയറ്റി കൊണ്ടു പോയി.

സ്ത്രീയും പുരുഷനും പൊതുയിടങ്ങളില്‍ ഒന്നിച്ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നത് സര്‍ക്കാര്‍ പോലീസും സദാചാര പോലീസും ഒരു പോലെ കുറ്റമാണെന്ന് വിധിക്കുകയാണ്. സിന്ദുരക്കുറി തൊടാത്ത ദമ്പതിമാര്‍ക്ക് ഇനി പൊതു ഇടങ്ങളില്‍ കൂടി നടക്കാന്‍ പറ്റാത്ത അവസ്ഥ സംജാതമായിരിക്കുന്നു. സിന്ദുരക്കുറി എന്ന അടയാളം തൊണ്ണുറുകള്‍ക്കു മുമ്പൊന്നും കേരളത്തിലെ സ്ത്രീകള്‍ക്കുണ്ടായിരുന്നില്ല. വടക്കേ ഇന്ത്യയിലെ ബ്രാഹ്മണ സ്ത്രീകളില്‍ മാത്രമെ ഇങ്ങിനെയൊരു തിരിച്ചറിയല്‍ അടയാളം നിലവിലുണ്ടായിരുന്നുളളൂ. ഇതും ജാതീയതയുടെയും, മതത്തിന്റെയും ചിഹ്നമായി മാറിയത് കേരളത്തില്‍ അടുത്ത കാലത്താണ്.

വിവാഹിതരായ മുഴുവന്‍ ഹിന്ദു സ്ത്രീകളും സിന്ദൂരക്കുറിയും താലിയും അണിഞ്ഞു നടക്കണം. അല്ലെങ്കില്‍ അവര്‍ പിടിക്കപ്പെടും എന്ന സന്ദേശമാണ് ആലപ്പുഴ സംഭവത്തോടെ പോലീസ് നല്‍കുന്ന സൂചന. മതചിഹ്നങ്ങളും നിറങ്ങളും ചിലപ്പോള്‍ നിയമ പാലനത്തെ താറുമാറാക്കുന്ന വിധത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടു. പൊതു ഇടങ്ങളിലും, സ്ഥാപനങ്ങളിലും വാഹനങ്ങളിലും അത്തരം തിരിച്ചറിയല്‍ ചിഹ്നങ്ങള്‍ ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. ഒരു കൊലപാതകം നടന്നാലോ, തീവെപ്പുണ്ടായല്ലോ, വെടിവെപ്പില്‍ ആളുകൊല്ലപ്പെട്ടാലോ ആദ്യത്തെ ചോദ്യം 'അതാരുടെ ആള്' എന്നാണ്. മരിച്ചത് ഇന്ന വിഭാഗത്തില്‍പെട്ട ആളാണെങ്കില്‍ കൊന്നത് മറു വിഭാഗത്തില്‍പെട്ട ആളാണെന്ന് തീപോലെ വാര്‍ത്ത പടരും.

അടുത്തത് സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടമാണ്. അടയാളങ്ങള്‍ നോക്കി മറു വിഭാഗത്തില്‍പെട്ട വ്യക്തികളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കുക, അവരുടെ ഉടമസ്ഥതയിലുളള വാഹനങ്ങള്‍ അഗ്നിക്കിരയാക്കുക. ആളുകളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുക ഇതൊക്കെയാണ് പിന്നീട് അരങ്ങു തകര്‍ക്കുക. മുസ്ലിം കച്ചവടസ്ഥാപനങ്ങള്‍ക്കും, ഹോട്ടലുകള്‍ക്കും, അവരുടെ ഉടമസ്ഥതയിലുളള വാഹനങ്ങള്‍ക്കും മുസ്ലിം വിഭാഗത്തിന്റേതാണെന്ന് തിരിച്ചറിയാനുളള അടയാളമെന്ന നിലയില്‍ അറബി ഉറുദു പേരുകളാണ് നല്‍കുക. ഹിന്ദുക്കളുടെതാണെങ്കില്‍ അവരുടെതാണെന്ന് തിരിച്ചറിയാനുളള പേരുകള്‍ നല്‍കും. അങ്ങിനെ അശോകാട്രാവല്‍സും ഫാത്തിമാ ട്രാവല്‍സും ഗോഗുല്‍ ദാസ് അപാര്‍ട്ടുമെന്റും ബിസ്മില്ലാ റസ്റ്റാറന്റും ശ്രീകൃഷ്ണാ ഹോട്ടലുകളും ഉണ്ടാവും.

ഇതിന്റെ പിന്നിലും കച്ചവടതന്ത്രമുണ്ട്. താന്താങ്ങളുടെ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുക എന്ന ചിന്തയോ ഇന്ന വിഭാഗത്തിന്റേതാണെന്ന് സമൂഹം തിരിച്ചറിയെട്ടേ എന്ന ചിന്തയോ ഇതിനു പിന്നിലുണ്ടാകാം. ഇത്തരം ഇടുങ്ങിയ ചിന്തയില്‍ നിന്നും സമൂഹം പിന്തിരിയണം. തിരിച്ചറിയല്‍ അടയാളങ്ങള്‍  നല്‍കാത്ത പൊതു പേരുകള്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ക്കും, വാഹനങ്ങള്‍ക്കും നല്‍കാന്‍ എല്ലാവരും സന്മനസ്സു കാണിക്കണം.

അടയാളങ്ങള്‍ അപകടങ്ങളാകാത്ത അവസ്ഥ ഉണ്ടാകണം. അടയാളപ്പെടുത്തിയുളള തിരിച്ചറിയലിന്റെ ആവശ്യമുണ്ടോ എന്ന് ആധുനിക സമൂഹം ചിന്തിക്കണം. ഇന്നലത്തെ പഴകിയ ആചാരങ്ങളും അടയാളങ്ങളും ഒരു വശത്ത് മറയുമ്പോള്‍ മറുവശത്ത് പുതിയ ആചാരങ്ങളും തിരിച്ചറിയല്‍ അടയാളങ്ങളും പൊങ്ങി വരികയാണ്. ബസ്സില്‍ യാത്രചെയ്യുന്ന ചില ഹിന്ദു സഹോദരന്മാര്‍. ക്ഷേത്രത്തിനോ അമ്പലത്തിനോ കാവിനോ അടുത്തെത്തുമ്പോള്‍ കൈ ഉയര്‍ത്തി നെറ്റിയിലും നെഞ്ചിലും തൊടുന്നതു കാണാം. ഈ അടുത്ത കാലത്താണ് ഇത്തരം ഒരു തിരിച്ചറിയല്‍ പ്രക്രിയ കാണാന്‍ തുടങ്ങിയത്. ഭക്തിയുടെ പേരിലായിരിക്കാം ഇങ്ങിനെ ചെയ്യുന്നത്. പക്ഷെ ഇത്രയും കാലം കാണാത്ത ഈ സമീപനം അടുത്തകാലത്തുണ്ടായതെങ്ങിനെ?

പുതിയ അടയാളങ്ങളും പുതിയ ആചാരങ്ങളും ഉടലെടുക്കുമ്പോള്‍  തിരിച്ചറിയല്‍ പ്രക്രിയ കൂടുതല്‍ എളുപ്പമാവുകയാണ്. തിരിച്ചറിയല്‍ അടയാളങ്ങള്‍ മനുഷ്യന് നന്മ ചെയ്യുന്നതിന് പകരം വിനാശകരമായ അധ:പതനത്തിലേക്ക് നയിക്കുന്ന അനുഭവമാണ് നമുക്കു ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

പച്ചകോട്ടയും കാവികോട്ടയും പിന്നെ ചെങ്കോട്ടയും

-കൂക്കാനം റഹ്മാന്‍

Keywords: Political Party, Article, Kookkanam Rahman, Police, Marriage, Wife, Religion, Kerala, Road, Board, Name, Identity, Railway.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia