അത്രമേൽ സ്നേഹിക്കയാൽ

 


മിനാരങ്ങളെ തഴുകുന്ന വെള്ളിനക്ഷത്രങ്ങള്‍ - 14 

ഇബ്രാഹിം ചെർക്കള

(www.kvartha.com 21.08.2021) 
അസ്തമയ സൂര്യന്റെ ചുവപ്പ് പടര്‍ന്ന ആകാശത്തിലെ മേഘവര്‍ണ്ണങ്ങള്‍ നോക്കി യൂസഫ് ഏറെ നേരം കുന്നിന്‍ചെരിവില്‍ ഇരുന്നു. ചുറ്റും ഇരുന്നു തമാശ പറഞ്ഞു ചിരിക്കുന്ന കൂട്ടുകാരെ വിസ്മരിച്ച അയാള്‍ ഓര്‍മ്മകളുടെ ചിറകില്‍ അനന്തമായി പരന്നു. കഷ്ടപ്പാടുകളും വിശപ്പും സമ്മാനിച്ച ചെറുപ്പകാലം. അന്ന് കളിച്ചു നടക്കുമ്പോള്‍ ചിന്തകള്‍ മുഴുവനും വയറ് നിറച്ച് ഭക്ഷണം കഴിക്കണം എന്നത് മാത്രമായിരുന്നില്ലേ? ചന്ദ്രേട്ടന്റെ ചായക്കടയുടെ മുന്നില്‍ക്കൂടി കടന്നുപോകുമ്പോള്‍ തിളച്ച എണ്ണയില്‍ പൊരിയുന്ന നെയ്യപ്പത്തിന്റെ മണം മൂക്കില്‍ തുളച്ചുകയറും. കണ്ണാടിക്കൂട്ടില്‍ അടുക്കിവെച്ച അപ്പത്തരങ്ങള്‍ കൊതിയോടെ നോക്കിനില്‍ക്കും.
  
അത്രമേൽ സ്നേഹിക്കയാൽ

ചിലപ്പോള്‍ ചന്ദ്രേട്ടന്റെ ഭാര്യ ഓമനേട്ടി ആരും കാണാതെ ഒരു നെയ്യപ്പം എടുത്തുതരും. അതിന് അവര്‍ക്ക് ഉപകാരമായി ചിലപ്പോള്‍ വാഴയില കൊണ്ടുക്കൊടുക്കും. 'നീ ഇവിടെ എനിക്ക് സഹായത്തിന് നിന്നോ, അപ്പത്തരങ്ങളും ചോറും മീന്‍കറിയും എല്ലാം തരാം.' അവര്‍ അങ്ങനെ പറഞ്ഞെങ്കിലും സ്‌കൂളിലെ കൂട്ടുകാരെ വിട്ട് വരാന്‍ മനസ്സ് അനുവദിച്ചില്ല. മദ്‌റസയിലും സ്‌കൂളിലും പോയാല്‍ കൂട്ടുകാരുടെ കൂടെ കളിക്കാം.

ഓര്‍മ്മകളില്‍ കുസൃതി ചിരി പടര്‍ത്തി ഷമീമയുടെ മുഖം തെളിഞ്ഞുവന്നു. എന്നും രാവിലെ ഉണര്‍ന്ന് മദ്‌റസയിലും സ്‌കൂളിലും പോകുന്ന വഴിയില്‍ ഷമീമയെ കാത്തു നില്‍ക്കും. മറ്റു കൂട്ടുകാരെല്ലാം നടന്നുതുടങ്ങിയാലും ഷമീമ വരുന്ന വഴിയില്‍ നോക്കി നിന്ന് അവള്‍ എത്തിയാല്‍ ഓരോന്നും പറഞ്ഞു കൂടെ നടക്കും. പലപ്പോഴും കൂട്ടുകാര്‍ കളിയാക്കി ചിരിക്കും. ഇവന് കൂട്ട് പെണ്‍കുട്ടിയാ.... മറുപടി പറയാതെ ഷമീമയുടെ കൊച്ചുകണ്ണിലെ തിളക്കവും നോക്കി നടക്കും. ആരെങ്കിലും ഷമീമയെ എന്തെങ്കിലും പറഞ്ഞു കളിയാക്കിയാല്‍ പിന്നെ ഒന്നും നോക്കില്ല; അടിതന്നെ. അത് ആണ്‍കുട്ടികള്‍ ആയാലും പെണ്‍കുട്ടികള്‍ ആണെങ്കിലും മടിയില്ല. അതിന്റെ പേരില്‍ പലപ്പോഴും മാഷിന്റെ കൈയ്യില്‍ നിന്നും നല്ല അടിയും കിട്ടിയിട്ടുണ്ട്.

സ്‌കൂളില്‍ നിന്നും പഠിത്തം മതിയാക്കി പല ജോലികളും ചെയ്തു നടക്കുമ്പോഴും മനസ്സിന്റെ ഏതോ കോണില്‍ ഷമീമയുടെ ചിരിക്കുന്ന മുഖം മായാതെ കിടന്നു. ജീവിത പരീക്ഷണങ്ങളുമായി ഓടിനടക്കുമ്പോള്‍ ഏകാന്ത നിമിഷങ്ങളില്‍ പഴയ കുട്ടിക്കാലത്തിന്റെ നിറമുള്ള ചിത്രങ്ങള്‍ തെളിയും. ഒരു പൂമ്പാറ്റയായി ഷമീമ. ഇന്ന് വളര്‍ന്നുവന്നപ്പോള്‍ വലിയ അകലം തോന്നുന്നു. ഏതെല്ലാം വഴികളില്‍ നടന്നു. തടസ്സങ്ങള്‍ പലതും വാശിയോടെ തട്ടിമാറ്റി. ജീവിതത്തിന്റെ വിജയവഴികള്‍ തീര്‍ക്കുമ്പോള്‍ ചിന്തകളില്‍ ലക്ഷ്യങ്ങള്‍ പലതായിരുന്നു.

ഷമീമയെ സ്വന്തമാക്കണം, വളര്‍ന്നുവന്നപ്പോള്‍ മോഹങ്ങളും വളര്‍ന്നു. പഴയകാലത്ത് ഒരുനേരത്തെ ഭക്ഷണത്തിന് കരഞ്ഞു നടന്നപ്പോള്‍ തിരിഞ്ഞു നോക്കാത്ത നാട്ടുപ്രമാണികള്‍ പലരും ഇന്ന് തന്റെ മുന്നില്‍, അല്ല തന്റെ സമ്പാദ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കുന്നു. മൂസഹാജിയുടെ രൂപം മനസ്സില്‍ തെളിഞ്ഞപ്പോള്‍ ചുറ്റും ഉയരുന്ന അഗ്‌നി. ഇന്ന് പലര്‍ക്കും മകളുടെ ഭര്‍ത്താവായി യൂസഫിനെ വേണം. 'എന്താ വലിയ ചിന്തയിലാണല്ലോ?' കൂട്ടുകാരന്‍ അസീസ് തട്ടിവിളിച്ചു. നമ്മുടെ കുട്ടിക്കാലത്തിന്റെ ചില നിമിഷങ്ങള്‍ മനസ്സില്‍ കടന്നുവന്നു. 'പോകാം. സമയം ഇരുട്ടി.' കൂട്ടുകാര്‍ക്കൊപ്പം വേഗതയില്‍ നടന്നു.

കവലയിലെ ഹോട്ടലില്‍ കേറി എല്ലാവരും ചേര്‍ന്ന് ചായ കുടിച്ചു. 'ഞങ്ങള്‍ പോകട്ടെ, നാളെ കാണാം.' യാത്ര പറഞ്ഞിറങ്ങി എല്ലാവരും വഴിപിരിഞ്ഞു. യൂസഫ് വീട്ടിലേക്ക് നടന്നു വരാന്തയില്‍ ഇരുന്നു. ഉമ്മയോട് സംസാരിച്ചിരിക്കുന്ന ബാപ്പ. യൂസഫ് അകത്തേക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ ബാപ്പ ഉറക്കെ ചോദിച്ചു. 'അപ്പോള്‍ നിന്റെ കല്ല്യാണക്കാര്യം എന്താണ് വേണ്ടത്? ആ കുഞ്ഞാലി ഇന്നും വന്നിരുന്നു. പുതിയ രണ്ട് ആലോചനയും കൊണ്ട്. രണ്ടും അല്പം അകലെനിന്നാണ്. എന്നാലും നാട്ടിലെ എണ്ണം പറഞ്ഞ പണക്കാര്‍. ഖാദര്‍ ഹാജിയെ നിനക്ക് അറിയില്ലേ? അയാളുടെ മകളാണ് ഒന്ന്. അവള്‍ കുറേ പഠിച്ച പെണ്ണാണ്. പിന്നൊന്ന് മുഹമ്മദ് മൂപ്പന്റെ മോളും. അയാളും വലിയ തറവാട്ടുകാരനാണ്'.


യൂസഫ് ഉമ്മയെയും ബാപ്പയെയും മുഖം മാറിമാറി നോക്കി. 'എന്താ നോക്കുന്നത്? ഒരു മറുപടി പറയാതെ?' ഉമ്മ ചിരിയോടെ നോക്കി. 'നീ പോയി പെണ്‍കുട്ടിയെ കാണ്. ഇഷ്ടപ്പെട്ടാല്‍ നമുക്ക് തീരുമാനിക്കാം.' ബാപ്പ ഗൗരവത്തില്‍ പറഞ്ഞു. മറുപടി പറയാതെ അകത്തേക്ക് നടന്നു. പിന്നാലെ ഉമ്മയുമെത്തി. 'യൂസഫേ, ഇങ്ങനെ നടന്നു ദിവസങ്ങള്‍ പോകും. നീ തിരക്കു പറഞ്ഞ് ദുബൈയിലേക്ക് തിരിച്ചുപോകും. അത് പറ്റില്ല. ഇപ്രാവശ്യം നിന്റെ കല്ല്യാണം കഴിഞ്ഞാല്‍ അടുത്ത വരവിന് പെങ്ങളുടേത് നടത്താം. എല്ലാറ്റിനും ഓരോ സമയമില്ലേ മോനേ.' ഉമ്മ യൂസഫിന് അരികില്‍ ഇരുന്നു. 'എനിക്ക് പെണ്ണ് അന്വേഷിച്ച് നിങ്ങള്‍ ബുദ്ധിമുട്ടേണ്ട.' യൂസഫ് മന്ദഹാസത്തോടെ ഉമ്മയുടെ മുഖത്ത് നോക്കി. 'എന്താ, നീ ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ?' ഉമ്മയുടെ മുഖം തെളിഞ്ഞു.


'ഉണ്ട്, നമ്മുടെ സിദ്ദീഖ് ഉസ്താദിന്റെ മകള്‍ ഷമീമ.' ഉമ്മ ഞെട്ടലോടെ യൂസഫിന്റെ മുഖത്ത് തറപ്പിച്ചു നോക്കി. 'നീ എന്താണ് പറയുന്നത്. നല്ലൊരു വീട് പോലും ഇല്ലാത്ത ഉസ്താദിന്റെ മോളെ.... അത് ശരിയാവില്ല.' ഉമ്മ ദേഷ്യത്തില്‍ എഴുന്നേറ്റു. 'ഉമ്മാ... കുറച്ചുകാലം മുമ്പ് വരെ നമുക്കും ഒരുനേരത്തെ ആഹാരത്തിന് വഴിയുണ്ടായിരുന്നില്ല. അന്ന് ഈ പണക്കാര്‍ ഇവിടെ ജീവിച്ചിരുന്നു. പക്ഷെ ഒരാളെങ്കിലും തിരിഞ്ഞുനോക്കിയോ? ഇന്ന് നമുക്ക് സൗഭാഗ്യങ്ങള്‍ വന്നപ്പോള്‍ എല്ലാവരും ഓടിയടുക്കുന്നു, ബന്ധം കൂടാന്‍. കടന്നുവന്ന വഴികള്‍ മറക്കാന്‍ പറ്റില്ല ഉമ്മാ.'


ഉത്തരം പറയാന്‍ പറ്റാതെ അവര്‍ മകന്റെ മുഖത്ത് തന്നെ നോക്കിനിന്നു. പിന്നെ ബാപ്പയുടെ അടുത്തേക്ക് നടന്നു. യൂസഫിന്റെ ആഗ്രഹം കേട്ടപ്പോള്‍ മൊയ്തു അല്പസമയം ഒന്നും പറഞ്ഞില്ല. 'അവന്‍ പറയുന്നത് ശരിയാണ്. ഒന്നുമില്ലാതെ നടന്ന കാലത്തും സിദ്ദീഖ് ഉസ്താദ് പലപ്പോഴും സഹായിച്ചിട്ടുണ്ട്. തേങ്ങാക്കച്ചവടം തുടങ്ങാന്‍ അഷ്‌റഫ് ഹാജിയോട് പണം കടംവാങ്ങി തന്നത് ഉസ്താദാണ്. എന്നാലും നമ്മുടെ ഇന്നത്തെ സ്ഥിതിക്ക് ഒത്തൊരു ബന്ധമാണ് നല്ലത്.' ഭാര്യയുടെ മുഖത്തെ ദേഷ്യം ശ്രദ്ധിച്ച മൊയ്തു ചിരിയോടെ പറഞ്ഞു. 'ഉസ്താദിന്റെ മോളെ ഞാന്‍ കണ്ടിട്ടുണ്ട്. നല്ല മൊഞ്ചത്തിപ്പെണ്ണ്. അവന്റെ ഇഷ്ടംപോലെ നടക്കട്ടെ. അതാണ് നല്ലത്.' ഭാര്യ ഒന്നും പറയാതെ അടുക്കളയിലേക്ക് നടക്കുന്നു.


രാവിലെ വീട്ടില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ മുറ്റത്ത് ഇരുന്നു പത്രം വായിക്കുന്ന യൂസഫിനെ അല്പസമയം നോക്കിനിന്നു മൊയ്തു പറഞ്ഞു: 'ഞാന്‍ സിദ്ദീഖ് ഉസ്താദിനെ കണ്ട് കാര്യങ്ങള്‍ സംസാരിക്കട്ടെ. നിന്റെ സന്തോഷം അതാണെങ്കില്‍ ഞങ്ങള്‍ക്ക് തടസ്സമില്ല.' യൂസഫ് മന്ദഹാസത്തോടെ ബാപ്പയുടെ മുഖത്ത് നോക്കി ഒന്നും പറയാതെ നിന്നു. മനസ്സില്‍ ഷമീമയുടെ തെളിഞ്ഞ ചിരി. കണ്ണിലെ തിളക്കം. മൊയ്തു നേരെ പള്ളിയിലേക്ക് നടന്ന് വരാന്തയില്‍ ഇരുന്നു. അഷ്‌റഫ് ഹാജിയോട് സംസാരിക്കുന്ന സിദ്ദീഖ് ഉസ്താദിന്റെ അരികിലെത്തി. 'മൊയ്തു എങ്ങോട്ടാ?' ഹാജിയാരുടെ ചോദ്യം കേട്ട് രണ്ടുപേരെയും ഒന്നു നോക്കി 'ഉസ്താദിനെ കാണാന്‍ തന്നെ വന്നതാണ്.'


'എന്താ മൊയ്തൂ വിശേഷിച്ച്?' മൊയ്തു അല്പസമയം മടിച്ചു നിന്നു. 'ഉസ്താദിന് സമ്മതമാണെങ്കില്‍ എന്റെ മകന്‍ യൂസഫിന് മകളെ വിവാഹം ചെയ്തു കൊടുക്കണം.' സിദ്ദീഖ് ഉസ്താദ് അദ്ഭുതത്തോടെ മൊയ്തുവിനെയും അഷ്‌റഫ് ഹാജിയെയും മാറിമാറി നോക്കി. 'ഇത് ഇപ്പോ പെട്ടെന്ന്... വീടിന്റെ കുറച്ചു പണി ചെയ്യാനുണ്ട്. പിന്നെ അജ്മല്‍ നാട്ടില്‍ വരണം. അങ്ങനെ കുറേ പ്രശ്‌നങ്ങള്‍ ഉണ്ട്.' 'അതൊന്നും സാരമില്ല ഉസ്താദേ, നമുക്ക് നിശ്ചയം നടത്തിവെക്കാം.' പെട്ടെന്ന് അഷ്‌റഫ് ഹാജിയാണ് മറുപടി പറഞ്ഞത്. മൊയ്തുവും സന്തോഷത്തോടെ പറഞ്ഞു - 'അത് മതി.' 'യൂസഫിന് ഇത് സമ്മതമാണോ?' ഹാജിയാര്‍ ചോദിച്ചു. 'അവന്‍ പറഞ്ഞതുകൊണ്ടാണ് ഞാന്‍ വന്നത്.'


ഉസ്താദ് മൗനത്തിന് ശേഷം പറഞ്ഞു. 'മകളോടും ഭാര്യയോടും കാര്യങ്ങള്‍ സംസാരിക്കണം. പെണ്ണിന്റെ ഇഷ്ടമാണ് വിവാഹക്കാര്യത്തില്‍ ഇസ്ലാം പ്രധാനമായി പറയുന്നത്.' ഉസ്താദിന്റെ മറുപടി കേട്ട് മൊയ്തു മുഖത്ത് നോക്കി. അഷ്‌റഫ് ഹാജി ചിരിയോടെ പറഞ്ഞു. 'മൊയ്തൂ... ഒരുക്കങ്ങള്‍ നടത്തിക്കോ.. മറ്റു കാര്യങ്ങള്‍ ഞാന്‍ നോക്കിക്കൊള്ളാം.' ഉസ്താദ് മറുപടിയൊന്നും പറയാതെ നിന്നു. മൊയ്തു സന്തോഷത്തോടെ നടന്നകന്നു.


അഷ്‌റഫ് ഹാജി വീട്ടില്‍ എത്തി. ഫോണ്‍ ബെല്‍ നിര്‍ത്താതെ അടിച്ചു. തിടുക്കത്തില്‍ ഫോണ്‍ എടുത്തു. 'ബാപ്പാ ഞാന്‍ നൗഫല്‍. എല്ലാവര്‍ക്കും സുഖംതന്നെയല്ലേ?.' 'അതെ' ഞാന്‍ വിളിച്ചത് ഒരു നല്ല കാര്യം പറയാനാണ്. 'എന്താണ് വിശേഷം?' 'എന്റെ സുഹൃത്തും അനുജനും നാട്ടില്‍ വരുന്നുണ്ട്. നമ്മുടെ തസ്‌നിയെ സുഹൃത്തിന്റെ അനുജന് വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ട്. നിങ്ങള്‍ പയ്യനെ കാണ്. എന്നിട്ട് അവളുടെ ഇഷ്ടവും കൂടി ചോദിച്ചു നമുക്ക് വേണ്ടത് ചെയ്യാം.' 'ശരി മോനേ' ഹാജി സന്തോഷത്തോടെ ഫോണ്‍വെച്ചു. മുന്നില്‍ നില്‍ക്കുന്ന ഭാര്യയോട് വിവരങ്ങള്‍ പറഞ്ഞു. എല്ലാം കേട്ട് വാതില്‍ക്കല്‍ നില്‍ക്കുന്ന തസ്‌നി ഞെട്ടലോടെ ബാപ്പയുടെ അടുത്തെത്തി.


'എനിക്കിപ്പോള്‍ വിവാഹം വേണ്ട. ഡിഗ്രി പൂര്‍ത്തിയാക്കാന്‍ ഇനിയും ഒരു വര്‍ഷം ഉണ്ട്. പറ്റുമെങ്കില്‍ പിന്നെയും പഠിക്കണം.' മകളുടെ ദേഷ്യം കണ്ടു ഉമ്മയും ബാപ്പയും പകച്ചു നിന്നു. 'മോളേ പഠിച്ച് ഉദ്യോഗം വാങ്ങാനൊന്നും നീ പോകുന്നില്ല. നല്ലൊരു ബന്ധം വന്നാല്‍ വിവാഹം നടത്തണം.' ബാപ്പയുടെ വാക്കുകള്‍ അവളുടെ മനസ്സില്‍ തീ നിറച്ചു. എന്ത് പറയണം? അവള്‍ നിശബ്ദയായി നിന്നു. പിന്നെ സ്വയംമറന്ന് പൊട്ടിത്തെറിച്ചു. 'ഞാന്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് അജ്മലിനെ മാത്രമായിരിക്കും. എനിക്ക് വേണ്ടി ബാപ്പ മറ്റാരെയും നോക്കേണ്ട' തസ്‌നി വേഗതയില്‍ അകത്തേക്ക് ഓടി.


ഹാജിയാര്‍ ഭാര്യയുടെ മുഖത്തുനോക്കി, ഒന്നും പറയാന്‍ കഴിയാതെ അല്പസമയം നിന്നു. 'അജ്മല്‍, നല്ലവനാണ്. എന്നാലും അവന്റെയും വീട്ടുകാരുടെയും അഭിപ്രായം എന്തായിരിക്കും.' റാബിയ സംശയത്തോടെ ഹാജിയുടെ മറുവാക്കിനായി കാത്തുനിന്നു. ഒന്നും പറയാതെ ഹാജിയാര്‍ മകളുടെ മുറിയിലേക്ക് നടന്നു. അവള്‍ കിടന്ന് തേങ്ങല്‍ അടക്കാന്‍ പാടുപെടുന്നു. അഷ്‌റഫ് ഹാജി പതുക്കെ മകളെ തഴുകി. 'നീ എന്താണ് കരയുന്നത്. നിന്റെ ഇഷ്ടമാണ് ഞങ്ങളുടെ സന്തോഷം. കരയാതിരിക്ക് മോളേ.... തസ്‌നീ...' ഹാജിയാര്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

(തുടരും)




ബാല്യത്തിലെ കളിക്കൂട്ടുകാരി 11


Keywords:  Top-Headlines, Article, Ibrahim Cherkala, Kerala, Because I love it so much.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia