Lessons | 1950 നവംബർ 8, മറക്കാനാവാത്ത ദിനം; സമർപ്പണം, സ്നേഹം, കഠിനാധ്വാനം, ഉമ്മ പഠിപ്പിച്ച ജീവിതം
● ഉമ്മയുടെ സ്നേഹവും, കഠിനാധ്വാനവും എനിക്ക് വലിയ പ്രചോദനമായി.
● സൈക്കിള്‍ ഓടിക്കാൻ പഠിച്ചപ്പോൾ ഒരു വലിയ അപകടം സംഭവിച്ചു.
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം - ഭാഗം -22
(KVARTHA) 1950 നവംബർ 8 രാത്രി 11 മണി, എന്റെ ഉമ്മ ആദ്യ കൺമണിയായ എനിക്ക് ജന്മം നൽകി. എൻ്റെ ജനനത്തിയ്യതി ഉമ്മ കിത്താബിൻ്റെ ആദ്യ പേജിൽ ഭംഗിയായി എഴുതി വെച്ചിട്ടുണ്ടായിരുന്നു. ഹിജറാവർഷവും കൊല്ല വർഷവും എല്ലാം കാണിച്ചിട്ടുണ്ട്. മെലിഞ്ഞ് ഭാരക്കുറവുള്ള കുഞ്ഞായിരുന്നു പോലും ഞാൻ. അന്ന് ആരെങ്കിലും കുഞ്ഞിനെ കാണാൻ വന്നാൽ ഒളിപ്പിച്ചു കിടുത്തുക ഉമ്മയുടെ ശീലമായിരുന്നു പോലും. ഉമ്മ പഴയ അഞ്ചാം ക്ലാസുകാരിയാണ്. ഖുർആൻ മന:പാഠമാക്കിയത് മനോഹരമായി ഓതും, മാലപാട്ടുകൾ പാടും, കിട്ടിയ പുസ്തകങ്ങളൊക്കെ വായിക്കും.
നല്ല കൈത്തുന്നുകാരി കൂടിയാണ് ഉമ്മ. നാലു ആങ്ങളമാരുടെ ഒറ്റ പെങ്ങളാണ്. അതുകൊണ്ടു തന്നെ ആണിൻ്റെ ധൈര്യവും തൻ്റേടവുമൊക്കെ വേണ്ടുവോളം ഉണ്ടായിരുന്നു. ആങ്ങളമാർ നടത്തുന്ന പീടികയിൽ കച്ചവടക്കാരിയായി നിന്ന് സഹായിക്കും. സ്വന്തം വയലിൽ കൊയ്യാൻ പോവും. എങ്കിലും എന്നെ ശ്രദ്ധിച്ചു താലോലിച്ച് വളർത്തി. പട്ടിണിക്കാലത്ത് പോലും എന്നെ എങ്ങനെയെങ്കിലും വയറ് നിറച്ചും ഊട്ടും. പശുക്കളും കറവയുമുണ്ടായിരുന്നത് കൊണ്ട് പാലും നെയ്യും ഇഷ്ടം പോലെ തരുമായിരുന്നു. അത് കൊണ്ട് തന്നെ മെലിഞ്ഞ് കോലുപോലെയുണ്ടായിരുന്ന ഞാൻ പത്തുവയസ്സായപ്പോഴേക്കും തടിച്ചു കൊഴുത്ത് കുട്ടപ്പനായി മാറിയിരുന്നു.
ഞാൻ ഉമ്മയേക്കാൾ നീളം വെച്ചതോടെ, ഞാനും ഉമ്മയും ഒരുമിച്ച് നടന്ന് പോവുമ്പോൾ മകനാണെന്ന് അറിയാത്തവരൊക്കെ, പറയ ആങ്ങള എന്നാണ്. അതിന് തെളിവെന്ന പോലെ വേറൊരു കാര്യവുമുണ്ടായിരുന്നു. ഞാൻ ഉമ്മയെ 'ഇത്താത്ത' എന്നായിരുന്നു വിളിച്ചിരുന്നത്. കാരണം അമ്മാവന്മാരൊക്കെ അങ്ങനെയാണ് ഉമ്മയെ വിളിക്കാറുണ്ടായിരുന്നത്. കേട്ട് ശീലിച്ചപ്പോൾ ഞാനും അതേറ്റെടുത്തു. കുഞ്ഞുങ്ങളുടെ കേൾവി പെട്ടെന്ന് ഉറക്കുമെന്ന് പറയാറില്ലേ, അങ്ങനെ ഉമ്മ എനിക്കും ഇത്താത്തയായി. വിളിച്ചു ശീലിച്ചു പോയി. പിന്നെ അത് തിരുത്താനും പോയില്ല.
സ്നേഹവും ലാളനയും വേണ്ടുവോളം നൽകുന്നതോടൊപ്പം അധ്വാനത്തിൻ്റെ മഹത്വം, സത്യസന്ധത കാത്തുസൂക്ഷിക്കേണ്ട പഠനം, ചീത്ത പ്രവൃത്തിയിൽ നിന്നും കൂട്ടുകാരിൽ നിന്നും വിട്ടുനിൽക്കേണ്ട വിധം എല്ലാം ഉമ്മയിൽ നിന്നാണ് ഞാൻ പഠിച്ചത്. സ്കൂളിൽ പോകുന്നതിന് മുമ്പും വന്നതിന് ശേഷവും അമ്മാവന്മാരുടെ കടയിൽ നിർത്തി ജോലി ചെയ്യിപ്പിക്കും. ഉമ്മ അവിൽ ഇടിക്കുമ്പോൾ ഇളക്കി കൊടുക്കാൻ സഹായിക്കും. അങ്ങിനെ അധ്വാന ശീലം എന്നിലുണ്ടാക്കി. സ്കൂൾ കുട്ടികളിൽ കളവ് നടത്തുന്ന സ്വഭാവമുണ്ടോ എന്നറിയാൻ കാരിക്കുട്ടി എന്ന കച്ചവടക്കാരൻ അദ്ദേഹത്തിൻ്റെ മേശപ്പുറത്ത് മുക്കാലോ അണയോ ഒക്കെ വെക്കും.
പീടികയിൽ സാധനം വാങ്ങാൻ വരുന്ന കുട്ടികൾ പൈസ കാണാതെ എടുക്കുന്നുണ്ടോ എന്ന് നോക്കാനാണ്. ഒരു ദിവസം അദ്ദേഹത്തിൻ്റെ മേശമേൽ വെച്ച ഒരു മുക്കാൽ ഞാനെടുത്തു. വീട്ടിൽ ചെന്ന് ആ മുക്കാൽ ഉമ്മയെ കാണിച്ചു. വീണു കിട്ടിയതാണെന്ന് കള്ളം പറയുകയും ചെയ്തു. സംഭവം മനസ്സിലാക്കിയ ഉമ്മ എന്നെ വല്ലാതെ വഴക്കുപറഞ്ഞു. കാരിക്കുട്ടിയുടെ പീടികയിലേക്ക് കൊണ്ടുപോവുകയും ആ മുക്കാൽ തിരികെ കൊടുപ്പിച്ച് അദ്ദേഹത്തോട് മാപ്പു പറയിപ്പിക്കുകയും ചെയ്തു. അങ്ങനെ കക്കാൻ പാടില്ലെന്ന തത്വം ഉമ്മയെന്നെ പഠിപ്പിച്ചു. അത് പോലെ ലഹരി ഉപയോഗത്തിന് അടിമയായി പോകുമായിരുന്ന എന്നെ അതിൽ നിന്ന് മോചിതനാകാൻ പഠിപ്പിച്ചതും ഉമ്മയായിരുന്നു.
അക്കാലത്ത് എന്റെ അമ്മാവന്മാരെല്ലാം പുകവലിക്കാരായിരുന്നു. അവർ വലിച്ചു കളഞ്ഞ ബീഡിക്കുറ്റിയെടുത്ത് ഉമ്മ വലിക്കും. അത് കണ്ട ഞാൻ പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരോടൊക്കെ പോയി വീമ്പു പറയും. 'എൻ്റെ ഉമ്മ ആണുങ്ങളെ പോലെ ബീഡി വലിക്കുമെന്ന്'. അക്കാലത്ത് ബീഡിവലി അന്തസ്സായാണ് എനിക്കു തോന്നിയത്. പക്ഷെ പിന്നീട് ഉമ്മ ആ സ്വഭാവത്തിൽ നിന്ന് പിന്മാറിയിരുന്നു. എന്നോടുള്ള അമിത സ്നേഹം മൂലം അന്ന് നീന്തൽ പഠിക്കാൻ എന്നെ വിട്ടിരുന്നില്ല. എനിക്കെന്തെങ്കിലും അപകടം പറ്റുമോയെന്ന അമിത ഭയം കൊണ്ടാവും അന്നത് ഉമ്മയെനിക്ക് നിഷേധിച്ചത്. പക്ഷെ അതിന്നും ഒരു പ്രയാസമായി എനിക്ക് അനുഭവപ്പെടുന്നുണ്ട്.
പക്ഷേ സ്വകാര്യമായി അന്ന് ഞാൻ സൈക്കിളോടിക്കാൻ പഠിച്ചിരുന്നു. അന്തരിച്ച മാടക്കാൽ ചെറിയമ്പുവേട്ടനാണ് സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ച എൻ്റെ ഗുരു. പക്ഷേ വലിയൊരു അപകടം പറ്റി. ഒരിക്കൽ സൈക്കിൾ പെഡലിൻ്റെ അടുത്തുള്ള ഇരുമ്പു പല്ല് കാലിൻ്റെ മടമ്പിൽ തറച്ചു കയറി. ഒന്നുരണ്ടാഴ്ച കിടപ്പിലാകേണ്ടി വന്നു. എങ്കിലും നാടകത്തിലഭിനയിക്കാനും ക്ലബ്ബ് രൂപീകരിക്കാനും ഫുട്ബാൾ കളിക്കാനുമൊക്കെ ഉമ്മയെന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. പഴയ തറവാട് വീട്ടിലുള്ള തിണ സ്റ്റേജാക്കി നാടകം റിഹേർസൽ നടത്താനും മറ്റും അനുവാദം തരുമായിരുന്നു.
കൂട്ടുകാരായ കരിമ്പിൽ വിജയൻ, അയിത്തല രാമചന്ദ്രൻ, വല്യത്ത് നാരായണൻ, ബാലകൃഷ്ണൻ, ടി. വി. ഗോവിന്ദൻ, പി.പി.രാഘവൻ എന്നിവരൊക്കെ സന്ധ്യ കഴിഞ്ഞാൽ എൻ്റെ വീട്ടിലെത്തും പാട്ടും കൂത്തും നാടകാഭിനയവും മറ്റും തകൃതിയായി അരങ്ങേറും. അപ്പോഴൊക്കെ എല്ലാവർക്കും കട്ടൻ ചായയും കപ്പയോ ചക്ക പുഴുങ്ങിയതോ ഉമ്മ വയറു നിറച്ചും തരും. ഹൈസ്കൂളിലെത്തിയപ്പോൾ ഒരു ഭാഗ്യം കൂടി കൈവന്നു. അമ്മാവൻ പഴയൊരു സൈക്കിൾ എനിക്ക് വാങ്ങിത്തന്നു. 1963 ൽ എനിക്കും തഹസിൽദാരായി വിരമിച്ച കാലിന്ന് അല്പം സ്വാധീനക്കുറവുള്ള പി.പി. കുഞ്ഞി കൃഷ്ണനും മാത്രമെ ഹൈസ്കൂൾ കുട്ടികളുടെ ഇടയിൽ സൈക്കിളുണ്ടായിരുന്നുള്ളു. അന്ന് ഒരു കാറ് കാരൻ്റെ ഗമയാണ് സൈക്കിളുള്ള ഞങ്ങൾക്ക്.
സ്കൂൾ വിട്ടു പോകുമ്പോൾ ഓണക്കുന്നിലെ ഹാജിക്കാൻ്റെ പീടികയിൽ നിന്ന് സാധനം വാങ്ങി അമ്മാവൻ്റെ പീടികയിൽ സൈക്കിളിൽ വെച്ച് കൊണ്ടുപോകേണ്ട ഉത്തരവാദിത്തവും എനിക്കായിരുന്നു. അക്കാലത്തെ അധ്യാപകരെയും അവരുടെ ഇടപെടലിനെക്കുറിച്ചും ഇപ്പോഴും എനിക്ക് നല്ല ഓർമ്മയുണ്ട്. എട്ടാം ക്ലാസ് ഒരു ഓല ഷെഡായിരുന്നു. സയൻസ് പഠിപ്പിച്ച കയ്യൂരിലെ ബാലകൃഷ്ണൻ മാഷായിരുന്നു. ഈയിടെയാണ് അദ്ദേഹം മരിച്ചു പോയത്. ഇംഗ്ലീഷ് പഠിപ്പിച്ചത് തടിച്ചു കൊഴുത്ത കഷണ്ടിക്കാരനായ ജോൺ മാഷായിരുന്നു. ഹിന്ദി രാഘവൻ മാഷും, കണക്ക് പയ്യാടക്കത്ത് ബാലൻ മാഷുമായിരുന്നു. വെള്ളൂരിലെ ഇന്നും ജീവിച്ചിരിക്കുന്ന പി.എം ദാമോദരൻ അടിയോടി മാഷ് (കൊശനാങ്കം) എന്ന കുറ്റപ്പേര്, പി.ഇ.ടി ബാലൻ മാഷ്, ഡ്രോയിങ്ങ് മാധവൻ മാഷ്, മലയാളം പഠിപ്പിച്ച പൊതുവാൾ മാഷും വി.സി. കരുണാകരൻ മാഷും, സോഷ്യൽ സ്റ്റഡീസിൻ്റെ അടിയോടി മാഷ് ഇവരെയൊക്കെ ഓർക്കുന്നു.
1966 മാർച്ചിൽ എസ്എസ്എൽസി കടമ്പ കടന്നു കിട്ടി. എൻ്റെ തറവാട്ടിൽ അന്നേവരേക്കും ആരും പത്താം തരം കടന്നു കയറിയിട്ടില്ല. ആ ഒരു ക്രഡിറ്റും കൂടി എനിക്കുണ്ട്. മൂന്നാം ക്ലാസുകാരനായ സുലൈമാൻ അമ്മാവൻ ഞാൻ ജയിച്ച വകയിൽ അന്ന് എനിക്കൊരു ഫെവർ ലൂബ വാച്ച് സമ്മാനമായിത്തന്നിരുന്നു. ഒടുവിൽ സ്നേഹം മാത്രം പകർന്നു തന്ന ബാപ്പയും ഉമ്മയും മൺമറഞ്ഞു പോയി. രണ്ടു പേരുടെയും മരണത്തിന് പ്രത്യേകതയുണ്ട്. ബാപ്പ മരുമക്കളുടെ കൂടെയാണ് താമസം. ബാപ്പയുടെ കുടുംബ സ്വത്തിൻ്റെ ഷെയറും മരുമക്കൾക്കാണ് കൊടുത്തത്. എങ്കിലും ബാപ്പക്ക് പ്രായമായതിനാൽ മാസത്തിൽ ഒരു തവണ ഞാൻ കാണാൻ ചെല്ലുമായിരുന്നു.
ഒരു തവണ രാവിലെ ബാപ്പയെ കാണാൻ തൃക്കരിപ്പൂരിലേക്ക് ചെന്നു. ടൗണിലെ ബേക്കറിയിൽ നിന്ന് കുറച്ചു ഫ്രൂട്സും ബേക്കറി ഐറ്റംസും വാങ്ങി ഓട്ടോയിൽ പോവുകയായിരുന്നു. വീട്ടിനടുത്ത് എത്താറായപ്പോൾ പയ്യന്നൂരിലെ ഹോൾസെയിൽ അനാദിക്കട നടത്തുന്ന എൻ്റെ സുഹൃത്ത് ഓട്ടോ കൈകാണിച്ചു നിർത്തി. 'നിങ്ങൾ ഇപ്പോഴാണോ വിവരം അറിഞ്ഞത്. ഞാൻ അവിടെ പോയി തിരിച്ചു വരികയാണ്'. എന്നെ കണ്ട ഉടനെ മൂപര് ചോദിച്ചു. 'എന്താ റഹീമെ കാര്യം?' 'നിങ്ങളുടെ ബാപ്പ ഇന്നലെ രാത്രി മരിച്ചു' 'ഞാനറിഞ്ഞില്ല. ബാപ്പയെ കാണാനാണ് ഞാനിറങ്ങിയത്'.
'ആവട്ടെ അവിടെ ചെന്ന് ബാക്കി കാര്യങ്ങളൊക്കെ ചെയ്യൂ...'. കേട്ടപ്പൊ എനിക്കു വിശ്വസിക്കാനായില്ല. ഞാൻ ചെന്നു മരിച്ചു കിടക്കുന്ന ബാപ്പയെ കണ്ടു. മുഖത്ത് അപ്പോഴും നിറഞ്ഞ ഒരു പുഞ്ചിരിയുണ്ടായിരുന്നു. ചിലപ്പൊ സന്തോഷത്തോടെയാവും പോയത് അതാവും. ഉമ്മ മൂന്നു വർഷത്തോളം എൻ്റെ കൂടെയായിരുന്നു താമസം. കട്ടിലിൽ നിന്ന് ഒരു തവണ താഴേക്ക് വീണു. അതിനു ശേഷം പഴയ ഊർജസ്വലത വന്നില്ല. കിടപ്പിൽ തന്നെയായിരുന്നു. ഒടുവിൽ എന്നെ തനിച്ചാക്കി 2016 ഒക്ടോബർ 2 ന് രാവിലെ 8 മണിക്ക് ഉമ്മയും എന്നെ വിട്ടുപോയി.
#MotherTribute #FamilyLove #LifeLessons #PersonalStory #HardWork #EmotionalJourney