കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

 



എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം 38)

കൂക്കാനം റഹ്‌മാൻ

(www.kvartha.com 01.10.2020) കരിവെളളൂര്‍ ബസാറിലെ സാധുബീഡി കമ്പനിയില്‍ ബീഡിക്ക് നൂല്‌കെട്ടുന്ന ചെക്കനായി, ബീഡി തെറുപ്പുകാരനായി, പ്രൈമറി സ്‌ക്കൂള്‍ അധ്യാപകനായി, ട്രയിനിംഗ് സ്‌ക്കൂള്‍ അധ്യാപകനായി, സ്‌ക്കൂള്‍ ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്ത എന്റെ പ്രീയപ്പെട്ട അനൗപചാരിക വിദ്യാഭ്യാസ ശിഷ്യനാണ് ടി വി രവീന്ദ്രന്‍. വന്ന വഴികള്‍ മറക്കാത്ത നല്ല മനസ്സിന്റെ ഉടമ. തെളിഞ്ഞ മനസ്സും, തുറന്ന സമീപനവും കൈമുതലായ എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥി. ദാരിദ്ര്യം മൂലം സ്‌ക്കൂള്‍ പഠനം ആറാം ക്ലാസ്സില്‍ നിര്‍ത്തേണ്ടി വന്നു. ബീഡിക്ക് നൂല് കെട്ടുന്ന പണിക്ക് പോയി. ആഴ്ചയില്‍ അഞ്ച് രൂപ കൂലിയായി കിട്ടുന്നത് കൃത്യമായി വീട്ടില്‍ കൊണ്ടുകൊടുക്കുന്ന കുട്ടി. പിന്നെ ബീഡി തെറുപ്പുക്കാരനായി... കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് കരിവെളളൂരില്‍ കാന്‍ഫെഡ് സാക്ഷരതാ ക്ലാസും, കണ്ടിന്യൂയിംഗ് എഡുക്കേഷന്‍ സെന്ററും ആരംഭിച്ചതായി രവി അറിയുന്നത്. രാത്രികാലത്താണ് പഠനം. പണി കഴിഞ്ഞ് ക്ഷീണിതനായാണ് അവന്‍ ക്ലാസിലെത്തിയിരുന്നത്. ഏഴാം ക്ലാസ് പരീക്ഷക്ക് തയ്യാറാക്കുന്ന ക്ലാസ്സില്‍ അവന്‍ ചേര്‍ന്നു. അക്കാലത്ത് 17 വയസ്സ് പൂര്‍ത്തിയായാല്‍ പ്രൈമറി സെക്ഷനും കൂടി ഉള്‍പെടുന്ന ഹൈസ്‌ക്കൂളില്‍ പത്തുരൂപ ചെലാന്‍ (പരീക്ഷാഫീസ്) അടച്ച് അപേക്ഷിച്ചാല്‍ ഏഴാം ക്ലാസ്സ് ഓവര്‍ ഏജ്ഡ് ഗ്രൂപ്പില്‍പെടുത്തി പരീക്ഷ എഴുതാം. അങ്ങിനെ കരിവെളളൂരില്‍ കാന്‍ഫെഡ് മുഖേന ആരംഭിച്ച അനൗപചാരിക തുടര്‍ വിദ്യഭ്യാസ കേന്ദ്രത്തില്‍ രവി അടക്കം പഠിച്ച 23 തൊഴിലാളികള്‍ ചെറുവത്തൂര്‍ ഗവ. ഫിഷറീസ് ഹൈസ്‌ക്കൂളില്‍ പരീക്ഷ എഴുതിയത്. പ്രായമായ ചെറുപ്പക്കാര്‍ ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്കൊപ്പമാണ് പരീക്ഷ എഴുതേണ്ടത്. പഠിക്കാനുളള ആവേശം ഉളളില്‍ തട്ടിയ തൊഴിലാളി യുവാക്കള്‍ക്ക് അതൊന്നും പ്രശ്‌നമായില്ല. പരീക്ഷ എഴുതിയവരെല്ലാം നല്ല മാര്‍ക്കോടെ ജയിച്ചു.

രവിയും സുഹൃത്തുക്കളും പഠിക്കാനുളള ആവേശം മൂലം പത്താം ക്ലാസ്സ് പരീക്ഷക്കിരിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമെന്ന ആവശ്യവുമായി എന്നെ സമീപിച്ചു. അങ്ങിനെ പത്താം ക്ലാസ്സ് പഠനം കരിവെളളൂരിലെ അനൗപചാരിക വിദ്യാകേന്ദ്രത്തില്‍ തുടങ്ങി. പരീക്ഷ എഴുതി. രവിയും ആറ് സുഹൃത്തുക്കളും ഫസ്റ്റ് ക്ലാസോടെ പാസായി. അവന്‍ അവിടെയും നിന്നില്ല. ടീച്ചേര്‍സ് ട്രെയിനിംഗ് കോര്‍സിനു ചേര്‍ന്നു. നല്ല മാര്‍ക്കോടെ പാസായി. പ്രൈമറി സ്‌ക്കൂള്‍ അധ്യാപകനായി. അവിടം കൊണ്ട് അവസാനിപ്പിക്കാതെ ഡിഗ്രി എടുത്തു. തുടര്‍ന്ന് ബി എഡ് എടുത്തു. വീണ്ടും മലയാളത്തിലും, പൊളിറ്റിക്കല്‍ സയന്‍സിലും പി ജി എടുത്തു. ബീഡി ഇലയും, പുകയിലപ്പൊടിയും താല്‍ക്കാലികമായി മാറ്റിവെച്ചു പഠിക്കാനും ഉയരാനും ശ്രമിച്ചതിന് ഗുണമുണ്ടായി.

ഒരു ദിവസം ബസ് കാത്ത് ഞാന്‍ പാലക്കുന്ന് ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. ഒരു വെളുത്ത ബെലാനോ കാര്‍ എന്റെ മുമ്പില്‍ നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഡോര്‍ തുറന്ന് എന്നെ കാറില്‍ കയറാന്‍ ക്ഷണിക്കുന്നത് എന്റെ പഴയ വിദ്യാര്‍ത്ഥി രവിയാണ്. ഞാന്‍ കാഞ്ഞങ്ങാട്ടേക്കാണെന്നു രവിയോടു പറഞ്ഞു. അവനും അവിടേക്കാണെന്നു രവിയും സൂചിപ്പിച്ചു. ഞാന്‍ എ സി കാറില്‍ തണുപ്പേറ്റിരിക്കുമ്പോള്‍ രവി കടന്നു വന്ന വഴികളിലേക്കായിരുന്നു എന്റെ ചിന്ത ഓടിക്കൊണ്ടിരുന്നത്. അതിന് ഒരു കൈതാങ്ങായി നില്‍ക്കാന്‍ കഴിഞ്ഞു എന്നതില്‍ എന്റെ മനസ്സ് അഭിമാനം കൊണ്ടു...

എസ് എസ് എല്‍ സി വരെ പഠിക്കാന്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായില്ല. പകല്‍ മുഴുവന്‍ ബീഡി തെറുത്ത് കിട്ടുന്ന തുക കൊണ്ട് കാര്യങ്ങള്‍ നടന്നു പോയി. ടി ടി സിക്ക് പഠിക്കാന്‍ ദൂരം പോകണം. താമസിച്ചു പഠിക്കണം. വരവിനമൊന്നുമില്ല. അച്ഛനും നന്നേ വിഷമത്തിലാണ്. ബാങ്കില്‍ നിന്ന് കടമെടുത്തും സാമ്പത്തിക ശേഷിയുളള സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയുമാണ് പഠനം പൂര്‍ത്തിയാക്കിയത്. അതിനൊക്കെ സഹായമായി നില്‍ക്കാന്‍ ഞാനുമുണ്ടായിരുന്നു കൂടെ.

പ്രശ്‌നങ്ങളെ നേരിടാനുളള കരുത്തും രവിക്കുണ്ട്. പട്ടിണി കിടന്നും പഠിക്കാനുളള ത്രാണി, ഏത് പ്രതിസന്ധികളെയും തരണം ചെയ്യാനുളള തന്റേടം ഇതൊക്കെയാണ് രവിയുടെ മുന്നേറ്റത്തിനുളള അവസരം ഒരുക്കിയത്. കാണാന്‍ സുമുഖനും, തന്റേടിയുമായതുകൊണ്ടാവണം ബീഡികമ്പനിയിലെ ഒരു സഹ പ്രവര്‍ത്തക രവിയില്‍ കണ്ണു വെച്ചു. അതു പ്രണയമായി വളര്‍ന്നു. അക്കാര്യം രവി അറിയാന്‍ അല്പം വൈകി. അച്ഛനും ബന്ധു ജനങ്ങളും ഇതറിഞ്ഞു. എല്ലാ പ്രശ്‌നങ്ങളും പറയാന്‍ രവിയുടെ അച്ഛന്‍ എന്റെ അടുത്തു വരും. പ്രണയ കാര്യവും എന്റെ ശ്രദ്ധയില്‍പെടുത്തി. രവിയില്‍ എനിക്കുളള സ്വാധീനം മനസ്സിലാക്കിയിട്ടാണ് അച്ഛന്‍ ഈ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ എന്നെ തേടിയെത്തിയത്.

അന്ന് രവി എസ് എസ് എല്‍ സി കഴിഞ്ഞതേയുളളൂ. തുടര്‍ന്ന് പഠിക്കണമെന്ന് അടങ്ങാത്ത ആഗ്രഹവും അവനുണ്ട്. അക്കാര്യം പെണ്‍കുട്ടിയോട് സൂചിപ്പിക്കാന്‍ ഞാന്‍ രവിയോട് ആവശ്യപ്പെട്ടു. ക്രമേണ അവള്‍ അതില്‍ നിന്ന് പിന്‍മാറി തുടങ്ങി. കമ്പനിയില്‍ നിന്ന് അവധിയെടുത്ത് പഠിക്കാന്‍ പോയപ്പോള്‍ തമ്മില്‍ കാണാത്ത അവസരമുണ്ടായി. അങ്ങിനെ പ്രണയകുരുക്കില്‍ നിന്ന് രവിയെ രക്ഷപ്പെടുത്തുന്നതിനും സഹായിയായി നിന്നത് ഓര്‍മ്മിച്ചു പോയി.

അധ്യാപകനായതിനു ശേഷമാണ് രവി വിവാഹിതനായത്. കാര്യങ്ങളൊക്കെ മനസ്സിലാക്കാനും ഇണങ്ങി പോവാനും കഴിവുളള ഒരധ്യാപികയെ തന്നെയാണ് രവിക്ക് കൂട്ടു കിട്ടിയത്. ഞാന്‍ അവരുടെ മനസ്സിന്റെ വലുപ്പത്തെ ആദരിക്കുന്നവനാണ് കാരണം മറ്റൊന്നുമല്ല. ഞാന്‍ സന്തോഷം കൊണ്ട് കരഞ്ഞു പോയൊരു അവസരമായിരുന്നു അത്. നീലേശ്വരത്ത് ഹൊസ്ദുര്‍ഗ് സബ് ജില്ലയിലെ ഹെഡ്മാസ്റ്റര്‍മരുടെയും കുടുംബാംഗങ്ങളുടേയും ഒരു കൂടിച്ചേരല്‍ നടക്കുകയാണ്. അതിലേക്ക് സംഘാടകര്‍ മുഖ്യാഥിതിയായി എന്നെ ക്ഷണിച്ചു. ആ യോഗത്തില്‍ മിക്കവരും എന്റെ ശിഷ്യന്‍മാരായിരുന്നു. ഉളളുതുറന്നു ഞാന്‍ സംസാരിച്ചു. പ്രത്യേകിച്ച് രവിയെ കുറിച്ചായിരുന്നു ഞാന്‍ മുഖ്യമായി സംസാരിച്ചത്. അവന്‍ പഠിച്ചതും ഉയര്‍ന്നതും ഈ നിലയിലെത്തിയതുമെല്ലാം പരാമര്‍ശ വിഷയമായി.

കൂട്ടത്തല്‍ ഒരു അനുഭവം കൂടി ഞാന്‍ പങ്കിട്ടു. രവിയെ പോലെ തന്നെ പഠിച്ചുയര്‍ന്നു ഹൈസ്‌ക്കൂള്‍ അധ്യാപകനായി ജോലി നോക്കുന്ന എന്റെ ഒരു അനൗപചാരിക വിദ്യാഭ്യാസ രംഗത്തെ ശിഷ്യന്റെ സമീപനത്തെക്കുറിച്ചാണ് പരാമര്‍ശിച്ചത്. ആ വ്യക്തി ജോലി ചെയ്യുന്ന സ്‌ക്കൂളിലെ ഒരു ചടങ്ങിലേക്ക് സ്‌ക്കൂള്‍ അധികൃതര്‍ എന്നെ ക്ഷണിച്ചു. ഞാന്‍ പങ്കെടുത്തു. അവിടെ ഞാന്‍ എന്റെ ശിഷ്യനായ അധ്യാപകനെ തിരക്കി. അദ്ദേഹം അന്ന് ലീവായിരുന്നു എന്നറിഞ്ഞു. എനിക്കൊരു സ്വഭാവമുണ്ട് അനുഭവങ്ങള്‍ പച്ചയായി പറയും അതില്‍ ഒളിച്ചു കളിയില്ല. ഞാന്‍ അവിടെ എത്തിയാല്‍ സംസാരത്തിനിടയില്‍ അവനെക്കുറിച്ചും അവന്റെ ആദ്യകാല അനുഭവങ്ങളെക്കുറിച്ചും പറയുമെന്ന് അവനുറപ്പുണ്ട്. വന്ന വഴികളെക്കുറിച്ച് പറയുന്നത് അവന് ഇഷ്ടമല്ല. അതുകൊണ്ടാണ് ലീവെടുത്തത് എന്ന് ഞാന്‍ മനസ്സിലാക്കി.

ഇത് പോലെയല്ല രവിയെന്നും, ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളും, വന്നു പോയ തെറ്റുകളും തുറന്നു പരാമര്‍ശിക്കുന്നതില്‍ ഇഷ്ടമുളള വ്യക്തിയാണ് രവിയെന്നും സൂചിപ്പിച്ചു. മീറ്റിംഗ് കഴിഞ്ഞ് പോവാന്‍ നേരത്ത് രവിയുടെ ഭാര്യയായ ടീച്ചര്‍ എന്റെ അടുത്തെത്തി സന്തോഷത്തോടെ പറഞ്ഞതിങ്ങിനെ 'ഇങ്ങിനെയൊരു മാഷിനെ ഉണ്ടാക്കിയെടുത്ത് എനിക്ക് കൂട്ടായി തീര്‍ത്ത അങ്ങയോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്.' ഹോ! ആ മഹതിയുടെ മഹാമനസ്സിനു മുമ്പില്‍ ഞാന്‍ വിതുമ്പിപ്പോയി. എത്രമാത്രം അനുയോജ്യയായ കൂട്ടുകാരിയെയാണ് എന്റെ പ്രിയ ശിഷ്യന് കിട്ടിയതെന്നോര്‍ത്ത് ഞാന്‍ എന്നെന്നും സന്തോഷിച്ചുകൊണ്ടേയിരിക്കും.

ബീഡി തൊഴിലാളിയായി ജീവിച്ചു തീരേണ്ടിവരുമെന്ന് കരുതിയിരുന്ന രവി സ്വന്തം കഠിനാധ്വാനത്തിലൂടെ, നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയതുകൊണ്ടാണ് ഇന്ന് ഈ നിലയിലെത്താന്‍ കഴിഞ്ഞത്. അവന്റെ ഉയര്‍ച്ചയിലും, വളര്‍ച്ചയിലും ഒരു വഴികാട്ടിയായി നില്‍ക്കാന്‍ കഴിഞ്ഞു എന്നുളളതില്‍ കൃതാര്‍ത്ഥനാണ് ഞാന്‍.

ഇപ്പോള്‍ രവി സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തു. രണ്ട് മക്കളുടെ അച്ഛനാണ്. സമൂഹത്തിന് തന്നാലാവും വിധമുളള നന്മ ചെയ്യാന്‍ എന്നും തയ്യാറായി നില്‍ക്കുന്ന വ്യക്തി കൂടിയാണ് രവി. നന്മ കാണുന്നതിനും, നന്മ ചെയ്യുന്നവരെ മനസ്സു തുറന്ന് അഭിനന്ദിക്കാനും രവി എന്നും മുന്നില്‍ തന്നെയുണ്ട്. കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു വഴികാട്ടി കൂടിയാണ് രവിമാഷ്.

Keywords:


Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ1 1സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?


നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...
 ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം
പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം
അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി
പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia