നിങ്ങള്‍ എന്തു കൊണ്ട് തറയില്‍ ഇരുന്ന് ഭക്ഷണം കഴിക്കണം?

 


(www.kvartha.com 30/04/2015) ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും തറയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരാണ്‌. ഇന്ന് നമ്മളില്‍ പലരും മേശപ്പുറത്തോ ടിവിയുടെ മുന്നിലോ കട്ടിലിലോ എല്ലാം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ്. ഈ രീതി നമുക്ക് പലപ്പോഴും ഏറെ സുഖകരമായി തോന്നുമെങ്കിലും നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ഇത് ബാധിക്കുന്നുണ്ട് എന്നതാണ് സത്യം. ആരോഗ്യത്തെ കുറിച്ച് കൃത്യമായ ബോധം ഉള്ളത് കൊണ്ടാണ് നമ്മുടെ പൂര്‍വ്വികരെല്ലാം തറയില്‍ ചമ്പ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധ ചെലുത്തിയിരുന്നത്. എന്ത് കൊണ്ട് തറയില്‍ ഇരുന്ന്‍ ഭക്ഷണം കഴിക്കണം എന്നതിന്‍റെ പത്ത് കാരണങ്ങള്‍ നമുക്ക് പരിശോധിക്കാം.

ഭക്ഷണം എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കുന്നു

തറയില്‍ നാം എപ്പോഴും ചമ്പ്രം പടിഞ്ഞാണ് ഇരിക്കുക. യോഗ വിധി പ്രകാരം സുഖാസന അല്ലെങ്കില്‍ ഭാഗികമായ പദ്മാസന എന്ന് അറിയപ്പെടുന്ന ഈ രീതി ഭക്ഷണം എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കുന്നു. കൂടാതെ തറയില്‍ ഇരുന്നു കഴിക്കുമ്പോള്‍ നമ്മുടെ ശരീരം സ്വാഭാവികമായും മുന്നോട്ടും പിന്നോട്ടും ചലിക്കുന്നുണ്ട്. ഈ ചലനം അടിവയറ്റിലെ പേശികളെ ഉത്തേജിതമാക്കുകയും തല്‍ഫലമായി ഭക്ഷണം ദഹിക്കാന്‍ ആവശ്യമായ അമ്ലം കൂടുതലായി ഉദ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് ദഹന പ്രക്രിയ കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുന്നു.

ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

തറയില്‍ ഇരുന്നുള്ള ഭക്ഷണ രീതി ശരീര ഭാരം കുറയ്ക്കാനും നമ്മെ സഹായിക്കുന്നുണ്ട്. തറയില്‍ ചമ്പ്രം പടിഞ്ഞിരിക്കുമ്പോള്‍ നമ്മുടെ തലച്ചോര്‍ വളരെ ശാന്തമാകുകയും ഒപ്പം ഭക്ഷണത്തില്‍ മാത്രം ശ്രദ്ധ ചെലുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം കൊണ്ട് വരാനും ഈ രീതി നമ്മെ സഹായിക്കുന്നുണ്ട്. വയറില്‍ നിന്ന് തലച്ചോറിലേക്ക് ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന വാഗസ് നാഡി മുഖേനയാണ് ഇത് സാധ്യമാകുന്നത്. തറയില്‍ ഇരിക്കുമ്പോള്‍ ഈ നാഡി കൂടുതല്‍ പ്രവര്‍ത്തനക്ഷമം ആവുകയും ശരീരത്തിന് ആവശ്യമായ ഭക്ഷണം ലഭിച്ചാല്‍ ഉടന്‍ തന്നെ ആ വിവരം തലച്ചോറില്‍ എത്തിക്കുകയും ചെയ്യുന്നു. ഇത് അമിത ഭക്ഷണ ശൈലിയെ നിയന്ത്രിച്ച്‌ ശരീര ഭാരം കുറയ്ക്കാന്‍ നമ്മെ സഹായിക്കുന്നു.

ശരീരം കൂടുതല്‍ അയവുള്ളതാകുന്നു


പദ്മാസനത്തില്‍ ഇരിക്കുമ്പോള്‍ വയറിലെയും ഇടുപ്പിലെയും പേശികള്‍ സാധാരണയില്‍ കൂടുതലായി വലിയുകയും തല്‍ഫലമായി ശരീരം കൂടുതല്‍ അയവുള്ളതും ആരോഗ്യം ഉള്ളതുമായി മാറുന്നു.  കൂടാതെ ഈ അവസ്ഥയില്‍ ഇരിക്കുമ്പോള്‍ വയര്‍ ഒരു തരത്തിലും ചുരുങ്ങാതെ തന്നെ ദഹന പ്രക്രിയ എളുപ്പമാവുകയും ചെയ്യും.

ഭക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

തറയില്‍ ഇരിക്കുമ്പോള്‍ നമുക്ക് കഴിക്കുന്ന ഭക്ഷണത്തില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നു. മനസ്സ് വളരെ ശാന്തമായിരിക്കുന്നതിനാല്‍ കൃത്യമായ അളവില്‍ പോഷകങ്ങള്‍ സ്വീകരിക്കാന്‍ ശരീരത്തിന് കഴിയും. മാത്രമല്ല ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ അളവില്‍ കഴിക്കാനും ഈ രീതി നമ്മെ സഹായിക്കും.

കുടുംബ ബന്ധം കൂടുതല്‍ കെട്ടുറപ്പുള്ളതാകുന്നു


കുടുംബാംഗങ്ങളോടൊപ്പം തറയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അത് പരസ്പരമുള്ള സ്നേഹവും സഹകരണവും വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. ഈ അവസ്ഥയില്‍ മനസ്സ് വളരെ ശാന്തമായതിനാല്‍ കുടുംബാഗങ്ങളോട് വളരെ സ്നേഹത്തോടെ ഇടപഴകുകയും അവരുടെ വാക്കുകള്‍ ഗൗരവത്തോടെ പരിഗണിക്കുകയും ചെയ്യും. ഇത് കുടുംബ ബന്ധം കൂടുതല്‍ കെട്ടുറപ്പുള്ളതാക്കാന്‍ സഹായിക്കും.

ശരീരാകൃതി മെച്ചപ്പെടുത്തുന്നു

ആരോഗ്യം നില നിര്‍ത്തുന്നതില്‍ നമ്മുടെ ശരീരത്തിന്‍റെ ആകൃതിക്കും വളരെ പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. നല്ല ശരീരാകൃതി ഉണ്ടെങ്കില്‍ അത് പേശികളിലും കൈകാല്‍ മുട്ടുകളിലും ഉണ്ടാകുന്ന വേദനകളെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായിക്കും. തറയില്‍ ഇരിക്കുമ്പോള്‍ നമ്മുടെ നട്ടെല്ലും നാഡിയും കൂടുതല്‍ നിവരുകയും തോള്‍ എല്ല് പുറകോട്ട് ആയുകയും അങ്ങനെ ശരീരാകൃതി മെച്ചപ്പെടുകയും ചെയ്യുന്നു.

ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നു

ഇത് കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ കുറച്ച് പ്രയാസം തോന്നുമെങ്കിലും സംഗതി സത്യം തന്നെയാണ്. ‘യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജി’ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നത് തറയില്‍ പദ്മാസനത്തില്‍ ഇരുന്നതിനു ശേഷം പരസഹായമില്ലാതെ എഴുന്നേക്കാന്‍ കഴിയുന്ന ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ആയുസ്സ് കൂടുതല്‍ വര്‍ദ്ധിക്കും എന്നാണ്. പദ്മാസനത്തില്‍ നിന്ന് ഏഴുന്നേക്കുന്ന സമയത്ത് നമ്മുടെ ശരീരം കൂടുതല്‍ അയവുള്ളതും ആരോഗ്യം ഉള്ളതുമായി മാറുന്നതാണ് ഇതിനു കാരണം. പദ്മാസനത്തില്‍ നിന്ന് പരസഹായമില്ലാതെ എഴുന്നേക്കാന്‍ കഴിയാത്ത ആളുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് വരുന്ന ആറു വര്‍ഷത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത ആറര മടങ്ങ്‌ കൂടുതലാണെന്നും പഠനം പറയുന്നു.

കാല്‍മുട്ടിന്‍റെയും ഇടുപ്പെല്ലിന്‍റെയും ആരോഗ്യം വര്‍ദ്ധിക്കുന്നു

‘യോഗ ഫോര്‍ ഹീലിംഗ്’ എന്ന പുസ്തകത്തിന്‍റെ കര്‍ത്താവായ പി.എസ് വെങ്കടേശ്വരന്‍ പറയുന്നത് പദമാസനത്തില്‍ അല്ലെങ്കില്‍ സുഖാസനത്തില്‍ ഇരിക്കുമ്പോള്‍ ഒരു വ്യക്തിയുടെ മുഴുവന്‍ ശരീര ഭാഗങ്ങളും ആരോഗ്യമുള്ളതായി മാറുന്നു എന്നാണ്. ഇത് ദഹനത്തിന് സഹായിക്കുക മാത്രമല്ല കാല്‍മുട്ടുകള്‍ കൂടുതല്‍ ആരോഗ്യമുള്ളതാക്കുകയും സന്ധിവാതം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

രക്ത ചംക്രമണം വര്‍ദ്ധിക്കുകയും ഹൃദയം ആരോഗ്യമുള്ളതായി മാറുകയും ചെയ്യുന്നു

ഭക്ഷണം കഴിക്കുമ്പോള്‍ നമുക്ക് പലപ്പോഴും ചൂട് അനുഭവപ്പെടുകയും വിയര്‍ക്കുകയും ചെയ്യാറുണ്ട്. കഴിച്ച ഭക്ഷണം ദഹിക്കുന്നതിനായി ശരീരത്തിന്‍റെ മുഴുവന്‍ ഊര്‍ജ്ജവും വയറിന് ആവശ്യമായി വരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പ്രക്രിയ തുടര്‍ച്ചയായി നടക്കണമെങ്കില്‍ നമ്മുടെ ഹൃദയത്തിന് സാധാരണയില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കേണ്ടതായി വരുന്നു. ഈ സാഹചര്യത്തിലാണ് തറയില്‍ ഇരുന്നുള്ള ഭക്ഷണ രീതി നമുക്ക് ശരിക്കും സഹായകമാകുന്നത്.
തറയില്‍ ഇരിക്കുമ്പോള്‍ ദഹനത്തിന് സഹായിക്കുന്ന എല്ലാ അവയവങ്ങളിലേക്കും വളരെ വേഗത്തില്‍ രക്തം എത്തിക്കാന്‍ ഹൃദയത്തിന് സാധിക്കും. മേശയിലും കസേരയിലും ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഈ പ്രക്രിയ ഒരിക്കലും സുഖകരമായി നടക്കില്ല. അതിനാല്‍ തറയില്‍ ഇരുന്ന്‍ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ഹൃദയത്തെ ആരോഗ്യമുള്ളതായി മാറ്റുകയും അത് വഴി നിത്യ ജീവിതത്തിലെ പ്രശ്നങ്ങളെ വളരെ ധൈര്യപൂര്‍വ്വം നേരിടാന്‍ നമുക്ക് കഴിയുകയും ചെയ്യുന്നു.

നിങ്ങള്‍ എന്തു കൊണ്ട് തറയില്‍ ഇരുന്ന് ഭക്ഷണം കഴിക്കണം?


SUMMARY: There are mainly ten reasons for why we should sit on the floor and eat. It helps to maintain our health and make our body more defensive towards diseases. This is why our ancestors followed this method while eating. 

Keywords: Food, Sit on the floor, Padmasana, Health, Yoga
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia