സ്ത്രീകളുടെ അവകാശങ്ങൾ, കുട്ടികളുടെ സംരക്ഷണം എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള എഴുത്തിലെ അനുഭവങ്ങൾ
കൂക്കാനം റഹ്‌മാൻ
(KVARTHA) ഏറ്റവും താഴേക്കിടയിൽ നിന്നാണ് സമൂഹത്തിൽ ഉന്നതസ്ഥാനങ്ങളിൽ വിരാജിക്കുന്ന പലരും എത്തപ്പെട്ടിട്ടുള്ളത്. കഠിനാധ്വാനം തന്നെയാണ് അവരുടെ വിജയ രഹസ്യവും. പത്രവ്യവസായ രംഗത്ത് ആത്മാർത്ഥതയും സത്യസന്ധതയും കഠിനാധ്വാനവും വഴി ഉയർന്നുവന്ന ലേറ്റസ്റ്റ് പത്രാധിപരേക്കുറിച്ചാണ് ഞാൻ സൂചിപ്പിക്കുന്നത്. കാഞ്ഞങ്ങാട് പഴയ ബസ്റ്റാൻഡിന് എതിർ വശത്ത് വളരെ ചെറിയ സൗകര്യമുള്ള മുറിയിലാണ് പ്രസ്സും ഓഫീസും ആദ്യകാലത്ത് പ്രവർത്തിച്ചു വന്നത്. പത്രങ്ങളോടും പത്രപ്രവർത്തകരോടുമുള്ള ഇഷ്ടം മൂലം അരവിന്ദൻ മാണിക്കോത്തിനെ കാണാൻ ഞാൻ അവിടെ ചെന്നു.
സ്നേഹ വായ്പോടെയുള്ള സ്വീകരണമാണ് ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് ലഭിച്ചത്. പ്രാദേശിക വാർത്തകൾ എഴുതി അയച്ചാൽ വേണ്ടപോലെ പരിഗണിക്കാമെന്ന് സംഭാഷണത്തിനിടെ ഉറപ്പ് തന്നു. അന്നു മുതൽ നാട്ടിൽ നടക്കുന്ന പ്രധാന സംഭവങ്ങളെക്കുറിച്ച് എഴുതുകയും അത് പത്രത്തിൽ വരികയും ചെയ്തിട്ടുണ്ട്. വീണ്ടും പല തവണ പ്രസ്തുത ഓഫീസ് സന്ദർശിച്ചു കൊണ്ടിരുന്നു. അവിടെ എത്തിപ്പെട്ടാൽ ഒരു കപ്പ് ചൂടുകാപ്പി ഉറപ്പായും കിട്ടും. അന്ന് നാല് പേജുള്ള ചെറിയ പത്രമായിരുന്നു. അതിന് പത്തുപൈസയാണോ അമ്പതു പൈസയാണോ എന്ന് കൃത്യമായി ഓർമ്മയില്ല. വാർത്തക്കു പുറമേ ചെറിയ ലേഖനങ്ങളും അക്കാലത്ത് എഴുതുകയും ലേറ്റസ്റ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
'മാഷിന് സ്ഥിരമായി ആഴ്ചയിൽ ഒരു കുറിപ്പെഴുതി അയക്കാൻ പറ്റുമോ', എന്ന് ഒരിക്കൽ അരവിന്ദൻ എന്നോട് ചോദിക്കുകയുണ്ടായി. ആ കാലമാവുമ്പോഴേക്കും. കാഞ്ഞങ്ങാട് കൊവ്വൽ പള്ളിയിലേക്ക് ആധുനിക സജ്ജീകരണമടക്കമുള്ള സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് ലേറ്റസ്റ്റ് പത്ര ഓഫീസും പ്രിൻ്റിംഗ് പ്രസ്സും മാറിയിരന്നു. 'നമുക്കു ചുറ്റും' എന്നൊരു കോളം ലേറ്റസ്റ്റിൽ തുടങ്ങി. എല്ലാ തിങ്കളാഴ്ചയും പ്രസ്തുത കോളത്തിൽ എഴുതിത്തുടങ്ങി. വായനക്കാരുടെ നല്ല പ്രതികരണം കിട്ടിത്തുടങ്ങി.
സമൂഹത്തിൽ കണ്ടു വരുന്ന അനീതികൾ, നന്മകൾ, മൺമറഞ്ഞുപോയ മഹത്തുക്കൾ, ജീവിതം കരുപ്പിടിപ്പിക്കാൻ പാടുപെടുന്നവർ,ചൂഷകന്മാർ, നന്മയുടെ നിലാവു പരത്തുന്നവർ തുടങ്ങി ജനങ്ങൾ അറിയേണ്ട കാര്യങ്ങളായിരുന്നു കുറിപ്പുകളിൽ മുന്നിട്ടു നിന്നത്. പത്രാധിപർ അതിനനുസരിച്ചുള്ള പ്രോത്സാഹനം നൽകി. 2006 മുതൽ 2015 വരെ എല്ലാ തിങ്കളാഴ്ചയും മുടങ്ങാതെ നമുക്കു ചുറ്റും പംക്തി കൈകാര്യം ചെയ്തിട്ടുണ്ട്. മൊത്തം 400ൽ അധികം ലേഖനങ്ങൾ. അതിൽ ഒന്നു പോലും വിടാതെ പത്രക്കട്ടിംഗുകൾ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എന്തോ ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം ആ പംക്തി നിന്നു പോയി.
അരവിന്ദൻ മാണിക്കോത്ത് ആ കാലഘട്ടങ്ങളിൽ നോമ്പുതുറ പരിപാടി സംഘടിപ്പിക്കാറുണ്ടായിരുന്നു. അതിൽ ഞാനും സ്ഥിരമായി പങ്കെടുക്കാറുണ്ട്. അത്തരമൊരു വേദിയിൽ വെച്ച് മാണിക്കോത്ത് എന്നെ പരിചയപ്പെടുത്തിയത് 'കോളമിസ്റ്റ്' റഹ് മാൻ മാഷെന്നാണ്. അന്നുമുതലാണ് കോളമിസ്റ്റ് എന്ന വാക്കു കേൾക്കുന്നത് പോലും. അത്രയ്ക്കൊന്നും ഞാൻ വളർന്നിട്ടില്ലെങ്കിലും തുടർച്ചയായി എഴുതാൻ പറ്റിയെന്നതിലും, അതിന് വേണ്ടത്ര പ്രോത്സാഹനം മാണിക്കോത്തിൻ്റെ ഭാഗത്തു നിന്നു കിട്ടിയെന്നതിലും ഞാൻ സന്തോഷവാനാണ്.
അതേപോലെ 'കാരവൽ' പത്രവുമായി 1988 മുതൽ പരിചയമുണ്ട്. പത്രാധിപർ സുരേന്ദ്രൻ എൻ്റെ അടുത്ത സുഹൃത്തുമാണ്. ആ കാലം മുതലേ കാസർകോട്ടെ പത്രം ഓഫീസിൽ പോവുകയും സൗഹൃദം പുതുക്കുകയും ചെയ്യാറുണ്ട്. വിദ്യാനഗറിലേക്ക് പത്ര ഓഫീസും പ്രസ്സും മാറ്റിയതിന് ശേഷം കൂടുതൽ അടുക്കാൻ തുടങ്ങി. കാരവലിലേക്കു നൽകുന്ന ലേഖനങ്ങൾ വേണ്ടത്ര പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നതിലും സുരേന്ദ്രൻ ശ്രദ്ധിക്കാണ്ട്.
ഒരു ദിവസം സുരേന്ദ്രൻ സൗഹൃദ സംഭാഷണത്തിനിടെ ഒരു നിർദ്ദേശം വെച്ചു. 'മാഷിന് സ്ത്രീപക്ഷം എന്നൊരു കോളം ചെയ്യാൻ പറ്റില്ലേ?'. 'പുരുഷനായ ഞാൻ എങ്ങിനെ സ്ത്രീപക്ഷം എഴുതും', ഞാൻ പ്രതികരിച്ചു. 'മാഷിന് അതാവും, ഒന്നു ശ്രമിച്ചു നോക്കൂ'. അതും 2006 ലാണ്. നോക്കാമെന്ന് ഞാൻ ഏറ്റു. എല്ലാ വെള്ളിയാഴ്ചയുമാണ് ആ കോളം ചെയ്യേണ്ടത്. അപ്പോൾ സാക്ഷരതാ രംഗത്ത് ജില്ലയുടെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു. നിരക്ഷരത കൂടുതലും സ്ത്രീകൾക്കിടയിലായിരുന്നു. സാക്ഷരതാ കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ സ്ത്രീകളുടെ കഴിവുകളും, കഴിവുകേടുകളും അവരുടെ കണ്ണീർ കഥകളും അറിയാൻ ഇടയായി.
അതേ തുടർന്നാണ് സ്ത്രീ ലൈംഗിക തൊഴിലാളികളെ ബന്ധപ്പെട്ടുള്ള സർക്കാർ പദ്ധതിയുടെ ജില്ലാ ഡയറക്ടറായി പ്രവർത്തിക്കേണ്ടി വന്നത്. ലൈംഗിക തൊഴിൽ സ്വീകരിച്ച സഹോദരിമാരുടെ അത്യന്തം ദുരിത പൂർണമായ ജീവിതം നേരിട്ടു പഠിക്കാനുള്ള അവസരമായിരുന്നു അത്. ഒരിക്കലും അറിഞ്ഞു കൊണ്ട് അവർ അതിലേക്ക് എടുത്തു ചാടിയവരല്ല, അവരെ വഴി പിഴപ്പിച്ചത് സമൂഹത്തിലെ ചില വ്യക്തികളാണ്. അവരെ സഹായിക്കുന്ന പദ്ധതിയിൽ ഞാൻ സജീവമായി. ജീർണ്ണിച്ച കുറേ അപവാദങ്ങൾ എൻ്റെ നേർക്ക് ചിലർ തൊടുത്തു വിട്ടു. അപ്പോൾ ഞാൻ കൂടുതൽ ഊർജസ്വലനായി. സമൂഹത്തിലെ പകൽമാന്യന്മാരുടെ കപടതയെ വെളിച്ചത്തു കൊണ്ടുവരാൻ ഇത് തന്നെ നല്ല അവസരമെന്നു കണ്ടെത്തി സ്ത്രീപക്ഷ എഴുത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു.
അതുമായി ബന്ധപ്പെട്ടു പോകുമ്പോഴാണ് 'ചൈൽഡ് ലൈൻ' എന്ന പദ്ധതിയുടെ ഡയറക്ടറായി പ്രവർത്തിക്കാനുള്ള അവസരം കിട്ടിയത്. പതിനെട്ടു വയസിന് താഴെയുള്ള കുട്ടികൾ അനുഭവിക്കുന്ന ശാരീരിക - മാനസിക - ലൈംഗിക പീഡനങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കൗമാരക്കാരായ പെൺകുട്ടികൾ വീട്ടകങ്ങളിലും, അയൽ വീടുകളിലും പൊതു ഇടങ്ങളിലും അനുഭവിച്ചു കൊണ്ടിരിക്കുന്ന കൊടുംക്രൂരതയാർന്ന ലൈംഗിക പീഡനങ്ങൾ അറിയാൻ കഴിഞ്ഞു.
അത് ഒരു കാരണവശാലും പരസ്യപ്പെടുത്താൻ പാടില്ല. എങ്കിലും നാടോ പേരോ ഒന്നും പരാമർശിക്കാതെ കുഞ്ഞുങ്ങളെ കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കാൻ രക്ഷിതാക്കളെ ബോധ്യപ്പെടുത്താനുള്ള കുറിപ്പുകൾ സ്ത്രീപക്ഷത്തിലൂടെ എഴുതി. പലപ്പോഴും ഈ പംക്തി നിർത്താൻ വിചാരിച്ചെങ്കിലും പത്രാധിപർ സുരേന്ദ്രൻ്റെ സ്നേഹപൂർണമായ നിർദ്ദേശം അംഗീകരിച്ചു കൊണ്ട് ഇന്നും തുടരുകയാണ്. സ്ത്രീപക്ഷം എഴുതേണ്ടത് പുരുഷൻ തന്നെയാവണം എന്നാണ് കാരവൽ പത്രാധിപർ സുരേന്ദ്രൻ്റെ നിർദ്ദേശം.
ഇപ്പോൾ സ്ത്രീ പ്രാധാന്യമുള്ള ഒരു ചെറുനോവലാണ് ഖണ്ഡശ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 18 വർഷക്കാലം തുടർച്ചയായി എഴുതിക്കൊണ്ടിരിക്കുന്നു. ഏകദേശം 900 കുറിപ്പുകൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാരവൽ ഓൺലൈൻ പത്രമായി മാറുന്നതുവരെയുള്ള പത്ര കട്ടിംഗുകൾ ഞാൻ ഫയൽ ചെയ്തു വെച്ചിട്ടുണ്ട്. ഇങ്ങിനെ ഇവിടെ ഒരു 'കോളമിസ്റ്റ്' ജീവിച്ചു വരുന്നു. വലിയ വിജ്ഞാനം പകരാൻ കഴിവുള്ള വ്യക്തിയല്ലെങ്കിലും നേരിട്ടു ലഭിച്ച അനുഭവങ്ങൾ, വേദനകൾ സന്തോഷങ്ങൾ നാട്ടുകാരുമായി പങ്കിട്ടുകൊണ്ടേയിരിക്കുന്നു.