പ്രിയപ്പെട്ട കേശവൻനായർക്കും സാറാമ്മയ്ക്കും ബഷീറിന്റെ പ്രേമലേഖനം
Jun 20, 2021, 17:04 IST
പ്രീദു രാജേഷ്
(www.kvartha.com 20.06.2021) നർമരസഭാവനയിൽ ചെറു സംഭാഷണങ്ങളാൽ മലയാളീ വായനക്കാരന്റെ ഉള്ളിലെന്നെന്നുമിടം നേടിയ പ്രണയിതാക്കൾ, ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിലെ കേശവൻ നായരും സാറാമ്മയും. സാഹിത്യം സാധാരണക്കാരന്റേതു കൂടിയാകണമെന്ന കാഴ്ചപ്പാട് സ്വന്തം കൃതികളിലൂടെ സ്ഥാപിച്ചെടുത്ത കഥാകൃത്തായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. മലയാളത്തിൽ അച്ചടിഭാഷയ്ക്കൊപ്പം നാടൻഭാഷകൾക്കും പ്രയോഗങ്ങൾക്കും കൂടി അതിന്റേതായ പ്രധാന്യമുണ്ടെന്നു സത്യസന്ധമായ് വിളിച്ചോതിയ എഴുത്തുകാരൻ.
(www.kvartha.com 20.06.2021) നർമരസഭാവനയിൽ ചെറു സംഭാഷണങ്ങളാൽ മലയാളീ വായനക്കാരന്റെ ഉള്ളിലെന്നെന്നുമിടം നേടിയ പ്രണയിതാക്കൾ, ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിലെ കേശവൻ നായരും സാറാമ്മയും. സാഹിത്യം സാധാരണക്കാരന്റേതു കൂടിയാകണമെന്ന കാഴ്ചപ്പാട് സ്വന്തം കൃതികളിലൂടെ സ്ഥാപിച്ചെടുത്ത കഥാകൃത്തായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. മലയാളത്തിൽ അച്ചടിഭാഷയ്ക്കൊപ്പം നാടൻഭാഷകൾക്കും പ്രയോഗങ്ങൾക്കും കൂടി അതിന്റേതായ പ്രധാന്യമുണ്ടെന്നു സത്യസന്ധമായ് വിളിച്ചോതിയ എഴുത്തുകാരൻ.
പ്രേമലേഖനം, കഥാനായകനായ കേശവൻനായർക്കു സാറാമ്മയോടുള്ള അനശ്വരപ്രണയം, അതെങ്ങനെ തുറന്നു പറയുമെന്ന ചിന്തയും സ്വപ്നങ്ങളും, നർമരസപ്രദ സംഭാഷണങ്ങളും സാറാമ്മയോടുള്ള സൗഹൃദത്തിന്മേലുള്ള ബഹുമാനവും, ഇന്നീ നോവൽ ഒരു പുനർവായനയ്ക്കായെടുക്കുമ്പോൾ, ഒരു കാലത്തിന്റെ ഓർമപ്പെടുത്തലെന്നപോൽ, കമയിതാക്കളുടെ ഉള്ളിലൂറിക്കൂടിയിരുന്ന മധുരസ്വപ്നങ്ങളെ, ലളിതമായ ശൈലിയിൽ ബഷീർ എത്ര മനോഹരമായടയാളപ്പെടുത്തിവെച്ചിരിക്കുന്നുവെന്ന ചിന്തയാണുള്ളു മുഴുവനും.
അക്ഷരങ്ങൾ ദൂതുപോകുന്നു. പ്രണയം കവിതയും ലേഖനവുമായി കഥാനായകനിൽ പിറവികൊള്ളുന്നു. പ്രതികരണം എന്താകുമെന്നുള്ള ഭയം, കേശവൻനായർ തന്ത്രപൂർവ്വമായി തന്റെ ദൗത്യത്തിലേക്കെത്തിച്ചേരുന്നു. സ്ത്രീധനമെന്ന ഞാണിന്മേൽത്തൂങ്ങി വളരെ ആത്മാർത്ഥമായിത്തന്നെ മനസ്സിൽ സാറാമ്മയോടു മുള പൊട്ടിയിരിക്കുന്ന പ്രണയത്തെ കേശവൻനായർ മെല്ലെ അവതരിപ്പിക്കുന്നു. സ്ത്രീധനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ സ്ത്രീതന്നെ ഒരു ധനമെന്ന തത്വത്തിലേക്കാണു ഈ അവസരങ്ങളിൽ കഥാകൃത്തെത്തി നിൽക്കുന്നത്.
ജീവിതത്തിന്റെ ഭാഗമാകാൻ ക്ഷണിക്കപ്പെടുന്ന പ്രേമഭാജനമായ സാറാമ്മയെ ഒരു കുറവും വരാതെ ഉള്ളതുകൊണ്ടു നന്നായി പോറ്റിക്കോളാമെന്ന ധ്വനിയായിരുന്നു ആ വാചകങ്ങളിൽ മുഴുവൻ നിറഞ്ഞു നിന്നത്. ഒരു സ്ത്രീയ്ക്കതിൽക്കൂടുതലെന്താണു വേണ്ടതും. സാറാമ്മയുടെ സ്വഭാവവും കേശവൻനായരുടേതിനു സമാനമായചിത്രീകരണം, അനുവാചകനെ രസം പിടിപ്പിക്കുന്നതിനൊപ്പം, ഇരുവർക്കുമുള്ളിലവർ മനപ്പൂർവമൊളിച്ചുവെച്ചിരിക്കുന്ന സ്നേഹത്തിന്റെ ആത്മാർത്ഥതയുമാവോളമാസ്വദിയ്ക്കാം വായനയുടെ ഓരോ ഘട്ടത്തിലും. ബ്ലഡി ഫൂൾ, കഠിന കഠിനഹൃദയകൾ. കാഠിന്യത്തിന്റെ പര്യായമാകുന്നു സ്ത്രീ! തനി ഡുക്കുഡു! ഡുക്കുഡു ആകുന്നു സ്ത്രീ!!!
പ്രണയം നിരസിച്ചതിനു നായർക്കു സാറാമ്മയോടുള്ള പരിഭവവും പ്രതിഷേധവും തുടർന്നുള്ള ചെറുവിരഹവും ഒത്തുചേരലും. മിശ്രവിവാഹത്തെ അത്രകണ്ടംഗീകരിക്കപ്പെടാത്തൊരു കാലഘട്ടത്തിലാണു ബഷീർ ഈ കഥയെഴുതുന്നതെന്നതുകൊണ്ടു തന്നെ, ജാതിമത സമ്പ്രദായം പ്രണയ സാഫല്യത്തിനു വിലങ്ങുതടിയാകാൻ പാടില്ല, സമത്വ ചിന്താഗതികളിലൂടെ അക്കാലത്തിന്റെ കണ്ണിലേക്കൊരു സൂചികുത്തൽ. ഉദാത്തമായൊരു കഥാഖ്യാനത്തിലൂടെ എഴുത്തുകാരൻ പ്രതികരിക്കുകയാണ്.
പ്രതിഫലനം സാറാമ്മ - കേശവൻനായർക്കു ഭാവിയിൽ പിറക്കാൻ പോകുന്നാരോമൽ പൈതലിനു ആകാശമിഠായി എന്ന നാമനിർദേശം നടത്താമെന്നും തീരുമാനിക്കുന്നു. സാറാമ്മ വീട്ടുകാർക്കെഴുതുന്ന കത്തിലും ഇതേ ആശയങ്ങൾ മുന്നിട്ടു നിൽക്കുന്നു. വളരെ വലുതല്ലാത്തൊരു ജീവിതപരിസരം. എക്കാലവും വായിക്കപ്പെടുമെന്നതല്ല, ഏതു കാലം വായിച്ചാലും അതിന്റെ പുതുമ നഷ്ടപ്പെടില്ലെന്നതു തന്നെയാണു ബഷീറിന്റെ ഈ ചെറുനോവലിന്റെ മനോഹാരിത. വ്യക്തിസ്വാതന്ത്ര്യവും പരസ്പരബഹുമാനവും സ്ത്രീപുരുഷ ബന്ധത്തിനടിസ്ഥാനമാണെന്നും, ഒരു മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങൾ അതെന്തു തന്നെയായാലും സ്വകരങ്ങളിൽ നിക്ഷിപ്തമാകണമെന്നും പ്രേമലേഖനം പ്രതിപാദിക്കുന്നു.
ഒരുവേള ആ പ്രേമലേഖനത്തിലൂടൊന്നു സഞ്ചരിച്ചാലോ, പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?, ഞാനാണെങ്കില്‍... എന്റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്, സാറാമ്മയുടെ കേശവൻനായർ.
Keywords: Kerala, Article, Book, Reading-Day, Writer, സാംസ്കാരികം, Dear Keshavan Nair and Saramma Basheer's love letter. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.