കൂക്കാനം റഹ് മാൻ
(www.kvartha.com 05.02.2021) അതേ വരെ കഴിക്കാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നമ്മുടെ മുമ്പിലെത്തിയാല്‍ ഉണ്ടാകുന്ന ആകാംക്ഷ പലതരത്തിലാവും. എങ്ങിനെ കഴിക്കണം ?എന്തായിരിക്കും രുചി? കഴിച്ചാല്‍ വയറിന് വല്ല പ്രശ്‌നവും ഉണ്ടാവുമോ? എന്നൊക്കെ. ചിലപ്പോള്‍ അത്തരം ഭക്ഷണ സാധനത്തെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ടാവും. അനുഭവിച്ചറിഞ്ഞിട്ടുണ്ടാവില്ല.
എന്റെ ആദ്യാഭക്ഷണാനുഭവങ്ങള്‍ ഞാനെന്നും ഓര്‍ക്കാറുണ്ട്. ആരുടെകൂടെയാണ് കഴിച്ചത്? ഏത് സാഹചര്യത്തിലാണ് കഴിക്കേണ്ടി വന്നത്?എന്നൊക്കെയുള്ള ഓര്‍മ്മകള്‍ എന്നും മനസ്സില്‍ സൂക്ഷിക്കുകയും, അതേ ഭക്ഷണം വീണ്ടും ലഭിക്കുമ്പോള്‍ ആ ഭക്ഷണത്തിന്റെ ആദ്യോര്‍മ്മകള്‍ തികട്ടി വരികയും അടുത്തുള്ളവരോട് പങ്കുവെക്കുകയും ചെയ്യും. നിങ്ങള്‍ക്കുമുണ്ടാവില്ലേ ഇത്തരം ഓര്‍മ്മകള്‍… ഒന്നോര്‍ത്തു നോക്കൂ… രുചിയേറും ആദ്യഭക്ഷണാനുഭവങ്ങള്‍…
1) നിറുത്തിപ്പൊരിച്ച കോഴി
1962-ല്‍ നടന്ന സംഭവം. അന്ന് ഏഴാം ക്ലാസുകാരനായ പന്ത്രണ്ടുവയസ്സുകാരനാണ്. ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്ന മുഹമ്മദ് മാമന്റെ കല്ല്യാണം നടന്ന സമയം. ഉദിനൂരിലുള്ള ബീഫാത്തിമ എന്ന സ്ത്രീയെയാണ് അമ്മാവന്‍ വിവാഹം കഴിച്ചത്. ഇബ്ബന്‍ഔള്ളക്ക എന്ന ഭീകര പേരുകാരനായ ഒരാളായിരുന്നു അമ്മായിയുടെ ഉപ്പ. വിവാഹം കഴിഞ്ഞ് ഒരാഴ്ചയായി കാണും. മരുമകനേയും കൂട്ടി അമ്മാവന്‍ ഭാര്യ വീട്ടിലേക്ക് പുറപ്പെട്ടു. നല്ല നിലാവുള്ള രാത്രിയിലായിരുന്നു യാത്ര. നടന്നു തന്നെ പോവണം വീട്ടില്‍ നിന്ന് ഒന്നര മണിക്കൂറെങ്കിലും നടന്നാലേ ഉദിനൂരിലെത്തൂ. അമ്മാവന്‍ നടത്തത്തിന്റെ വേഗത കുറച്ച് എന്നേയും ഒപ്പം കൂട്ടിയാണ് നടത്തം. 'നായരുപിടിച്ച പുലിവാല്' എന്ന സിനിമയുടെ കഥ പറഞ്ഞു കേള്‍പ്പിച്ചും കൊണ്ടാണ് നടത്തം.
ഉദിനൂരില്‍ അമ്മാവന്റെ ഭാര്യാവീട്ടിലെത്തി. ഞാന്‍ അവിടുത്തെ മുഖ്യാഥിതിയാണന്ന്. വിശാലമായ തിണമേല്‍ പായ വിരിച്ച് വെച്ചിട്ടുണ്ട്. അതില്‍ കയറി ഇരുന്നു. 'ചോറ് ബെയ്ക്കാം' ഔള്ള ക്ക പറഞ്ഞു. പായയുടെ മുകളില്‍ മുസല്ല വിരിച്ചു. വീട്ടിലെ അംഗങ്ങളായ പുരിഷന്മാരും ഞങ്ങളും മുസല്ലയ്ക്ക് ചുറ്റുമിരുന്നു. വലിയൊരു തളികയില്‍ നെയ്‌ച്ചോറും മറ്റ് പാത്രങ്ങളില്‍ കോഴിക്കറിയും നിരത്തിവെച്ചു ഞാന്‍ ഇതേവരെ കാണാത്ത ഒരു ഭക്ഷംപദാര്‍ത്ഥം കൂടി എത്തി. 'നിറുത്തി പൊരിച്ചക്കോഴി' ഒരു വലിയ പ്ലേറ്റില്‍ കോഴിയെ വെച്ചിട്ടുണ്ട്. കണ്ട ഉടനെ ഞാന്‍ കൈമലര്‍ത്തി.
ആംഗ്യഭാഷയില്‍ ഇതെന്താണെന്ന് അമ്മാവനോട് ചോദിച്ചു. അമ്മാവന്‍ കണ്ണുരുട്ടി പേടിപ്പിച്ചു. ഇതേ വരെ നിറുത്തിപ്പൊരിച്ച കോഴി മരുമകന്‍ കണ്ടിട്ടില്ലെന്ന് ഭാര്യാവീട്ടുകാര്‍ അറിഞ്ഞാല്‍ നാണക്കേടല്ലേ. ഒപ്പമിരുന്നവര്‍ കോഴിയിറച്ചി എടുത്ത് ഭക്ഷിക്കുന്നുണ്ട്. ഞാന്‍ അത് തൊട്ടില്ല. ഭയമാണ്. അപ്പോള്‍ അമ്മാവന്‍ അതില്‍നിന്ന് പൊട്ടിച്ചെടുത്ത് ഒരു കഷ്ണം എനിക്കു തന്നു. അങ്ങിനെ ആദ്യമായി നിറുത്തിപ്പൊരിച്ച കോഴിയിറച്ചിയും തിന്നു…
2) തേനും ദോശയും
ഇന്നലെ വൈകീട്ടത്തെ ചായയ്ക്ക് തരക്കിയ അരി കൊണ്ടുണ്ടാക്കിയ ചുവന്ന നിറമുള്ള ചൂട് ദോശയില്‍ ചെറു തേന്‍ പുരട്ടിയാണ് കിട്ടിയത്. അത് കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് ആദ്യമായുണ്ടായ തേന്‍ അനുഭവം ഓര്‍മ്മിച്ചത്. എന്റെ ഒപ്പം പഠിച്ച കയ്യൂരിലെ ഭരതന്‍ മാഷിന്റെ കല്ല്യാണ നിശ്ചയമാണ് സംഭവം.
അന്തരിച്ച കിനേരി രാഘവന്‍മാഷ്, ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ തുടങ്ങി ഞങ്ങള്‍ നാലഞ്ച് പേരെ അന്ന് ആ പരിപാടിയില്‍ പങ്കെടുത്തുള്ളൂ. 1972 ലാണ്. ഭരതന്‍ മാഷിന്റെ കയ്യൂരിലുള്ള വീട്ടിലെത്തി. പ്രമുഖ കൃഷിക്കാരനും കയ്യൂര്‍ സമരസഖാവുമാണ് മാഷിന്റെ അച്ഛന്‍. ഞങ്ങളെ സ്വീകരിച്ചിരുത്തി. ആദ്യം സൂചിപ്പിച്ച പോലുള്ള ചൂട് ദോശ ഞങ്ങളുടെ മുന്നിലെത്തി. പിന്നാലേ വലിയൊരു ഭരണിയില്‍ നിന്ന് തേന്‍ ദോശയിലേക്ക് പകര്‍ന്നു തന്നു. ആദ്യാനുഭവം… ഇതേവരെ ദോശയ്ക്ക് പയറ്,ക ടല, ചമ്മന്തി തുടങ്ങിയ കറികളാണ് കൂട്ടിനുണ്ടാവുക. അന്ന് 22കാരനാണ് ഞാന്‍. ആദ്യമായിട്ടാണ് ദോശയ്ക്ക് തേന്‍കൂട്ടി തിന്നാന്‍ അവസരമുണ്ടായത്. കുറേ നേരം ദോശയിലേക്കും പിന്നെ മറ്റുള്ള വരുടെ മുഖത്തേക്കും നോക്കി. കൂടെയുള്ളവര്‍ അത് കഴിക്കാന്‍ പ്രോല്‍സാഹിപ്പിച്ചു. ആ മധൂരമൂറിയ തേനോര്‍മ്മ ഇന്നുമുണ്ട് മനസ്സില്‍…
3) അലിസ കുല്‍സു
1974 ല്‍ ഒരു നിക്കാഹിന് പോയ ഓര്‍മ്മ എന്നും മനസ്സിലുണ്ട്. ഞങ്ങള്‍ കരിവെള്ളൂരിലെ കൂറേ സുഹൃത്തുക്കള്‍ ഒന്നിച്ചാണ് കാങ്കോലില്‍ വെച്ചു നടക്കുന്ന നിക്കാഹിന് പങ്കെടുക്കുന്നത്. അക്കാലത്തു ബിരിയാണി നടപ്പിലായിട്ടില്ല. നെയ്‌ച്ചോറും, കോഴിക്കറിയും, ബീഫ് വറവും ഒക്കെയാണ് ഭക്ഷണ വിഭവമുണ്ടാവുക. പ്രധാന വിഭവങ്ങള്‍ എത്തുന്നതിനു മുന്നേ ഞങ്ങളുടെ മുമ്പിലേക്ക് ചെറിയ പ്ലേറ്റുകളില്‍ ഞാന്‍ അതുവരെ കാണാത്ത വിഭവം എത്തി. അല്‍സ എന്നാണാ വിഭവത്തിന്റെ പേര്. അതിന്റെ രുചി കൂട്ടുന്നതിന് പഞ്ചാസാര വേറൊരു പാത്രത്തില്‍ വെച്ചിട്ടുണ്ട്. അതിന്റെ രുചി അറിഞ്ഞപ്പോള്‍ എല്ലാവരും വീണ്ടും വീണ്ടും ആവശ്യപ്പെടുന്നത് ഞാന്‍ ശ്രദ്ധിച്ചു. വരന്റെ കൂടെയാണ് ഞങ്ങള്‍ പോയത്. വധുവിന്റെ പേര് 'കുല്‍സു' എന്നായിരുന്നു. ഞങ്ങളുടെ കൂടെ വന്ന പ്രൊഫ. ടി വി ബാലന്‍ പ്രസ്തുത വരനെ കണ്ടാല്‍ പറയുന്ന കാര്യം 'അല്‍സ കുല്‍സു എങ്ങിനെയുണ്ട്?' എന്നാണ്. ഈ തമാശ പറച്ചിലും എന്റെ അല്‍സ എന്ന വിഭവത്തിന്റെ ആദ്യ രുചിയറിഞ്ഞതും അന്നാണ്.
4) ബുള്‍സ്‌ഐ
1976-ലെ ഒരു ഭക്ഷണോര്‍മ്മ. അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ സാഹിബിനെ കാണാന്‍ തിരുവന്തപുരം ചെല്ലുന്നു. പ്രൈമറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപ്പോയ്‌മെന്റ് ലഭിക്കാനുള്ള പേപ്പറുമായി ചെന്നതാണ്. അന്നത്തെ എം എല്‍ എ ഇ അഹമ്മദിന്റെ കൂടെയാണ് പോയത്. കാര്യം നടന്നില്ലെങ്കിലും തിരുവനന്തപുരത്തേക്കുള്ള ആദ്യ യാത്രയില്‍ ഒന്നു രണ്ട് അനുഭവമുണ്ടായി. ആ ടേമില്‍ പി കരുണാകരന്‍ എം എല്‍ എ ആയിരുന്നു. ഞങ്ങള്‍ കോളേജ് മേറ്റ്‌സ് ആണ്. ആ ബന്ധം വെച്ച് എം എല്‍ എ ക്വാര്‍ട്ടേര്‍സിലായിരുന്നു താമസിച്ചത്. രാവിലത്തെ ബ്രേക്ക് ഫാസ്റ്റിന്എം എല്‍ എ കാന്റിനിലേക്ക് വിളിച്ചു ഓര്‍ഡര്‍ ചെയ്തു. വെയിറ്റര്‍ ചായയും പലഹാരവുമായെത്തി. രണ്ട് പ്ലേറ്റ് വെള്ളയപ്പവും രണ്ട് പ്ലേറ്റ് ബുള്‍സ്‌ഐയുമാണ് വന്നത്. 'ബുള്‍സ്‌ഐ' എന്ന ഭക്ഷണ പദാര്‍ത്ഥം ഞാന്‍ ആദ്യമായി കാണുകയാണ്. എം എല്‍ എ എങ്ങിനെയാണ് അത് കഴിക്കുന്നതെന്ന് നോക്കി മനസ്സിലാക്കി. അതേ പോലെ ഞാനും കഴിച്ചു. അന്നാണ് ആദ്യമായി ബുള്‍സ്‌ഐ ഞാന്‍ കഴിച്ചത്.
5) കാടക്കോഴി പൊരിച്ചത്
1985-ലാണ് സംഭവം. കാസര്‍കോട് വെച്ച് കാന്‍ഫെഡിന്റെ ദ്വിദിന സമ്മേളനം നടക്കുകയാണ്. സംസ്ഥാന നേതാക്കളൊക്കെ പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. രണ്ടാം ദിവസം സമ്മേളനം അവസാനിക്കാന്‍ വളരെ വൈകി. ഞങ്ങള്‍ക്ക് നാട്ടിലേക്ക് തിരിച്ചു വരണം. അന്ന് കെ പി കുഞ്ഞിക്കണ്ണന്‍ ഉദുമ എം എല്‍ എ ആണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ വണ്ടിയില്‍ ഞങ്ങള്‍ നാലു പേര്‍ നാട്ടിലേക്ക് തിരിച്ചു. പ്രൊഫ. കെ പി ജയരാജന്‍, കാവുങ്കല്‍ നാരായണന്‍, അന്തരിച്ച കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ എന്നിവരാണ് വണ്ടിയിലുണ്ടായിരുന്നത്.
രാത്രി പത്തു മണിയോടടുത്ത് കാണും. എല്ലാവര്‍ക്കും നല്ല വിശപ്പുണ്ട്. പൊയ്‌നാച്ചിയില്‍ അന്നുണ്ടായിരുന്ന ഒരു വലിയ ഹോട്ടലിനു മുമ്പില്‍ വണ്ടി നിര്‍ത്തി. എല്ലാവരും ഹോട്ടലില്‍ കയറി. പൊറോട്ടയും കാടക്കോഴി പൊരിച്ചതും ഓര്‍ഡര്‍ ചെയ്തു. എല്ലാം കെ പി കുഞ്ഞിക്കണ്ണന്‍ തന്നെയാണ് ചെയ്തത്. എല്ലാവരും ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഞാന്‍ ആദ്യമായാണ് കാടക്കോഴി പൊരിച്ചത് ഭക്ഷിക്കുന്നത്. പ്ലേറ്റില്‍ ഒരു ചെറിയ പക്ഷിക്കുഞ്ഞിനെപ്പോലെ തോന്നി ആ വിഭവം കാണുമ്പോള്‍. എല്ലാവരും ചെയ്യുന്നത് പോലെ ഞാനും കാടക്കോഴി പൊരിച്ചത് കഴിച്ചു. എന്റെ ആദ്യാനുഭവമായിരുന്നു അത്.
6) അന്ന് ആ റാക്ക് കുടിച്ചിരുന്നെങ്കില്‍
1970 ഏപ്രില്‍ മാസം. കശുവണ്ടി സീസണ്‍. കശുമാങ്ങ വാറ്റി റാക്കുണ്ടാക്കുന്ന പരിപാടി അന്ന് എന്റെ നാട്ടിലെ മിക്ക വീടുകളിലുമുണ്ട്. വയറു വേദനയ്ക്ക് ഏറ്റവും പറ്റിയ മരുന്നാണ് കശുമാങ്ങ റാക്ക് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. വാറ്റിയെടുത്ത റാക്ക് അടച്ചുറപ്പുള്ള പാത്രങ്ങളിലാക്കി മണ്ണില്‍ പൂഴ്ത്തി വെച്ച് ഒരു വര്‍ഷം വരെ കഴിഞ്ഞാലും ഉപയോഗിക്കാറുണ്ട് പോലും. നാട്ടിലെ മുസ്ലീംഗങ്ങള്‍ ആരും അക്കാലത്ത് ലഹരി ഉപയോഗിക്കാറില്ല. 'ഹറാമായ' പ്രവൃത്തിയാണതെന്ന് എന്നെ പോലുള്ള കുട്ടികളെ മദ്രസയില്‍ നിന്നും വീട്ടില്‍ നിന്നും ഉപദേശിക്കാറുണ്ട്.
എന്റെ സഹപ്രവര്‍ത്തകരെല്ലാം ചില പ്രത്യേക അവസരങ്ങളില്‍ മദ്യപിക്കാറുണ്ട്. എന്‍ കെ പ്രഭാകരന്‍, കെ പി ലക്ഷ്മണന്‍, ടി വി ഗോവിന്ദന്‍ തുടങ്ങിയ സുഹൃത്തുക്കള്‍ ഒരു ദിവസം എന്നെ പ്രോല്‍സാഹിപ്പിച്ചു. അതിന്റെ രുചി എന്താണെന്നറിയാന്‍ എനിക്കും ആഗ്രഹമുണ്ടായി. ഒരു ഉച്ച സമയത്ത് ഞങ്ങള്‍ നാലു പേരും മാടക്കാല്‍ ചെറിയമ്പുവേട്ടന്റെ വീട്ടില്‍ ഒത്തുകൂടി. എല്ലാവരുടെ മുമ്പിലും സാധനമെത്തി. മണം മൂക്കിലേക്ക് അടിച്ചുകയറി. അപ്പോള്‍ തന്നെ ഭയം തോന്നി. കൂട്ടുകാരൊക്കെയെടുത്ത് സിപ്പ് ചെയ്തു കുടിക്കാന്‍ തുടങ്ങി. ഞാന്‍ പെട്ടെന്ന് എന്റെ ഉമ്മയെ ഓര്‍ത്തു... ഭയം ഒന്നു കൂടി വര്‍ദ്ധിച്ചു. 'എനിക്കു വേണ്ട' ഞാന്‍ പറഞ്ഞു. കൂട്ടുകാര്‍ എന്നെ വിടാന്‍ ഭാവമില്ല.
'കുടിച്ചില്ലെങ്കില്‍ നിന്റെ തലയിലൊഴിക്കും'. അവര്‍ ഒന്നിച്ചു പറഞ്ഞു. ഞാന്‍ പുറത്തേക്കിറങ്ങി ഓടി… വീട്ടിലെത്തുംവരെ… അന്ന് ഞാന്‍ അതില്‍ പെട്ടുപോയെങ്കില്‍…