History | ജന്മനാടിൻ്റെ ചരിത്രം; കൂക്കാനത്തെ അമ്പരപ്പിക്കുന്ന പുരാതന നാഗരികത
● കൂക്കാനം മൂവായിരം വർഷങ്ങൾക്ക് മുമ്പ് ഒരു നാഗരിക കേന്ദ്രമായിരുന്നു.
● പാറക്കെട്ടുകളിലെ ചിത്രങ്ങളും ശവക്കല്ലറകളും ചരിത്രത്തെ വെളിപ്പെടുത്തുന്നു.
● കൂക്കാനം തമിഴ് കൃതികളിൽ പരാമർശിക്കുന്ന 'കൊൺകാന' ആയിരിക്കാം.
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം - ഭാഗം 24
(KVARTHA) മൂവായിരം വർഷങ്ങൾക്ക് മുമ്പ് കൂക്കാനമെന്ന പ്രദേശം നാഗരിക സാംസ്കാരിക കേന്ദ്രമായിരുന്നു എന്ന് ഈ അടുത്താണ് ചരിത്രഗവേഷകർ കണ്ടെത്തിയത്. ഈ കണ്ടെത്തൽ തികഞ്ഞ ആത്മാഭിമാനമാണ് എന്നിലുണർത്തിയത്. മൂഷകരാജവംശത്തിൽപെട്ട നന്ദനൻ എന്നു പേരായ രാജാവുമായി ബന്ധപ്പെടുത്തി തമിഴ് കൃതികളിൽ പരാമർശിക്കുന്ന 'കൊൺകാന'മാണ് കൂക്കാനമായി തീർന്നതെന്ന് ഗവേഷകർ അനുമാനിക്കുന്നുണ്ട്.
ഇത് കൂടാതെ വടക്ക് പുത്തൂർ മുതൽ തെക്ക് ഏഴിമല വരെ നീണ്ടു കിടന്നിരുന്ന നാഗരിക സമൂഹത്തിൻ്റെ കേന്ദ്ര പ്രദേശമായിരിക്കണം കൂക്കാനം എന്ന് കൂടി ഗവേഷകർ നിരീക്ഷിക്കുന്നു. കൂക്കാനത്തെ കൂളി പാറയിലും സമീപപ്രദേശങ്ങളിലും കണ്ടെത്തിയ ശവക്കല്ലറകളുടെ സമുച്ചയം വിലയിരുത്തിയാണ് ഈ പ്രദേശത്തിൻ്റെ പൂർവ്വകാല ശ്രേഷ്ഠതകളെ ഇപ്പോൾ വിലയിരുത്തിയത്.
പാറച്ചിത്രങ്ങൾ, കൂടക്കല്ലുകൾ കൽവൃത്തങ്ങൾ, പഴുതറകൾ എന്നിവയുടെ കാലപ്പഴക്കം ഗണിച്ചാണ് അതിനനുസൃതമായ നാഗരിക സമൂഹം ഇവിടങ്ങളിലുണ്ടായിട്ടുണ്ടെന്ന് പഠനത്തിലൂടെ വെളിപ്പെടുത്തിയത്.
ഞാനടക്കമുള്ള ഇന്നത്തെ കൂക്കാനം നിവാസികൾക്ക് വളരെ സമ്പുഷ്ടമായ ഒരു പൂർവ്വകാല ചരിത്രമുണ്ടെന്നത് അഭിമാനത്തിനും അതിലേറെ ആഹ്ലാദത്തിനും വഴി നൽകുന്ന ഒന്നാണ്.
പ്രേതമെന്ന വാക്കിൻ്റെ നാടൻ പദപ്രയോഗമാണ് 'കൂളി'. പ്രാചീന കാലത്ത് ശവക്കല്ലറകൾ ഇവിടെ നിർമ്മിച്ചത് കൊണ്ടാവും പ്രസ്തുത കുന്നിന് കൂളിക്കുന്ന് എന്ന് പേരു വന്നത്. ഇത്രയും സാംസ്കാരിക പെരുമയുള്ള ഒരു നാട് വിസ്മൃതിയിലാവുകയും പിന്നെ പുതിയൊരു ജനതി ഇവിടെ ഉദയം ചെയ്തതുമാകം. അതിൻ്റെ പിൻതലമുറക്കാരാണ് ഇന്നത്തെ കൂക്കാനം നിവാസികൾ എന്നതിന് തർക്കമില്ല. അറുപത് കൊല്ലം മുമ്പത്തെ കുക്കാനത്തിൻ്റെ ചിത്രം എഴുപത്തിമൂന്നുകാരനായ എൻ്റെ ഓർമ്മയിൽ തെളിഞ്ഞു വരുന്നുണ്ട്.
അന്ന് വേണ്ടത്ര പരിഷ്ക്കാരികളല്ലാത്ത ഇവിടുത്തുകാർ ഹൃദയവിശാലത ഉള്ളവരായിരുന്നു. ഹിന്ദുക്കളായിരുന്നു ഭൂരിപക്ഷവും. അന്ന് മൂന്നു മുസ്ലീം വീടുകളെ ഇവിടെ ഉണ്ടായിരുന്നുള്ളു ഹിന്ദുവിഭാത്തിൽ മിക്ക ജാതികളും ഇവിടെ അധിവസിച്ചിരുന്നു. തീയ്യ വിഭാഗക്കാരാണ് ഭൂരിപക്ഷം. ഓരോ ജാതിക്കാരും അവർക്ക് നിശ്ചയിക്കപ്പെട്ട കുലത്തൊഴിലെടുത്തായിരുന്നു ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്നത്. തീയ്യർ കള്ളുചെത്തിലും വാണിയർ എണ്ണ ആട്ടലിലും, മണിയാണി കൽപണിയിലും കൊല്ലൻ ഇരുമ്പുപണിയിലും മൂശാരി ഓടുവാർപ്പിലും പുലയർ പായ നെയ്ത്തിലും മാവിലർ കൊട്ട മടയലിലും വണ്ണാൻ അലക്കു പണിയിലും ചെരുപ്പു കുത്തികൾ ചെരുപ്പു തുന്നലിലും കാവുതിയർ ക്ഷുരകജോലിയിലും മുഴുകിയതായി ഞാൻ ഓർക്കുന്നുണ്ട്.
വാദ്യകലാകാരന്മാരായ ഒരു മാരാർ കുടുംബവും ഉണ്ടായിരുന്നിവിടെ. ഈ പറയുന്ന ജാതികൾ മാത്രമെ കൂക്കാനത്തുണ്ടായിരുന്നുള്ളു. ഈ വിഭാഗങ്ങളൊക്കെ കാർഷിക രംഗത്തും പണി ചെയ്യും. കുലത്തൊഴിലിനു പുറമേ ജോലിയായി കൃഷി പണിയെ കണ്ടു. കന്നു പൂട്ടലും കിളയും നിലമൊരുക്കലും വിത്തു വിതയ്ക്കലും കൊയ്ത്തുമൊക്കെ എല്ലാവരും കൂടെയാണ് ചെയ്തിരുന്നത്. കൂക്കാനത്തിൻ്റെ പടിഞ്ഞാറ് ഭാഗം വിശാലമായ നെൽപാടങ്ങളായിരുന്നു. ഒരുപ്പൂ വിളയും ഇരുപ്പൂ വിളയും കൃഷി ചെയ്യുന്ന വയലുകളായിരുന്നു ഇവ. കയ്യാലകളും മതിൽകെട്ടുകളും നിർമ്മിച്ച് മനുഷ്യരെ തമ്മിൽ അകറ്റി നിർത്താത്ത പ്രദേശമായിരുന്നു മിക്കതും.
ആർക്കും എവിടെയും എപ്പോഴും കടന്നുചെല്ലാം. മാങ്ങയും ചക്കയും, പച്ചക്കറികളും പരസ്പരം പങ്കുവെച്ചു ജീവിച്ചവർ. പട്ടിണി മാറ്റാൻ പ്രധാന ഭക്ഷണം ചക്കയും മാങ്ങയും കാമ്പും കണ്ടയുമൊക്കെയായിരുന്നു. ചക്കക്കുരു മണ്ണിൽ പൂഴ്ത്തി സൂക്ഷിച്ചു വെച്ച് വർഷകാലത്ത് പുഴുങ്ങിയോ വറുത്തോ തിന്നുമായിരുന്നു. ദാരിദ്ര്യ ജീവിതമായിരുന്നു നാട്ടുകാരുടേത്. രാവിലെ കുളുത്തതും ഉച്ചക്ക് കഞ്ഞിയും രാത്രി ചോറും ഇതാണ് ഭക്ഷണക്രമം. പൊടമുറി കല്യാണമായിരുന്നു അക്കാലത്തത്. ചെറുക്കൻ പെണ്ണിന് പുടവ കൈമാറിയാൽ കല്യാണമായി. ചെക്കൻ പെണ്ണിൻ്റെ വീട്ടിലേക്ക് രാത്രി സമയത്ത് വരും. പടിഞ്ഞാറ്റയിലാണ് അക്കാലത്ത് നവവധു വരന്മാരുടെ കിടപ്പുമുറി. ചൂട്ടും കത്തിച്ചാണ് വരൻ്റെ വരവ്.
നേരം പുലരും മുമ്പേ അവൻ തിരിച്ച് സ്വന്തം വീട്ടിലെത്തും. വസ്ത്രധാരണവും ലളിതമാണ്. ആണുങ്ങൾ മുട്ടോളമെത്തുന്ന പത്താം നമ്പ്ര് മുണ്ടും പെണ്ണുങ്ങൾ ഒരണ പുടവയും ധരിക്കും. സ്ത്രീകൾ മാറു മറക്കില്ലായിരുന്നു. ചിലർ മുലക്കച്ചകെട്ടും. ഗ്രാമത്തിൽ ചെറിയ രണ്ടു മൂന്ന് കച്ചവട പീടികകൾ ഉണ്ടായിരുന്നു. സാധനങ്ങൾക്കു പകരം സാധനം വാങ്ങുന്ന രീതിയായിരുന്നു അന്നുണ്ടായിരുന്നത് (ബാർട്ടർ സിസ്റ്റം) നെല്ലും തേങ്ങയും, കുരുമുളകും, അടക്കയും കശുവണ്ടിയും പീടികയിൽ കൊടുക്കും, ആവശ്യമുളള വീട്ടു സാധനങ്ങൾ വാങ്ങും. ഇടവഴികൾ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇടുങ്ങിയ നടവഴിയെ കിള എന്നാണ് വിളിച്ചിരുന്നത്.
കരിവെളളൂർ, തൃക്കരിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾ വിറക്, പുല്ല് എന്നിവ ശേഖരിക്കാൻ പുത്തൂർ ചീമേനി ഭാഗങ്ങളിലേക്ക് പോകേണ്ടത് കൂക്കാനത്തു കൂടിയാണ്. ജനങ്ങൾ നടന്നു പോകുന്ന ഈ വഴിയിൽ ചുമടുതാങ്ങിയും, തണ്ണീർ പന്തലും ഒരുക്കി കൂക്കാനത്തുകാർ പണ്ടുമുതലേ നന്മ കാണിച്ചവരായിരുന്നു. കല്ലിടാമ്പിയുള്ള സ്ഥലത്ത് വഴിയാത്രികർക്ക് സഹായകമായ വിധത്തിൽ വഴി വിളക്ക് സ്ഥാപിച്ചും അവർ നന്മ കാണിച്ചു. വടക്കുള്ള പുത്തൂർ കുന്നുകളും , കിഴക്കുള്ള കൂളിക്കുന്നും പടിഞ്ഞാറുള്ള നെൽവയലുകളും തെക്കുള്ള പലിയേരി കൊവ്വലും കൂക്കാനത്തെ മനോഹരമാക്കിയിരുന്നു. പൂർവ്വ കാല സംസ്കൃതിയുടെ നന്മ കൊണ്ടാവാം ഇവിടുത്തുകാർ പരസ്പരം സ്നേഹത്തിലും സാഹോദര്യത്തിലും സഹകരണത്തിലും ജീവിച്ചു പോരുന്നത്.
ജാതിയിലും വർഗ്ഗത്തിലും വ്യത്യസ്തരാണെങ്കിലും സമഭാവനയോടെ സകലരും കൊണ്ടും കൊടുത്തും ജീവിച്ചു വന്നിരുന്നു. എല്ലായിടത്തും സംഭവിച്ചു കൊണ്ടിരിക്കുന്നത് പോലെ കൂക്കാനവും മാറ്റത്തിന്റെ പാതയിലാണിന്ന്. ഇടവഴികൾ താറിട്ട റോഡുകളായും പുല്ലുമേഞ്ഞതും ഓടിട്ടതുമായ വീടുകൾ കോൺക്രീറ്റ് സൗധങ്ങളായും മാറി. നിരക്ഷരത സാക്ഷരതക്ക് വഴിമാറിക്കൊടുത്തു. ലളിത ജീവിത ശൈലി കുറച്ചു കൂടി ആഡംബരതയിലേക്ക് നീങ്ങി. വിദ്യാലയവും സാംസ്കാരിക കേന്ദ്രങ്ങളും നാട്ടിൽ സ്ഥാപിതമായി. മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കുകൾ അപ്രത്യക്ഷമായി. വൈദ്യുതി വീടുകളെ പ്രഭാപൂരിതമാക്കി.
ഉയർന്ന വിദ്യാഭ്യാസം നേടിയവർ ലോകത്തിന്റെ പല കോണുകളിലും എത്തപ്പെട്ടു. കൂക്കാനത്തിന് പുതിയൊരു മുഖം കൈവന്ന് കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കവികളും കലാകാരന്മാരും എഴുത്തുകാരുമൊക്കെ കൂക്കാനത്ത് പഴയ കാലം മുതൽ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ അറിയപ്പെടുന്ന സയന്റിസ്റ്റ് ഡോ. പി കൃഷ്ണൻ, മുൻ ജെ.എൻ.യു ചെയർമാനും ഇപ്പോൾ അഖിലേന്ത്യാ കിസാൻ സഭാ സെക്രട്ടറിയുമായ ഡോ. വിജു കൃഷ്ണൻ, സുരേന്ദ്രൻ കൂക്കാനം എന്ന പ്രമുഖ ശില്പി, ആദ്യത്തെഹൈസ്കൂൾ അധ്യാപകനും കലാകാരനും നടനുമായ കെ.ജി. കൊടക്കാട് എന്നിവർ കൂക്കാനത്തിന്റെ അഭിമാനങ്ങളാണ്. മൂവായിരം വർഷങ്ങൾക്കപ്പുറം ഉണ്ടായി എന്ന് പറയപ്പെടുന്ന നാഗരിക സംസ്കൃതി വീണ്ടും ഇവിടെ പുനർജനിക്കുമെന്ന് ഇത്തരം മാറ്റങ്ങൾ കാണുമ്പോൾ തോന്നിപ്പോവുകയാണ്.
#KeralaHistory #AncientIndia #Archaeology #Kookkanam #HistoricalDiscovery #India