ഇനിയും കൈവിട്ടിട്ടില്ലാത്ത കിനാവുകൾ

 


മിനാരങ്ങളെ തഴുകുന്ന വെള്ളിനക്ഷത്രങ്ങള്‍ - 13 

ഇബ്രാഹിം ചെർക്കള

(www.kvartha.com 15.08.2021) പരീക്ഷ കഴിഞ്ഞ് കോളേജ് അടച്ചതോടെ ദിനചര്യകളിലും മാറ്റങ്ങള്‍ വന്നു. ഉറക്കമുണര്‍ന്നാല്‍ പിന്നെ ഉമ്മയുടെ കൂടെ അടുക്കളയുടെ കാര്യങ്ങളിലും ശ്രദ്ധിച്ച് തുടങ്ങി. ഭക്ഷണങ്ങള്‍ ഓരോന്നും ഉണ്ടാക്കി പഠിച്ചു. ബാപ്പയ്ക്ക് താന്‍ ഉണ്ടാക്കുന്ന കറികളും അപ്പത്തരങ്ങളും ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞപ്പോള്‍ തസ്‌നി സന്തോഷിച്ചു. ഉമ്മ എല്ലാവിധ ഭക്ഷണവും വളരെ സ്വാദോടെ ഉണ്ടാക്കും. കഴിഞ്ഞ ദിവസം താന്‍ ഉണ്ടാക്കിയ പായസം അയല്‍ക്കാര്‍ക്കെല്ലാം കൊടുത്തു, അവരെല്ലാം കുടിച്ചു അഭിനന്ദിച്ചപ്പോള്‍ വലിയ അഭിമാനം തോന്നി.

ഇനിയും കൈവിട്ടിട്ടില്ലാത്ത കിനാവുകൾ

കുഞ്ഞിരാമന്‍ അവധിയെടുത്താല്‍ തെങ്ങിന് വെള്ളമടിക്കലും തന്റെ ചുമതലയായി ബാപ്പ പറയും. അവധിയെന്നും പറഞ്ഞു വെറുതെ സമയം കളയരുത്, അടുക്കള ജോലി പോലെ തന്നെ പുറംജോലികളും പഠിക്കണം. മരങ്ങളും മൃഗങ്ങളും എല്ലാം നമ്മുടെ ജീവിതത്തിന്റെ പ്രധാന ഭാഗങ്ങളാണ്. അതുകൊണ്ട് അതിനെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യണം. നാം സ്വയം നോക്കി വളര്‍ത്തുന്ന ചെടികളുടെയും വളര്‍ത്തു മൃഗങ്ങളുടെയും ഓരോ ചലനങ്ങളും പഠിക്കണം. പ്രകൃതിയുടെ വ്യതിയാനങ്ങള്‍ മനസ്സിലാക്കാന്‍ എല്ലാ ജീവജാലങ്ങളെപ്പറ്റിയും അറിവ് നേടണം. ബാപ്പയുടെ ജീവിതാനുഭവങ്ങള്‍ പകര്‍ന്നുതന്ന പല സത്യങ്ങളും വിലപ്പെട്ടതാണ്. വായിച്ച് പഠിക്കുന്നതിനെക്കാള്‍ വലിയ പാഠങ്ങളാണ് പ്രായോഗിക ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ സമ്മാനിക്കുന്നത്.

തസ്‌നി മുറ്റത്തെ പൂച്ചെടികള്‍ക്ക് വെള്ളം തളിച്ചുകൊണ്ട് നടന്നു. മനോഹരമായ പുഷ്പങ്ങള്‍... പലനിറങ്ങള്‍... റോസാപ്പൂക്കള്‍ തന്നെ എത്രയെത്ര നിറങ്ങളില്‍... ബാപ്പ എവിടെപ്പോയാലും പുതിയ പുതിയ പൂച്ചെടികള്‍ കൊണ്ടുവരും. അതുപോലെ മാവുകളും. വലിയ പറമ്പിന്റെ ഓരോ വശത്തും ഏതെല്ലാം തരത്തിലുള്ള മാവുകളാണ്? നിറവും മണവും രുചിയും വ്യത്യസ്തമായ മാങ്ങകള്‍. മാങ്ങയും ചക്കയും എല്ലാം പഴുത്ത് തുടങ്ങിയാല്‍ പറമ്പില്‍ പിന്നെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും നല്ല തിരക്കാണ്. മാങ്ങയും ചക്കയും ചോദിച്ചുവരുന്നവര്‍ക്ക് ബാപ്പയും ഉമ്മയും ഇഷ്ടം പോലെ കൊടുക്കും. നൗഷാദിക്കാക്ക് അത് ഇഷ്ടമല്ല. എന്താണതു ഇങ്ങനെ കണ്ടവര്‍ക്കെല്ലാം കൊടുക്കുന്നത്? വിറ്റാല്‍ പൈസ കിട്ടില്ലേ? ബാപ്പയും ഉമ്മയും ചിരിയോടെ പറയും. ഇത് ഭൂമിയുടെ അനുഗ്രഹങ്ങളാണ്. അത് എല്ലാവരും കഴിക്കട്ടെ. നല്ല നല്ല മാങ്ങകള്‍ ധാരാളം ദാനം കൊടുക്കും.

തസ്‌നി വലിയ ചക്കരമാവിന്റെ ചുവട്ടില്‍ നിന്നു. മനസ്സില്‍ അജ്മലിന്റെ മുഖം തെളിഞ്ഞുവന്നു. സിദ്ദീഖ് ഉസ്താദിന്റെ പറമ്പിലെ മധുരമുള്ള ഉണ്ണിമാങ്ങയുടെ മാധുര്യം നാവിലും മനസ്സിലും നിറഞ്ഞു. അജ്മലിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ നൊമ്പരതരംഗമായി. ഷമീമയെ കാണണം. അജ്മലിന്റെ വിശേഷങ്ങള്‍ അറിയണം. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളെ പോകണം എന്ന് കരുതി. നേരം പുലര്‍ന്ന് ഉമ്മ ഏല്‍പ്പിക്കുന്ന ഓരോ ജോലിയും ചെയ്തു സമയം പോകുന്നതും അറിയില്ല. ഒറ്റയ്ക്ക് എവിടെ പോകുന്നതും ബാപ്പയ്ക്ക് ഇഷ്ടമല്ല. നീ വളര്‍ന്ന പെണ്‍കുട്ടിയാണ്. അല്പം അടക്കവും ഒതുക്കവും നല്ലതാണ്. ബാപ്പയുടെ സ്‌നേഹം നിറഞ്ഞ വാക്കുകളെ ധിക്കരിക്കാന്‍ തോന്നാറില്ല.

തസ്‌നി അടുക്കളയിലേക്ക് നടന്നു. ഉമ്മ ജോലിത്തിരക്കിലാണ്. 'തസ്‌നീ... ആ കറിയുടെ ഉപ്പ് നോക്കിയേ...' അവള്‍ അല്പസമയം ഉമ്മയെ നോക്കി നിന്നു. 'ഞാന്‍ ഷമീമയുടെ വീട് വരെ ഒന്ന് പോയി വരാം. കുറേ നാളായില്ലേ അവളെയും ഉമ്മയെയും കണ്ടിട്ട്.' ഉമ്മ ഒന്ന് തറപ്പിച്ച് നോക്കി. ബാപ്പ ടൗണില്‍ പോയതാണ്. വരുന്നതിന് മുമ്പ് മടങ്ങിയെത്തണം. ഇല്ലെങ്കില്‍ വെറുതെ വഴക്ക് കേള്‍ക്കണം.' അവള്‍ മന്ദഹാസത്തോടെ ഉമ്മയുടെ അരികില്‍ എത്തി. 'ഉടനെ വരാം...' തസ്‌നി വേഗതയില്‍ നടന്നു. ഉച്ചവെയിലിന് നല്ല ചൂട്. മരങ്ങളുടെ നിഴല്‍ചിത്രങ്ങള്‍, അവളുടെ മനസ്സില്‍ ഓര്‍മ്മകളുടെ ബാല്യകാല കുസൃതികള്‍ തെളിഞ്ഞുവന്നു. അജ്മലിന്റെ ചിരിക്കുന്ന മുഖം.

സിദ്ദീഖ് ഉസ്താദിന്റെ വീട്ടുമുറ്റത്ത് എത്തിയത് അറിഞ്ഞില്ല. 'ഷമീമാ... ഷമീമാ...' അവള്‍ ഉറക്കെ വിളിച്ചു. 'ആരാ?' വാതിലില്‍ ചിരിയോടെ ഉമ്മ നില്‍ക്കുന്നു. അവള്‍ സന്തോഷത്തോടെ അവരുടെ അടുത്തെത്തി. 'ഉമ്മാ, എങ്ങനെയുണ്ട്, അസുഖം കുറവുണ്ടോ?' അവര്‍ തസ്‌നിയെ ചേര്‍ത്ത് തിര്‍ത്തി തലയിലും മുഖത്തും തടവി. 'ഇപ്പോള്‍ നല്ല മാറ്റമുണ്ട് മോളേ... നിന്റെ ഉമ്മയ്ക്കും ബാപ്പയ്ക്കും സുഖം തന്നെയല്ലേ?' 'സുഖമാണ് ഉമ്മാ....' വരാന്തയിലെ സംസാരം കേട്ട് ഷമീമ തിടുക്കത്തില്‍ എത്തി. 'നീ ഞങ്ങളെയൊക്കെ മറന്നു അല്ലേ?' തസ്‌നി ഷമീമയെത്തന്നെ നോക്കി നിന്നു. അവള്‍ ആകെ മാറിയിരിക്കുന്നു. തെളിഞ്ഞ മുഖത്തെ പുഞ്ചിരിക്ക് പുതിയ പ്രകാശം. ശരീരം നല്ല തടി കൂടിയത് പോലെ.

'കോളേജില്‍ പോകുമ്പോള്‍ ഒന്നിനും സമയം കിട്ടുന്നില്ല ഷമീമാ...' അവള്‍ കൂട്ടുകാരിയുടെ കൈയ്യില്‍ പിടിച്ച് അകത്തേക്ക് നടന്നു. മനസ്സില്‍ ചോദ്യങ്ങളുടെ ആയിരം നാമ്പുകള്‍. ശ്വാസം മുട്ടുന്നതുപോലെ തോന്നി. തസ്‌നിയുടെ മുഖത്ത് ഷമീമ ശ്രദ്ധിച്ച് നോക്കി. കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. 'എന്താടീ ഒരു ദു:ഖം പോലെ.' അവളുടെ ചുണ്ടുകള്‍ വിതുമ്പി. കണ്ണീര്‍ ഒഴുകി. ഷമീമയെ കെട്ടിപ്പിടിച്ച് അല്പനേരം തേങ്ങി. 'ഛീ... എന്താണിത്?' തസ്‌നി സ്വയം നിയന്ത്രിച്ചു. 'അജ്മലിന്റെ വിവരങ്ങള്‍ അറിയാതെ എനിക്ക് ഒരു സമാധാനവും ഇല്ല മോളേ...' അവള്‍ കൂട്ടുകാരിയുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു. ഷമീമ, അജ്മല്‍ അയച്ച എഴുത്തുകള്‍ ഓരോന്നും തസ്‌നിക്ക് കൊടുത്തു.

അവള്‍ പ്രതീക്ഷയോടെ എഴുത്തിലെ ഓരോ വരികളിലും കണ്ണോടിച്ചു. എല്ലാ എഴുത്തിലും ഗള്‍ഫ് വിശേഷങ്ങളും വീട്ടു വിശേഷങ്ങളും. അവസാനവരികള്‍ അവളുടെ മനസ്സില്‍ നിറവര്‍ണ്ണങ്ങളുടെ പൂത്തിരി തെളിയിച്ചു. 'തസ്‌നിയെ കാണാറില്ലേ... അവള്‍ക്ക് സുഖം തന്നെയല്ലേ. ഞാന്‍ ചോദിച്ചതായി പറയണം. അടുത്ത എഴുത്തില്‍ നാട്ടിലെ എല്ലാവിശേഷങ്ങളും അറിയിക്കണം.' അവള്‍ വീണ്ടും വീണ്ടും എഴുത്ത് ആര്‍ത്തിയോടെ വായിക്കുന്നത് മന്ദഹാസത്തോടെ ഷമീമ നോക്കിനിന്നു. തിരയടങ്ങിയ കടല്‍പോലെ ശാന്തമായ തസ്‌നിയുടെ മുഖം ഷമീമയ്ക്ക് ആശ്വാസം പകര്‍ന്നു. കത്തുകള്‍ ഷമീമ കവറില്‍ എടുത്തുവെച്ചു. തസ്‌നി നിശബ്ദം നോക്കി നിന്നു. 'ഇതില്‍ ഒരു എഴുത്ത് എനിക്ക് വേണം.' അവള്‍ സ്വപ്നത്തില്‍ നിന്നെന്നപോലെ പറഞ്ഞപ്പോള്‍ ഷമീമ അത്ഭുതത്തോടെ അവളെ നോക്കി.

എഴുത്തുകളില്‍ നിന്നും ഒന്ന് അവള്‍ക്ക് നല്‍കി. ഏറെ നേരം കൂട്ടുകാരികള്‍ വിശേഷങ്ങളുടെ നൂറുനൂറു കഥകള്‍ കൈമാറി. 'മോളേ, നാരങ്ങാവെള്ളം കുടിക്ക്.' ഉമ്മ നീട്ടിയവെള്ളം അവള്‍ സന്തോഷത്തോടെ വാങ്ങി കുടിച്ചു. 'തസ്‌നീ, യൂസഫ്ക്ക വന്നിരുന്നു.' ഷമീമയുടെ മുഖം നാണത്താല്‍ ചുവന്നു. തലതാഴ്ത്തി ഏതോ മധുരചിന്തകളില്‍ മുഴുകി. 'യൂസുഫ് എന്ത് പറഞ്ഞു?' ഒന്നും പറഞ്ഞില്ല. വലിയ തിരക്കുള്ള ആളല്ലേ? ഉപ്പയോട് അല്പസമയം സംസാരിച്ചു. അജ്മല്‍ കൊടുത്ത എഴുത്തും ചില സാധനങ്ങളും ഉണ്ടായിരുന്നു.' 'നിന്നോട് ഒന്നും പറഞ്ഞില്ലേ?' തസ്‌നി ചിരിയോടെ വീണ്ടും വീണ്ടും ചോദിച്ചു. 'ഇല്ല. വാതില്‍ തുറന്നത് ഞാനാണ്. അല്പസമയം നോക്കിനിന്നുപോയി. ഇപ്പോള്‍ കാണാന്‍ നല്ല ചന്തം.' തസ്‌നി അവളെ ഒന്നു നുള്ളി കള്ളച്ചിരിയോടെ അടുക്കളയിലേക്ക് നടന്നു.

'കറിയുടെ ജോലി ബാക്കിയുണ്ട്. വേഗം തീര്‍ക്കണം. ഇല്ലെങ്കില്‍ ഉമ്മ അടുക്കളയില്‍ ഇറങ്ങി ജാലി തുടങ്ങും. എത്ര പറഞ്ഞാലും അടങ്ങിയിരിക്കില്ല. അസുഖം അല്പം മാറിയപ്പോള്‍ പിന്നെ എല്ലാ ജോലിയും ചെയ്യാന്‍ തിടുക്കം.' തസ്‌നി അവളുടെ സംസാരം ശ്രദ്ധിച്ചിരുന്നു. 'എടീ യൂസഫിന് പല സ്ഥലത്തുനിന്നും കല്യാണാലോചനകള്‍ വരുന്നുണ്ടെന്ന് ബാപ്പ പറയുന്നത് കേട്ടു. നമ്മുടെ മൂസഹാജിയുടെ മകള്‍ ഹസീനയില്ലേ, അവള്‍ക്കുവേണ്ടിയും അന്വേഷിച്ചത്രേ. മൂസ ഹാജിയോട് യൂസഫിന് പണ്ടേ വിരോധമല്ലേ? മകളെ കെട്ടാന്‍ പറ്റില്ലാന്ന് പറഞ്ഞൂത്രേ? മൂസ ഹാജി വലിയ വാശിയിലാണ്. യൂസഫിന്റെ ഏത് വിവാഹവും മുടക്കുമെന്ന് പറഞ്ഞു നടക്കുകയാണെന്ന് ബാപ്പ പറഞ്ഞു. 'യൂസഫ് പഴയ വാശിക്കാരന്‍ തന്നെയല്ലേ?' തസ്‌നിയുടെ വാക്കുകള്‍ ഷമീമയുടെ മനസ്സില്‍ പേടി നിറച്ചു. മൂസ ഹാജി എന്ത് ചെയ്യാനും മടിക്കാത്തവനാണ്.

'യൂസഫിന് ഒന്നും വരുത്തല്ലേ....' മനസ്സ് അറിയാതെ പ്രാര്‍ത്ഥന നിറഞ്ഞു. 'ഞാന്‍ പോകട്ടെ ഷമീമ. സമയം ഒരുപാട് വൈകി. ബാപ്പ എത്തിയാല്‍ ദേഷ്യപ്പെടും.' ഷമീമ അവളുടെ കൈകള്‍ ചേര്‍ത്തു പിടിച്ചു. 'ഇനി എന്നാണ് കാണുക. നിന്നെപ്പോലുള്ള കൂട്ടുകാരികളെ കണ്ടപ്പോള്‍ മനസ്സിന് വലിയ ആശ്വാസം തോന്നും.' പഴയ കുട്ടിക്കാലത്തിന്റെ നല്ല ഓര്‍മ്മകളില്‍ ലയിച്ചു. എല്ലാം മറക്കാന്‍ കഴിയുന്ന നിമിഷങ്ങള്‍ 'ഞാന്‍ വരാം. കോളേജിന് രണ്ട് മാസം അവധിയാണ്. തുറക്കുന്നതിന് മുമ്പ് ഞാന്‍ വരും. അജ്മലിനോട് എന്റെ പ്രത്യേക അന്വേഷണം പറയണം.' തസ്‌നി മടിയോടെ യാത്രപറഞ്ഞു ഇറങ്ങുമ്പോള്‍ ഉമ്മ ചേര്‍ത്തു നിര്‍ത്തി നെറ്റിയില്‍ ചുംബിച്ച് തലയില്‍ തടവി. 'ഉമ്മയോട് ഞാന്‍ ചോദിച്ചതായി പറയണം. നടക്കാന്‍ പറ്റുന്നില്ല. ഇല്ലെങ്കില്‍ ഞാന്‍ അങ്ങോട്ട് എത്തും. അവിടത്തെ ഭക്ഷണം എത്ര കഴിച്ചതാ... എല്ലാം ഓര്‍മ്മയിലുണ്ട്.' അവര്‍ വിദൂരതയില്‍ നോക്കി നെടുവീര്‍പ്പിട്ടു. തസ്‌നി മനസ്സില്‍ നിറയെ പുതിയ ചിന്തകളുമായി വേഗതയില്‍ നടന്നു. അജ്മലിന്റെ മനസ്സില്‍ എന്തായിരിക്കും. ഒരു പിടിയും കിട്ടുന്നില്ല...

തസ്‌നി കണ്ണില്‍ നിന്നും മറയുന്നത് വരെ ഷമീമ നോക്കിനിന്നു. യൂസഫിന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞുവന്നു. ഇന്ന് വലിയ നിലയില്‍ എത്തിയിരിക്കുന്നു. നാട്ടിലെ വലിയ പണക്കാര്‍ എല്ലാം മകളെ വിവാഹം ചെയ്തുകൊടുക്കാന്‍ മത്സരിക്കുന്നു. ബാല്യത്തിന്റെ കൗതുകത്തില്‍ എന്തെല്ലാം സങ്കല്‍പ്പങ്ങള്‍. പാവങ്ങള്‍ക്ക് ആഗ്രഹിക്കാന്‍ മാത്രമേ കഴിയൂ. യാഥാര്‍ത്ഥ്യങ്ങള്‍ എത്രയോ അകലെയാണ്. മന്ദഹാസം നിറഞ്ഞ ആ മുഖം. 'ഷമീമാ... ഷമീമാ....' ആ ശബ്ദം മനസ്സില്‍ തറച്ചു നില്‍ക്കുന്നു. ചിന്തകള്‍ തെറ്റാണ്. മറക്കാന്‍ ശ്രമിക്കുംതോറും കൂടുതല്‍ ശക്തിയില്‍ തെളിഞ്ഞുവരുന്ന പഴയ കുട്ടിക്കാലം.

'ഷമീമാ... അടുപ്പില്‍ എന്താണുള്ളത്? കരിഞ്ഞ മണം.' ഉമ്മയുടെ ശബ്ദം ഉയര്‍ന്നപ്പോള്‍ ഷമീമ ഞെട്ടലോടെ അടുക്കളയിലേക്ക് ഓടി. കറി അല്പം കരിഞ്ഞോ!. ചട്ടി ഇറക്കിക്കൊണ്ട് അവള്‍ മറ്റു ജോലികളില്‍ ശ്രദ്ധിച്ചു. മനസ്സ് അപ്പോഴും യൂസഫിനെ വലയംവെച്ചു. 'ഉസ്താദേ... ഉസ്താദേ...' പുറത്തെ വിളികേട്ട് ഷമീമ വാതില്‍ തുറന്നു. തേങ്ങാകച്ചവടക്കാരന്‍ മൊയ്തുക്ക. 'ഉപ്പ പള്ളിയില്‍ നിന്നു എത്തിയില്ല.' അവള്‍ മടിയോടെ വാതിലിന് മറവിലേക്ക് ഒതുങ്ങി.' 'കുറച്ചു തേങ്ങ ഉണ്ടെന്ന് പറഞ്ഞിരുന്നു.' മൊയ്തുക്ക വരാന്തയില്‍ കേറിയിരുന്നു. ഉമ്മ ഇറങ്ങിവന്നു നാട്ടുവിശേഷങ്ങള്‍ ചോദിച്ചുതുടങ്ങി. മൊയ്തുക്ക മകന്റെ മിടുക്കിനെപ്പറ്റി നിര്‍ത്താതെ സംസാരിച്ചു. പുതിയ പറമ്പ് വാങ്ങിയതും ടൗണില്‍ കച്ചവടം തുടങ്ങിയതും അങ്ങനെ ഓരോന്നും.

(തുടരും)



ബാല്യത്തിലെ കളിക്കൂട്ടുകാരി 11



Keywords:  Top-Headlines,Article, Ibrahim Cherkala,Kerala,Dreams that have not yet been abandoned.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia