ഫെയ്ത് ഇൻ ഗോഡ് ആൻഡ് വിമൻ

 


നബീസാൻറെ മകൻ മജീദ് (ഭാഗം- 8) 

കൂക്കാനം റഹ്‌മാൻ

(www.kvartha.com 24.11.2021) കോളേജ് പഠനത്തിനിടെ രാഷ്ട്രീയമായ പല പഠനങ്ങളും നടത്താന്‍ ഇടയായി. ചര്‍ച്ചകളിലും സെമിനാറുകളിലും പങ്കെടുത്തതുമൂലം ഇടതു പക്ഷ രാഷ്ട്രീയത്തില്‍ കൂടുതല്‍ താല്‍പര്യമാര്‍ജിച്ചു. നാട്ടിലെ പ്രമുഖനായ രാഷ്ട്രീയ പ്രബുദ്ധതയുളള ഒരു വ്യക്തിയുണ്ടായിരുന്നു. ചെറുപ്പം മുതലേ അദ്ദേഹത്തെ മജീദിന് ഇഷ്ടമായിരുന്നു. കെ പി കുഞ്ഞുക്കോരന്‍ എന്ന വ്യക്തിയെ കോരേട്ടന്‍ എന്നേ വീളിക്കൂ. 1957 ലെ ഇലക്ഷന്‍ കാലത്ത് ഓരോ വീട്ടിലും ചെന്ന് ആളുകളെ വിളിച്ചുണര്‍ത്തി സജ്ജരാക്കുന്ന വളണ്ടിയരായിരുന്നു കോരേട്ടന്‍.

   
ഫെയ്ത് ഇൻ ഗോഡ് ആൻഡ് വിമൻ



ഒന്നാം ക്ലാസുകാരനായ മജീദ് രാവിലെ എഴുന്നേറ്റാല്‍ മുറ്റത്തെ കളത്തിന്റെ തുമ്പത്തിരുന്നാണ് മൂത്രമൊഴിക്കാറ്. മജീദിന്റെ മുമ്പില്‍ ചിരിച്ചുകൊണ്ട് കോരേട്ടന്‍ നില്‍ക്കുന്നു. കയ്യില്‍ കടലാസില്‍ പൊതിഞ്ഞ രണ്ടു കെട്ടുകളുണ്ട്. അത് ചായപ്പൊടിയും വെല്ലവുമായിരുന്നു. വേഗം ചായ കുടിച്ച് റെഡിയാവാന്‍ വേണ്ടിയാണ് അതിരാവിലെ ചായപ്പൊടിയും വെല്ലവുമായി കോരേട്ടന്‍ വന്നത്.
ഷര്‍ട്ടിടില്ല. മെലിഞ്ഞ മനുഷ്യന്‍ ഒരു വെളള മുണ്ടുടുത്ത് മാടി കെട്ടും. നാട്ടിലെ മുഴുവന്‍ വീടുകളിലുമെത്തും സുഖവിവരങ്ങള്‍ അന്വേഷിക്കും. അദ്ദേഹത്തിന്റെ സന്ദരശനം വീട്ടുകാര്‍ക്കൊരു ആശ്വാസമായിരുന്നു.

രാസവളങ്ങള്‍ കൊണ്ടു വന്ന് വില്‍പന നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. സാമ്പത്തികമായി എന്തോ വിഷമം അനുഭവപ്പെട്ടപ്പോള്‍ രണ്ടോ മൂന്നോ ചാക്ക് വളം വില്പന നടത്തിയത് കണക്കില്‍ വന്നില്ല. കണക്കെടുപ്പിന് പരിശോധകര്‍ വന്നപ്പോള്‍ അത്രയും ചാക്ക് പൂഴി നിറച്ച് കണക്കൊപ്പിച്ചു. അത് കണ്ടു പിടിച്ചപ്പോള്‍ കോരേട്ടനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. അതേ കാലഘട്ടത്തിലാണ് നക്‌സല്‍ബാരി പ്രസ്ഥാനത്തിന്റെ തുടക്കം. കോരേട്ടന്‍ നക്‌സല്‍ ബാരി പ്രസ്ഥാനത്തിന്റെ പ്രചാരകനായി മാറി.

ദേശാഭിമാനി പത്രത്തിനെ അദ്ദേഹം പേരിട്ടു വിളിച്ചത് ‘ഖുർആൻ’ എന്നാണ്. വളളിപുളളി തെറ്റാതെ പ്രയോഗത്തില്‍ കൊണ്ടുവരണം എന്ന് പാര്‍ട്ടി ആഹ്വാനം ചെയ്യുന്നതിനാലാണ് 'ഖുർആൻ വായിച്ചില്ലേ?' എന്ന പരിഹാസം നിറഞ്ഞ രീതി അദ്ദേഹം അവലംബിച്ചത്. പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും നല്‍കി പ്രവര്‍ത്തിച്ച വ്യക്തിക്ക് പെട്ടെന്ന് മനം മാറ്റം വന്നു. ചെറിയ തെറ്റുകള്‍ പോലും ക്ഷമിക്കാനും തെറ്റു തിരുത്തിക്കൊടുക്കാനും ശ്രമിക്കാത്ത പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിയോടുളള അമര്‍ഷമായിരുന്നു അത്. കാലം കുറേ നീങ്ങിയപ്പോള്‍ പഴയനിലപാടിലേക്ക് തന്നെ കോരേട്ടന്‍ തിരിച്ചു വന്നു.

നേതാവാകാന്‍ മജീദിന് വലിയ താല്‍പര്യമായിരുന്നു. പ്രീ ഡിഗ്രി ഒന്നാം വര്‍ഷം കടന്നു കിട്ടാന്‍ വളരെ ബുദ്ധിമുട്ടി. സ്വതന്ത്ര ജീവിതമായതിനാല്‍ നിയന്ത്രണമില്ലാതെ വിഹരിക്കാന്‍ കഴിഞ്ഞു. ബാല്യ കാലത്തെ അസ്വാതന്ത്ര്യത്തില്‍ നിന്നുളള മോചനം ശരിക്കും ആസ്വദിക്കുകയായിരുന്നു മജീദ്. കാസര്‍കോട് ടൗണിലുളള മൂന്ന് തീയേറ്ററുകളിലും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം കയറും. മേറ്റ്‌നി, ഫസ്റ്റ് ഷോ, സെക്കന്റ്‌ഷോ ഇതെല്ലാം കഴിഞ്ഞേ ലോഡ്ജിലെത്തൂ. സഹപാഠികളായ രാമചന്ദ്രനും, ഗോപാലനും, കുമാരനും ഉറക്കമൊഴിഞ്ഞ് പഠിക്കുന്നുണ്ടാവും. അവരൊക്കെ ഉപദേശിച്ചു പക്ഷേ മജീദിന്റെ മനസ്സ് മാറിയില്ല.

ബയോളജിയും, കെമിസ്ട്രിയും, ഫിസിക്‌സും, ഒന്നും പിടികിട്ടുന്നില്ല. മനപാഠം പഠിക്കാന്‍ പറ്റുന്നുമില്ല.
ഭക്ഷണം ഉണ്ടാക്കി തരാന്‍ നിന്ന അമ്മായി അസുഖം ബാധിച്ച് നാട്ടിലേക്കു പോയി. പിന്നീടുളള ഭക്ഷണം ഹോട്ടലുകളില്‍ നിന്നായി. ഉച്ചയ്ക്ക് പട്ടരുടെ ഹോട്ടലിലെ സാമ്പാറും ചോറും രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് മൊയ്തീച്ചാന്റെ ഹോട്ടലില്‍, രാത്രിഭക്ഷണം അല്പം മീനിന്റെ രുചിയോടെ അന്ത്രുമാന്റെ കടയില്‍ നിന്നുമായി.

ഒന്നാം വര്‍ഷ വാര്‍ഷിക പരീക്ഷ നടക്കുന്ന സമയം. തലേന്നാള്‍ രാത്രി അന്ത്രുമാന്റെ കടയിലെ ഭക്ഷണമായിരുന്നു. ചെറിയ മത്തി വറുത്തത്, ആര്‍ത്തിമൂലം രണ്ട് പ്ലേററ് അടിച്ചു. അന്ന് പ്രശ്‌നമൊന്നുമുണ്ടായില്ല. കുളിച്ച് റഡിയായി പരീക്ഷാ ഹാളിലെത്തി. പരീക്ഷ എഴുതികൊണ്ടിരിക്കെ നിയന്ത്രിക്കാനാവാത്തവിധം ഛര്‍ദ്ദി തുടങ്ങി. പരീക്ഷാ പേപ്പറിലേക്കും, അടുത്തിരുന്ന് പരീക്ഷ എഴുതുന്നവന്റെ ദേഹത്തേക്കുമായിരുന്നു ഛര്‍ദ്ദിച്ചത്. ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ പ്യൂണിനെ വിളിച്ച് ബെഞ്ചും ഡസ്‌ക്കും വൃത്തിയാക്കി. മജീദിനെ പിടിച്ച് പ്രിന്‍സിപ്പാളിന്റെ റൂമിലെത്തിച്ചു.
മജീദിനെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ പ്രിന്‍സിപ്പൽ നിര്‍ദ്ദേശിച്ചു. എന്‍ സി സിചുമതലയുളള ഗീവര്‍ഗ്ഗീസ് സാറിന് മാത്രമെ അന്ന് കാറുണ്ടായിരുന്നുളളൂ. ഒരു കറുത്ത മൂക്കന്‍ കാര്‍. അതില്‍ മജീദിനെ ഗവ.ആശുപത്രിയിലെത്തിച്ച് അഡ്മിറ്റ് ചെയ്തു.

അന്ന് രാത്രി ടൗണില്‍ വര്‍ഗ്ഗീയ ലഹള നടക്കുന്നുണ്ടെന്ന് അടുത്ത ബെഡിലുളള രോഗി പറയുന്നത് കേട്ടു. മജീദിന് വെപ്രാളമായി. കൂട്ടിന് ആരുമില്ല. ഹിന്ദു-മുസ്ലിം ലഹളയാണ്. വാര്‍ഡില്‍ നഴ്‌സുമാരും മറ്റും വെപ്രാളം കാണിക്കുന്നുണ്ട്. എന്താണ് ടൗണില്‍ കൃത്യമായി നടന്നതെന്ന് ആര്‍ക്കും അറിയുന്നില്ല. ഊഹാപോഹങ്ങള്‍ പരക്കുകയാണ്. നിരവധി ആളുകള്‍ക്ക് പരിക്കുണ്ട്. ആരും മരിച്ചതായിട്ടറിഞ്ഞില്ല എന്നൊക്കെ നഴ്‌സുമാരും ജീവനക്കാരും പറയുന്നത് കേട്ടു. അന്നത്തെ താലുക്ക് ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ മുപ്പതോളം ബെഡുകളുണ്ട്. രാത്രി ഏറെ വൈകിയപ്പോള്‍ മജീദ് കണ്ട കാഴ്ച മൂലം ഭയം ഒന്നു കൂടി വര്‍ദ്ധിച്ചു. തലയ്ക്കും കൈക്കും, കാലിനും പരിക്കു പറ്റിയ കുറേ ആളുകളെ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. അവരുടെ കൂടെ വന്നവര്‍ ബന്ധുക്കളാണോ പാര്‍ട്ടിക്കാരോ എന്നൊന്നും മനസ്സിലായില്ല. ബിജെപി, ആര്‍എസ്എസ്‌കാരും മുസ്ലിം ലീഗുകാരും തമ്മിലാണ് പ്രശ്‌നം. മജീദ് കിടക്കുന്ന വാര്‍ഡില്‍ മുഴുവനും പരിക്കു പറ്റിയ ആര്‍എസ്എസ്‌കാരായിരുന്നു.

മുസ്ലിം ആണെന്നറിഞ്ഞാല്‍ മജീദിനേയും വെറുതെ വിടുമോ മജീദ് ഉളളാലേ പ്രാര്‍ത്ഥിച്ചു. ഭക്ഷണമൊന്നും കഴിച്ചിട്ടില്ല. ഗ്ലൂക്കോസ് കയറ്റുന്നുണ്ട്. ദാഹം തോന്നുന്നുണ്ട്. മജീദ് നാലുപാടും നോക്കി ആരും പരിചയക്കാരില്ല. ഓറഞ്ച് പൊളിച്ച് ബെഡിലുളളവരെല്ലാം കഴിക്കുന്നുണ്ട്. കൊതി തോന്നി ഓറഞ്ച് തിന്നാന്‍. അടുത്ത ബെഡിലെ രോഗിക്ക് വേണ്ടിയാണെന്ന് തോന്നുന്നു കുറച്ച് ഓറഞ്ച് പുതിയതായി വാങ്ങിയ തോര്‍ത്തില്‍ ഇട്ട് പിഴിഞ്ഞ് ഒരാള്‍ നീരെടുക്കുന്നുണ്ട്. മജീദ് അത് ശ്രദ്ധിച്ചു. ഭാഗ്യം എന്നു പറയട്ടെ അദ്ദേഹം ഒരു ഗ്ലാസ് ഓറഞ്ച് നീര് മജീദിന്റെ നേരെ നീട്ടി. കുടിച്ചോളൂ എന്ന് പറഞ്ഞു. ആര്‍ത്തിയോടെ മജീദ് അത് വാങ്ങിക്കഴിച്ചു. മനുഷ്യത്വം മരിച്ചിട്ടില്ലാന്ന് മജീദിന് തോന്നി. പേര് വ്യക്തമായി അറിയാന്‍ കട്ടിലിന്റെ അരികില്‍ എഴുതി തൂക്കിയിട്ടുണ്ട്. മുസ്ലിമാണെന്ന് പേരുകൊണ്ടറിയാം. പുറത്ത് പരസ്പരം വൈരികളായി പെരുമാറിയവര്‍ . പക്ഷേ അങ്ങിനെയെല്ലാമായിട്ടും രോഗശയ്യയില്‍ കിടക്കുന്ന ആളെ മനുഷ്യനായി മാത്രം കാണാനുളള നന്മ കാണിച്ചു ആ സുഹൃത്തുക്കള്‍.

നാരാങ്ങാ നീരും കഴിച്ച് നല്ല ഉറക്കത്തിലാണ്ടു പോയി മജീദ്. അതിരാവിലെ തണുപ്പ് തോന്നുന്ന ഒരു കൈ നെറ്റിയില്‍ പതിക്കുമ്പോഴാണ് മജീദ് ഉണര്‍ന്നത്. കണ്ണുതുറന്നു നോക്കിയപ്പോള്‍ മന്ദഹസിച്ചു നില്‍ക്കുന്ന വെളളയുടുപ്പിട്ട നഴ്‌സാണ്. മജീദിന്റെ കേസ് ശരിക്കും മനസ്സിലാക്കിയ നഴ്‌സായിരുന്നു അത്. ഇപ്പോള്‍ പാലും, ബ്രഡും കിട്ടും അത് കുടിച്ചോളൂ. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാര്‍ജായി പോകാം. പേടിക്കാതിരിക്ക് കേട്ടോ എന്നൊക്കെ പറഞ്ഞ് അവര്‍ അടുത്ത ബെഡിലെ രോഗിയുടെ അടുത്തു ചെന്നു. അവരുടെ തണുപ്പുളള കൈകൊണ്ട് സ്പര്‍ശിക്കുന്നത് മജീദിന് വല്ലാതെ ഇഷ്ടപ്പെട്ടു. മജീദിനോട് അവര്‍ പ്രത്യേകം മമത കാണിക്കുന്നുണ്ട് എന്നൊരു തോന്നല്‍. ഉച്ചയ്ക്ക് ഇഞ്ചക്ഷന്‍ എടുക്കാന്‍ വന്നപ്പോള്‍ നഴ്‌സ് പറഞ്ഞു. 'ഒന്നും ഭയപ്പെടേണ്ട ഞാന്‍ കൂടെയുണ്ട്'. നഴ്‌സിനോട് മജീദിന് ഇഷ്ടം തോന്നി.


ശാലിനി നേഴ്‌സിനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. രോഗികളോടുളള ഇടപെടല്‍ സ്‌നേഹത്തോടെയായിരുന്നു. ഒരാഴ്ചയോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. വിട്ടുപിരിയാന്‍ കഴിയാത്തൊരു ബന്ധം ശാലിനി നേഴ്‌സിനും മജീദിനും മനസ്സിലുദിച്ചു. അതിനിടയില്‍ ഡ്യൂട്ടി കഴിഞ്ഞ് പോകാന്‍ നേരം ശാലിനി മജീദിന്റെ ബെഡിനരികില്‍ വന്നു നിന്നു. ഒന്നും പറയാനാവാതെ അവര്‍ കണ്ണു തുടയ്ക്കുന്നത് കണ്ടു. 'മജീദെ നിന്നെ പോലൊരു അനുജന്‍ എനിക്കുണ്ടായിരുന്നു. സുധാകരന്‍ കഴിഞ്ഞ വര്‍ഷം അവന്‍ എന്നെ വിട്ടുപോയി. നിന്റെ രൂപവും ഭാവവുമായിരുന്നു അവന്. നിന്നെ കണ്ടപ്പോള്‍ ഞാന്‍ സുധാകരനെ ഓര്‍ത്തു. ഇവിടുന്ന് പോയാലും മജീദ് എന്നെ മറക്കരുതേ… ഇടയ്ക്ക് ഇവിടെ വന്ന് കാണണം. അതെനിക്കൊരു സമാധാനമാണ്.'

ആശുപത്രി ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം നബീസുമ്മ അനിയന്‍ കുഞ്ഞിനെയുമെടുത്താണ് വന്നത്. നഴ്‌സ് ശാലിനി ഉമ്മയെ കണ്ടു. അവര്‍ ഉമ്മയോടും അക്കഥ പറഞ്ഞു. അവരിരുവരും കെട്ടിപ്പിടിച്ച് കരയുന്നത് കണ്ടു. വാര്‍ഡിലെ രോഗികളെല്ലാം പകച്ചു നിന്നു പോയി. മജീദ് പ്രിഡിഗ്രി പഠനം കഴിയും വരെ ആഴ്ചയില്‍ ഒരിക്കല്‍ ശാലിനി സിസ്റ്ററെ കാണാന്‍ ചെല്ലും. കോളേജ് വിട്ടതിനു ശേഷം കത്തിടപാടുകളിലായി. പിന്നീട് എഴുത്തും ഇല്ലാതായി. ഫോണ്‍ സൗകര്യം അക്കാലത്ത് തീരെ കുറവായതിനാല്‍ അങ്ങിനെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഇന്നെവിടെയെങ്കിലും അവര്‍ വിശ്രമ ജീവിതം നയിക്കുന്നുണ്ടാവാം.


പ്രണയം പൂത്തുലഞ്ഞ കാലമായിരുന്നു പ്രീ ഡിഗ്രി പഠനകാലം. നീണ്ടു മെലിഞ്ഞ സുന്ദരി കുട്ടിയായിരുന്ന വസന്തകുമാരിയോടും, ഇരുനിറമുളള ഉരുണ്ടു തടിച്ച സെറീനയോടും ഇഷ്ടത്തിലായിരുന്നു മജീദ്. വെളളിയാഴ്ചകളില്‍ നാട്ടിലേക്ക് ചിലപ്പോള്‍ ട്രെയിനിൽ പോകും. അതില്‍ വസന്തകുമാരിയും ഉണ്ടാകും. അടുത്തടുത്തിരുന്നാലും ഒന്നും സംസാരിക്കില്ല. പരസ്പരം ചിരിക്കും. അവള്‍ ട്രെയിനിറങ്ങി നടന്നു പോകുന്ന വഴിയിലേക്ക് നടന്നു മറയുന്നത് വരെ മജീദ് നോക്കിനില്‍ക്കും. കന്നടക്കാരി സെറിന ഇടയ്ക്ക് ലാബില്‍വെച്ച് സംസാരിക്കും. പരസ്പരം സംശയനിവാരണം വരുത്തും.

പ്രിഡിഗ്രി പഠനത്തിന്റെ അവസാന നാളുകള്‍ അടുക്കാറായി. മജീദ് ക്ലാസ് റപ്രസന്റേറ്റീവായിരുന്നു. മലയാളിയായ മജീദും കന്നടക്കാരനായ അബ്ദുള്‍ റഹ്മാനും തമ്മിലായിരുന്നു. മല്‍സരം സെക്കന്റ് ഗ്രൂപ്പിലെ 80 കുട്ടികളില്‍ പകുതിയിലേറെ പേര്‍ കന്നടക്കാരായിരുന്നു. അതുകൊണ്ട് മജീദ് ജയിക്കില്ലായെന്ന് ഉറപ്പിച്ചു. പക്ഷേ ക്ലാസിലെ പെണ്‍കുട്ടികളെല്ലാം സെറീനയുടെ നേതൃത്വത്തില്‍ മജീദിന് വോട്ടു ചെയ്തു. അത്ഭുതകരമയിരുന്നു ആ വിജയം.

യാത്രയയപ്പു യോഗത്തില്‍ വീണ്ടും കാണാമെന്ന വാക്കു പറഞ്ഞും ഓട്ടോഗ്രാഫിലെ സ്‌നേഹവാക്കുകള്‍ വീണ്ടും ഓര്‍മ്മയിലേക്ക് കൊണ്ടു വന്നും കൂട്ടുകാര്‍ സംസാരിച്ചു. സറീനയുടെ ഓട്ടോഗ്രാഫിലെ കുറിപ്പ് ഇങ്ങിനെയായിരുന്നു 'ഫെയ്ത് ഇന്‍ ഗോഡ് ആൻഡ് വിമൻ' യാത്രയയപ്പു മീറ്റിംഗ് കഴിഞ്ഞപ്പോഴും അവള്‍ മജീദിനോട് ആ വാക്കുകള്‍ ആവര്‍ത്തിച്ചു. എന്തിനാണങ്ങിനെ പറഞ്ഞതെന്ന് മജീദിന് മനസ്സിലായില്ല. വീണ്ടും ഒരു ഓറഞ്ച് കവിളിനോടടുപ്പിച്ച് പിടിച്ചു. 'ഇതു വേണോ മജീദിന്' എന്ന ചോദ്യവും, സെറീനയുടെ അപ്പോഴത്തെ പോസും മജീദിന്റെ മനസ്സില്‍ ഇന്നുമുണ്ട് മായാതെ..

(തുടരും)


Keywords:  Kerala, Article, Kookanam-Rahman, Hospital, Nurse, Politics, Leader, Family, College, Student, Novel, Majeed became a college student.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia