ദുബൈയില്‍ മുണ്ടിനെപ്പറ്റി ഒരക്ഷരം 'മുണ്ട'രുത്

 


-ജെ.പി.

ത് യഥാര്‍ത്ഥത്തില്‍ നടന്ന ഒരും സംഭവമാണെന്ന് 'വിശ്വസിച്ചാലും ഇല്ലെങ്കിലും'. കൊച്ചിയിലെ മുന്തിയ ഒരു ഹോട്ടല്‍. ജര്‍മ്മനിയില്‍നിന്നെത്തിയ സായിപ്പും മദാമ്മയും സ്പൂണുകൊണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. തൊട്ടപ്പുറത്ത് മറ്റു ചില വിദേശികളുമുണ്ട്. കോറിഡോറിനടുത്തുള്ള മേശയില്‍ ആജാനുബാഹുവായ ഒരു അറബിയും അദ്ദേഹത്തിന്റെ ഭാര്യയും വിശിഷ്ടമായ ഏതോ വിഭവമാണ് കഴിക്കുന്നത്.

ദുബൈയില്‍ മുണ്ടിനെപ്പറ്റി ഒരക്ഷരം 'മുണ്ട'രുത്അപ്പോഴാണ് തോമാച്ചനും മൂന്ന് കൂട്ടുകാരും അതുവഴി കടന്നുവന്നത്. പാലായില്‍നിന്നും റബര്‍ത്തൈ വാങ്ങുന്നതിന് വയനാട്ടില്‍നിന്നുമെത്തിയവരാണ്. പോകുന്ന പോക്കിന് ഹോട്ടല്‍കണ്ട് വണ്ടി നിര്‍ത്തി ഇറങ്ങിവന്നതാണ്. മൂവരും കൈലിമുണ്ടാണ് ഉടുത്തിരിക്കുന്നത്. വല്ലപ്പോഴും മാത്രം കൊച്ചിയില്‍ വരുന്ന അവര്‍ക്ക് ആ ഹോട്ടലില്‍ കയറണമെന്നൊരു പൂതി. നാല്‌പേരും ആവശ്യത്തിന് മിനുങ്ങിയിട്ടുണ്ട്. ഒപ്പംതന്നെ മുറുക്കാനും ചവക്കുന്നുണ്ട്. അങ്ങനെ ആഗ്രഹം സഫലീകരിക്കുന്നതിനായി ഹോട്ടലില്‍ കയറി. ചില്ലുകൊണ്ടുണ്ടാക്കിയ ഡോറിനു മുകളില്‍ 'പുഷ്' എന്ന് ഇംഗ്ലീഷില്‍ എഴുതിവച്ചിരിക്കുന്നു. ഇംഗ്ലീഷില്‍ നല്ല പരിജ്ഞാനമുള്ളതുകൊണ്ടാവണം ഡോര്‍ തള്ളിത്തുറക്കുന്നതിനു പകരം തോമാച്ചന്‍ അതില്‍പിടിച്ചു വലിതുടങ്ങി. ഇത്കണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിദേശികളും അറബിയും ചിരി തുടങ്ങി. അവരുടെ ചിരി തീരെ ഇഷ്ടപ്പെട്ടില്ലെങ്കിലും തോമാച്ചനും സംഘവും ഒരുവിധത്തില്‍ ഡോര്‍ തള്ളിത്തുറന്ന് അകത്തുകയറി. കൈലിമുണ്ടും മാടിക്കെട്ടി ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് കയറിച്ചെന്ന നാല്‍വര്‍സംഘത്തെ അത്ഭുത ജീവികളെ കാണുന്നതുപോലെയാണ് വിദേശികള്‍ നോക്കികണ്ടത്. ഇതുകൂടി കണ്ടപ്പോള്‍ അറബിക്ക് ചിരിയടക്കാനായില്ല. ഉറക്കെത്തന്നെ അദ്ദേഹം ചിരിതുടങ്ങി. മദ്യലഹരിയിലായിരുന്ന തോമാച്ചനും കൂട്ടര്‍ക്കും ആ ചിരി സഹിക്കാനാവുന്നതിനുമപ്പുറമായിരുന്നു. ഒടുവില്‍ ഭക്ഷണം കഴിച്ച് ബില്ല്‌കൊടുക്കുമ്പോള്‍ തോമാച്ചന്റെ കണ്ണ്തള്ളിപ്പോയി. ബില്ല്‌കൊടുത്ത് തിരിഞ്ഞപ്പോള്‍ കണ്ടത് അറബിയുടെ മുഖം. പണവും, മാനവും നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തില്‍, പോകുന്നപോക്കിന് തോമാച്ചന്‍ അറബിയുടെ കരണക്കുറ്റിക്ക് ഒറ്റഅടിയങ്ങ് കാച്ചി. ഒരു നിമിഷംപോലും വൈകിക്കാതെ നാല്‍വര്‍സംഘം ഹോട്ടലില്‍നിന്നും ഇറങ്ങി ഓടി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. തോമാച്ചനും വയസായി, അദ്ദേഹത്തിന്റെ റബര്‍മരങ്ങള്‍ക്കും വയസായി. പക്ഷേ അറബി പണ്ട് കിട്ടിയ അടിയുടെ ചൂട് ഇനിയും മറന്നിട്ടില്ല. അദ്ദേഹത്തിന് മുണ്ടുടുത്തവരെ കണ്ടാല്‍ ഹാലിളകും. പിന്നെ എന്താണ് ചെയ്യുകയെന്ന് പറയാനാവില്ല.

തോമാച്ചന്റെ മകള്‍ ഭര്‍ത്താവിനൊപ്പം ദുബായിലാണ് താമസം. രണ്ടാഴ്ച്ച മുമ്പ് അവര്‍ക്കൊരു കുഞ്ഞിക്കാല് പിറന്നു. അങ്ങിനെ കുഞ്ഞിനെകാണാന്‍ തോമാച്ചനെ മകളും മരുമകനും ദുബായിലേക്ക് ക്ഷണിച്ചു. ഒടുവില്‍ തോമാച്ചനും ദുബായിലെത്തി. കുഞ്ഞിനെ കണ്ടു. പക്ഷേ രണ്ട്ദിവസം അടച്ചിട്ട റൂമിലിരുന്നപ്പോള്‍ തോമാച്ചന് മടുത്തു. അദ്ദേഹം ഒരു ഔട്ടിങ്ങിനായി പുറത്തിറങ്ങി. അങ്ങനെ ദുബായിലെ റയില്‍വെസ്റ്റേഷനിലെത്തി. അവിടുത്തെ തീവണ്ടി ഇന്ത്യയിലെ ഏറ്റവുംവലിയ കക്കൂസുപോലെയായിരുന്നില്ല. ദുബായിലെ മെട്രോ ട്രയിന്‍കണ്ട തോമാച്ചന് തീവണ്ടിയില്‍ കയറാന്‍ പൂതി തോന്നി. അങ്ങിനെ റെയില്‍വേ സ്റ്റേഷന്റെ കവാടത്തിലെത്തിയ അദ്ദേഹത്തെ ആജാനുബാഹുവായ ഒരു പോലീസുകാരന്‍ തടഞ്ഞു. കാരണമെന്താണെന്ന് തോമാച്ചന്‍ അറിയാവുന്ന ഭാഷയില്‍ചോദിച്ചു. അവസാനം തോമാച്ചന് കാരണം പിടികിട്ടി. മുണ്ട് ഉടുത്തതാണ് പ്രശ്‌നം. ദുബായിലെ തീവണ്ടിയില്‍ മുണ്ട് ഉടുത്ത് കയറാന്‍ പാടില്ലെന്നാണ് പോലീസുകാരന്‍ പറയുന്നത്. കുറേ പരിശ്രമിച്ചു നോക്കിയെങ്കിലും തോമാച്ചന്റെ മുണ്ട് അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ക്ക് അതിരുകള്‍ വരച്ചു. പണ്ട് തല്ലിയ അറബിയുടെ മകനാണോ ആ പോലീസുകാരന്‍ എന്നുവരെ തോമാച്ചന് തോന്നിപ്പോയി.

മുണ്ടിന് ഒരു പ്രത്യേക ചന്തമുണ്ടെന്നും, അതിലൊരു ഭാഷ അടങ്ങിയിട്ടുണ്ടെന്നും ആ പോലീസുകാരന് അന്ന് മനസിലായി. തോമാച്ചനെ പോലീസുകാരന്‍ തടഞ്ഞപ്പോള്‍ മുണ്ടിന്റെ മാടിക്കെട്ട് അഴിച്ചിടുകയാണ് ചെയ്തത്. അത് തോമാച്ചന്‍ ബഹുമാന പൂര്‍വ്വം ചെയ്തതാണെന്ന് പോലീസുകാരന് മനസിലായിക്കാണും. ചോദ്യവും പറിച്ചിലുമായപ്പോള്‍ തോമാച്ചന്‍ പതിയെ മുണ്ട് മടക്കിയുടുത്തു. തോമാച്ചന്റെ വിനയകൊനയാന്വിത്തം മുണ്ട് മടക്കിയുടുത്തതോടെ നഷ്ടപ്പെട്ടു. പോലീസുകാരനുമായി വാക്കുതര്‍ക്കമായപ്പോള്‍ തോമാച്ചന്‍ അണ്ടര്‍വെയര്‍ കാണത്തക്കവിധത്തില്‍ മുണ്ട് കുറച്ചുകൂടി കയറ്റിക്കുത്തി. തോമാച്ചന്‍ അത് രോഷത്തോടെ ചെയ്തതാണെന്ന് പോലീസുകാരനും മനസിലായി. അതുകൊണ്ടാവണം അദ്ദേഹം കൈയ്യിലിരുന്ന ലാത്തിയില്‍ പിടിമുറുക്കി. കേരളത്തിലാണെങ്കില്‍ അടുത്ത അടവ് മുണ്ടും പറിച്ചുകൊണ്ടുള്ള ഓട്ടമാണ്. എന്നാല്‍ അന്യനാടായതിനാല്‍ പതിയെ മുണ്ട് താഴ്ത്തി തോമാച്ചന്‍ തടിയൂരി.

മലയാളികള്‍ പൊതുവെ നല്ലവരും സദ്ഗുണ സമ്പന്നരുമാണെങ്കിലും ഏത്‌നാട്ടില്‍ ചെന്നാലും അവര്‍ തനിസ്വഭാവം കാണിക്കാന്‍ മറക്കില്ല. മറുനാട്ടില്‍ചെന്നാല്‍ പാലിക്കേണ്ട ചില നിയമങ്ങളും മര്യാദകളും അവര്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കും. ഇവിടെ തുപ്പരുത്, മൂത്രം ഒഴിക്കരുത് എന്നൊക്കെ എഴുതിവച്ചാല്‍ അവിടെയെത്തുമ്പോള്‍ മലയാളിക്ക് അറിയാതെ ഒരു മുട്ടലുണ്ടാവും. തോമാച്ചനും തോമാച്ചനെപ്പോലുള്ളവര്‍ക്കും മാത്രമേ ദുബായില്‍ മുണ്ട് ഉടുക്കുന്നതിന് വിലക്കുള്ളൂ. ഉമ്മന്‍ചാണ്ടിയും ചില നേതാക്കന്‍മാരും മാസങ്ങള്‍ക്ക് മുമ്പ് ദുബായില്‍ പോയിരുന്നു. ഉമ്മന്‍ചാണ്ടിയും കൂട്ടരും മുണ്ട് ഉടുത്തുതന്നെയാണ് അവിടെ പോയത്. ഒരുപക്ഷേ തോമാച്ചനെ തടഞ്ഞ പോലീസുകാരന്‍ അന്ന് ലീവിലായിരിക്കും. അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ മുണ്ട് കണ്ടുകാണില്ല. തോമാച്ചനെ അനുകൂലിക്കുന്ന ഗള്‍ഫ് മലയാളികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ മുണ്ടുടുത്ത്‌കൊണ്ട് ഇതിനെതിരെ പ്രതിഷേധിക്കേണ്ടതാണ്. കോണ്‍ഗ്രസും സിപിഎമ്മും അവിടെയില്ലാത്തത് ഏതായാലും നന്നായി. അല്ലെങ്കില്‍ ചിലപ്പോള്‍ മുണ്ടുപറിക്കെതിരെ മലയാളി മുണ്ടന്‍മാര്‍ അസോസിയേഷനും(എം.എം.എ), ഓള്‍ ലോക മലയാളി മുണ്ടന്‍മാര്‍ യൂണിയനും(എഡബ്ലിയുഎംഎംയു) അവര്‍ സ്ഥാപിച്ചേനെ.

Keywords: Dubai metro, Bans, Indian man, wearing, Dhoti, Article, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia